യു.കെ.വാര്‍ത്തകള്‍

ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കാനൊരുങ്ങുന്ന ലേബര്‍ പാര്‍ട്ടി നേതാവ് ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച പുതിയ മന്ത്രിസഭയെ പ്രഖ്യാപിക്കും. കീര്‍ സ്റ്റാര്‍മറുടെ രാജിക്ക് പിന്നാലെ പാര്‍ട്ടി നേതാവായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ബേണ്‍ഹാം, ലണ്ടനില്‍ നടന്ന പ്രത്യേക ലേബര്‍ സമ്മേളനത്തില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന വാഗ്ദാനമാണ് മുന്നോട്ടുവച്ചത്. പാര്‍ട്ടിയിലെ 379 എംപിമാരുടെ പിന്തുണയും നിരവധി അനുബന്ധ സംഘടനകളുടെ അംഗീകാരവും നേടിയ ബേണ്‍ഹാം, രാജ്യത്തിന്റെ എല്ലാ മേഖലകളെയും പ്രതിനിധീകരിക്കുന്ന ഭരണസംവിധാനം രൂപീകരിക്കുമെന്ന് വ്യക്തമാക്കി.

അധികാരം ലണ്ടനില്‍ മാത്രം കേന്ദ്രീകരിക്കുന്ന രീതിക്ക് വിരാമമിട്ട് പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുക, സാമൂഹിക ഭവന നിര്‍മാണം വര്‍ധിപ്പിക്കുക, തളര്‍ന്നുപോയ സാമൂഹിക പരിചരണ സംവിധാനത്തെ പുനഃസംഘടിപ്പിക്കുക, ബിസിനസ് വളര്‍ച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് തന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് ബേണ്‍ഹാം പറഞ്ഞു. മന്ത്രിസഭയില്‍ പാര്‍ട്ടിയുടെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളെ ഉള്‍പ്പെടുത്തി ഐക്യവും സ്ഥിരതയും ഉറപ്പാക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ ബിസിനസ് സെക്രട്ടറി ജോനാഥന്‍ റെയ്നള്‍ഡ്സ് ഉള്‍പ്പെടെയുള്ള ചില പ്രമുഖര്‍ക്ക് പുതിയ മന്ത്രിസഭയിലും പ്രധാന ചുമതലകള്‍ ലഭിക്കുമെന്ന സൂചനകളുണ്ട്.

തിങ്കളാഴ്ച സ്റ്റാര്‍മര്‍ ഔദ്യോഗികമായി രാജിവച്ചതിന് ശേഷം ചാള്‍സ് മൂന്നാമന്‍ രാജാവ് ബേണ്‍ഹാമിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കും. സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായിരിക്കുന്നതും പൊതുസേവന മേഖലകള്‍ പ്രതിസന്ധി നേരിടുന്നതും ഭരണകക്ഷിയുടെ ജനപ്രീതി ഇടിഞ്ഞതുമാണ് പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്ന വലിയ വെല്ലുവിളികള്‍. ഭവന പ്രതിസന്ധി, ആരോഗ്യ - സാമൂഹിക പരിചരണ മേഖലയിലെ പ്രശ്നങ്ങള്‍, ഉയരുന്ന ചെലവുകള്‍, എന്നിവ പരിഹരിക്കാന്‍ നിരവധി നയപ്രഖ്യാപനങ്ങള്‍ നടത്താനാണ് ബേണ്‍ഹാമിന്റെ പദ്ധതി. പുതിയ ചാന്‍സലര്‍ ആരാകുമെന്നതടക്കമുള്ള കാര്യങ്ങള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ആകാംക്ഷയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

ആന്‍ഡി ബേണ്‍ഹാം പ്രധാനമന്ത്രി പദത്തിലേക്ക് എത്തുമ്പോള്‍ ഇമിഗ്രേഷന്‍ നയങ്ങള്‍ മയപ്പെടുമെന്ന് റിപ്പോര്‍ട്ട്. ഹോം സെക്രട്ടറിയുടെ പുതിയ അഭയാര്‍ത്ഥി നിയന്ത്രണങ്ങള്‍ക്ക് ബേണ്‍ഹാം പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും ഇളവുകള്‍ വരുമെന്നാണ് സൂചന.

ഇതോടെ നിയമപരമായി എത്തിയവര്‍ക്ക് അര്‍ഹമായ പരിരക്ഷ നല്‍കുമെന്നാണ് പ്രതീക്ഷ ഉയരുന്നത്. മലയാളികള്‍ ഉള്‍പ്പെടെ കെയര്‍ വര്‍ക്കര്‍മാരായി എത്തിയവര്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ നീക്കം പ്രതീക്ഷ നല്‍കുന്നു.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions