19 വര്‍ഷത്തെ സേവനത്തിന് ശേഷം സണ്ണി സാര്‍ വിരമിക്കുന്നു, അഭിമാനത്തോടെ
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഷുട്ടിങ് കോച്ചായ പ്രഫ. സണ്ണി തോമസ് വിരമിക്കുന്നൂ. നാലു തവണ മുമ്പ് വിരമിക്കല്‍ പ്രഖ്യാപിച്ചശേഷം അധികൃതരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് തീരുമാനം മാറ്റേണ്ടി വന്ന അദ്ദേഹം ഇത്തവണ ശരിക്കും വിരമിക്കുകയാണെന്ന് യു.കെ. മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
ഷൂട്ടിങ് ടീം രാജ്യത്തിനാകെ അഭിമാനമായി മാറിയിരിക്കുമ്പോള്‍ എന്തുകൊണ്ടാണ് കോച്ചിന്റെ അപ്രതീക്ഷിത വിരമിക്കല്‍?
അപ്രതീക്ഷിതമല്ല. ഒളിമ്പിക്‌സിന് ശേഷം വിരമിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നതാണ്. അപേക്ഷ സമര്‍പ്പിച്ചിരുന്നു. എല്ലാവരും നിര്‍ബന്ധിച്ചതുകൊണ്ടാണ് ഒളിമ്പികസ് വരെ തുടര്‍ന്നത്. ഒളിമ്പിക്‌സ് കഴിയുന്നു. ഇനി കരാര്‍ പുതുക്കുന്നില്ല. ആരൊക്കെ പറഞ്ഞാലും തീരുമാനത്തില്‍ നിന്ന് പിന്‍മാറില്ല. 82 ല്‍ ദല്‍ഹി ഏഷ്യാഡോടുകൂടി തുടങ്ങിയതാണ്. 30 വര്‍ഷമായി. അതില്‍ 19 വര്‍ഷം ദേശീയ കോച്ച് ആയിരുന്നു. ബാഴ്‌സലോണ ഒളിമ്പിക്‌സ് മുതല്‍ അഞ്ചു ഒളിമ്പിക്‌സില്‍ പങ്കെടുത്തു. ഇതിനിടയില്‍ സിഡ്‌നി ഒളിമ്പിക്‌സില്‍ മാത്രമേ പങ്കെടുക്കാതെയുള്ളു. 19 വര്‍ഷമായി രാജ്യത്തിന് വേണ്ടി ഷൂട്ടര്‍മാരെ പരിശിലിപ്പിക്കുന്നു. ഇതിനിടയില്‍ വീട്ടില്‍ ചെലവഴിക്കാന്‍ കിട്ടുന്ന സമയം അപൂര്‍വമാണ്. എഴുപത് വയസായി. മനുഷ്യന് ഒരു ജീവിതമേയുള്ളു. അതുകൊണ്ട് വിരമിക്കുന്നു എന്ന തീരുമാനത്തില്‍ ഇനി മാറ്റമില്ല.
ഷൂട്ടിങ് ടീമിന്റെ പ്രകടനത്തെ വിലയിരുത്താമോ?
ഇന്ത്യക്ക് മികച്ച ഷുട്ടര്‍മാരുണ്ട്. എല്ലാ ദിവസവും എല്ലാവര്‍ക്കും തിളങ്ങാന്‍ കഴിയണമെന്നില്ല. ബെയ്ജീങ്ങില്‍ അഭിനവ് സ്വര്‍ണം നേടിയില്ലേ. ആ ദിവസം മികച്ചഫോമിലായിരുന്നു. അതുകൊണ്ട് സ്വര്‍ണം നേടാന്‍ പ്രാപ്തരാണ് ഒട്ടു മിക്ക ഷൂട്ടര്‍മാരും. പിന്നെ കാലാവസ്ഥ പോലുള്ള ചില ഘടകങ്ങള്‍ പ്രകടനത്തെ ബാധിക്കാറുണ്ട്.
വിരമിക്കാന്‍ മുമ്പ് താല്‍പര്യം പറഞ്ഞിട്ടും പിന്‍ഗാമികളെ കണ്ടെത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?
പുതിയ കോച്ചുമാരെ താരങ്ങള്‍ അംഗീകരിക്കുക എന്നതാണ് പ്രശ്‌നം. ഓരോ തവണയും പിന്‍ഗാമികളെ കണ്ടെത്താന്‍ നിര്‍ദേശിച്ചിട്ടും തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇനി തുടരില്ല എന്നു തീര്‍ത്തു പറഞ്ഞിട്ടുണ്ട.
തിരിഞ്ഞു നോക്കുമ്പോള്‍ എന്തു തോന്നുന്നു?
കോച്ചായി ആദ്യം ചുമതലയേല്‍ക്കുമ്പോള്‍ വളരെ പരിമിതമായ സാഹചര്യങ്ങളായിരുന്നു. പിന്നീട് ഓരോ തരത്തിലും വളര്‍ന്നു. ഇന്നിപ്പോള്‍ ഏതൊരു ടീമിനോടും കിടപിടിക്കുന്ന നിലവാരമുള്ളതാണ് നമ്മുടെ ടീം. ഷുട്ടിങ്ങ് പരിശീലനത്തിന് ഒന്നുമില്ലായ്മയില്‍ നിന്ന് കെട്ടിപ്പൊക്കിയതാണ് ഇപ്പോഴുള്ളതൊക്കെ. ഇനി മുന്നോട്ട് പോയാല്‍ മതി.
കഴിഞ്ഞ തവണത്തെ ചൈനയിലെ ഒളിമ്പിക്‌സും ലണ്ടന്‍ ഒളിമ്പിക്‌സും തമ്മില്‍ താരതമ്യം ചെയ്യാമോ?
സൗകര്യങ്ങളുടെ കാര്യത്തില്‍ ബെയ്ജിങ് ഒളിമ്പിക്‌സായിരുന്നു അല്‍പം മുന്നില്‍. ലണ്ടനില്‍ ഒളിമ്പിക്‌സിന് വേണ്ടിയുണ്ടാക്കിയ റേയ്ഞ്ച് ആണ്. മറ്റ് കാര്യങ്ങളെല്ലാം ഏതാണ്ട് ഒരുപോലെയാണ്.
സണ്ണി സാര്‍ വളരെ കര്‍ക്കശക്കാരനും ഏകാധിപതിയെപ്പോലെ താരങ്ങളെ മല്‍സരത്തിനിടെ സംസാരിക്കാന്‍ അനുവദിക്കാത്തയാളാണെന്നും ആരോപമുണ്ടല്ലോ?
വടക്കേ ഇന്ത്യയിലെ ചില പത്രക്കാര്‍ അങ്ങനെ വിശേഷിപ്പിച്ചു കണ്ടിട്ടുണ്ട്. താരങ്ങളെ പത്രക്കാരുമായി എപ്പോഴും സംസാരിക്കാന്‍ അനുവദിക്കാത്തതുകൊണ്ടാകാം ഡിക്‌ടേറ്റര്‍ എന്നു ചില പത്രങ്ങള്‍ വിശേഷിപ്പിച്ചത്. ഷൂട്ടിങ് വളരെ കൂടൂതല്‍ ഏകാഗ്രത വേണ്ട ഗെയിമാണ്. ഏകാഗ്രത പോയാല്‍ പെര്‍ഫോം ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് മല്‍സരത്തിന രണ്ടു മാസം മുമ്പുവരെയേ താരങ്ങളും പത്രക്കാരുമായി സംസാരിക്കാന്‍ അനുവദിക്കൂ. അങ്ങനെയൊരു അച്ചടക്കമില്ലാതെ ഷൂട്ടിങ്ങില്‍ പെര്‍ഫോം ചെയ്യാന്‍ കഴിയില്ല. ഷൂട്ടേഴ്‌സിന്റെ ചങ്കിടിപ്പ് കൂടിയാല്‍ മതി പെര്‍ഫോമന്‍സില്‍ മാറ്റം വരും. ബെയ്ജീങ്ങില്‍ സ്വര്‍ണം നേടിയ അഭിനവിന്റെ സ്ഥാനത്ത് ശ്രീശാന്ത് ആയിരുന്നെങ്കില്‍ എന്ന് ആലോചിക്കുക. മല്‍സരത്തിന് മുമ്പുള്ള സമ്മര്‍ദവും മറ്റും പ്രകടനത്തെ സാരമായി ബാധിക്കും. താരങ്ങള്‍ക്ക് മല്‍സരത്തിനിടയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നത് പ്രകടനത്തെ ബാധിക്കും എന്നു ഉറപ്പുള്ളതുകൊണ്ട് മാധ്യമങ്ങളില്‍ മല്‍സരം കഴിയുന്നത് വരെ അവരെ മാറ്റി നിര്‍ത്തുന്നത്. താരങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം കോച്ച് മാധ്യമങ്ങള്‍ക്ക് നല്‍കാറുണ്ട്.
ഷുട്ടിങ്ങ് പരിശീലനം മിക്കവാറും വിദേശ രാജ്യങ്ങളിലാണല്ലോ?
അത് മല്‍സരത്തിന് വേണ്ടി പോകുന്നതാണ്. ജര്‍മനിയില്‍ നിന്നാണ് ലണ്ടനിലെത്തിയത്. കോച്ചായ ശേഷം 131 തവണ വിദേശ രാജ്യങ്ങളില്‍ മല്‍സരത്തിനായി പോയി. ഇന്ത്യയില്‍ പൂനയില്‍ പരിശീലനത്തിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. അത് അന്താരാഷ്ട്ര നിലവാരമുളളതാണ്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ പരിശീലനത്തിനായി ഇന്ത്യയില്‍ എത്തുന്നതിനെക്കുറിച്ച് പറയാറുണ്ട്.
തുടര്‍ച്ചയായി മൂന്നു ഒളിമ്പിക്‌സുകളില്‍ രാജ്യത്തിന് മെഡല്‍ നേടിയ താരങ്ങളെ പരിശീലിപ്പിച്ച മലയാളികളുടെ സ്വന്തം സണ്ണി സാര്‍ രാജ്യത്തിന് വേണ്ടി വിലമതിക്കാത്ത സേവനം നല്‍കിയശേഷമാണ് വിരമിക്കുന്നത്. അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് രാജ്യം ദ്രോണാചാര്യ നല്‍കി ആദരിച്ചിരുന്നു. അദ്ദേഹത്തിന്റെ ആത്മാര്‍ഥതയും കഠിനാദ്ധ്വാവും ഇന്ത്യന്‍ ഷൂട്ടിങ്ങിനെ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിച്ചു എന്നതില്‍ മലയാളികള്‍ക്കും അഭിമാനിക്കാം. സണ്ണി എന്ന പേര് ഇന്ത്യന്‍ ഷൂട്ടിങ് ഉളളിടത്തോളം കാലം ഓര്‍മിക്കപ്പെടും എന്നതില്‍ സംശയമില്ല.