നാട്ടുവാര്‍ത്തകള്‍

തിരുവല്ലം ഇരട്ടമരണം: ബൈക്ക് മറിഞ്ഞതല്ല, പിന്നില്‍ കാറിടിച്ചത്; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: തിരുവല്ലത്ത് സുഹൃത്തുക്കളായ യുവാവും യുവതിയും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതല്ല അപകടകാരണമെന്ന് പൊലീസ് കണ്ടെത്തി. പിന്നില്‍ നിന്നെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. സംഭവത്തില്‍ കാര്‍ ഓടിച്ച മലയിന്‍കീഴ് സ്വദേശി വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടമുണ്ടാക്കിയ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളം സ്വദേശി നവീന്‍ സിബി (25), തൊടുപുഴ സ്വദേശി മൃദുല അന്ന ഉമ്മന്‍ (25) എന്നിവരാണ് മരിച്ചത്. ഇരുവരും ഐടി ജീവനക്കാരും സുഹൃത്തുക്കളുമായിരുന്നു.

നവീന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി ഇരുവരും തിരുവല്ലത്തുനിന്ന് കോവളം ഭാഗത്തേക്ക് ബൈക്കില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. തിരുവല്ലം ടോള്‍ പ്ലാസ കഴിഞ്ഞ ഭാഗത്തുവച്ചായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ അപകടസ്ഥലത്ത് നടത്തിയ പരിശോധനയില്‍ പൊലീസിന് തോന്നിയ സംശയമാണ് കേസില്‍ നിര്‍ണായകമായത്.

ബൈക്കിന് പിന്നിലിരുന്ന മൃദുല മീറ്ററുകളോളം ദൂരത്തേക്ക് തെറിച്ചുവീണ് തലയിടിച്ചിരുന്നു. സാധാരണ നിലയില്‍ ബൈക്ക് നിയന്ത്രണം വിട്ടുണ്ടാകുന്ന അപകടത്തില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പൊലീസ് വിലയിരുത്തി. തുടര്‍ന്ന് സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബൈക്കിന് പിന്നാലെ ഒരു കാര്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്നതായി കണ്ടെത്തി. അന്വേഷണത്തില്‍ കാര്‍ മലയിന്‍കീഴ് സ്വദേശി വിഷ്ണുവിന്റേതാണെന്ന് വ്യക്തമായി.

രാത്രിയോടെ പൊലീസ് സംഘം വിഷ്ണുവിന്റെ വീട്ടിലെത്തി. വീടിന് മുന്നിലുണ്ടായിരുന്ന കാറില്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചതിന്റെ പാടുകള്‍ കണ്ടെത്തിയതോടെ സംശയം ശക്തമായി. തുടര്‍ന്ന് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കാര്‍ ബൈക്കില്‍ ഇടിച്ച കാര്യം ഇയാള്‍ സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിന് പിന്നാലെ വാഹനം നിര്‍ത്താതെ പോയതായും മൊഴി നല്‍കിയിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്ന് തെറിച്ചുവീണ നവീനും മൃദുലയും ഗുരുതരമായി തലയിടിക്കുകയായിരുന്നു. മൃദുല സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. നവീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നവീന്‍ ടെക്നോപാര്‍ക്കിലെ ഐടി കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായും മൃദുല കിന്‍ഫ്രയിലെ ഐടി സ്ഥാപനത്തില്‍ ജീവനക്കാരിയായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. പഠനകാലം മുതല്‍ ഇരുവരും സുഹൃത്തുക്കളായിരുന്നു. ജന്മദിനാഘോഷത്തിനായി തുടങ്ങിയ യാത്ര രണ്ടു യുവജീവനുകളുടെ ദാരുണാന്ത്യമായി മാറിയ സംഭവം ബന്ധുക്കളെയും സുഹൃത്തുക്കളെയും നടുക്കിയിരിക്കുകയാണ്. പിടിയിലായ വിഷ്ണുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  • വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി; കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍
  • ഉസ്ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം; കേരളത്തില്‍ കേസെടുത്ത് പൊലീസ്, റീ പോസ്റ്റ്‌മോര്‍ട്ടം നടത്തും
  • കാണാതായ പാക് വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, 5 ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions