മലയാള സിനിമയിലെ കറുത്തമ്മ തന്റെ ജീവിതത്തില്‍ പുതിയൊരു ഇന്നിംഗ്സിന് ഒരുങ്ങുകയാണ്. ഗിന്നസ് റെക്കോഡില്‍ വരെ സ്ഥാനം പിടിച്ച ഈ നായിക ഇനി പൊതുപ്രവര്‍ത്തകയുടെ വേഷത്തിലും മലയാളികള്‍ക്ക് മുന്നിലെത്തും. അതു പക്ഷേ, വെള്ളിവെളിച്ചത്തില്‍ ആവില്ലെന്ന് മാത്രം. ഷീല കോണ്‍ഗ്രസില്‍ ചേരുന്ന കാര്യം ഇതിനോടകം ഏവരും അറിഞ്ഞു കഴിഞ്ഞു. വരുന്ന തിരഞ്ഞെടുപ്പില്‍ ഷീലയ്ക്ക് ഉറപ്പായും ഒരു സീറ്റ് പ്രതീക്ഷിക്കാം എന്നാണ് പാര്‍ട്ടിയിലെ തന്നെ സംസാരം.
"ജനങ്ങള്‍ക്ക് നല്ലതുചെയ്യുന്ന ഒരാള്‍. കേരളത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനാണ് ആഗ്രഹം. അവര്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുകയെന്നുതുമാത്രമേ ആഗ്രഹിക്കുന്നുള്ളൂ"- തന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് ഷീല പറയുന്നു.
"സീറ്റിനുവേണ്ടിയല്ല ഞാന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത്. സീറ്റില്ലാതെ എത്രയോ പേര്‍ എല്ലാ പാര്‍ട്ടികളിലും നിസ്വാര്‍ഥരായി പ്രവര്‍ത്തിക്കുന്നു. അവരിലൊരാളാകും ഞാനും. പദവികളല്ല എന്റെ മാനദണ്ഡം. സിനിമയിലൂടെ ആവശ്യത്തിന് പണവും പ്രശസ്തിയുമൊക്കെ കിട്ടി. ഇനി അത്തരത്തിലുള്ള മോഹങ്ങളില്ല"- ഷീലയുടെ വാക്കുകള്‍.
മറ്റ് നാടുകളിലെല്ലാം സിനിമയില്‍നിന്ന് മുഖ്യമന്ത്രിമാര്‍ വരെയുണ്ടായപ്പോള്‍ കേരള രാഷ്ട്രീയത്തിലിറങ്ങിയ സിനിമക്കാരൊക്കെ പരാജയം രുചിച്ചതിന്റെ കാരണം തനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല എന്ന് ഷീല പറയുന്നു. " നമ്മുടെ നാട്ടില്‍ സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്നവര്‍ ഒരു തവണ തോല്‍ക്കുമ്പോഴേ പിന്‍വാങ്ങുകയാണ്. സമയവും സാവകാശവുമില്ലാത്തതാകാം കാരണം. അതുകൊണ്ടാണ് സിനിമാക്കാര്‍ക്ക് കേരളരാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ പറ്റാത്തതെന്നാണ് ഞാന്‍ വിചാരിക്കുന്നത്"- ഷീലയുടെ വിലയിരുത്തല്‍.
ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനങ്ങളെ ആദരവോടെ കാണുന്ന ഷീല മുഖ്യമന്ത്രിക്കസേര ഒരു മുള്‍ക്കിരീടം ആണെന്നും ചൂണ്ടിക്കാട്ടുന്നു. അഭിനയത്തില്‍ ഇടവേളയെടുത്തിരിക്കുന്ന ഷീലയുടെ രാഷ്ട്രീയ പ്രവേശം ഏതായാലും മലയാളികള്‍ കാത്തിരിക്കുന്ന ഒന്നാകും എന്ന കാര്യത്തില്‍ സംശയമില്ല.