ഇല്ലാത്ത അര്‍ബുദത്തിന് 11 വര്‍ഷം കീമോ തെറാപ്പിയ്ക്കു വിധേയയാകേണ്ടിവന്ന യുവതിയുടെ ദുരിത ജീവിതം പുറത്ത്.
തലച്ചോറില്‍ മുഴയുണ്ടെന്നും അര്‍ബുദമാണെന്നും മാസങ്ങള്‍ മാത്രമേ ആയുസ്സുള്ളൂവെന്നും പരിചയ സമ്പന്നനായ അര്‍ബുദ വിദഗ്ധന്‍ ഇയാന്‍ ബ്രൗണ്‍ 2012 ല്‍ വിധിയെഴുതുമ്പോള്‍ ബ്രിട്ടീഷ് വനിത ബെക്കി ജോണ്‍സിന് 21 വയസുമാത്രമേ ഉണ്ടായിരുന്നുള്ളൂ. പൊലീസ് ആകാന്‍ സ്വപ്‌നം കണ്ടിരുന്ന സമയത്താണ് ബെക്കിയുടെ ഭാവി ഇരുളടഞ്ഞതായി മാറിയത്. തന്റെ പങ്കാളിയെ കണ്ട് അധിക നാളുകളായിട്ടില്ല. പിന്നാലെ ബെക്കിയുടെ ജീവിതം മാറ്റിമറിച്ച കീമോ തെറാപ്പി ചികിത്സയ്ക്ക് തുടക്കമായി. മാനസികമായി തകര്‍ന്ന ബെക്കിയെ ശാരീരിക അസ്വസ്ഥതകള്‍ വലച്ചു. കുടുംബ പരിപാടികളില്‍ പങ്കെടുത്താന്‍ കഴിഞ്ഞില്ല. കരിയര്‍ സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കേണ്ടതായി വന്നു. അരക്ഷിതാവസ്ഥയിലും ആശങ്കയിലും ബെക്കി നാളുകള്‍ തള്ളിനീക്കി.
ഇയാന്‍ ബ്രൗണ്‍ വിരമിച്ചതിനാല്‍ ചികിത്സ അവസാനിപ്പിക്കുകയാണെന്ന് 2024 ല്‍ ലഭിച്ച സന്ദേശത്തിലെ അസ്വാഭാവികത വഴിത്തിരിവായി. ബെക്കിയുടെ അഭിഭാഷക സംഘം ഏര്‍പ്പാടാക്കിയ സ്വതന്ത്ര പരിശോധനകളില്‍ അര്‍ബുദമില്ലെന്നും മറിച്ച് സ്റ്റിറോയിഡുകള്‍ ഉപയോഗിച്ച് ചികിത്സിക്കാന്‍ കഴിയുന്ന മസ്തിഷ്‌ക വീക്കമായിരുന്നുവെന്ന് 2025 മേയില്‍ തിരിച്ചറിഞ്ഞപ്പോഴേക്കും കടന്നുപോയത് നീണ്ട് 11 വര്‍ഷങ്ങള്‍. അനാവശ്യമായി അര്‍ബുദ ചികിത്സ നിര്‍ദ്ദേശിച്ച യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് കൊവന്‍ട്രി ആന്‍ഡ് വാര്‍വിക്ഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റിനെതിരെ നിയമ നടപടി സ്വീകരിച്ച 40 ല്‍ അധികം ആളുകളില്‍ ഒരാളായി രണ്ടു കുട്ടികളുടെ അമ്മയായ ബെക്കിയും.
കഠിനമായ മൈഗ്രേന്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈദ്യസഹായം തേടിയ ബെക്കിയ ബ്രെയിന്‍ ബയോപ്‌സിക്ക് വിധേയയാക്കി. എന്നാല്‍ പരിശോധനാ പലം വരുന്നതിന് മുമ്പു തന്നെ തലച്ചോറിലെ അര്‍ബുദത്തിന്റെ തീവ്ര വകഭേദമായ ഗ്ലിയോബ്ലാസ്‌തോമയാണെന്ന് കോവന്‍ട്രിയിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് പ്രൊഫസര്‍ ഇയാന്‍ ബ്രൗണ്‍ രോഗ നിര്‍ണ്ണയം നടത്തുകയായിരുന്നെന്ന് ബ്രാബ്‌നേഴ്‌സ് എന്ന നിയമ സ്ഥാപനത്തിലെ പങ്കാളിയായ ഫിയോണ ടിന്‍സ്ലി പറഞ്ഞു.
ജീവിതകാലം മുഴുവന്‍ ടെമോസോളോമൈഡിന്‍ എന്ന കീമോതെറാപ്പി മരുന്ന് കഴിക്കേണ്ടിവരുമെന്ന് ഇയാന്‍ ബ്രൗണ്‍ പറഞ്ഞതായി ബെക്കി പറയുന്നു. ഒന്നിലധികം സ്‌കാനുകളില്‍ ഒരു മുഴയുടേയും സാന്നിധ്യം കണ്ടെത്താത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് നഗ്ന നേത്രങ്ങള്‍ക്ക് ദൃശ്യമല്ല എന്നാണ് ഇയാന്‍ ബ്രൗണ്‍ പറഞ്ഞത്.
കീമോ തെറാപ്പി മരുന്ന് ദീര്‍ഘകാലം ഉപയോഗിച്ചത് തുടര്‍ച്ചയായ ഓക്കാനം, ക്ഷീണം, ആരോഗ്യത്തെ കുറിച്ചുള്ള ദീര്‍ഘകാല അനിശ്ചിതത്വം എന്നിങ്ങനെ ഗുരുതരമായ പാര്‍ശ്വ ഫലങ്ങള്‍ക്കിടയാക്കി. എനിക്ക് ഒരിക്കലും തലച്ചോറില്‍ മുഴയുണ്ടായിരുന്നില്ല. തെറ്റായ രോഗ നിര്‍ണ്ണയം നടത്തി എന്റെ ജീവിതത്തിലെ പ്രധാന കാലഘട്ടം ചികിത്സയിലാക്കി, അദ്ദേഹം എന്റെ ജീവിതം നശിപ്പിച്ചു. ബെക്കി ജോണ്‍സ് പറഞ്ഞു.
വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നടത്തിയ പ്രാഥമിക അവലോകനത്തില്‍ രോഗികള്‍ക്ക് പലപ്പോഴും അനാവശ്യമായി ദീര്‍ഘകാലം മരുന്ന് നല്‍കിയിരുന്നതായി കണ്ടെത്തി.