യു.കെ.വാര്‍ത്തകള്‍

ദേശീയ അടിയന്തരാവസ്ഥ നേരിടാന്‍ വീടുകളില്‍ ഭക്ഷണവും പണവും കരുതണമെന്ന് സര്‍ക്കാര്‍

യുകെയില്‍ ദേശീയ അടിയന്തരാവസ്ഥയുണ്ടായാല്‍ വീടുകളില്‍ എന്തൊക്കെ സൂക്ഷിക്കണമെന്ന് കുടുംബങ്ങളെ ഉപദേശിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനം. തീവ്ര കാലാവസ്ഥാ വ്യതിയാനം, സൈബര്‍ ആക്രമണം തുടങ്ങിയവ മൂലം വലിയ പ്രതിസന്ധിയുണ്ടായാല്‍ നേരിടാന്‍ ഭക്ഷണം, കുപ്പിവെള്ളം, പണം, ടോയ്ലറ്റ് പേപ്പര്‍ എന്നിവ കരുതണമെന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിര്‍ദേശം.

സര്‍ക്കാരിന്റെ 'ബി റെഡി' മാര്‍ഗനിര്‍ദേശമനുസരിച്ച്, ജലവിതരണം തടസ്സപ്പെടുകയോ കടകള്‍ അടച്ചിടുകയോ ചെയ്താല്‍ മൂന്ന് ദിവസം വരെ ഉപയോഗിക്കാനായി ഒരാള്‍ക്ക് ഒന്‍പത് ലിറ്റര്‍ കുടിവെള്ളം കരുതണം. പാകം ചെയ്യാതെയും ഫ്രിഡ്ജില്‍ സൂക്ഷിക്കാതെയും കഴിക്കാവുന്ന മാംസം, പച്ചക്കറികള്‍, പഴങ്ങള്‍, ടിന്നിലടച്ച ഭക്ഷണം എന്നിവയും ശേഖരിക്കണം.

ബാറ്ററിയിലോ കൈകൊണ്ട് ചാര്‍ജ് ചെയ്യാവുന്നതോ ആയ എഫ്എം റേഡിയോ, ടോര്‍ച്ച്, പ്രഥമശുശ്രൂഷാ കിറ്റ്, ആവശ്യമായ മരുന്നുകള്‍, വൈദ്യുതി തടസ്സപ്പെട്ടാല്‍ ഉപയോഗിക്കാനുള്ള പുതപ്പുകള്‍ എന്നിവയും അടിയന്തര സാഹചര്യങ്ങള്‍ക്കുള്ള കിറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശമുണ്ട്.

അടിയന്തരമായി വീടുവിട്ടിറങ്ങേണ്ടിവന്നാല്‍ ഉപയോഗിക്കാവുന്ന വഴികള്‍ മുന്‍കൂട്ടി തീരുമാനിക്കുക, കുടുംബാംഗങ്ങളുമായി വീണ്ടും ഒത്തുചേരാനുള്ള സ്ഥലം നിശ്ചയിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് പോളിസി നമ്പറുകള്‍ മുതല്‍ ഇഷ്ടപ്പെട്ട റേഡിയോ സ്റ്റേഷനുകളുടെ ഫ്രീക്വന്‍സികള്‍ വരെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്താനും മാര്‍ഗനിര്‍ദേശം ആവശ്യപ്പെടുന്നു.

പ്രകൃതിദുരന്തങ്ങള്‍, സ്ഥാപനങ്ങള്‍ക്കെതിരായ ഹാക്കിങ് ആക്രമണങ്ങള്‍, ഭീകരാക്രമണങ്ങള്‍ മൂലമുള്ള വിതരണശൃംഖലയിലെ തടസ്സങ്ങള്‍ എന്നിവ നേരിടാന്‍ ജനങ്ങള്‍ തയ്യാറായിരിക്കണമെന്ന് പ്രതിരോധ സെക്രട്ടറി വെസ് സ്ട്രീറ്റിങ് പറഞ്ഞു.

പ്രാദേശിക സൂപ്പര്‍മാര്‍ക്കറ്റുകളിലെ പണമിടപാട് സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായാല്‍ എങ്ങനെ മുന്നോട്ടുപോകുമെന്നത് ഉള്‍പ്പെടെയുള്ള ദൈനംദിന വെല്ലുവിളികളെക്കുറിച്ച് ജനങ്ങള്‍ ചിന്തിക്കണമെന്നും വ്യാഴാഴ്ച നടത്തിയ സന്ദര്‍ശനത്തിനിടെ അദ്ദേഹം വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ രാജ്യം തയ്യാറെടുക്കേണ്ടതുണ്ടെന്നും അതിനായി എല്ലാവരും തങ്ങളുടെ പങ്ക് നിര്‍വഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോളവെല്ലുവിളികള്‍ നേരിടാന്‍ രാജ്യം കരുതിയിരിക്കണമെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം.

  • എന്‍എച്ച്എസ് മരുന്ന് തട്ടിപ്പ്: ഇന്ത്യന്‍ ഫാര്‍മസിസ്റ്റിനും ജീവനക്കാരനും 6വര്‍ഷം വീതം തടവ്
  • യുകെയില്‍ ദുരിതം വിതയ്ക്കാന്‍ രണ്ടു കൊടുങ്കാറ്റുകള്‍; യാത്രാ, വൈദ്യുതി തടസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
  • സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശന ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി
  • തൊഴിലില്ലായ്മ കുറഞ്ഞു; ജോണ്‍ ഹീലിയുടെ ആദ്യ ബജറ്റിന് മുന്‍പ് അപ്രതീക്ഷിത വാര്‍ത്ത
  • 20 എന്‍എച്ച്എസ് മറ്റേണിറ്റി യൂണിറ്റുകള്‍ അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് മുന്നറിയിപ്പ്
  • കോവിഡ് കാലത്തു 43,000 കെയര്‍ ഹോം അന്തേവാസികള്‍ മരണപ്പെട്ടത് സര്‍ക്കാരിനു പറ്റിയ ഗുരുതര വീഴ്ച!
  • യുകെയില്‍ സ്വകാര്യ പാര്‍ക്കിങ് പിഴകള്‍ കുതിക്കുന്നു; പിഴിയുന്നത് വര്‍ഷം 537 മില്യണ്‍ പൗണ്ട്
  • സ്റ്റോം 'ഓസ്റ്റന്‍' വെള്ളിയാഴ്ചയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശം വിതക്കും; മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
  • രാജകുടുംബവുമായുള്ള ബന്ധം പുനഃസ്ഥാപിക്കണം; ആഗ്രഹം തുറന്നുപറഞ്ഞ് ഹാരി
  • ബജറ്റില്‍ ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് വര്‍ധിപ്പിക്കില്ലെന്നു ചാന്‍സലര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions