അഞ്ചു മിനിറ്റ് അഭിമുഖത്തിനാണ് ചോദിച്ചത്. അരമണിക്കുര്‍ തരാമല്ലോയെന്നായി എം.എ. ബേബി. അങ്ങനെയാണ് അദ്ദേഹം. പാര്‍ട്ടിയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അഞ്ചുമിനിറ്റ് പോരെന്ന് ബേബിക്കറിയാം. മണിയെപ്പോലെ വായില്‍ വരുന്നതെല്ലാം വിളിച്ചു പറയുന്ന രീതിയോ, വെല്ലുവിളിച്ച് ഭീഷണിപ്പെടുത്തുന്ന ശൈലിയോ അദ്ദേഹത്തിനില്ല. എല്ലാത്തിനും സൌമ്യമായേ മറുപടി പറയൂ ,അതുകൊണ്ട് ഉറച്ച കാഴ്ചപ്പാടുകളില്ല എന്നല്ല, എല്ലാ ചോദ്യത്തിനും വ്യക്തവും ലളിതവുമായ മറുപടിയുണ്ട്. പാര്‍ട്ടി ലൈനില്‍ നിന്ന് വ്യത്യചലിക്കില്ലെന്ന് മാത്രം.
ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ടു ഏതു ചോദ്യത്തിനും മറുപടിയുണ്ട്. ഏതു തരം ചോദ്യമായാലും ബേബി പ്രകോപിതനാകില്ല. ചന്ദ്രശേഖരന്റെ വധം ഏറെ ദുഖകരമാണ്. പ്രതിഷേധാര്‍ഹമാണ്. അപലപനീയമാണ്. പാര്‍ട്ടിക്ക് അതുമായി യാതൊരു ബന്ധവുമില്ല. പാര്‍ട്ടി ആസൂത്രണം ചെയ്ത കൊലയാണത് എന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമം ഒരു വിഭാഗം മാധ്യമങ്ങളും മറ്റും നടത്തുന്നുണ്ട്. അത് അംഗീകരിക്കില്ല. അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം. ഇനി പ്രാദേശികമായി ഏതെങ്കിലും പാര്‍ട്ടിക്കാര്‍ വ്യക്തി നേട്ടത്തിനായി കൊലപാതകവുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേ നടപടിയെടുക്കും. സംശയം വേണ്ട. പക്ഷേ പാര്‍ട്ടി നടത്തുന്ന അന്വേഷണത്തില്‍ അവര്‍ കുറ്റക്കാരെന്ന് ബോധ്യമായാലേ അതു ചെയ്യൂ. യു.കെ. മലയാളം ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ എം.എ ബേബി പാര്‍ട്ടി നിലപാട് വ്യക്തമാക്കി.
ചന്ദ്രശേഖരന്‍കൊല്ലപ്പെട്ട വാര്‍ത്ത ചാനലുകളില്‍ വന്നയുടന്‍ തന്നെ, അത് സി.പി.എമ്മാണെന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാറിന്റെയാളുകള്‍ പ്രഖ്യാപിച്ചു. യഥാര്‍ത്ഥത്തില്‍ ചന്ദ്രശേഖരന്‍ വിഭാഗവും കോണ്‍ഗ്രസുകാരും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സമ്മതത്തോടെ പാര്‍ട്ടിപ്രവര്‍ത്തകരെ ആക്രമിക്കുകയാണ് അവിടെ. കോണ്‍ഗ്രസും ചന്ദ്രശേഖരന്‍ വിഭാഗവും ചേര്‍ന്നാണ് അവിടെ പഞ്ചായത്ത് ഭരിക്കുന്നത്. എഫ്.ഐ.ആര്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ പ്രതികളെ നിശ്ചയിക്കുകയായിരുന്നില്ലേ അവിടെ. ചന്ദ്രശേഖരന് ഭീഷണി ഉണ്ടായിരുന്നെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അറിയാമായിരുന്നു. പഷേ ഒരു പോലീസുകാരനെപ്പോലും അദ്ദേത്തിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ നിയോഗിക്കാത്തത് എന്തുകൊണ്ടാണ്. ചന്ദ്രശേഖരന്‍ വധത്തില്‍ സുരക്ഷാ നല്‍കാത്ത കേന്ദ്രസംസ്ഥാന സര്‍ക്കാറുകളാണ് ഒന്നാം പ്രതി. സി.പി.എമ്മിന് വധവുമായി ബന്ധമില്ലെന്ന് പറയുന്നത് അവിടുത്തെ ഏരിയാ കമ്മിറ്റിയോടും ജില്ലാക്കമ്മിറ്റിയോടും ചോദിച്ചതിന്റെ അടിസ്ഥാനത്തിലാണ്. ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ വ്യക്തിനേട്ടത്തിനായി വധത്തില്‍ പങ്കുള്ളതായി പാര്‍ട്ടിക്ക് ബോധ്യപ്പെട്ടാല്‍ തീര്‍ച്ചയായും നടപടിയെടുക്കും. കേസ് അന്വേഷണത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഡി.ജി.പി പറയുന്നതിന് വിരുദ്ധമായല്ലേ, ആഭ്യന്തരമന്ത്രി പറയുന്നത്. സര്‍ക്കാര്‍ കേസന്വേഷണത്തില്‍ ക്രമവിരുദ്ധമായി ഇടപെടുകയാണ്. അത് അംഗീകരിക്കാന്‍ കഴിയില്ല. കേസ് അന്വേഷിച്ച് കുറ്റവാളികളെ ശിക്ഷിക്കണമെന്നാണ് സി.പി.എം ആവശ്യപ്പെടുന്നത്.
ഇക്കാര്യങ്ങള്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാന്ദനെ ബോധ്യപ്പെടുത്താന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലേ? അദ്ദേഹവും പാര്‍ട്ടിയും പറയുന്നത് വ്യത്യസ്ത തരത്തിലാണല്ലോ, പൊതുജനത്തിന് ഇടയില്‍ ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നല്ലോ.
ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് മാധ്യമങ്ങളാണ്. രണ്ടു ദിവസത്തിനുള്ളില്‍ ഡല്‍ഹിയില്‍ നടക്കുന്ന പ്ോളിറ്റ്ബ്യൂറോ യോഗത്തിന് ശേഷം ഇതു സംബന്ധിച്ച എല്ലാ സംശയങ്ങളും മാറും.
ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച പാര്‍ട്ടിക്ക് എതിരേയുള്ള നീക്കങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് പറയുമ്പോള്‍ തന്നെ കായികമായി നേരിടുന്ന കാഴ്ചയാണല്ലോ?പ്രതികളെ പോലീസ് സ്റ്റേഷന് മുന്നില്‍ നേതാക്കള്‍ കുത്തിയിരുന്ന് ബലമായി ജാമ്യത്തിലിറക്കുന്നു. തെളിവെടുപ്പിന് പ്രതിയുമായി എത്തിയ പോലീസിനെ പാര്‍ട്ടി ഓഫീസില്‍ കയറ്റാതെ തടയുന്നു എന്നിങ്ങനെ? ഇതൊക്കെ ആരോപണങ്ങള്‍ മാത്രമാണ്. സത്യമില്ല. യു.ഡി.എഫാണ് ഭരിക്കുന്നത്.
പാര്‍ട്ടിയെ കണ്ണൂര്‍ ലോബി ഹൈജാക്ക് ചെയ്യുകയാണോ?
കണ്ണൂരില്‍ നിന്ന് കൂടുതല്‍ നേതാക്കളുള്ളതിനാല്‍ മാധ്യമങ്ങളുണ്ടാക്കുന്നതാണ് കണ്ണൂര്‍ ലോബി. മാധ്യമങ്ങളുടെ ഇത്തരം വാദമുഖങ്ങള്‍ക്ക് ് മറുപടി നല്‍കാന്‍ കഴിയില്ല. കണ്ണൂര്‍ പാര്‍ട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട സമര കേന്ദ്രമാണ്. അവിടെ നിന്ന് എന്നാണ് നേതാക്കള്‍ ഉണ്ടാകാത്തത്. കണ്ണൂരിലാണ് പാര്‍ട്ടിയുടെ രൂപീകരണം നടക്കുന്നതു തന്നെ. അന്നുമുതല്‍ കണ്ണൂരില്‍ നിന്ന് നേതാക്കളുണ്ട്. മാധ്യമങ്ങള്‍ വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയാണ് ഓരോന്ന് എഴുതി വിടുന്നത്. കണ്ണൂരില്‍ നിന്ന് എല്ലാക്കാലത്തും എത്രയോ നേതാക്കള്‍ ഉണ്ടായിരുന്നു. അതൊന്നും കാണാതെയാണ് ലോബിയെന്ന് പറയുന്നത്. ഇ.കെ.നായനാര്‍, ചടയന്‍ ഗോവിന്ദന്‍, സി.എച്ച് കണാരന്‍, പി.വി. കുഞ്ഞിക്കണ്ണന്‍, എം.വി. രാഘവന്‍ അങ്ങനെ എത്രയോ നേതാക്കള്‍ ഉണ്ടായിരുന്നു.
എതിരാളികളെ കൊന്നിട്ടുണ്ടെന്നും അത് പാര്‍ട്ടിയുടെ ശൈലിയാണെന്നും എം.എം. മണി പറഞ്ഞത് സത്യമാണോ?
മണി എന്താണ് പറയുന്നതെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. ആ വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതാണ്.
വി.എസ് പോളിറ്റ് ബ്യറോയ്ക്ക് എഴുതിയ കത്തില്‍ താങ്കളെ സംസ്ഥാന സെക്രട്ടറിയാക്കണമെന്ന് വി.എസ്. പറഞ്ഞതായി അഭ്യൂഹമുണ്ട്. കത്തിന്റെ ഉള്ളടക്കം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതൊന്നും അല്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞുകഴിഞ്ഞല്ലോ.
ഇത്രയും മതി എന്നു പറഞ്ഞ് ബേബി അഭിമുഖം അവസാനിപ്പിച്ചു. ഇന്ന് ഡല്‍ഹിക്ക് മടങ്ങുന്ന ബേബി പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം കേരളത്തിലേക്ക് മടങ്ങും.
സംസ്ഥാന നേതൃത്വവുമായി ഒത്തുപോകാനാവില്ലെന്ന് കേന്ദ്രനേതൃത്വത്തോട് വി.എസ്. വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനിയുള്ള നാളുകള്‍ നിര്‍ണായകമാണ്. ജനകീയ നേതാവിനെ പുറം തള്ളി പാര്‍ട്ടിക്ക് എളുപ്പത്തില്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. വി.എസ്. ഇല്ലാത്ത സി.പി. എമ്മിനെക്കുറിച്ച് ഇടതു മുന്നണിക്ക് ചിന്തിക്കുക പോലും അസാധ്യം. നേതൃമാറ്റത്തിലുടെയുള്ള ഒത്തു തീര്‍പ്പാണ് ഉണ്ടാകുന്നതെങ്കില്‍ കേരളത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ ബേബിക്ക് നറുക്ക് വീഴാം.