ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഇന്ത്യാ സഖ്യം. വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട തെളിവുകള്‍ സമര്‍പ്പിക്കുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ വീണ്ടും കാണാന്‍ പ്രതിപക്ഷ നേതാക്കള്‍ തീരുമാനിച്ചു. അടുത്ത ദിവസങ്ങളില്‍ കൂടിക്കാഴ്ചയ്ക്ക് സമയം തേടും. പ്രതിഷേധം ഡല്‍ഹിയില്‍ മാത്രം ഒതുക്കാതെ വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സഖ്യത്തിന്റെ നീക്കം.
ഇന്ത്യാ സഖ്യത്തിലെ പ്രധാന കക്ഷികള്‍ അതത് സംസ്ഥാനങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രത്യേകമായി പ്രതിഷേധം സംഘടിപ്പിക്കാനും ആലോചനയുണ്ട്. നവംബര്‍ ഒന്നിന് ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടക്കുന്ന മഹാറാലിക്ക് ശേഷം പ്രതിഷേധ പരിപാടികള്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന കാര്യത്തില്‍ പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഒക്ടോബര്‍ ഒന്‍പതിന് രാഷ്ട്രപതിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഇന്ത്യാ സഖ്യ പ്രതിനിധി സംഘത്തോട് രാഷ്ട്രപതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും കൂടിക്കാഴ്ചയ്ക്ക് സമയം തേടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കുക, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുക, പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണമായ എസ്ഐആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഒക്ടോബര്‍ ഒന്‍പതിന് പ്രതിപക്ഷം രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് പ്രതിനിധി സംഘം രാഷ്ട്രപതിക്ക് നിവേദനവും സമര്‍പ്പിച്ചിരുന്നു.