ഓരോ കുടുംബവും രണ്ടു പൗണ്ടു വീതം ഡയറക്ട് ഡബിറ്റ് നല്‍കി യു.കെ.കെ.സി. എ ക്ക് ആസ്ഥാനം, കണ്‍വന്‍ഷനെക്കുറിച്ചും സംഘടനയെക്കുറിച്ചും ജനറല്‍ സെക്രട്ടറി മനസു തുറക്കുന്നു
ക്‌നാനായക്കാര്‍ കേരളത്തില്‍ ഒരു ചെറിയ സമൂഹമാണ്. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടയില്‍ യു.കെ.യിലെ ഏറ്റവും വലിയ മലയാളി സംഘടന കേരളത്തിലെ ഈ കൊച്ചു സമൂഹത്തിന്റേതായി മാറിയിരിക്കുന്നു. യു.കെ.യില്‍ 47 യുണിറ്റുകള്‍.എല്ലാ കൗണ്ടിയിലും സാന്നിധ്യം.രാഷ്ട്രീയ പാര്‍ട്ടികളുടെ കേഡര്‍ സ്വഭാവത്തോട് ഉപമിക്കാന്‍ കഴിയില്ലെങ്കിലും അനുപമമായ ഐക്യവും ഒരുമയും ഈ സമൂഹത്തെ യു.കെ.യിലെ പൊതു സമൂഹത്തിന് മുന്നില്‍ ശ്രദ്ധേയമാക്കുന്നു. ആണ്ടുതോറും നടത്തുന്ന യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍ യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമം ആയാണ് അറിയപ്പെടുന്നത്. സംഘടനയെക്കുറിച്ചും നാളെ നടക്കുന്ന വാര്‍ഷിക കണ്‍വന്‍ഷനെക്കുറിച്ചും യു.കെ.കെ.സി.എ ജനറല്‍ സെക്രട്ടറി മാത്തുക്കുട്ടി ആനകുത്തിക്കല്‍ സംസാരിക്കുന്ന.
രണ്ടായിരത്തിന്റെ തുടക്കത്തില്‍ മുതല്‍ യു.കെ.യിലെ സജീവ സാന്നിധ്യമായ ക്‌നാനായക്കാര്‍ക്ക് ഒരു സംഘടനാ ശൃഖല ഉണ്ടായത് സമുദായ അംഗങ്ങളുടെ ഐക്യവും അകമഴിഞ്ഞ സഹകരണവും കൊണ്ടാണ്. തുടക്കത്തെക്കുറിച്ച് പറയുമ്പോള്‍ ലണ്ടന്‍ മേരി ഉള്‍പ്പെടെ പലരുടെയും പേരുകളാണ് എല്ലാവരുടെയും മനസില്‍ ഓര്‍മ വരിക. ആദ്യ പ്രസിഡന്റായ റെജി മഠത്തിലേട്ട് മുതല്‍ പിന്നീടു വന്ന മുഴൂവന്‍ ഭാരവാഹികളുടെയും അക്ഷീണശ്രമം കൊണ്ട് പടിപടിയായി വളര്‍ന്നു.ആണ്ടുതോറും നടത്തുന്ന കണ്‍വന്‍ഷന് അപ്പുറം എന്താണ് ഈ സംഘടയുടെ സംഭാവന?
പാവപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടിയുള്ള ഒരു ചാരിറ്റിക്ക് യു.കെ.കെ.സി.എ തീരുമാനിച്ചുകഴിഞ്ഞു.അതനുസരിച്ച് റാഫില്‍ ടിക്കറ്റ് എല്ലാ യൂണിറ്റുകളിലും വില്‍ക്കുന്നുണ്ട്. കെ.സി.വൈ.എല്‍ കാരാണ് ടിക്കറ്റ് വില്‍പന നടത്തുന്നത്. അതിന്റെ നറുക്കെടുപ്പ് നാളെ നടക്കും. പാവപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടിയാണിത്. യു.കെ.കെ.സി.എ യുടെ ഒരു സംഭാവനയായി ഇൗ ചാരിറ്റി പ്രവര്‍ത്തനം മാറും എന്നതില്‍ സംശയമില്ല.
യു.കെ.കെ.സി.എ ക്ക് ആസ്ഥാന മന്ദിരം വാങ്ങുന്നു എന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായല്ലോ?
ആസ്ഥാന മന്ദിരത്തിന് വേണ്ടി ഏറെക്കാലമായി ശ്രമിക്കുന്നെങ്കിലും അത് ലക്ഷ്യപ്രാപ്തിയിലെത്തിയിട്ടില്ല. മൂന്‍ ഭാരവാഹികളൊക്കെ ഇതിന് വേണ്ടി ഏറെ ശ്രമിച്ചിരുന്നു. നാഷണല്‍ കൗണ്‍സില്‍ ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഒരു ഫാമിലി രണ്ടു പൗണ്ട് വീതം ഡയറക്ട് ഡബിറ്റ് നല്‍കി ആസ്ഥാനമന്ദിരത്തിനുള്ള തുക സമാഹരിക്കാന്‍ നാഷണല്‍ കൗണ്‍സില്‍ തീരുമാനിച്ചുകഴിഞ്ഞു. യു.കെ.കെ.സി.എ യുടെ ചിരകാല അഭിലാഷമാകും ഇതിലൂടെ സഫലമാകുക. ആസ്ഥാന മന്ദിരം ഒരു യാഥാര്‍ത്ഥ്യമാകും. അതിനുള്ള കഴിവും പ്രപ്തിയും യു.കെ.യിലെ ക്‌നാനായക്കാര്‍ക്ക് ഉണ്ട് എന്നതില്‍ സംശയം വേണ്ട.
എന്താണ് ഈ വര്‍ഷത്തെ കണ്‍വണ്‍ഷന്റെ പ്രത്യേകത?
യു.കെ.കെ.സി.എ യുടെ 47 യൂണിറ്റുകളില്‍ നിന്നുമായി ഏഴായിരത്തോളം ആളുകളെയാണ് കണ്‍വന്‍ഷന് പ്രതീക്ഷിക്കുന്നത്. പതാക ഉയര്‍ത്തലിന് ശേഷം അതി രൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിയുടെ മുഖ്യകാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെയാണ് തുടക്കം.
ഏറ്റവും ആകര്‍ഷകമായ റാലി ഉണ്ടായിരിക്കും ക്‌നാനായ തനിമയും പ്രത്യേകതകളും പ്രതിഫലിക്കുന്നതായിരിക്കും റാലി. രണ്ടു വിഭാഗത്തിലായി യൂണിറ്റുകള്‍ റാലിയില്‍ മല്‍സരിക്കും. അമ്പത് കുടുംബങ്ങളില്‍ കൂടുതല്‍ ഉള്ള യൂണിറ്റുകളും അമ്പതില്‍ കുറവു ഫാമിലിയുള്ള യൂണിറ്റുകളും എന്നു തരം തിരിച്ചായിരിക്കും മല്‍സരം. ഇരു വിഭാഗത്തിലും ജേതാക്കളാകുന്നവര്‍ക്ക് സമ്മാനവും ഉണ്ടായിരക്കും.
കഴിഞ്ഞ വര്‍ഷം സമ്മാനങ്ങള്‍ ഉണ്ടായിരുന്നില്ലല്ലോ?
റാലി കൂടുതല്‍ ആകര്‍ഷകമാക്കാനും ആരോഗ്യകരമായ ഒരു മല്‍സരത്തിനും വേണ്ടിയാണ് സമ്മാനം നല്‍കുന്നത്. അത് വീറും വാശിയുമുള്ള ഒരു കിടമല്‍സരമല്ല, സഹോദരങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തോടെയുള്ള ഒരു മല്‍സരമാണ്. പ്രോല്‍സാഹനമായാണ് സമ്മാനം നല്‍കുന്നത്.
വീഗണിലെയും മാഞ്ചസ്റ്ററിലെയും യൂണിറ്റുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രശ്‌നങ്ങള്‍ ഏതെങ്കിലും വിധത്തില്‍ റാലിയില്‍ ഉണ്ടാകുമോ? വീഗണില്‍ നിന്നുള്ളവര്‍ പ്രത്യേക യൂണിറ്റായി റാലിയില്‍ പങ്കെടുക്കുമോ?
ആ പ്രശ്‌നങ്ങളൊക്കെ നാഷണല്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തിരുന്നു. ഇനിയും ചര്‍ച്ച ചെയ്യും. എല്ലാവര്‍ക്കും സ്വീകാര്യമായ പരിഹാരമുണ്ടാക്കും. റാലിയില്‍ യു.കെ.കെ.സി.എ യുടെ 47 യൂണിറ്റുകളേ മല്‍സരിക്കൂ. എല്ലാ ക്‌നാനായക്കാരും റാലി മനോഹരമാക്കാന്‍ സഹകരിക്കും.
ഏറ്റവും കൂടുതല്‍ പണം ചെലവാക്കി നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നും പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ പാസ് നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നല്ലോ?
ഈ വര്‍ഷം ആ വിഷയം നാഷണല്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തു. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നുള്ളവര്‍ക്ക് ഈ വര്‍ഷം പകുതി തുക പാസിന് നല്‍കിയാല്‍ മതി എന്നാണ് നാഷണല്‍ കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വര്‍ഷവും അവിടെ നിന്ന് പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
എത്ര നാളായി കണ്‍വന്‍ഷനുളള തയാറെടുപ്പുകള്‍ തുടങ്ങിയിട്ട്?
കണ്‍വന്‍ഷന്‍ തീം പ്രഖ്യാപിച്ചതുമുതല്‍ പ്രസിഡന്റ് ലേവിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ എല്ലാവരും കണ്‍വന്‍ഷന് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളുടെ സഹകരണേത്താടെയാണ് എല്ലാ പ്രവര്‍ത്തനങ്ങളും. ഭാരവാഹികളുടെ കീഴില്‍ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് കണ്‍വന്‍ഷന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. എല്ലാ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളും ഇതുമായി സഹകരിക്കുന്നു. കണ്‍വന്‍ഷന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. എല്ലാ സമുദായ അംഗങ്ങളും പ്രാര്‍ത്ഥിക്കുന്നു.
ഈ വര്‍ഷം സ്‌പോണ്‍സര്‍മാര്‍ കുറവാണെന്ന് കേള്‍ക്കുന്നല്ലോ. കണ്‍വന്‍ഷന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടോ?
യു.കെ.യില്‍ പൊതുവേയുള്ള സാമ്പത്തിക മാന്ദ്യം മൂലം കഴിഞ്ഞവര്‍ഷത്തേതുപോലെ ഈ വര്‍ഷം സ്‌പോണ്‍സര്‍മാരുടെ മല്‍സരമില്ലായിരുന്നു.
പൊതുവേ ബിസിനസുകള്‍ കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടാകും സ്‌പോണ്‍സര്‍മാര്‍ കുറഞ്ഞത്.
മുമ്പ് യു.കെ.കെ.സി.എ യുമായി സഹകരിച്ചിരുന്ന സ്‌പോണ്‍സര്‍മാര്‍ ഈ വര്‍ഷവും സഹകരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സ്‌പോണ്‍സര്‍മാരില്‍ നിന്ന് മാത്രം നല്ല തുക ലഭിച്ചിരുന്നു. ഈ വര്‍ഷം അങ്ങനെയുള്ള തുക കുറഞ്ഞപ്പോള്‍ പ്രത്യേക ഫാമിലി പാസ് ഏര്‍പ്പെടുത്തി. അതുകൊണ്ട് സാമ്പത്തിക പ്രതിസന്ധിയില്ല.
ഈ വര്‍ഷം ചെലവ് പരമാവധി ചുരുക്കിയാണ് കണ്‍വണ്‍ഷന്‍ നടത്തുന്നത്. അതിന്റെ ഭാഗമായി കണ്‍വന്‍ഷന് സെലിബ്രിറ്റികള്‍ വേണ്ടെന്ന് തീരുമാനിച്ചു. എന്നു കരുതി കണ്‍വന്‍ഷന് പ്രൗഢി ഒരു തരത്തിലും കുറയില്ല. ഏറ്റവും ആകര്‍ഷകമായി, എന്നാല്‍ തികഞ്ഞ കൈയടക്കത്തോടെ അനാവശ്യ ചെലവുകള്‍ ഇല്ലാതെയാണ് കണ്‍വന്‍ഷന്‍ നടത്തുന്നത്. പിന്നെ ഇതൊരു സ്‌റ്റേജ്‌ഷോയല്ല, ക്‌നാനായകക്കാരുടെ സംഗമമാണ്.
യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍ ഒരു ആഡംബര സമ്മേളനമാണെ് ആരോപണമുണ്ടല്ലോ?
അത് ഒരിക്കലും ശരിയല്ല. ക്‌നാനായക്കാര്‍ വര്‍ഷം തോറും സേമ്മളിക്കുമ്പോള്‍ അതിന് ഒരു കുറവും ഉണ്ടാകരുത് എന്ന നിര്‍ബന്ധം ക്‌നാനായക്കാര്‍ക്ക് ഉണ്ട്. സഹോരങ്ങളുടെ ഒരു സംഗമമാണ് ഇത്. അതിന് ആഡംബരം എന്നു എങ്ങനെ പറയാന്‍ കഴിയും. പിന്നെ കണ്‍വന്‍ഷന്‍ നടക്കുമ്പോള്‍ അത് ആകര്‍ഷകമായിരിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും എതിര്‍ അഭിപ്രായമുണ്ടോകുമോ? കണ്‍വന്‍ഷകന്‍ ആകര്‍ഷകമായതുകൊണ്ടല്ലേ യു.കെ.യിലെ മലയാളികളുടെ ഏറ്റവും ശ്രദ്ധേമായ പരിപാടിയായി അത് മാറിയിരിക്കുന്നത്.
യു.കെ.കെ.സി.എ കണ്‍വന്‍ഷന്റെ എല്ലാവര്‍ഷത്തേയും വെല്‍ക്കം ഡാന്‍സ് പ്രശസ്തമാണല്ലോ?
നൂറുപേര്‍ പങ്കെടുക്കുന്നതാണ് വെല്‍ക്കം ഡാന്‍സ്. എല്ലാ യൂണിറ്റുകളെയും അറിയിച്ച് യൂണിറ്റുകളില്‍ നിന്നു പരമാവധി കുട്ടികളെ പങ്കെടുപ്പിച്ചാണ് വെല്‍ക്കം ഡാന്‍സ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം അച്ചീവ് മെന്റഅവാര്‍ഡ് കണ്‍വന്‍ഷനില്‍ നല്‍കിയിരുന്നല്ലോ?
ഈ വര്‍ഷം അച്ചീവ്‌മെന്റ് അവാര്‍ഡ് ഇല്ല. അങ്ങനെയൊരു നിര്‍ദേശം നാഷണല്‍ കൗണ്‍സിലില്‍ വന്നില്ല. അതുകൊണ്ടാണ് ഈ വര്‍ഷം അവാര്‍ഡില്ലാത്തത്. പിന്നെ പ്രത്യേകിച്ച് അവാര്‍ഡ് നല്‍ണ്ടേ അംഗീകാരം നേടിയവരുടെ പേരുകള്‍ ഈ വര്‍ഷം ആരും ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ല.
യു.കെ.യിലെ ഏറ്റവും വലിയ സമ്മേളനമാണല്ലോ. എങ്ങനെയാണ് ഇത്രയും ആളുകളെ എല്ലാ വര്‍ഷവും പങ്കെടുപ്പിക്കാന്‍ കഴിയുന്നത്?
വര്‍ഷത്തില്‍ ഒരു തവണ പരസ്പരം കാണുക എന്നത് ക്‌നാനായക്കാരുടെ ഒരു വികാരമാണ്. ആരെങ്കിലും നിര്‍ബന്ധിക്കുന്നതുകൊണ്ടല്ല ആളുകള്‍ അവിടെ എത്തുന്നത്. ക്‌നാനായക്കാര്‍ക്ക് ബന്ധുക്കളെ കാണാനും സമുദായത്തില്‍ നിന്നുള്ളവരുമായി ആശയ വിനിമയം നടത്തുന്നതിനുമുള്ള ഒരു അവസരമായാണ് കണ്‍വഷനെ കാണുന്നത്. ഇതാണ് ക്‌നാനായക്കാരുടെ ഐക്യവും സ്‌നേഹവും. ക്‌നാനായക്കാരെ മറ്റുവിഭാഗങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നതും ഈ ഐക്യവും സ്‌നേഹവുമാണ്.
കേരളത്തിലെ ചെറിയ ജനത യു.കെ.യിലെ വലിയ സംഭവമാണ്. കൊടിവച്ച പ്രസ്ഥാനങ്ങള്‍ക്കൊന്നും നടത്താന്‍ കഴിയാത്ത മഹാ സമ്മേളനമാണ് ആണ്ടുതോറും ക്‌നാനായക്കാര്‍ നടത്തുന്നത്. കേരളത്തിലെ ചെറിയ ജനത യു.കെ.യിലെ വലിയ അല്‍ഭുതമാകുന്നതും അവരുടെ പരസ്പര സ്‌നേഹവും ഐക്യവും കൊണ്ടുതന്നെ.