വൃദ്ധരും രോഗികളും ഭിന്നശേഷിക്കാരുമായ കുടുംബാംഗങ്ങളെ പരിചരിക്കേണ്ടി വരുന്നതിനാല്‍ ബ്രിട്ടനില്‍ ദിവസവും ശരാശരി 1,500 പേര്‍ ജോലി ഉപേക്ഷിക്കുന്നതായി കണക്കുകള്‍. സര്‍ക്കാര്‍ സഹായത്തോടെ ലഭിക്കുന്ന സാമൂഹിക പരിചരണ സേവനങ്ങളുടെ ലഭ്യത കുറഞ്ഞതോടെയാണ് പലരും മുഴുവന്‍ സമയ പരിചരണത്തിനിറങ്ങുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 10 ലക്ഷത്തിലധികം പേര്‍ പ്രായമായവരും രോഗികളും ഭിന്നശേഷിക്കാരുമായ ബന്ധുക്കളെ പരിചരിക്കുന്നതിനായി തൊഴില്‍രംഗം വിട്ടതായാണ് പഠനത്തിലെ കണക്ക്.
ഏകദേശം 20 ശതമാനം ജീവനക്കാര്‍, അതായത് 67 ലക്ഷം പേര്‍, ജോലി ചെയ്യുന്നതിനൊപ്പം കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ പരിചരിക്കുന്നതിനായി കരിയറിലും സാമ്പത്തിക സുരക്ഷയിലും വിട്ടുവീഴ്ച ചെയ്യുന്നതായാണ് കണ്ടെത്തല്‍.
പഠനത്തില്‍ പങ്കെടുത്തവരില്‍ 22 ശതമാനം പേര്‍ ജോലി സമയം കുറച്ചതായി പറഞ്ഞു. ഇവരില്‍ മൂന്നിലൊന്ന് പേരിലധികം ആഴ്ചയില്‍ എട്ട് മണിക്കൂറില്‍ താഴെയാണ് ജോലി ചെയ്യുന്നത്. ഏകദേശം പത്ത് ശതമാനം പരിചാരകര്‍ ജോലി തുടരുന്നതിനായി സ്ഥാനക്കയറ്റം നിരസിക്കുകയോ കുറഞ്ഞ ശമ്പളമുള്ള ജോലികളിലേക്ക് മാറുകയോ ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്.
'കരിയര്‍, സാമ്പത്തിക സുരക്ഷ, ഭാവി എന്നിവ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ എടുക്കേണ്ടിവരുന്നവര്‍ ധാരാളമാണ്' എന്ന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച കെയറേര്‍സ് യുകെയുടെ പോളിസി ഡയറക്ടര്‍ എമിലി ഹോള്‍സന്‍ഹൗസന്‍ പറഞ്ഞു.
ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ 10 ദിവസത്തെ ശമ്പളത്തോടെയുള്ള കെയറര്‍ ലീവ് നിയമപരമായി ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ജോലി ചെയ്യുന്നതിനൊപ്പം കുടുംബാംഗങ്ങളെ പരിചരിക്കുന്നത് കൂടുതല്‍ എളുപ്പമാക്കുന്ന സംവിധാനങ്ങള്‍ വേണമെന്നും സംഘടന ചൂണ്ടിക്കാട്ടി.