പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
യുകെ മലയാളികള്‍ക്ക് ഓണം ബമ്പറായി രൂപയ്‌ക്കെതിരെ പൗണ്ട് മൂല്യം റെക്കോര്‍ഡില്‍. ഒരു പൗണ്ടിന്റെ മൂല്യം 130.50 രൂപ എത്തി. അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യമാണ് ഇതിന് പ്രധാന കാരണം. തുടര്‍ച്ചയായി നാലാമത്തെ ആഴ്ചയാണ് പൗണ്ട് വില ഉയര്‍ത്തി വിനിമയ വിപണിയില്‍ കരുത്ത് കാണിക്കുന്നത്. എന്നാല്‍ നാണയപ്പെരുപ്പം ചെറുക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയര്‍ത്തിയാല്‍ പൗണ്ടിന്റെ വിലയില്‍ മാറ്റമുണ്ടായേക്കും.
അടുത്തമാസം 17ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരക്ക് നിശ്ചയിക്കാനുള്ള യോഗം ചേരും. ഇതു നിര്‍ണ്ണായകമാണ് നാണയപ്പെരുപ്പം 2.9 ശതമാനമായി ഉയര്‍ന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനത്തെ സ്വാധീനിച്ചേക്കാം.
നാട്ടിലേക്ക് പണം അയക്കുന്നവര്‍ക്ക് നേട്ടമാകുമ്പോള്‍ നാട്ടില്‍ നിന്ന് പണം അയക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റും തിരിച്ചടിയാണ്. പഠനത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് രൂപയില്‍ നിന്നുള്ള വിനിമയ നിരക്കിലെ വര്‍ദ്ധനവ് വലിയ തിരിച്ചടിയാണ്. ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നവര്‍ക്ക് വര്‍ധന വലിയ നേട്ടമാകും.
അന്താരാഷ്ട്ര വിനിമയ വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലെത്തിയതോടെ ഗള്‍ഫ് രാജ്യങ്ങളിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇത് സാമ്പത്തികമായി അനുകൂലമായ സാഹചര്യമാണ്. യുദ്ധഭീതിയും യാത്രാ തടസ്സങ്ങളും നിലനില്‍ക്കുന്നതിനിടയിലും രൂപയുടെ ഇടിവ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് കൂടുതല്‍ പണം അയക്കാനുള്ള തിരക്കിലാണ് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍.
2023 മാര്‍ച്ചില്‍ ഒരു പൗണ്ടിന്റെ മൂല്യം 97 ഇന്ത്യന്‍ രൂപയായി കുറഞ്ഞിരുന്നു. ഏപ്രിലില്‍ പക്ഷേ വിനിമയ മൂല്യം 100 കടന്നു. 2024 ഓഗസ്റ്റില്‍ 110 രൂപയിലെത്തി. ഏറ്റക്കുറച്ചിലുകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നത്.
കുടുംബമായി യുകെയില്‍ സ്ഥിര താമസമാക്കിയവര്‍ ജോലി ചെയ്തു കിട്ടുന്ന തുക ഇവിടെ തന്നെ ചെലവഴിക്കുകയാണ് പതിവ്. ഇവര്‍ക്ക് യുകെ പൗണ്ടിന്റെ ഇന്ത്യന്‍ മൂല്യം ഉയര്‍ന്നത് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ ഇടയില്ല.