ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാലിന്യം വൃത്തിയാക്കാന്‍ ചൂലുമായി വന്ന അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയാണ് ഇപ്പോള്‍ എങ്ങും ചര്‍ച്ചാ വിഷയം. അഴിമതിക്കെതിരെ പോരാടിയും സാധാജനത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടും സുതാര്യമായ പ്രവര്‍ത്തനം കൊണ്ടും ആം ആദ്മി ഞെട്ടിച്ചത് 125 വയസ് പിന്നിട്ട കോണ്‍ഗ്രസിനെയും ശക്തരായ ബിജെപിയെയും മാത്രമല്ല, എണ്ണിയാലൊടുങ്ങാത്ത ഈര്‍ക്കിലി പാര്‍ട്ടികളെ കൂടിയാണ്.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി ഡല്‍ഹി തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തിയെന്നു കരുതുന്നുണ്ടോ?
ഇക്കുറി നടന്ന ഒരു അസംബ്ലി തിരഞ്ഞെടുപ്പിലും മോഡി ഒരു ഘടകമായെന്നു കരുതുന്നില്ല.
ഡല്‍ഹിയില്‍ വീണ്ടും ഒരു ഇലക്ഷന്‍ നടന്നാല്‍ എന്താവും സ്ഥിതി?
ആം ആദ്മി പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരും.
വീണ്ടും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നാലോ?
ഒരിക്കലുമില്ല. ഇനി ഒരു തിരഞ്ഞെടുപ്പു നടന്നാല്‍ അത് ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള പോരായിരിക്കും. കോണ്‍ഗ്രസ് ചിത്രത്തിലേ ഉണ്ടാവില്ല.
ജനവിധിയെ ചരിത്രപരമായ ഒന്നെന്നു താങ്കള്‍ വിശേഷിപ്പിച്ചത് എന്തര്‍ത്ഥത്തിലാണ്?
ജനവിധിയല്ല, തിരഞ്ഞെടുപ്പായിരുന്നു ചരിത്രപരം. രണ്ടു വലിയ പാര്‍ട്ടികളിലെയും അതികായന്മാരെ ജനത്തിന് വലിയ പരിചയമില്ലാത്ത സ്ഥാനാര്‍ത്ഥികള്‍ നിലം പരിശാക്കുകയായിരുന്നു. നമുക്കു പണമില്ലായിരുന്നു, മറ്റു സാഹചര്യങ്ങളൊന്നുമില്ലായിരുന്നു. സത്യസന്ധത മാത്രമായിരുന്നു കൈമുതല്‍ . സത്യസന്ധതയും അഴിമതിയും തമ്മിലായിരുന്നു പോരാട്ടം. ചരിത്രത്തില്‍ ആദ്യമായാണ് ഒരു തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ സത്യസന്ധത പ്രചരണവിഷയമായത്.
ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി ഒരു മൂന്നാം മുന്നണിയെ മുന്നില്‍ നിന്നു നയിക്കാന്‍ താങ്കള്‍ക്കാവുമോ?
മൂന്നാം മുന്നണിയല്ല, ഒന്നാം മുന്നണിയാണ് ഞങ്ങള്‍ . ഇവിടെ സംശുദ്ധ രാഷ്ട്രീയത്തിനു വലിയൊരു സ്‌പേസ് ബാക്കികിടക്കുകയാണ്.
വെറുതേ അധികാരം പടിച്ചതുകൊണ്ടു മാത്രം കാര്യമില്ല. ഇന്നത്തെ ഭരണസംവിധാനത്തില്‍ നിങ്ങള്‍ക്കു നല്ല ഭരണം കാഴ്ചവയ്ക്കാനാവില്ല. അധികാരവികേന്ദ്രീകരണവും അധികാര സുതാര്യതയും കൊണ്ടുവന്നിട്ടു ഭരണം നടത്തിയിട്ടേ കാര്യമുള്ളൂ?
വലിയൊരു ശക്തിയാകാമെന്ന മിഥ്യാധാരണയൊന്നും ഞങ്ങള്‍ക്കില്ല. സാധാരണക്കാരന്‍ ഒത്തുകൂടിയാല്‍ അധികാര മാറ്റത്തിനു ചുക്കാന്‍ പിടിക്കാനാവുമെന്നു ഡല്‍ഹി തെളിയിച്ചു. ഈ രാജ്യത്തെ രക്ഷിക്കാന്‍ ആം ആദ്മിക്കു മാത്രമേ കഴിയൂ.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെയടുപ്പില്‍ മത്സരിക്കാന്‍ പദ്ധതിയുണ്ടോ?
ഏതാനും സീറ്റുകളിലേ ഞങ്ങള്‍ക്കു മത്സരിക്കാനാവൂ. 22 സംസ്ഥാനങ്ങളിലേ ഞങ്ങള്‍ക്കു യൂണിറ്റുകളുള്ളൂ. അതില്‍ തന്നെ 309 ജില്ലകളിലേ ഞങ്ങള്‍ക്കു വേരുകളുള്ളൂ. യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തില്‍ സബ് കമ്മിറ്റികളുണ്ടാക്കി സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാന്‍ ഒരുങ്ങുകയാണ് ഞങ്ങള്‍ .നിരാശയുടെയും ഹൃദയശൂന്യതയുടെയും നടുവില്‍ നിന്നാണ് ഡല്‍ഹിയിലെ ജനത ഇന്ത്യയ്ക്കാകെ പ്രതീക്ഷ നല്കിയത്. ഞങ്ങള്‍ ഒരു രാഷ്ട്രീയ പ്രക്രിയയ്ക്കു തുടക്കമിട്ടിരിക്കുകയാണ്. സത്യസന്ധരായ എല്ലാ ജനങ്ങളെയും ഞങ്ങള്‍ ഒപ്പം ക്ഷണിക്കുകയാണ്.
40 സീറ്റിനു മുകളില്‍ കിട്ടുമെന്നായിരുന്നല്ലോ താങ്കള്‍ ഇലക്ഷനു മുന്‍പ് അവകാശപ്പെട്ടിരുന്നത്?
ഞങ്ങള്‍ക്കു എട്ടു സീറ്റിലെങ്കിലും പരാജയമുണ്ടാവാന്‍ കാരണം ടോര്‍ച്ച് ചിഹ്നമായുള്ള സ്ഥാനാര്‍ത്ഥികളായിരുന്നു. ഞങ്ങളുടെ ചിഹ്നമായ ചൂലും ടോര്‍ച്ചും തമ്മില്‍ പല വോട്ടര്‍മാര്‍ക്കും ആശയക്കുഴപ്പമുണ്ടാക്കി.
മൂന്നു തവണ മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്ന ഷീലാ ദീക്ഷിതിനെ തോല്‍പ്പിക്കാമെന്ന് ഉറപ്പുണ്ടായിരുന്നോ?
വിശ്വാസമല്ല, അഴിമതി ഇല്ലായ്മ ചെയ്യുക എന്ന ദൃഢ നിശ്ചയമായിരുന്നു ഞങ്ങള്‍ക്ക്. എന്റെ ജയമോ പരാജയമോ അവിടെ അപ്രസക്തമായിരുന്നു. രാഷ്ട്രീയത്തിലൂടെ പുതിയൊരു കരിയറുണ്ടാക്കാന്‍ വന്നവല്ല ഞാന്‍ . അങ്ങനെയെങ്കില്‍ ഞാന്‍ സുരക്ഷിതമായൊരു മണ്ഡലം തിരയുമായിരുന്നു. ഷീലയ്‌ക്കെതിരേ ശക്തനായൊരു സ്ഥാനാര്‍ത്ഥിയെ ബിജെപി ഇടാതിരുന്നതുകൊണ്ടാണ് എനിക്കു മത്സരിക്കേണ്ടിവന്നത്. എപ്പോഴും പ്രധാന നേതാക്കള്‍ക്കെതിരേ ദുര്‍ബലരെ ഇട്ടു രണ്ടു പാര്‍ട്ടികളും എപ്പോഴും പരസ്പരം സഹായിക്കാറുണ്ട്.
അധികാരത്തിലെത്തിയാല്‍ അഴിമതികള്‍ക്കു ഷീലാ ദീക്ഷിതിനെ പ്രോസിക്യൂട്ട് ചെയ്യുമോ?
ആം ആദ്മി പാര്‍ട്ടിയായിരിക്കില്ല, ലോക്പാല്‍ ആയിരിക്കും അവര്‍ അഴിമതി ചെയ്തിട്ടുണ്ടെങ്കില്‍ കൈകാര്യം ചെയ്യുക.
ആം ആദ്മിയുടെ പരാധീനതകള്‍ എന്തൊക്കെയാണ്?
മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്തേണ്ടതുണ്ട്. ഗ്രാമീണ മേഖലകളില്‍ ബിജെപിക്കു മുന്‍തൂക്കം ഇപ്പോഴുമുണ്ട്.
താന്‍ പ്രചാരണം നടത്തിയിരുന്നെങ്കില്‍ ആം ആദ്മി ഡല്‍ഹിയില്‍ അധികാരത്തിലെത്തുമായിരുന്നു എന്ന് അന്നാ ഹസാരെ പറഞ്ഞിട്ടുണ്ടല്ലോ?
വളരെ ശരിയാണ്. പക്ഷെ, എന്തേ അദ്ദേഹം പ്രചരണത്തിനു വന്നില്ല.
കോണ്‍ഗ്രസിനു നല്ലൊരു നേതൃത്വം ഇല്ലാത്തതിനാല്‍ കണ്ട ജോലാവാലകളെല്ലാം അധികാര കേന്ദ്രങ്ങളായെന്നു ശരദ് പവാര്‍ പറഞ്ഞതിനെ എങ്ങനെ കാണുന്നു?
മെഴ്‌സിഡസ് വാലകളുടെ കാലം രാഷ്ട്രീയത്തില്‍ കഴിഞ്ഞു. ഇനി ജോലാവാലകള്‍ ഭരിക്കും കാലം.
(കടപ്പാട് ദി ഹിന്ദു)