ദോശ ചമ്മന്തി, പുട്ട് കടല, പൊറോട്ട ഇറച്ചി, കപ്പ മീന്‍കറി... പിന്നെ ഉപ്പും മുളകും. ഇത്രയുമാകുമ്പോഴേക്കും നാവില്‍ വെള്ളം നിറയും. ഒപ്പമൊരു പാട്ടു കൂടി... ചെമ്പാവ് പുന്നെല്ലിന്‍ ചോറോ... അതിനൊപ്പം കാണുന്ന വിഷ്വലുകള്‍ സകല കണ്‍ട്രോളും തെറ്റിക്കും. കായിക്കയുടെ ബിരിയാണിയില്‍ തുടങ്ങി, മുല്ലപ്പന്തലിലെ നിരത്തി വച്ചിരിക്കുന്ന വിഭവങ്ങള്‍, ഇതിനിടെ അമ്പലപ്പുഴ പാല്‍പ്പായസം, ഉണ്ണിയപ്പം, നല്ല നാടന്‍ മോര്, പച്ചച്ചക്ക, ഉപ്പേരി, മാങ്ങ, തട്ടുകടയിലെ പുട്ട്, ഓംലറ്റ് എന്നിവ കടന്ന് നീട്ടിയടിച്ച ചായ്‌ക്കൊപ്പം ടൈറ്റില്‍ കാര്‍ഡില്‍ തെളിയുന്നു മാസ്റ്റര്‍ ഷെഫിന്റെ പേര്, ആഷിക് അബു. മലയാള സിനിമാആരാധകരുടെ മനസു മാത്രമല്ല വയറും നിറച്ച സിനിമയുടെ സംവിധായകന്‍. സിനിമ കാണുന്നതിനു മുമ്പ് വയറു നിറച്ച് എന്തെങ്കിലും കഴിച്ചിട്ടു വരണം എന്നായിരുന്നു സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ പരസ്യവാചകം. ഇനി സംവിധായകനെ കാണാന്‍ പോകുന്നതിനു മുമ്പും വയറു നിറയെ കഴിക്കണോ എന്നൊരു ആശങ്കയുണ്ടായിരുന്നു. എറണാകുളത്തെ കലൂരുള്ള വീട്ടില്‍ ആഷിക് ഭക്ഷണം കഴിച്ചിരുന്നില്ല.
സമയം മൂന്നു മണി കഴിഞ്ഞിരുന്നു. എന്നിട്ടും ഉപ്പും മുളകും കഥകള്‍ പറയാനായിരുന്നു മാസ്റ്റര്‍ ഷെഫിനു താത്പര്യം. ദോശക്കഥയുടെ തുടക്കം ഒരു യാത്രയ്ക്കിടയിലാണു തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ശ്യാം പുഷ്‌കരന്‍ മനസിലുള്ള റെസീപ്പി ആഷിക്കിനോടു പറയുന്നത്. മറ്റേതെങ്കിലും സംവിധായകനോട് പറയാനായി മനസില്‍ കൊണ്ടുനടന്ന കഥക്കൂട്ട്. ചേരുവകള്‍ കേള്‍ക്കുമ്പോള്‍ അതിലേക്കു കൂടുതല്‍ ഉപ്പും മുളകും ചേര്‍ത്തുകൊണ്ടിരുന്നു ആഷിക്. ഒടുവില്‍ കഥയ്‌ക്കൊപ്പം കാസ്റ്റിങ്ങിലേക്കും കയറി ചര്‍ച്ച. മനസില്‍ തോന്നിയ പേരുകള്‍ മാറ്റിയെഴുതാന്‍ തോന്നാത്ത വിധത്തില്‍ പെര്‍ഫെക്റ്റ്. ഒടുവില്‍ ആ ചേരുവകള്‍ പാകത്തിന് പൊടികളൊക്കെ ചേര്‍ത്ത് സ്വന്തമായി കുക്ക് ചെയ്യാന്‍ ആഷിക് തീരുമാനിച്ചു, സിനിമയ്ക്കു പേരുമിട്ടു സോള്‍ട്ട് ആന്‍ഡ് പെപ്പര്‍. ദോശക്കഥയിലെ ഭക്ഷണപ്രിയര്‍ ജോലി ഒരു ആര്‍ക്കിയോളജിസ്റ്റിന്റേതാണെങ്കിലും രുചിയുള്ള ഭക്ഷണത്തിനു മുന്നില്‍ മറ്റെന്തും മറക്കുന്ന കാളിദാസന്‍. അമ്മയുടെ കൈപ്പുണ്യം അപ്പാടെ കൈവന്ന, വിവാഹപ്രായം കഴിഞ്ഞതില്‍ തെല്ലൊരു ആശങ്കയൊക്കെയുള്ള ഡബ്ബിങ് ആര്‍ട്ടിസ്റ്റ് മായ. ഇവരുടെ ജീവിതത്തിലേക്കു വരുന്ന മറ്റു കഥാപാത്രങ്ങള്‍. കാളിദാസന്റെ അനന്തിരവന്‍ മനു, സഹപ്രവര്‍ത്തകന്‍ ബാലകൃഷ്ണന്‍, കാട്ടില്‍ നിന്നു കൊണ്ടുവരുന്ന മൂപ്പന്‍, മായയുടെ റൂം മേറ്റ് മീനാക്ഷി, ഹൗസ് ഓണര്‍ മേരി, ബ്യൂട്ടി പാര്‍ലറിലെത്തുന്ന ഇത്ത, മനുവിന്റെ സുഹൃത്ത് മിറാഷ്, പിന്നെ മറ്റു ചിലരും... കൂട്ടത്തില്‍ പറയാതെ വിട്ട ഒരു സര്‍െ്രെപസ് പാക്കേജുണ്ട്. ചായ.... ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോഴാണ് മുണ്ടും ടീഷര്‍ട്ടുമിട്ട ഒരു ചെറുപ്പക്കാരന്‍ ചായ കൊണ്ടു വന്നതാണ്. ഇതെന്റെ സുഹൃത്ത് എന്ന് ആഷിക് പരിചയപ്പെടുത്തിയെങ്കിലും പെട്ടെന്നു മനസിലേക്കു വന്നതു കുക്ക് ബാബുവിന്റെ മുഖം ഒരു കുഞ്ഞു ഫ്‌ളാഷ്ബാക്ക് മാസ്റ്റര്‍ ഷെഫായി മാറുന്നതിനു മുമ്പുള്ള ആഷികിന്റെ യാത്രകള്‍ ഇങ്ങനെ. ജനിച്ചു വളര്‍ന്നത് ഇടപ്പള്ളിയില്‍. എസ്ആര്‍വി സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യമായി ചേട്ടനുമൊത്ത് ക്ലാസ് കട്ട് ചെയ്തു, സിനിമ കാണാന്‍. മഹാരാജാസ് കോളെജില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവം. മാഗസിന്‍ എഡിറ്റര്‍, ജനറല്‍ സെക്രട്ടറി, ചെയര്‍മാന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍. ആഷിക് എഡിറ്ററായിരുന്ന മാഗസിന്‍ നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കി. നാടകം കളിച്ചു തുടങ്ങിയതും അവിടെ നിന്ന്. പാരമ്പര്യം പറയാനില്ലെങ്കിലും നാടകാഭിനയവും സംവിധാനവുമൊക്കെ ആഷികിന് പ്രിയമായി. കൊച്ചിയില്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഒഫ് കേരള എത്തിയതാണു സിനിമാക്കാഴ്ചകള്‍ക്കു മാറ്റം വരുത്തിയത്. മനസറിയാതെ എന്ന ക്യാംപസ് ഫിലിം സംവിധാനം ചെയ്തു. പിന്നീട് ശലഭം എന്ന ആല്‍ബവും. ആല്‍ബം പ്രകാശനം ചെയ്തതു സംവിധായകന്‍ കമല്‍. സുഹൃത്തായ അഫ്‌സല്‍ വഴി കമലിന്റെ അസിസ്റ്റന്റാവാന്‍ ശ്രമം. സ്വപ്നക്കൂടിന്റെ ചിത്രീകരണം തുടങ്ങുന്നതിന്റെ തലേന്നാള്‍ ശല്യം സഹിക്കാനാവാതെയാവണം തന്നെ കമല്‍ സാര്‍ കൂടെക്കൂട്ടിയതെന്ന് ആഷിക്. ഒരേയൊരു ഗുരു. ആദ്യ സിനിമ മമ്മൂക്കയെ നായകനാക്കി വേണമെന്നു കൊതിച്ചു. ഡാഡികൂളിന്റെ ത്രെഡ് പറയുമ്പോള്‍ കഥ പൂര്‍ത്തിയാക്കി വരാന്‍ ആവശ്യപ്പെട്ടു. കണ്ടിറങ്ങുമ്പോള്‍ മനസിനു സുഖം തോന്നുന്ന, ഫ്രഷ് ആയ സിനിമ നല്‍കാന്‍ ശ്രമിച്ചു. ഒരു കൂട്ടം പുതുമുഖങ്ങളായിരുന്നു അണിയറയില്‍. ചാപ്പ കുരിശിന്റെ സംവിധായകനായ സമീര്‍ താഹിര്‍, അന്ന് ക്യാമറ ചെയ്തു, ഇന്നു തിരക്കേറിയ കോസ്റ്റ്യൂം ഡിസൈനറായ സമീറ സനീഷ്... ഒരുപാടുപേര്‍. സിനിമ വിജയമായില്ലെങ്കിലും എന്തോ ഒരു പുതുമ എല്ലാവരും ശ്രദ്ധിച്ചു. അടുത്ത സിനിമയെക്കുറിച്ചു ചിന്തിച്ചു തുടങ്ങി. ഇനി പരാജയം സംഭവിക്കരുതെന്ന് ഉറപ്പിച്ചു. വീണ്ടും ഷെഫിലേക്ക്... തിരിഞ്ഞു കടിക്കാത്ത എന്തും കഴിക്കും ആഷിക്. സിനിമ കണ്ടു പുറത്തിറങ്ങുന്നവരുടെ മുഖത്തും ഇതേ തെളിച്ചമാണ് ആഷിക് ആഗ്രഹിച്ചത്. അതിനു കഴിഞ്ഞതില്‍ സന്തോഷവും. വൈകാരികമുഹൂര്‍ത്തങ്ങള്‍ അമിതമാക്കാതെ, തമാശയ്ക്കു വേണ്ടി എന്തെങ്കിലും കാട്ടിക്കൂട്ടാതെ, മെയ്ന്‍ സ്ട്രീം ചിത്രത്തിന്റെ ചേരുവകള്‍ ഉള്‍ക്കൊള്ളിച്ചു തന്നെ ആഷിക് സിനിമയുണ്ടാക്കി. സിനിമ കണ്ട ശേഷം മമ്മൂട്ടി അയച്ച് മെസെജ് ഇങ്ങനെ, ഉപ്പും മുളകും പാകത്തിന് വൈക്കത്തെ ചെമ്പിലെ ചോറു കള്ളന്‍. സംവിധായകന്‍ പ്രിയദര്‍ശനും രഞ്ജിത്തും പറഞ്ഞു അഭിനന്ദനങ്ങള്‍. ഇതിനിടെ ചിത്രം ഹിന്ദിയിലേക്കു പോകുന്നുവെന്നും സംവിധായകന്‍ പ്രിയനാണെന്നും വാര്‍ത്തകള്‍ വന്നു. ഹിന്ദിയിലേക്കു ചെയ്യാന്‍ ചര്‍ച്ച നടക്കുന്നതല്ലാതെ മറ്റൊന്നും സത്യമല്ലെന്ന് ആഷിക് പറയുന്നു. പ്രണയത്തിന്റെ ഒരു നേര്‍ത്ത സ്പര്‍ശം എവിടെയും കരുതി വയ്ക്കാന്‍ ഇഷ്ടപ്പെട്ട ആഷിക്കിനുമുണ്ട് പ്രണയം. തുറന്നു പറയാന്‍ തയാറല്ലെങ്കിലും പ്രണയവിവാഹമായിരിക്കും തന്റേതെന്ന് ഉറപ്പിക്കുന്നു. പ്രണയമില്ലാതെന്തു ജീവിതം എന്നു പറയുമ്പോഴും ആഷിക്കിന്റെ മനസ് പുതിയ സിനിമകളില്‍ കുരുങ്ങിക്കിടക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി ഗ്യാങ്സ്റ്റര്‍ എന്നൊരു ചിത്രം അനൗണ്‍സ് ചെയ്തിട്ടു മാസങ്ങളായി, തിരക്കഥ ഇനിയും പൂര്‍ത്തിയാക്കാനായിട്ടില്ല. ഇനിയൊരു അടിപ്പടം ചെയ്യണമെന്നും മനസിലുണ്ട്. ഒരുപാടു ചേരുവകള്‍ മനസിലിട്ട് പല വിഭവങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. അതിനിടെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയിലൂടെ ചെയ്യുന്ന പരസ്യചിത്രങ്ങളും. ഷെഫ് തിരക്കിലാണ്, മനസില്‍ നിന്ന് ഇനി വരുന്നത് സ്വാദുമുകുളങ്ങില്‍ രുചിയുടെ പാണ്ടിയും പഞ്ചാരിയും കൊട്ടുന്ന ഉപ്പും മുളകുമാവില്ല. മറ്റൊരു ഫീല്‍ ഗുഡ് ഫിലിം, അതിനായി കാത്തിരിക്കാം... മുളകരച്ചൊരുക്കിയ പരല്‍മീനിന്‍ കറികൂട്ടിട്ടെരിവുകൊണ്ടിടംകണ്ണു തുടച്ചവനേ... തനതിന്ത താനാ തിന്ത താനാ തിന്ത തിന്തിന്നോ...