യു.കെ.വാര്‍ത്തകള്‍

സ്കൂള്‍ വിദ്യാര്‍ഥികളുടെ ബാഗിലും പോക്കറ്റിലും മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല; കര്‍ശന വിലക്ക്

ഇംഗ്ലണ്ടില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണുകള്‍ ബാഗുകളിലോ പോക്കറ്റുകളിലോ സൂക്ഷിക്കുന്നതിനു വിലക്കേര്‍പ്പെടുത്തുന്ന പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. 2027 സെപ്റ്റംബര്‍ മുതല്‍ പുതിയ നിയന്ത്രണം പ്രാബല്യത്തില്‍ വരും. സ്കൂള്‍ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗം പൂര്‍ണമായി തടയുകയാണ് ലക്ഷ്യം. ക്ലാസ് മുറികളിലെ പഠനത്തെ ബാധിക്കുന്നതിനും വിദ്യാര്‍ഥികളുടെ ശ്രദ്ധ തിരിക്കുന്നതിനും ഫോണുകള്‍ കാരണമാകുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.

പുതിയ നിര്‍ദേശങ്ങളെ നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹെഡ്ടീച്ചേഴ്സ് (NAHT) സ്വാഗതം ചെയ്തെങ്കിലും ഇത് നടപ്പാക്കുന്നതിന് വലിയ സാമ്പത്തിക ചെലവുണ്ടാകുമെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി പോള്‍ വൈറ്റ്മാന്‍ മുന്നറിയിപ്പ് നല്‍കി. ഓരോ വിദ്യാര്‍ഥിയുടെയും ഫോണ്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ പൂട്ടാവുന്ന പ്രത്യേക കവറുകളോ സംഭരണ സംവിധാനങ്ങളോ ഒരുക്കേണ്ടിവരുമെന്ന് സ്കൂള്‍ ആന്‍ഡ് കോളജ് ലീഡേഴ്സ് അസോസിയേഷന്‍ പറഞ്ഞു. ആവശ്യമായ സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ പദ്ധതി നടപ്പാക്കുക പ്രയാസകരമാകുമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

ഇംഗ്ലണ്ടിലെ കുട്ടികളുടെ കമ്മീഷണര്‍ ഡെയിം റേച്ചല്‍ ഡി സൂസ പുതിയ നടപടിയെ സ്വാഗതം ചെയ്തു. മൊബൈല്‍ ഫോണുകള്‍ പഠനസമയത്ത് വിദ്യാര്‍ഥികളുടെ ശ്രദ്ധ തിരിക്കുന്നതും സ്കൂള്‍ അന്തരീക്ഷത്തെ ബാധിക്കുന്നതും തടയാന്‍ ശക്തമായ നടപടി ആവശ്യമാണെന്ന് അവര്‍ പറഞ്ഞു. ‘ജനറേഷന്‍ ഫോക്കസ്’ എന്ന പ്രചാരണസംഘടനയുടെ സഹസ്ഥാപകയായ ഷാര്‍ലറ്റ് ആഷ്റ്റണും പുതിയ തീരുമാനത്തെ പിന്തുണച്ചു.

നിലവിലെ നിയന്ത്രണങ്ങള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ സ്കൂളിലെ ശുചിമുറികളില്‍ പോലും ടിക് ടോക് ഉപയോഗിക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സ്കൂളുകളില്‍ സ്മാര്‍ട്ട്ഫോണുകള്‍ക്ക് സമ്പൂര്‍ണ വിലക്ക് വേണമെന്ന ആവശ്യം പ്രതിപക്ഷ വിദ്യാഭ്യാസ സെക്രട്ടറി ലോറ ട്രോട്ടും ഉന്നയിച്ചു.

യുകെയില്‍ പതിനാറ് വയസില്‍ താഴെയുള്ളവര്‍ക്ക് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിലുള്ള നിരോധനം 2027 മാര്‍ച്ച് മുതല്‍ പ്രാബല്യത്തില്‍ വരും. ഈ നിരോധനം പുറപ്പെടുവിച്ച കള്‍ച്ചറല്‍ സെക്രട്ടറി ലിസ നന്ദിയാണ് ഇക്കാര്യം അറിയിച്ചത്. ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് പ്രസംഗിക്കവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. അടുത്ത വസന്തകാലത്തോടെ ഇത് പ്രാബല്യത്തില്‍ വരും എന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ച്ചര്‍, മീഡിയ ആന്‍ഡ് സ്‌പോര്‍ട്ടിലെ ചില വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കഴിഞ്ഞ ജൂണില്‍, പ്രധാനമന്ത്രിയായിരുന്ന സര്‍ കീര്‍ സ്റ്റാര്‍മറായിരുന്നു 16 വയസ്സില്‍ തഴെയുള്ള കുട്ടികള്‍ക്ക് പ്രധാന സാമൂഹ്യമാധ്യമങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. ടിക്ടോക്, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം ഉള്‍പ്പടെയുള്ള മാധ്യമങ്ങളില്‍ നിരോധനമുണ്ടാകും. കുട്ടികളുടെ നന്മയെ കരുതി ഇത്തരത്തിലൊരു നിരോധനം അത്യന്താപേക്ഷിതമാണെന്ന് സ്റ്റാര്‍മര്‍ പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്റ്റ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കുന്ന തരത്തില്‍ ഒരു കണ്‍സള്‍ട്ടേഷനും നടക്കുകയുണ്ടായി. തുടര്‍ന്ന് സ്റ്റാര്‍മര്‍ രാജിവെച്ച് ഒഴിയുകയും ആന്‍ഡി ബേണം പ്രധാനമന്ത്രിയാവുകയും ചെയ്‌തെങ്കിലും സര്‍ക്കാര്‍ ഈ നടപടിയുമായി മുന്നോട്ടുപോവുകയായിരുന്നു.

  • യുകെ വിദ്യാര്‍ഥി വിസ: ഇന്റര്‍വ്യൂന് വിളിച്ചവരില്‍ 79 ശതമാനവും നിരസിക്കപ്പെട്ടു
  • ഇംഗ്ലണ്ടില്‍ സെക്കന്‍ഡ് ഹോമുകളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; തിരിച്ചടിയാകുന്നത് കൗണ്‍സിലുകളുടെ 100% പ്രീമിയം ടാക്‌സ്
  • ബ്രിട്ടന്‍ അതി ശൈത്യത്തിലേയ്ക്ക്; താപനില മൈനസ് 10 ഡിഗ്രിയിലെത്തും, ജാഗ്രതാ നിര്‍ദ്ദേശം
  • ബന്ധം മെച്ചപ്പെടുത്താന്‍ ബ്രിട്ടനും ഇ യുവും; വര്‍ഷം ഒരു ലക്ഷം യൂറോപ്യന്‍ യൂത്തിന് അവസരം
  • പകുതിയിലേറെ എന്‍എച്ച്എസ് ആശുപത്രികളിലും ഇടനാഴിപരിചരണം
  • ഏറ്റവും തിരക്കേറിയ സ്റ്റേഷന്‍ ലിവര്‍പൂള്‍ സ്ട്രീറ്റ്; പാഡിങ്ടണും വാട്ടര്‍ലൂവും രണ്ടും മൂന്നും സ്ഥാനത്ത്
  • ഡിസംബറില്‍ യുകെ ജനത തണുത്ത് വിറയ്ക്കും; വരുന്നത് കനത്ത മഞ്ഞ് വീഴ്ച്ച
  • എനര്‍ജി ബില്ലുകള്‍ 26% വര്‍ധിക്കുമെന്ന് പ്രവചനം; ജനുവരിയില്‍ 2166 പൗണ്ടിലേക്ക് എത്തും
  • വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മുതല്‍ സ്‌കോട്‌ലന്‍ഡ് വരെ കനത്ത മഞ്ഞുവീഴ്ച
  • ക്രിസ്മസ് - പുതുവത്സര യാത്രകള്‍ക്ക് പാരയാകാന്‍ ട്യൂബ് സമരം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions