യു.കെ.വാര്‍ത്തകള്‍

വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍

ലണ്ടന്‍: വിദേശയാത്രകള്‍ക്കിടെ പ്രാദേശികമായി ലഭിക്കുന്ന മദ്യം ഉപയോഗിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് യുകെ സര്‍ക്കാര്‍. ലാവോസില്‍ മെത്തനോള്‍ കലര്‍ന്ന മദ്യം കഴിച്ചതിനെ തുടര്‍ന്ന് ആറു വിദേശ വിനോദസഞ്ചാരികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് മുന്നറിയിപ്പ്. 2024 നവംബറില്‍ ലാവോസിലെ വിനോദസഞ്ചാര കേന്ദ്രമായ വാങ് വിയാങില്‍ സൗജന്യമായി നല്‍കിയതായി കരുതുന്ന മദ്യഷോട്ടുകള്‍ കഴിച്ചതിനു പിന്നാലെയാണ് ആറുപേര്‍ മരിച്ചത്. ബ്രിട്ടീഷ് പൗരയായ സിമോണ്‍ വൈറ്റ്, രണ്ട് ഓസ്‌ട്രേലിയന്‍ യുവതികള്‍, രണ്ട് ഡാനിഷ് പൗരന്മാര്‍, ഒരു അമേരിക്കന്‍ പൗരന്‍ എന്നിവരാണ് മരിച്ചത്. ചെലവ് കുറയ്ക്കുന്നതിനായി മദ്യത്തില്‍ നിയമവിരുദ്ധമായി മെത്തനോള്‍ കലര്‍ത്തിയിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

എന്നാല്‍, മരണങ്ങളുടെ യഥാര്‍ഥ കാരണമോ ഉത്തരവാദികളെയോ സ്ഥിരീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ലാവോസ് പൊതുസുരക്ഷാ മന്ത്രാലയം അറിയിച്ചു. മൃതദേഹങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താത്തതിനാല്‍ മരണകാരണം ശാസ്ത്രീയമായി തെളിയിക്കാനുള്ള ഫൊറന്‍സിക് തെളിവുകള്‍ ലഭിച്ചില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട ഡിസ്റ്റിലറിയില്‍ നിര്‍മിച്ച വോഡ്കയില്‍ അനുവദനീയമായതിലും കൂടുതല്‍ മെത്തനോള്‍ കണ്ടെത്തിയതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യത്തിന് ഹാനികരമായ ഉല്‍പന്നങ്ങള്‍ വില്‍ക്കുകയും അനുമതിയില്ലാതെ സ്ഥാപനം നടത്തുകയും ചെയ്തതിന് ഡിസ്റ്റിലറി ഉടമയ്‌ക്കെതിരെ കേസെടുത്തു. എന്നാല്‍ മരണങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്താത്തതില്‍ ഓസ്‌ട്രേലിയ കടുത്ത നിരാശ രേഖപ്പെടുത്തി. കാന്‍ബറയിലെ ലാവോസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധവും അറിയിച്ചു.

സംഭവത്തിനു പിന്നാലെ വിദേശയാത്ര നടത്തുന്ന പൗരന്മാര്‍ക്കുള്ള യാത്രാനിര്‍ദേശങ്ങള്‍ യുകെ സര്‍ക്കാര്‍ പുതുക്കി. വിശ്വാസ്യത ഉറപ്പില്ലാത്ത ബാറുകളിലും ഹോസ്റ്റലുകളിലും ലഭിക്കുന്ന മദ്യം, സൗജന്യമായി വിതരണം ചെയ്യുന്ന മദ്യഷോട്ടുകള്‍ എന്നിവ ഒഴിവാക്കണം. മുദ്ര പൊട്ടിക്കാത്ത കുപ്പികളിലുള്ള മദ്യം മാത്രം ഉപയോഗിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ഛര്‍ദി, തലകറക്കം, ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടല്‍, അമിതമായ ഉറക്കം എന്നിവയാണ് മെത്തനോള്‍ വിഷബാധയുടെ പ്രാരംഭ ലക്ഷണങ്ങള്‍. മദ്യം കഴിച്ച് 12 മുതല്‍ 48 മണിക്കൂറിനുള്ളില്‍ കാഴ്ച മങ്ങല്‍, ശ്വാസതടസ്സം, വയറുവേദന, അപസ്മാരം, കോമ എന്നിവയുമുണ്ടാകാം. മങ്ങിയ കാഴ്ച, വെളിച്ചത്തിലേക്ക് നോക്കാന്‍ ബുദ്ധിമുട്ട്, ഭാഗികമായോ പൂര്‍ണമായോ കാഴ്ച നഷ്ടപ്പെടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions