ഇന്റര്‍വ്യൂ

നടിമാരോട്‌ എന്തുമാകാമെന്ന ധാരണ പൊതുവെയുണ്ട്‌- ഭാവന



ഭാവന സിനിമയിലെത്തിയിട്ട്‌ 11 വര്‍ഷമായി. മലയാളത്തിലും കന്നടയിലും തമിഴിലുമായി അറുപതിലേറെ സിനിമകള്‍. അതിലേറെയും ഹിററുകള്‍. ഇതിനിടെ, ഒപ്പമുള്ളവരില്‍ പലര്‍ക്കും കിട്ടാത്തതുപോലെ ചില ഭാഗ്യങ്ങള്‍ ഭാവനയ്‌ക്കുമാത്രമായി കിട്ടുകയും ചെയ്‌തു. ജയരാജിന്റെ ദൈവനാമത്തില്‍..., ഏറെ നിരൂപകശ്രദ്ധ നേടിയ മധുപാലിന്റെ ഒഴിമുറി, ട്രിവാന്‍ഡ്രം ലോഡ്‌ജ് തുടങ്ങിയ ചിത്രങ്ങളിലെ വേറിട്ട വേഷങ്ങള്‍ ഭാവനയിലെ അഭിനേത്രിയെ അടുത്തറിയാന്‍ സഹായിച്ച കഥാപാത്രങ്ങളായിരുന്നു. ഒടുവിലിതാ ഏതു നടിയും അഭിനയിക്കാന്‍ കൊതിച്ചുപോകുന്ന എം.ടി- ഹരിഹരന്‍ കൂട്ടുകെട്ടിന്റെ നായികയായി ഏഴാമത്തെ വരവിലും.


എം.ടി-ഹരിഹരന്‍ കൂട്ടുകെട്ടിന്റെ ഭാഗമാകുക പലരുടെയും സ്വപ്‌നമാണല്ലോ?

തീര്‍ച്ചയായും. എന്നെപ്പോലുളള ഒരാളുടെ സ്വപ്‌നം തന്നെയാണത്‌. ഏഴാമത്തെ വരവില്‍ എം.ടി-ഹരിഹരന്‍ ടീമിന്റെ കൂടെ വര്‍ക്ക്‌ ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്‌. ഒരിക്കലും ഇങ്ങനെയൊരു അവസരം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.വളരെയേറെ സന്തോഷമുണ്ട്‌. അപ്രതീക്ഷിതമായാണ്‌ ഏഴാമത്തെ വരവില്‍ അവസരം കിട്ടിയത്‌. ഹിററുകള്‍ മാത്രം സൃഷ്‌ടിച്ചിട്ടുളള മഹാപ്രതിഭകളാ യ എം.ടി-ഹരിഹരന്‍ ടീമിന്റെ കൂടെ നി ല്‍ക്കാന്‍ കഴിഞ്ഞത്‌ തന്നെ എന്നെ സംബന്ധിച്ച്‌ വലിയ ഭാഗ്യമാണ്‌. ഞാന്‍ ജനിക്കുന്നതിനു മുന്‍പേ ഉണ്ടായ കഥയാണ്‌ ഏഴാമത്തെ വരവ്‌. അതില്‍ പങ്കാളിയാകാന്‍ കഴിഞ്ഞത്‌ വിശ്വസിക്കാന്‍ കഴിയുന്നില്ല. വളരെ മികച്ച കഥാപാത്രമാണ്‌ ഭാനുമതി. നല്ല സിനിമയായിട്ടും വലിയ തിരക്കുകളൊന്നും തിയറററില്‍ കാണാത്തതിനാല്‍ അല്‌പം വിഷമമുണ്ട്‌.


പുതിയ സിനിമകള്‍?

അനൂപ്‌ മേനോന്‍ കഥയെഴുതി നായകനാകുന്ന സജി സുരേന്ദ്രന്റെ ആംഗ്രി ബേബീസാണ്‌ റിലീസ്‌ ചെയ്യാനുളള സിനിമ. കന്നടയില്‍ രണ്ട്‌ സിനിമ പൂര്‍ത്തിയായിട്ടുണ്ട്‌. കന്നടയില്‍ വളരെ ശ്രദ്ധ കിട്ടാന്‍ സാധ്യതയുളളതാണവ. ആംഗ്രി ബേബീസില്‍ ഒരു വീട്ടമ്മയുടെ റോളാണ്‌.


ഭാവനയ്‌ക്ക് മലയാള സിനിമകള്‍ കുറഞ്ഞുവരുകയാണോ?

കുറഞ്ഞു വരുന്നതായിട്ടൊന്നും എനിക്ക്‌ തോന്നിയിട്ടില്ല. അത്യാവശ്യം സിനിമകള്‍ വരുന്നുണ്ട്‌. മിനിമം മൂന്ന്‌ സിനിമയെങ്കി ലും ഓരോ വര്‍ഷവും ചെയ്യുന്നുണ്ട്‌. പി ന്നെ തമിഴിലും കന്നടയിലും ഓഫറുകള്‍ വരുന്നതുകൊണ്ട്‌ അതിലൊക്കെ അഭിനയിക്കുന്നു. ചവറുപോലെ സിനിമകളില്‍ അഭിനയിക്കാന്‍ ഇപ്പോള്‍ താല്‌പര്യമില്ല. നല്ല സിനിമയുടെ ഭാഗമായിരിക്കാനാണ്‌ എപ്പോഴും എനിക്കാഗ്രഹം. നായികയാവണമെന്നൊന്നും നിര്‍ബന്ധമില്ല. ഒന്നോ രണ്ടോ സീനേ ഉളളൂവെങ്കിലും അഭിനയിക്കും. ട്രിവാന്‍ഡ്രം ലോഡ്‌ജില്‍ ഒരു പാട്ടുസീനില്‍ മാത്രമാണ്‌ ഞാനുളളത്‌. മൂന്ന്‌ ദിവസത്തെ ഷൂട്ടായിരുന്നു.നല്ല ടീമിന്റെ കൂടെയും നല്ല കഥയാണെങ്കിലും എനിക്കിഷ്‌ടമാണ്‌. കന്നടയില്‍ അടുത്തിടെ ഇറങ്ങിയ ഞാന്‍ നായികയായ അഞ്ച്‌ ചിത്രങ്ങളില്‍ നാലും സൂപ്പര്‍ ഹിററായിരുന്നു. ഇനിയും നല്ല സിനിമകള്‍ ചെയ്യണമെന്നാണ്‌ ആഗ്രഹം.


പൊതുവെ നടിമാരെക്കുറിച്ച്‌ ധാരാളം ഗോസിപ്പുകള്‍ കേള്‍ക്കാറുണ്ട്‌? ഭാവനയ്‌ക്ക് അത്തരം അനുഭവം?

ആദ്യകാലങ്ങളില്‍ ഗോസിപ്പുകള്‍ കേള്‍ക്കുമ്പോള്‍ വല്ലാത്ത വിഷമം തോന്നുമായിരുന്നു. ഇപ്പോള്‍ ഞാന്‍ അതൊന്നും മൈന്‍ഡ്‌ ചെയ്യാറില്ല.വളരെ സത്യസന്ധമായി സംസാരിക്കുന്നയാളാണ്‌ ഞാന്‍. മാന്യമായും ആത്മാര്‍ത്ഥവുമായിട്ടാണ്‌ ഞാന്‍ എല്ലാരോടും പെരുമാറുന്നത്‌. അതുകൊണ്ടുതന്നെ എനിക്ക്‌ ഒരു കാര്യത്തിലും വിഷമമോ സങ്കടമോ ഒന്നുമുണ്ടാകാറില്ല. പലപ്പോഴും പ്രിന്റ്‌ മീഡിയാസില്‍ വരുന്ന അഭിമുഖങ്ങളില്‍ നമ്മള്‍ പറയാത്ത പല കാര്യങ്ങളും എഴുതിപിടിപ്പിക്കും. രണ്ടുമൂന്നു പ്രാവശ്യം ഇന്റര്‍വ്യൂ ചോദിച്ചിട്ട്‌ കൊടുത്തില്ലെങ്കില്‍ അവര്‍ക്ക്‌ തോന്നിയ രീതിയില്‍ കഥ മെനയും. അതാണ്‌ പലരുടെയും രീതി.

സിനിമാ നടിമാര്‍ക്കും അച്‌ഛനും അമ്മയും സഹോദരങ്ങളും കുടുംബവുമൊക്കെയുണ്ട്‌. അവരും സാധാരണക്കാര്‍ തന്നെയാണ്‌. സിനിമയില്‍ അഭിനയിക്കുക അവരുടെ ജോലിയുടെ ഭാഗമാണ്‌. നടിമാരോട്‌ എന്തുമാകാമെന്ന ധാരണ പൊതുവെയുണ്ട്‌. നടിമാരെയൊക്കെ പലപ്പോഴും കമന്റടിക്കാറുണ്ട്‌. എനിക്ക്‌ അത്തരം അനുഭവങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അഥവാ ഉണ്ടായാല്‍ എന്റെ ഭാഗത്താണ്‌ ന്യായമെങ്കില്‍ കമന്റടിക്കുന്നവന്റെ കരണത്ത്‌ ഞാനടിക്കും.


സ്‌ത്രീകള്‍ക്കെതിരെ വ്യാപകമായിക്കൊണ്ടിരിക്കുന്ന പീഡനങ്ങളെയും ആക്രമണങ്ങളെയും എങ്ങനെകാണുന്നു?

സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ മുന്‍പെങ്ങും ഇല്ലാത്ത വിധമാണ്‌ ഇപ്പോള്‍ പീഡനങ്ങളും ആക്രമണങ്ങളും ഉണ്ടാകുന്നത്‌.ഒന്നര വയസ്സും രണ്ടു വയസ്സുമുളള കുട്ടികളെവരെ ഇപ്പോള്‍ പീഡിപ്പിക്കുന്നുണ്ട്‌. ഇത്തരം കാപാലികരെ മൃഗങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ മൃഗങ്ങള്‍ക്കുപോലും അപമാനമാണ്‌.മാനസിക രോഗികളുടെ പട്ടികയില്‍ പെടുത്തിയാല്‍ മാനസിക രോഗികള്‍ക്കും അപമാനം തന്നെയാണ്‌.കൊടും ക്രൂരത കാണിക്കുന്ന ഇത്തരക്കാരെ എന്തുപേരിട്ടു വിളിക്കുമെന്നുപോലും എനിക്കറിയില്ല.


സ്‌ത്രീകള്‍ ഇത്തരം സംഭവങ്ങളോട്‌ എങ്ങനെ പ്രതികരിക്കണമെന്നാണ്‌ ഭാവനയുടെ അഭിപ്രായം?

സ്‌ത്രീകള്‍ ശക്‌തമായിത്തന്നെ പ്രതികരിക്കണമെന്നാണ്‌ വ്യക്‌തിപരമായ എന്റെ അഭിപ്രായം.ഏതെങ്കിലുമൊരുത്തന്‍ അനാവശ്യമായി നമ്മളെ തൊടാന്‍ ശ്രമിച്ചാല്‍ അവനെ അടിക്കണമെന്നാണ്‌ എന്റെ അഭിപ്രായം.അത്‌ സംബന്ധിച്ച്‌ എന്തെല്ലാം പ്രശ്‌നങ്ങളുണ്ടായാലും അതെല്ലാം വരുന്നിടത്തുവച്ച്‌ കാണണം.സ്‌ത്രീകള്‍ ഒരിക്കലും പേടിച്ച്‌ പിന്നോട്ട്‌ പോകരുത്‌.ഏത്‌ കൊലകൊമ്പനാണെങ്കിലും തോന്ന്യാസം കാണിച്ചാല്‍ പ്രതികരിക്കണം.ഞാന്‍ അക്കാര്യത്തില്‍ എന്നും മുന്നിലുണ്ടാകും.


വിവാഹത്തെച്ചൊല്ലി ഒരുപാട്‌ വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ?

ഞാനും അത്തരം വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ട്‌.പക്ഷേ പൊതുവെ എന്റെ വിവാഹത്തെക്കുറിച്ച്‌ വന്നിട്ടുളള വാര്‍ത്തകളൊ ന്നും ശരിയല്ല. ഓരോരുത്തരും ഓരോന്നും എഴുതുന്നു. അത്രമാത്രം. ഞാനെന്തായാലും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌.എന്നാണെന്ന്‌ ഇപ്പോള്‍ പറയാനാവില്ല.വിവാഹം രഹസ്യമായിട്ടൊന്നുമായിരിക്കില്ല.വിവാഹത്തിന്റെ സമയം അടുക്കുമ്പോള്‍ എല്ലാവരെയും അറിയിച്ചും ക്ഷണിച്ചും തന്നെയായിരിക്കും വിവാഹം. അതിനിടെ ഞാന്‍ ഒളിച്ചോടിയൊന്നും പോകില്ല.
(കടപ്പാട്- മംഗളം)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions