പിതാവ് തോമസ് മാര്‍ക്കിളിനെതിരായ ആരോപണങ്ങളില്‍ താന്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി സസെക്‌സ് ഡച്ചസ് മേഗന്‍ മാര്‍ക്കിള്‍. പിതാവുമായി അകന്നു കഴിഞ്ഞിരുന്നെങ്കിലും 2018-ല്‍ തന്നെ പിതാവിനെതിരെ ആശങ്കാജനകമായ ആരോപണങ്ങള്‍ ഉയരുന്നതായി തനിക്ക് വിവരം ലഭിച്ചിരുന്നുവെന്നും മേഗന്‍ വെളിപ്പെടുത്തി. കുട്ടികളുടെ ലൈംഗിക പീഡന ചിത്രങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് തോമസ് മാര്‍ക്കിളിനെതിരെ ഉയര്‍ന്നു വന്നത്.
മേഗന്റെ അര്‍ധസഹോദരന്‍ തോമസ് മാര്‍ക്കിള്‍ ജൂനിയര്‍, ഫിലിപ്പീന്‍സിലെ സെബുവിലുള്ള പിതാവിന്റെ പഴയ വീട്ടില്‍ ഇത്തരം ചിത്രങ്ങളുടെ ശേഖരം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് ഫിലിപ്പീന്‍സ് അധികൃതര്‍ അന്വേഷണം സ്ഥിരീകരിച്ചു. എന്നാല്‍ 82 വയസ്സുകാരനായ തോമസ് മാര്‍ക്കിള്‍ സീനിയര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. സെബുവിലെ മനുഷ്യക്കടത്ത് വിരുദ്ധ, ബാല ലൈംഗിക പീഡനവും ചൂഷണവും തടയുന്നതിനുള്ള പ്രത്യേക ദൗത്യസംഘം കേസ് അന്വേഷിച്ചുവരികയാണ്.
പിതാവിനെതിരായ ആരോപണങ്ങളെക്കുറിച്ച് 2018 മുതല്‍ അറിയാമായിരുന്നുവെന്നും കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി മക്കളായ ആര്‍ച്ചി (7), ലിലിബെറ്റ് (5) എന്നിവര്‍ക്ക് പിതാവുമായി ബന്ധപ്പെടാന്‍ അനുവദിച്ചിരുന്നില്ലെന്നും മേഗന്‍ അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. 2018ല്‍ ഹാരി രാജകുമാരനുമായി നടന്ന വിവാഹത്തിന് തൊട്ടുമുമ്പ് മുതല്‍ മേഗന്‍ പിതാവുമായി ബന്ധം പുലര്‍ത്തിയിരുന്നില്ല. വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തോമസ് മാര്‍ക്കിള്‍ അറിയിച്ചിരുന്നു.
82-കാരനായ മേഗന്റെ പിതാവ് താമസിക്കുന്ന ഫിലിപ്പൈന്‍സിലെ വീട്ടില്‍ നിന്നുമാണ് ഈ ഞെട്ടിക്കുന്ന ചിത്രങ്ങളുടെ ശേഖരം കണ്ടെത്തിയതെന്നാണ് വിവരം. ഇതാണ് തോമസ് ജൂനിയര്‍ കണ്ടെത്തിയത്.
പിതാവിന്റെ വീട്ടില്‍ നാല് വലിയ ബോക്‌സുകളിലായി ആയിരക്കണക്കിന് കുട്ടികളുടെ ലൈംഗിക ചൂഷണത്തിന്റെ ചിത്രങ്ങളാണ് താന്‍ കണ്ടതെന്ന് തോമസ് ജൂനിയര്‍ പോലീസിന് വിവരം നല്‍കി. ഈ തെളിവുകള്‍ പിടിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. വീട്ടില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തിയതോടെയാണ് മേഗാന്റെ അര്‍ദ്ധസഹോദരന്‍ വിവരം ഫിലിപ്പൈന്‍ പോലീസിനെ അറിയിക്കുന്നത്.
സ്‌ട്രോക്കും, രക്തം കട്ടപിടിച്ചതും മൂലം തോമസ് മാര്‍ക്കിളിന്റെ ഇടതുകാല് മുറിച്ചുമാറ്റിയിരുന്നു. ഈ ചികിത്സയ്ക്കായി ഇയാള്‍ യുഎസിലേക്ക് എത്തിയിരുന്നു. അതിനിടയിലാണ് ഞെട്ടിക്കുന്ന ചിത്രങ്ങളും, വീഡിയോകളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യുഎസിലെ എഫ്ബിഐ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും തോമസ് ജൂനിയര്‍ വിവരം കൈമാറിയിട്ടുണ്ട്.