യു.കെ.വാര്‍ത്തകള്‍

അമ്മയുടെ മൃതദേഹം മൂന്ന് വര്‍ഷം ഫ്രീസറില്‍ വച്ച് 78,000 പൗണ്ട് ആനുകൂല്യങ്ങള്‍ തട്ടി; മകന് ജയില്‍ ശിക്ഷ

മരിച്ച അമ്മയുടെ മൃതദേഹം മൂന്ന് വര്‍ഷത്തോളം വീട്ടിലെ ഫ്രീസറില്‍ സൂക്ഷിച്ച്, അവരുടെ പേരില്‍ ലഭിച്ചിരുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങളും പെന്‍ഷനും തട്ടിയെടുത്ത മകന് ബ്രിട്ടീഷ് കോടതി തടവുശിക്ഷ വിധിച്ചു.

60-കാരനായ ക്രിസ്റ്റഫര്‍ ഫിലിപ്‌സ് എന്നയാള്‍ ദക്ഷിണ വെയില്‍സിലെ പോര്‍ത്കോള്‍ പട്ടണത്തിലെ വീട്ടിലാണ് അമ്മയുടെ മൃതദേഹം സൂക്ഷിച്ചത്. 89ം വയസ്സില്‍ മരിച്ച അമ്മ സില്‍വിയ ഫിലിപ്‌സിന്റെ മൃതദേഹം ലിവിംഗ് റൂമിലെ ചെസ്റ്റ് ഫ്രീസറിലാണ് സൂക്ഷിച്ചിരുന്നത്. അമ്മ മരിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇയാള്‍ ഫ്രീസര്‍ വാങ്ങിയത്. തുടര്‍ന്ന് ഫ്രീസറിന് മുകളില്‍ പതിവായി പൂക്കള്‍ വയ്ക്കുകയും, അമ്മ ജീവനോടെയെന്ന പോലെ ടെലിവിഷന്‍ പരിപാടികളെയും കുതിരപ്പന്തയങ്ങളെയും കുറിച്ച് സംസാരിച്ചിരുന്നതായും കോടതിയില്‍ വ്യക്തമായി.

ഡോക്ടര്‍മാര്‍ക്ക് അമ്മയെക്കുറിച്ച് വിവരമൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് വീട്ടിലെത്തിയപ്പോഴും, അമ്മ ലണ്ടനില്‍ ബന്ധുക്കള്‍ക്കൊപ്പമാണെന്ന് ഫിലിപ്‌സ് പറഞ്ഞു. എന്നാല്‍ ഫ്രീസറിന് മുകളില്‍ പൂക്കള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

അമ്മയുടെ മരണവിവരം മറച്ചുവെച്ച ഫിലിപ്‌സ് അവരുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് പണം പിന്‍വലിക്കുകയും, പെന്‍ഷന്‍, പെന്‍ഷന്‍ ക്രെഡിറ്റ്, അറ്റന്‍ഡന്‍സ് അലവന്‍സ്, വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ്, കോസ്റ്റ് ഓഫ് ലിവിംഗ് സഹായം, ഹൗസിംഗ് ബെനിഫിറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 78,190.92 പൗണ്ട് അനധികൃതമായി കൈപ്പറ്റുകയും ചെയ്തതായി കോടതി കണ്ടെത്തി.

ക്രിസ്റ്റഫര്‍ ഫിലിപ്‌സിന് രണ്ട് വര്‍ഷവും നാല് മാസവും തടവുശിക്ഷ വിധിച്ചു. അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ജീവനക്കാരെ തുടര്‍ച്ചയായി തെറ്റിദ്ധരിപ്പിക്കുകയും, പരിശോധനകള്‍ക്ക് ഹാജരാകാന്‍ അവര്‍ താല്‍പര്യമില്ലെന്ന് കള്ളം പറയുകയും ചെയ്തതായി ജഡ്ജി കണ്ടെത്തി.

പ്രതിഭാഗം അഭിഭാഷകയുടെ വാദമനുസരിച്ച്, ഫിലിപ്‌സും അമ്മയും അതീവ അടുപ്പത്തിലായിരുന്നു. 2008 മുതല്‍ അമ്മയെ നോക്കിയിരുന്ന ഇയാള്‍, 'അമ്മയെ വിട്ടുപോകാന്‍ കഴിയുന്നില്ല എന്നാണ് പൊലീസിനോട് പറഞ്ഞത്. അമ്മ ജീവനോടെയെന്ന പോലെ അവരുടെ സമീപത്തിരുന്ന് സംസാരിക്കാറുണ്ടായിരുന്നുവെന്നും അഭിഭാഷക കോടതിയെ അറിയിച്ചു.

മൃതദേഹത്തിന് നിയമാനുസൃതമായ സംസ്‌കാരം നിഷേധിച്ചതിനും രണ്ട് തട്ടിപ്പ് കുറ്റങ്ങള്‍ക്കും ഫിലിപ്‌സ് കുറ്റം സമ്മതിച്ചിരുന്നു. ഇതോടെയാണ് കോടതി ശിക്ഷ വിധിച്ചത്.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions