അസാധാരണമായ ചൂടും മഴക്കുറവും മൂലം ഇംഗ്ലണ്ടിന്റെ പകുതിയോളം പ്രദേശങ്ങള്‍ കടുത്ത വരള്‍ച്ച മേഖലയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈസ്റ്റ് ആംഗ്ലിയ, ലണ്ടന്‍ ഉള്‍പ്പെടെയുള്ള തേംസ് താഴ്വര, ഹാംപ്‍ഷയര്‍, ഡെവണ്‍ - കോണ്‍വാള്‍, വെസ്റ്റ് മിഡ്‌ലാന്‍ഡ്സ്, വെസെക്സ് തുടങ്ങിയ ഏഴ് മേഖലകളെയാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി വരള്‍ച്ച ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വേനല്‍ക്കാല വരള്‍ച്ച നേരിടുന്നത് പരിസ്ഥിതിക്കും വന്യജീവികള്‍ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
ജൂലൈ മാസത്തില്‍ സാധാരണ ലഭിക്കേണ്ട മഴയുടെ വെറും 7 ശതമാനം മാത്രമാണ് ലഭിച്ചത്. ദക്ഷിണ ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളില്‍ ഇത് 1 ശതമാനമായി ചുരുങ്ങി. ഡെവണിലെ ചില പ്രദേശങ്ങളില്‍ 50 ദിവസത്തിലേറെയായി കാര്യമായ മഴ ലഭിച്ചിട്ടില്ല. രാജ്യത്തെ ജലസംഭരണികളിലെ ജലനിരപ്പ് ഈ സമയത്തെ ശരാശരിയേക്കാള്‍ 7.4 ശതമാനം താഴെയാണെന്നും, ഏകദേശം പകുതിയോളം റിസര്‍വോയറുകള്‍ സാധാരണ നിലയില്‍ താഴെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മഴക്കുറവിന്റെ ആഘാതം നദികളിലും പ്രകടമാണ്. ഇംഗ്ലണ്ടിലെ 78 ശതമാനം നദികളിലും ജലനിരപ്പ് സാധാരണയേക്കാള്‍ താഴെയായപ്പോള്‍ 17 ശതമാനം നദികള്‍ അതീവ ഗുരുതര നിലയിലാണ്. ഇതിനിടെ രാജ്യത്ത് ഈ വേനലിലെ നാലാമത്തെ ഉഷ്ണതരംഗവും അനുഭവപ്പെടുകയാണ്. ചില പ്രദേശങ്ങളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസിലെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലം ഇത്തരം കടുത്ത വരള്‍ച്ചകളും ചൂട് തരംഗങ്ങളും കൂടുതല്‍ രൂക്ഷമാകുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹീറ്റ് വേവ് കാലയളവാണിത്. മെയ് അവസാനത്തിലും ജൂണിലും ജൂലൈയിലും യുകെ മൂന്ന് ഹീറ്റ് വേവുകള്‍ ഇതിനകം അനുഭവിച്ചിരുന്നു.