സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ വില്‍റ്റ്‌ഷെയര്‍ കൗണ്ടിയിലെ വാര്‍മിന്‍സ്റ്ററില്‍ തൃശൂര്‍ ഇരിങ്ങാലക്കുട കാഞ്ഞിരത്തിങ്കല്‍ സേവ്യര്‍ ലോനപ്പന്‍ (44) അന്തരിച്ചു. കഴിഞ്ഞദിവസം രാവിലെ ഡേ ഷിഫ്റ്റിന് ജോലിക്ക് പോകേണ്ടിയിരുന്ന സേവ്യര്‍ എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് മക്കള്‍ പിതാവിനെ വിളിച്ചു എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉണരാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സേവ്യറിനെ അനക്കമറ്റ നിലയില്‍ കിടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് അയല്‍വാസികളെ വിളിച്ചുവരുത്തുകയും യുകെയിലെ മെഡിക്കല്‍ സംഘം സ്ഥലത്തെത്തിയ ഉടന്‍ പരിശോധന നടത്തിയെങ്കിലും സേവ്യര്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
സംഭവ സമയത്ത് ഭാര്യ നിജാ ജോസ് ഡ്യൂട്ടിയിലായിരുന്നു. രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്ന സേവ്യറിന് ഉറക്കത്തിനിടെ സംഭവിച്ച ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രഥമിക നിഗമനം.
മൂന്ന് വര്‍ഷം മുമ്പാണ് സേവ്യര്‍ മക്കളോടൊപ്പം ഡിപ്പെന്‍ഡന്റ് വീസയില്‍ യുകെയിലെത്തിയത്. ഭാര്യ ജോലി ചെയ്യുന്ന കെയര്‍ ഹോമില്‍ തന്നെയായിരുന്നു സേവ്യറും ജോലി ചെയ്തിരുന്നത്.
പിതാവ് ഇയ്യപ്പന്‍ ലോനപ്പന്‍. മാതാവ് പരേതയായ എല്‍സി. ഭാര്യ നിജാ ജോസ്. മക്കള്‍ ജോഷ്വാ സേവ്യര്‍ (12), ജെറോം സേവ്യര്‍ (5), ജെയ്റോ സേവ്യര്‍ (3).
വിവരമറിഞ്ഞ് ലിങ്കണ്‍ഷെയറില്‍ താമസിക്കുന്ന സേവ്യറിന്റെ സഹോദരി സിജി ലോനപ്പനും ഭര്‍ത്താവ് ഷാജില്‍ പൗലോസും വാര്‍മിന്‍സ്റ്ററില്‍ എത്തി. മറ്റൊരു സഹോദരി സിനി ചാക്കപ്പന്‍ ഇരിങ്ങാലക്കുടയിലാണ്.
അപ്രതീക്ഷിതമായ വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബവും സുഹൃത്തുക്കളും. സംസ്‌കാരം യുകെയില്‍ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.