പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടയ്ക്കുള്ളില്‍ വച്ച് നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ച് 14കാരന്‍. യുകെയിലെ ഗ്ലോസ്റ്റര്‍ഷെയറിലെ സിറന്‍സെസ്റ്ററിലാണ് സംഭവം. കഴിഞ്ഞ ഡിസംബറിലാണ് 14കാരന്‍ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. പെണ്‍കുട്ടി ഇത് നിരസിച്ചതോടെ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി നിരന്തരം ശല്യം ചെയ്യുകയും പിന്തുടരുകയും ചെയ്തിരുന്നു. പിന്നീട് ആക്രമണത്തിലേക്ക് എത്തുകയായിരുന്നു.
മാര്‍ച്ച് 15ന് സിറന്‍സെസ്റ്ററിലെ ഒരു കടയ്ക്ക് സമീപം കാത്തുനിന്ന പ്രതി പെണ്‍കുട്ടി കടയിലേക്ക് പ്രവേശിക്കുന്നത് കണ്ടതോടെ പിന്നാലെ എത്തി. ജീന്‍സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് പെണ്‍കുട്ടിയെ കടന്നുപിടിച്ച ശേഷം നിരവധി തവണ കുത്തുകയായിരുന്നു.
രക്ഷപ്പെടാന്‍ പെണ്‍കുട്ടി ശ്രമിച്ചെങ്കിലും പ്രതി ആക്രമണം തുടര്‍ന്നു. കടയുടമ ആക്രമിയെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ ഇയാളെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി വിവരം അറിയിക്കുകയായിരുന്നു.
ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കഴുത്തിലും മുഖത്തും ഗുരുതരമായി മുറിവേറ്റു. ശരീരത്തില്‍ ചതവുകളും ഉണ്ടായി. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ബ്രിസ്റ്റോള്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ഒരു വര്‍ഷത്തെ റഫറല്‍ ഓര്‍ഡറും മൂന്ന് വര്‍ഷത്തെ നിയന്ത്രണ ഉത്തരവുമാണ് കോടതി വിധിച്ചത്. പ്രതിയുടെ പ്രായം പരിഗണിച്ചാണ് ശിക്ഷയില്‍ ഇളവ് അനുവദിച്ചത്.