യുകെയിലെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും മാരക രോഗങ്ങള്‍ ബാധിച്ചവര്‍ക്കും ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്ന് ശുപാര്‍ശ. പ്രധാന ഭിന്നശേഷി ആനുകൂല്യമായ പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്മെന്റില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് പുതിയ അവലോകന റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടില്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും അപേക്ഷകര്‍ക്ക് കൂടുതല്‍ അനുയോജ്യമായ സഹായം ഉറപ്പാക്കുന്നതിനായി നിലവിലെ വിലയിരുത്തല്‍ നടപടികള്‍ പരിഷ്‌കരിക്കണമെന്നും നിര്‍ദേശിക്കും. എന്നാല്‍ 2020നും 2030നും ഇടയില്‍ ഈ ആനുകൂല്യത്തിനായുള്ള ചെലവ് ഇരട്ടിയിലധികമായി ഉയരുമെന്ന് കണക്കാക്കുമ്പോഴും വലിയ തോതിലുള്ള ചെലവുചുരുക്കല്‍ നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിലില്ലെന്നാണ് സൂചന.
ഏകദേശം 40 ലക്ഷം പേരാണ് നിലവില്‍ പിഐപി ആനുകൂല്യം ലഭിക്കുന്നതിനായി ആശ്രയിക്കുന്നത്. ഭിന്നശേഷിക്കാരെ പ്രതിനിധീകരിക്കുന്ന സംഘടനകളും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ പങ്കാളികളായിരുന്നു. ഇവര്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളെ പൊതുവെ സ്വാഗതം ചെയ്തിട്ടുണ്ട്.
ഡിസബിലിറ്റി മന്ത്രി സര്‍ സ്റ്റീഫന്‍ ടിംസിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് അവലോകനം നടത്തിയത്. ആനുകൂല്യങ്ങള്‍ വ്യക്തികളുടെ രോഗനിര്‍ണയം മാത്രം അടിസ്ഥാനമാക്കിയല്ല, മറിച്ച് അവരുടെ ദൈനംദിന ജീവിതത്തിലെ യഥാര്‍ഥ ആവശ്യങ്ങളും അധിക സാമ്പത്തിക ചെലവുകളും പരിഗണിച്ചായിരിക്കണം നിശ്ചയിക്കേണ്ടതെന്നും അദ്ദേഹം നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഈ നിര്‍ദേശങ്ങള്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ.