യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ ജലാശയങ്ങള്‍ ഗുരുതര മലിനീകരണത്തില്‍; ആരോഗ്യ ഭീഷണി

ഇംഗ്ലണ്ടിലെ നദികള്‍, തടാകങ്ങള്‍, തീരദേശ ജലാശയങ്ങള്‍ എന്നിവയുടെ സ്ഥിതി ആശങ്കാജനകമെന്ന് എന്‍വയണ്‍മെന്റ് ഏജന്‍സിയുടെ പുതിയ വിലയിരുത്തല്‍. ആറുവര്‍ഷത്തിനിടെ നടത്തിയ ആദ്യ സമഗ്ര പരിശോധനയില്‍ ഏഴിലൊന്ന് ജലാശയങ്ങള്‍ മാത്രമാണ് നല്ല പാരിസ്ഥിതിക നിലവാരത്തിലുള്ളതെന്ന് കണ്ടെത്തി. നദികളില്‍ 15 ശതമാനം മാത്രമാണ് ആവശ്യമായ പാരിസ്ഥിതിക നിലവാരം കൈവരിച്ചത്. തടാകങ്ങളില്‍ ഇത് ഏഴുശതമാനത്തില്‍ താഴെയാണ്. രാസമലിനീകരണ പരിശോധനയില്‍ ഒരു ജലാശയത്തിനും നിശ്ചിത നിലവാരം പാലിക്കാനായില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മലിനജലത്തിലും കൃഷിയിടങ്ങളില്‍നിന്നുള്ള ഒഴുക്കിലൂടെയും ജലാശയങ്ങളിലെത്തുന്ന ഫോസ്‌ഫേറ്റാണ് പ്രധാന മലിനീകരണ ഘടകങ്ങളിലൊന്ന്. ഇംഗ്ലണ്ടിലെ പകുതിയോളം നദികളില്‍ ഫോസ്‌ഫേറ്റിന്റെ അളവ് പരിധിക്കു മുകളിലാണെന്ന് പരിശോധനയില്‍ കണ്ടെത്തി.

പെട്രോളിയം ഉല്‍പന്നങ്ങള്‍, കീടനാശിനികള്‍, മൈക്രോപ്ലാസ്റ്റിക്കുകള്‍, ദീര്‍ഘകാലം വിഘടിക്കാതെ പരിസ്ഥിതിയില്‍ നിലനില്‍ക്കുന്ന 'ഫോറവര്‍ കെമിക്കല്‍സ്' എന്നിവയും ജലമലിനീകരണത്തിന് കാരണമാകുന്നുണ്ട്. ഇവ മനുഷ്യാരോഗ്യത്തിനും മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ജലജീവികള്‍ക്കും ഗുരുതര ഭീഷണിയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. മലിനീകരണം നിയന്ത്രിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ജലകമ്പനികള്‍ക്കെതിരെ കൂടുതല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കമ്പനികളെ ഉത്തരവാദിത്തമുള്ളവരാക്കാന്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും ജലമേഖലയില്‍ സമഗ്രമായ പരിഷ്‌കാരം അനിവാര്യമാണെന്നും പരിസ്ഥിതി സെക്രട്ടറി ആഞ്ചല ഈഗിള്‍ പറഞ്ഞു. 2030 വരെ പരിസ്ഥിതി മെച്ചപ്പെടുത്തലുകള്‍ക്കായി ജലകമ്പനികള്‍ റെക്കോര്‍ഡ് 22 ബില്യന്‍ പൗണ്ട് നിക്ഷേപിക്കാനാണ് പദ്ധതി. മലിനജലം നദികളിലേക്കും കടലിലേക്കും ഒഴുക്കുന്നത് കുറയ്ക്കുക, ജലവിതരണം സുരക്ഷിതമാക്കുക, ജലാശയങ്ങളുടെ പാരിസ്ഥിതിക നിലവാരം ഉയര്‍ത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

എന്‍വയണ്‍മെന്റ് ഏജന്‍സിയും പരിശോധനകളും നിയമനടപടികളും ശക്തമാക്കുകയാണ്. ഇതിനായി ഏജന്‍സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ എന്‍ഫോഴ്‌സ്‌മെന്റ് ജീവനക്കാരുടെ സംഘത്തെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു. മനുഷ്യാരോഗ്യത്തിന് ഭീഷണിയായ രാസവസ്തുക്കളുടെ അളവ് കുറയ്ക്കുന്നതിനായി ജലകമ്പനികള്‍ക്ക് 23 എന്‍ഫോഴ്‌സ്‌മെന്റ് നോട്ടിസുകളും നല്‍കിയിട്ടുണ്ട്. 2027ഓടെ ഇംഗ്ലണ്ടിലെ 77 ശതമാനം ജലാശയങ്ങളും നല്ല പാരിസ്ഥിതിക നിലവാരത്തിലെത്തിക്കണമെന്നാണ് നിയമപരമായ ലക്ഷ്യം. എന്നാല്‍ നിലവിലെ പുരോഗതി വിലയിരുത്തുമ്പോള്‍ ഈ ലക്ഷ്യം വലിയ വ്യത്യാസത്തില്‍ നഷ്ടപ്പെടാനിടയുണ്ടെന്ന് ഓഫിസ് ഫോര്‍ എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ മുന്നറിയിപ്പ് നല്‍കി. ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും വരള്‍ച്ച അനുഭവപ്പെടുന്നതിനിടെ നദികളിലെ ജലനിരപ്പ് താഴുന്നത് മലിനീകരണത്തിന്റെ സാന്ദ്രത വര്‍ധിപ്പിക്കുമെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് മത്സ്യങ്ങളെയും മറ്റു ജലജീവികളെയും കൂടുതല്‍ അപകടത്തിലാക്കുകയും ജലാശയങ്ങളുടെ സ്വാഭാവിക പുനരുജ്ജീവനശേഷിയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions