യു.കെ.വാര്‍ത്തകള്‍

സ്‌കൂള്‍ ഹാജര്‍ മെച്ചപ്പെടുത്താന്‍ ഇംഗ്ലണ്ടില്‍ പുതിയ പദ്ധതി; ഓരോ സ്‌കൂളിനും പ്രത്യേക ലക്ഷ്യം

വിദ്യാര്‍ഥികളുടെ ഹാജര്‍ മെച്ചപ്പെടുത്തുന്നതിനായി ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. ഓരോ മെയിന്‍സ്ട്രീം സര്‍ക്കാര്‍ സ്‌കൂളിനും പ്രത്യേകം ഹാജര്‍ ലക്ഷ്യം നിശ്ചയിക്കാനാണ് തീരുമാനം. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ സാമൂഹിക സാഹചര്യങ്ങളും വിദ്യാര്‍ഥികള്‍ നേരിടുന്ന വെല്ലുവിളികളും പരിഗണിച്ചായിരിക്കും ലക്ഷ്യം നിശ്ചയിക്കുക. കോവിഡ് മഹാമാരിക്ക് ശേഷം സ്‌കൂള്‍ ഹാജര്‍ പഴയ നിലയിലേക്ക് തിരിച്ചെത്താത്ത സാഹചര്യത്തിലാണ് നടപടി. 2025-26 അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകളിലെ മൊത്തം ഹാജര്‍ നിരക്ക് ഏകദേശം 93 ശതമാനമാണ്. കോവിഡിനു മുന്‍പ് മെയിന്‍സ്ട്രീം സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇത് 95 ശതമാനത്തിനു മുകളിലായിരുന്നു. തുടര്‍ച്ചയായി ക്ലാസുകള്‍ നഷ്ടപ്പെടുത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നതാണ് സര്‍ക്കാരിന്റെ പ്രധാന ആശങ്ക. ലഭ്യമായ ക്ലാസുകളുടെ കുറഞ്ഞത് 10 ശതമാനം നഷ്ടപ്പെടുത്തുന്ന വിദ്യാര്‍ഥികളെയാണ് 'പെര്‍സിസ്റ്റന്റ്ലി ആബ്സന്റ്' വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. 2018-19ല്‍ ഏകദേശം 10 ശതമാനമായിരുന്ന ഈ വിഭാഗത്തിലുള്ള വിദ്യാര്‍ഥികളുടെ നിരക്ക് 2025-26ല്‍ 19 ശതമാനത്തോളമായി ഉയര്‍ന്നു. സൗജന്യ സ്‌കൂള്‍ ഭക്ഷണത്തിന് അര്‍ഹരായ കുട്ടികളിലും പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളോ വൈകല്യങ്ങളോ ഉള്ള വിദ്യാര്‍ഥികളിലും അസാന്നിധ്യം മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്നാണ് ഔദ്യോഗിക കണക്കുകള്‍.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ ഏതാനും മെയിന്‍സ്ട്രീം സ്‌കൂളുകളില്‍ സ്‌കൂള്‍ അടിസ്ഥാനത്തിലുള്ള ഹാജര്‍ ലക്ഷ്യങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു. ഇനി എല്ലാ സ്‌കൂളുകള്‍ക്കും പ്രത്യേക ലക്ഷ്യം നല്‍കുകയും അതിലേക്കുള്ള പുരോഗതി വിദ്യാഭ്യാസ വകുപ്പ് നിരീക്ഷിക്കുകയും ചെയ്യും. ലക്ഷ്യം കൈവരിക്കാത്ത സ്‌കൂളുകള്‍ക്ക് ഉടന്‍ ശിക്ഷ ഏര്‍പ്പെടുത്തില്ല. പകരം പിന്നാക്കം നില്‍ക്കുന്ന സ്‌കൂളുകളുമായി വിദ്യാഭ്യാസ വകുപ്പ് നേരിട്ട് ബന്ധപ്പെടുകയും ഹാജര്‍ മെച്ചപ്പെടുത്തുന്നതിനുള്ള ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. മികച്ച പ്രവര്‍ത്തന മാതൃകകളെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളും മികച്ച പ്രകടനം നടത്തുന്ന മറ്റ് സ്‌കൂളുകളുമായി സഹകരിക്കാനുള്ള അവസരങ്ങളും നല്‍കും. വെള്ളിയാഴ്ചകളില്‍ വിദ്യാര്‍ഥികളുടെ ഹാജര്‍ കുറയുന്ന പ്രവണതയും സര്‍ക്കാര്‍ പ്രത്യേകം പരിശോധിക്കും. ആഴ്ചയുടെ അവസാന ദിവസം അസുഖം ചൂണ്ടിക്കാട്ടിയുള്ള അവധികള്‍ വര്‍ധിക്കുന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പോള്‍ വോ അറിയിച്ചു. വെള്ളിയാഴ്ചകളില്‍ കൂടുതല്‍ ക്ലബ്ബുകള്‍, കായിക-സാംസ്‌കാരിക പരിപാടികള്‍, മറ്റ് പഠനേതര പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിച്ച് വിദ്യാര്‍ഥികളുടെ താല്‍പര്യം വര്‍ധിപ്പിക്കാനും സ്‌കൂളുകളോട് ആവശ്യപ്പെടും.

വിദ്യാര്‍ഥികളുടെ വ്യക്തിഗത ഹാജര്‍ രേഖകള്‍ കൂടുതല്‍ കാര്യക്ഷമമായി വിലയിരുത്താന്‍ സഹായിക്കുന്ന പുതിയ ഡേറ്റ സംവിധാനങ്ങളും അടുത്ത വര്‍ഷം സ്‌കൂളുകള്‍ക്ക് ലഭ്യമാക്കും. സ്ഥിരമായി സ്‌കൂളിലെത്തുന്നതില്‍നിന്ന് ഒരു കുട്ടി പിന്നോട്ടുപോകുന്നതിന്റെ സൂചനകള്‍ നേരത്തേ കണ്ടെത്തി ഇടപെടുകയാണ് ലക്ഷ്യം. അതേസമയം, സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഹാജര്‍ ലക്ഷ്യങ്ങള്‍ മാത്രം കൊണ്ട് പ്രശ്‌നം പരിഹരിക്കാനാവില്ലെന്ന് സ്‌കൂള്‍ ലീഡേഴ്‌സ് യൂണിയനായ എന്‍എഎച്ച്ടി അഭിപ്രായപ്പെട്ടു. രോഗം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, ദാരിദ്ര്യം, പരിഹരിക്കപ്പെടാത്ത പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങള്‍ തുടങ്ങിയ സ്‌കൂളിന് പുറത്തുള്ള നിരവധി ഘടകങ്ങള്‍ കുട്ടികളുടെ അസാന്നിധ്യത്തിന് കാരണമാകുന്നുണ്ടെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി പോള്‍ വൈറ്റ്മാന്‍ പറഞ്ഞു. ജൂണ്‍ 22ന് ആരംഭിച്ച ആഴ്ചയില്‍ കടുത്ത ചൂട് അനുഭവപ്പെട്ടപ്പോള്‍ ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഏകദേശം 12 ശതമാനം വിദ്യാര്‍ഥികള്‍ ഹാജരായിരുന്നില്ല. 2025-26 അധ്യയന വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിവാര അസാന്നിധ്യ നിരക്കായിരുന്നു ഇതെന്നാണ് കണക്കുകള്‍.

  • ജയിലിലെ തിരക്ക് കുറയ്ക്കാന്‍ കുറ്റവാളികളുടെ ലൈംഗിക ആസക്തി കുറയ്ക്കാന്‍ മരുന്ന്; ഇംഗ്ലണ്ടിലും വെയില്‍സിലും വ്യാപിപ്പിക്കും
  • വിമാനത്തിനുള്ളില്‍ നഗ്‌നതാ പ്രദര്‍ശനം; ബ്രിട്ടിഷ് യുവതി കുറ്റം സമ്മതിച്ചു
  • ജൂണ്‍ മാസത്തില്‍ യുകെയില്‍ ഭവനവില ഉയര്‍ന്നത് 2%; ശരാശരി പ്രോപ്പര്‍ട്ടി വില 5392 പൗണ്ട് വര്‍ദ്ധിച്ചു
  • സാല്‍മൊണെല്ല ഭീതി: പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
  • ജിസിഎസ്ഇ പരീക്ഷയില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ വിജയഗാഥ
  • യുകെയില്‍ എല്‍ നിനോ പ്രതിഭാസം വരുമെന്ന് മുന്നറിയിപ്പ്; കാലാവസ്ഥ താളം തെറ്റും
  • അനധികൃത തൊഴിലാളികളെ നിയമിച്ചാല്‍ വന്‍പിഴ; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന പരിശോധന
  • ജിസിഎസ് ഇ ഫലം; 22 % പേര്‍ക്ക് എ ഗ്രേഡ്; മൂന്നിലൊന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന യോഗ്യതയായ ഗ്രേഡ് 4 നേടാനായില്ല!
  • അമേരിക്ക മതിയായി! ഹാരിയും, മേഗനും യുകെയിലേക്ക് മടങ്ങുന്നു
  • മിസ് ടീന്‍ യൂണിവേഴ്സ് യുകെ ഫൈനല്‍ റൗണ്ടിലേക്ക് മലയാളി പെണ്‍കുട്ടി വൈക ചിറ്റാരില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions