ചൂടേറിയ കാലാവസ്ഥ തുടരുന്നതിനിടയില്‍ പത്ത് ദശലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് ഹോസ്‌പൈപ്പ് നിരോധനം പ്രഖ്യാപിച്ച് തേംസ് വാട്ടര്‍ രംഗത്തെത്തി. വ്യാഴാഴ്ച്ച അതിരാവിലെ 12.01 മുതലായിരിക്കും നിരോധനം നിലവില്‍ വരിക. എന്നിരുന്നാലും, നിയന്ത്രണങ്ങള്‍ ഇപ്പോള്‍ മുതല്‍ തന്നെ പിന്തുടരുവാനാണ് കമ്പനി ഉപഭോക്താക്കളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ലണ്ടനിലെയും, തേംസ് വാലിയിലെയും ഹോം കൗണ്ടികളിലെയും ഏകദേശം 10.1 മില്യണ്‍ ഉപഭോക്താക്കളെയും ഈ നിരോധനം ബാധിക്കും. എന്നാല്‍, മലിനജലം മാത്രം കൈകാര്യം ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഈ നിയന്ത്രണം ബാധകമാവില്ല.
നിരോധനം നിലവില്‍ വരുന്നതോടെ ചെടികള്‍ക്ക് വെള്ളം നനയ്ക്കുക, കാര്‍ കഴുകുക, പാഡ്‌ലിംഗ് പൂളുകളും ഹോട്ട് ടബ്ബുകളും നിറയ്ക്കുക തുടങ്ങിയ അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്ക് ഹോസ്‌പൈപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. താപനിലയില്‍ റെക്കോര്‍ഡിട്ട് കടന്നുപോയ മൂന്ന് ഉഷ്ണതരംഗങ്ങള്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ജല സ്രോതസ്സുകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തെക്കന്‍ ഇംഗ്ലണ്ടും, മദ്ധ്യ ഇംഗ്ലണ്ടും, കിഴക്കന്‍ ഇംഗ്ലണ്ടും ഔദ്യോഗികമായി വരള്‍ച്ച പ്രഖ്യാപിക്കേണ്ട സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്ന് എന്‍വയോണ്മെന്റ് ഏജന്‍സി പ്രഖ്യാപിച്ചതിനു പുറകെയാണ് ഹോസ്‌പൈപ്പ് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. തേംസ് വാലിയിലും ഹോം കൗണ്ടികളിലും ജല ഉപയോഗം സാധാരണയിലെ 10 ശതമാനം വര്‍ദ്ധിച്ചു എന്നാണ് തേംസ് വാട്ടര്‍ പറയുന്നത്. ലണ്ടനില്‍ 7 ശതമാനവും വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
തെക്കന്‍ ഇംഗ്ലണ്ടിലും കിഴക്കന്‍ ഇംഗ്ലണ്ടിലും ഈ മാസം ഇതുവരെ മഴ ലഭിച്ചിട്ടേയില്ല. കഴിഞ്ഞ 30 വര്‍ഷക്കാലത്തിനിടയില്‍ ഇത്രയും ദൈര്‍ഘ്യമേറിയ കാലയളവില്‍ മഴ ലഭിക്കാതിരിക്കുന്നത് ഇതാദ്യമായിട്ടാണ്.
ഇംഗ്ലണ്ട് മുഴുവനായി നോക്കിയാല്‍, ജൂലൈയില്‍ ലഭിക്കേണ്ട മഴയുടെ 3 ശതമാനം മാത്രമാണ് ലഭിച്ചത്. ഒപ്പം കടുത്ത ചൂടും ഉഷ്ണതരംഗങ്ങളും ജലസ്രോതസ്സുകളെ ചുരുക്കുന്നുമുണ്ട്. കടുത്ത ചൂടില്‍ ജലത്തിന്റെ ഉപയോഗം വര്‍ദ്ധിക്കുമ്പോള്‍ കരയും, നദികളൂം, നീരുറവകളും വറ്റി വരളുകയാണ്. കിഴക്കന്‍ ആംഗ്ലിയ, പടിഞ്ഞാറന്‍ മിഡ്‌ലാന്‍ഡ്‌സ്, ഡെവണ്‍, കോണ്‍വാള്‍, ഐല്‍ ഓഫ് സിസിലി, ലിങ്കണ്‍ഷയര്‍, നോര്‍ത്താംപ്ടണ്‍ഷയര്‍, ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍, ലണ്ടന്‍, വെസ്സെക്‌സ്, തേംസ്, സോളന്റ് ആന്‍ഡ് സൗത്ത് ഡൗണ്‍സ് എന്നിവിടങ്ങളില്‍ വരണ്ട കാലാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു. ഔദ്യോഗികമായി വരള്‍ച്ച പ്രഖ്യാപിക്കുന്നതിനുള്ള ആദ്യപടിയാണിത്.
അതീതീവ്ര കാലാവസ്ഥ ജല വിതരണത്തെയും ഭക്ഷ്യോത്പാദനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് മെറ്റ് ഓഫീസ്, സര്‍ക്കാര്‍, റെഗുലേറ്റര്‍മാര്‍, ജല വിതരണ കമ്പനികള്‍, കര്‍ഷകര്‍ എന്നിവരുള്‍പ്പെടുന്ന നാഷണല്‍ ഡ്രോട്ട് ഗ്രൂപ്പ് പറയുന്നത്. വസന്തകാലത്തിന്റെ ആരംഭത്തിലും പ്രതീക്ഷിച്ച മഴ ലഭിക്കാത്തത് ധാന്യവിളകളുടെ ഉദ്പാദനത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് കര്‍ഷകര്‍ പറയുന്നത്.