കോവിഡ് മഹാമാരിക്ക് ശേഷം വിഷാദരോഗവും ഉത്കണ്ഠയും ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നു. ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം ഏഴില്‍ ഒരാള്‍ക്ക് വീതം ആന്റിഡിപ്രസന്റ് മരുന്നുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായാണ് കണക്കുകള്‍. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ് മരുന്നുകളുടെ ഉപയോഗത്തിലും വന്‍ വര്‍ധന രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ 12 മാസത്തിനിടെ 91 ലക്ഷം രോഗികള്‍ക്ക് ആന്റിഡിപ്രസന്റുകള്‍ നിര്‍ദേശിച്ചതായാണ് കണക്ക്. അഞ്ച് വര്‍ഷം മുമ്പുള്ളതിനെ പേക്ഷിച്ച് ഇത് 15 ശതമാനത്തിലധികം വര്‍ധനയാണ്. കഴിഞ്ഞ വര്‍ഷം ആകെ 9.6 കോടി ആന്റിഡിപ്രസന്റ് പ്രിസ്‌ക്രിപ്ഷന്‍ ഇനങ്ങള്‍ വിതരണം ചെയ്തു. അഞ്ച് വര്‍ഷം മുമ്പ് ഇത് 7.94 കോടിയായിരുന്നു.
ആന്റിഡിപ്രസന്റ് ഉപയോഗത്തില്‍ മേഖലകള്‍ക്കിടയിലും വലിയ വ്യത്യാസമുണ്ട്. നോര്‍ത്ത് കുംബ്രിയ, സൗത്ത് യോര്‍ക്ഷയര്‍ മേഖലകളിലാണ് ഉപയോഗനിരക്ക് ഏറ്റവും ഉയര്‍ന്നത്. ലണ്ടനിലെ സമ്പന്ന മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചില പ്രദേശങ്ങളില്‍ മരുന്ന് ഉപയോഗം ഏകദേശം ഇരട്ടിയാണ്.
സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ ആളുകള്‍ക്ക് ഏറ്റവും സമ്പന്നമായ മേഖലകളിലുള്ളവരെക്കാള്‍ ഏകദേശം മൂന്നിലൊന്ന് അധികം ആന്റിഡിപ്രസന്റ് മരുന്നുകള്‍ നിര്‍ദേശിക്കപ്പെട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് കുംബ്രിയ ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡിന് കീഴിലാണ് ഏറ്റവും ഉയര്‍ന്ന ഉപയോഗനിരക്ക് രേഖപ്പെടുത്തിയത്. ഇവിടെ ആയിരം പേരില്‍ 200 പേര്‍ക്ക് വീതം ആന്റിഡിപ്രസന്റ് മരുന്നുകള്‍ നിര്‍ദേശിക്കപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ആന്റിഡിപ്രസന്റുകള്‍ ലഭിച്ചവരില്‍ 59 ലക്ഷം പേര്‍ സ്ത്രീകളായിരുന്നു. ഇത് ആകെ രോഗികളുടെ 65 ശതമാനമാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് വിഷാദരോഗം കണ്ടെത്തപ്പെടാനും ആന്റിഡിപ്രസന്റുകള്‍ നിര്‍ദേശിക്കപ്പെടാനും ഏകദേശം ഇരട്ടി സാധ്യതയുണ്ടെന്നാണ് കണക്കുകള്‍.