ഭഭകോട്ടയം രൂപത സ്ഥാപിതമായ കാലം മുതല്‍ തുടരുന്ന രീതികളും ആചാരവും ഇന്നും സഭാ സമൂഹം പിന്തുടരുന്നു എന്നുള്ളതാണ് ക്‌നാനായ സവിശേഷത. സഭയുടെ വ്യതിരക്തതയാണിത്.'' പറയുന്നത് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരി. പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞത്. യഹൂദന്മാര്‍, 12 ഗോത്രങ്ങള്‍ ഇവരൊക്കെ വംശശുദ്ധി നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നതായി നമുക്ക് കാണാം. പൗരസ്ത്യസഭകള്‍ തന്നെ ആവിര്‍ഭവിച്ചത് വിവിധ സഭാപാരമ്പര്യങ്ങളിലൂടെയാണല്ലോ. സഭ എക്കാലവും പാരമ്പര്യങ്ങളെയും ആചാരങ്ങളെയും പ്രോത്സാഹിപ്പിച്ചിരുന്നു. കാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ എന്ന നിലയില്‍ ഇന്നും ആ തനിമ കാത്തുസൂക്ഷിച്ച് മുന്നോട്ടുപോകുന്നു.
? കോട്ടയം അതിരൂപതാ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി മലബാര്‍ റീജനില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പ്രധാന കര്‍മപദ്ധതികള്‍
കോട്ടയം അതിരൂപത എന്ന നിലയില്‍ സമഗ്രമായ നിലയില്‍ ആധ്യാത്മികവും ഭൗതികവുമായ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കും. ക്‌നാനായ സഭാംഗങ്ങളുടെ ഉപരിപഠനത്തിന് ഉപകരിക്കത്തക്കവിധം, ധനസഹായം ലഭ്യമാക്കാന്‍ അതിരൂപത ശതാബ്ദി വിദ്യാഭ്യാസ ഫണ്ടുവഴി, പലിശരഹിത വായ്പാപദ്ധതിയും നടപ്പിലാക്കുന്നുണ്ട്. ഭവനസഹായ പദ്ധതിയില്‍പ്പെടുത്തി, മത പ്രാദേശിക വ്യത്യാസമില്ലാതെ അര്‍ഹരായവര്‍ക്ക് പരമാവധി സഹായം നല്‍കും. മതവിഭാഗീയതയില്ലാതെ ശതാബ്ദി ഭവനഫണ്ടില്‍നിന്നു 30 ലക്ഷത്തോളം രൂപ വിതരണം ചെയ്തുകഴിഞ്ഞു. മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് മറ്റൊന്ന്. ഡോക്ടര്‍മാരായ സിസ്‌റ്റേഴ്‌സിന്റെ സേവനം ലഭ്യമാക്കി, മലബാറിലെ ചികിത്സാ പിന്നോക്കവസ്ഥ പരിഹരിക്കാനും ശ്രമിക്കും. ഇതിന്റെ ഭാഗമായി പയ്യാവൂരിലെ ആശുപത്രി ആധുനീകരിക്കാന്‍ പദ്ധതി ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കും. മൂന്നു വര്‍ഷത്തെ പരിപാടികളുടെ ഭാഗമായി ഇടവക ധ്യാനം, ഫൊറോന കണ്‍വന്‍ഷന്‍, വിവിധ പ്രായത്തില്‍പ്പെട്ടവര്‍ക്കായുള്ള ധ്യാനങ്ങള്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, മതാധ്യാപകര്‍ എന്നിവര്‍ക്ക് പ്രത്യേകം ക്ലാസുകള്‍ നടത്തും. സ്‌കൂള്‍ അധ്യാപകര്‍, കര്‍ഷകര്‍, തൊഴിലാളികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്കായി സംഗമങ്ങള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവയെക്കുറിച്ചും ചിന്തിച്ച് വരുന്നു. ആത്മീയ ഭൗതികരംഗങ്ങളില്‍ സമഗ്രമായ മാറ്റത്തിനുതകുന്ന പദ്ധതികളിലൂടെ, സഭാംഗങ്ങളെ ക്രിസ്തുവിനോടും സഭയോടും കൂടുതല്‍ അടുപ്പിക്കും.
? ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ അതിരൂപത പുലര്‍ത്തുന്ന പ്രത്യേകതകളോടുള്ള മനോഭാവം.
കത്തോലിക്കാ സഭയില്‍, ഓരോ രൂപതകളും സ്ഥാപിതമാകുന്നത് ഓരോ പ്രദേശങ്ങള്‍, വിഭാഗങ്ങള്‍ എന്നിവക്കായാണ്. കോട്ടയം അതിരൂപത തെക്കുംഭാഗം സമുദായക്കാര്‍ക്കു മാത്രമായുള്ള രൂപതയാണ്. അത് ആ നിലയില്‍ പ്രത്യേകതകളോടുകൂടി തുടരുകയെന്നതാണ് സ്വീകാര്യമായിട്ടുള്ളത്.
? മലബാര്‍, ഹൈറേഞ്ച്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്ക് കുടിയേറ്റം നടത്തിത്തുടങ്ങിയത്, ക്‌നാനായക്കാരാണെന്നു പറയുന്നത് ശരിയാണോ.
ഹൈറേഞ്ചിലേക്കുളള കുടിയേറ്റം അസംഘടിതമായിരുന്നു. സഭാ വിശ്വാസികള്‍ കൂടുതല്‍ കേന്ദ്രീകരിച്ച പ്രദേശങ്ങള്‍ അവിടെയുണ്ട്. ഹൈറേഞ്ചിലെ പടമുഖം കോട്ടയം അതിരൂപതയിലെ ഫൊറോന ഇടവകയാണ്. 1943 ല്‍ മലബാറിലേക്ക് നടന്ന കുടിയേറ്റം സഭയുടെ നേതൃത്വത്തില്‍ നടന്ന സംഘടിതമായ കുടിയേറ്റമായിരുന്നു. പിന്നീട് സംഘടിതമായ നിലയില്‍ മലബാറില്‍ പല ഭാഗങ്ങളിലേക്കും കുടിയേറ്റമുണ്ടായി. വടക്കേ അമേരിക്കയിലേക്ക് കടന്നു ചെല്ലുന്നതിനുള്ള വിവരങ്ങള്‍ വിശദീകരിക്കുകയും അറിയിക്കുകയും ചെയ്തു. ആളുകള്‍ അങ്ങോട്ടുപോയത്, സ്വന്തം നിലയില്‍ ആയിരുന്നു. സാധ്യതകള്‍ സമുദായാംഗങ്ങളെ ബോധ്യപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. 1943 ല്‍ സംഘടിത കുടിയേറ്റത്തിന് നേതൃത്വം നല്‍കിയത് രൂപതയാണ്. ഇനി സംഘടിതമായ ഒരു കുടിയേറ്റത്തിന് കേരളത്തില്‍ സാധ്യതയില്ല. മറ്റ് രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും സാധ്യതയുണ്ട്. കാര്‍ഷിക കുടിയേറ്റത്തിന് ഇനി സാധ്യത കുറവാണെന്നു കരുതുന്നു.
? സമുദായാംഗങ്ങളില്‍ സഭയ്ക്ക് നിരക്കാത്തതായ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാണെന്നുള്ള ആക്ഷേപമുണ്ടല്ലോ.
യുവജനങ്ങളുടെ ആത്മീയ ശുശ്രൂഷയില്‍ പഠനത്തിനും ജോലിക്കുമായി പുറത്തായിരിക്കുമ്പോള്‍, അവരുടെ ആത്മീയരക്ഷയ്ക്കായി, സഭയുടെ ശുശ്രൂഷ കൂടുതല്‍ ആവശ്യമായി വരുന്നുണ്ട്. അതിനുള്ള ശ്രമം നടക്കുന്നു.
? സഭയെയും സമുദായത്തെയും കുറിച്ചുള്ള സ്വപ്‌നങ്ങള്‍.
വലിയ പ്രതീക്ഷ. സഭാംഗങ്ങളെ കൂടുതല്‍ സഭാസ്‌നേഹമുള്ളവരും മൂല്യബോധമുള്ളവരും സമുദായ അവബോധമുള്ളവരുമായി വളര്‍ത്തുക. ഇതര സമുദായങ്ങളുമായി നല്ല ബന്ധം നിലനി ര്‍ത്തുക, പങ്കുവയ്ക്കല്‍ മനോഭാവം വളര്‍ത്തുക തുടങ്ങിയ നിലകളില്‍ യേശുവിന്റെ ദൈവരാജ്യസങ്കല്പം യാഥാര്‍ത്ഥ്യമാക്കുക....
**** **** **** ****
കോട്ടയം ഏറ്റുമാനൂര്‍ പണ്ടാരശേരില്‍ പരേതനായ ചാക്കോഏലിക്കുട്ടി ദമ്പതികളുടെ ഒമ്പത് മക്കളില്‍ ഏഴാമനായി 1961 ഏപ്രില്‍ 18 ന് ജനനം. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ പഠിച്ച്, 1978ല്‍ കോട്ടയം മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന് വൈദികപരിശീലനം ആരംഭിച്ചു. മംഗലാപുരം സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ പഠനം പൂര്‍ത്തിയാക്കി. 1987ല്‍ മാര്‍ കുര്യാക്കോസ് കുന്നശേരി പിതാവില്‍നിന്നും വൈദികപട്ടം സ്വീകരിച്ചു.
കരിങ്കുന്നം പള്ളിയില്‍ അസിസ്റ്റന്റ വികാരിയായി ഔദ്യോഗിക ശുശ്രൂഷയാരംഭിച്ചു. തുടര്‍ന്ന് കോട്ടയം മൈനര്‍ സെമിനാരിയില്‍ അധ്യാപകനായി. 199395 വര്‍ഷങ്ങളില്‍ റോമില്‍ ഹോളിക്രോസ് യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തി മടങ്ങിയെത്തി. 199697 വര്‍ഷങ്ങളില്‍ കോട്ടയം ബിഷപ്‌സ് ഹൗസിലും മൈനര്‍ സെമിനാരിയിലും സേവനമനുഷ്ഠിച്ചു. പിന്നീട് കരിങ്കുന്നത്ത് വികാരിയായും അതിരൂപത കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മലബാര്‍ റീജിനല്‍ വികാരി ജനറാളായിരിക്കെ 2006 ല്‍ കോട്ടയം അതിരൂപത സഹായമെത്രാനായി നിയമിക്കപ്പെട്ടു. കെ.സി.ബി.സി യുവജന കമ്മീഷന്‍ ചെയര്‍മാനാണ്. ഇറ്റലിയിലെ ഹസ്തല്‍ ബിറീഷിലെ സ്ഥാനീയ മെത്രാനുമാണ്.