|
ലണ്ടന്‍ : ബ്രിട്ടനില്‍ ആളുകള്‍ക്കിടയില്‍ ഇന്റര്‍നെറ്റ് മാനിയ. ആറുവര്‍ഷം മുമ്പ് ആഴ്ചയില്‍ 10 മണിക്കൂറില്‍ താഴെ മാത്രം നെറ്റിനു മുമ്പില്‍ ചെലവഴിച്ച യു.കെയിലെ പ്രായപൂര്‍ത്തിയായവര്‍ ഇപ്പോള്‍ 15 മണിക്കൂറില്‍ കൂടുതലാണ് നെറ്റിന് മുന്‍പില്‍ ചെലവഴിക്കുന്നത്.
2005 നെ അപേക്ഷിച്ച് മുതിര്‍ന്നവര്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ഉപയോഗം 20 ശതമാനം വര്‍ധിച്ചെന്നാണ് ഇപ്പോള്‍ കണക്കാക്കപ്പെടുന്നത്. ഓഫ്കോമിന്റെ സര്‍വെയില്‍ ആണ് ഇക്കാര്യം പറയുന്നത്. പുതിയ സാങ്കേതിക വിദ്യകളും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളുടെയും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഫോണുകളുടെ രംഗപ്രവേശവുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മുതിര്‍ന്നവരില്‍ 59 ശതമാനം പേരും ഇപ്പോള്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ്. ഇതില്‍ മൂന്നില്‍ രണ്ടുപേരും സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ ദിവസേന ചെലവഴിക്കുന്നവരുമാണ്. മുതിര്‍ന്ന ആളുകളും ഇപ്പോള്‍ സ്മാര്‍ട്ട് ഫോണിലേക്ക് തിരിയുകയാണ്. യുവതലമുറയ്ക്ക് ഇപ്പോള്‍ എല്ലാം ഇന്റര്‍നെറ്റാണ്. 45 നും 54 നും ഇടയില്‍ പ്രായമുള്ളവര്‍ വന്‍തോതില്‍ നെറ്റ് ഉപയോഗിച്ച് തുടങ്ങിയതാണ് ഇപ്പോഴത്തെ കണക്ക് കൂടാന്‍ കാരണം. എന്നാല്‍ 75 കഴിഞ്ഞവരില്‍ 10 ല്‍ ഒമ്പതു പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവരാണ്.
2010 ല്‍ ശരാശരി ഇന്റര്‍നെറ്റ് ഉപയോഗം 14.2 ആയിരുന്നത് കഴിഞ്ഞ വര്‍ഷം 15.1 ല്‍ എത്തിയിരിക്കുന്നു. വീടുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതും വര്‍ധിച്ചിട്ടുണ്ട്. 9.4 ശതമാനമായിരുന്നത് 10.5 ലേക്ക് എത്തി. 65 വയസ് കഴിഞ്ഞാല്‍ ആളുകളില്‍ ഇന്റര്‍നെറ്റിനോടുള്ള താല്‍പ്പര്യം കുറഞ്ഞു വരുമെന്ന് കമ്മ്യൂണിക്കേഷന്‍ കണ്‍സ്യൂമര്‍ പാനല്‍ ചെയര്‍മാന്‍ ബോബ് വാര്‍ണര്‍ പറയുന്നു. |