ഇന്റര്‍വ്യൂ

അധികാരസ്‌ഥാനങ്ങള്‍ പങ്കിടാനുള്ള സംവിധാനം മാത്രമാണ് ഗ്രൂപ്പ്‌- വി എം സുധീരന്‍

ഗ്രൂപ്പുകളിക്കാര്‍ക്ക് ഇടിത്തീയായാണ്‌ വി എം സുധീരന്‍ കെപിസിസി പ്രസിഡന്റ്‌ പദവിയിലെത്തുന്നത്. അതും ഹൈക്കമാന്റിന്റെ നേരിട്ടുള്ള ഇടപെടലില്‍. സുധീരന്റെ വരവ് സംസ്ഥാന കോണ്‍ഗ്രസില്‍ വലിയ മാറ്റം ഉണ്ടാക്കും എന്നാണു ഗ്രൂപ്പുകളിയില്‍ നട്ടം തിരിഞ്ഞ ഭൂരിപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരും വിശ്വസിക്കുന്നത്. മുഖ്യധാരാ പാര്‍ട്ടികളുടെ ഇന്നത്തെ പോക്കില്‍ മനംമടുത്താണ് ആം ആദ്‌മി പാര്‍ട്ടി പോലുള്ള ബദലുകള്‍ ഉയര്‍ന്നു വരുന്നതെന്ന് സുധീരന്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ രാഷ്ട്രീയ, ഭരണ രംഗത്തെ മൂല്യച്യുതിയെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കുന്നു.

പൊതുവേ രാഷ്‌ട്രീയത്തില്‍ ഉണ്ടെന്നു പറയപ്പെടുന്ന മൂല്യച്യുതി സഭകളില്‍ പ്രതിഫലിക്കുന്നതാണോ?

തീര്‍ച്ചയായും. സ്‌ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ രാഷ്‌ട്രീയ കക്ഷികള്‍ ഇന്നു വേണ്ടപോലെ ശ്രദ്ധിക്കുന്നില്ല. ജനപ്രതിനിധികള്‍ എന്ന പേരില്‍ സഭകളില്‍ എത്തുന്ന ക്രിമിനലുകളുടേയും കോടീശ്വരന്‍മാരുടേയും എണ്ണം കൂടി വരികയാണ്‌. പണ്ടൊക്കെ ജനങ്ങളുമായി ബന്ധമുള്ളവരായിരുന്നു നേതാക്കന്‍മാരായി ഉയര്‍ന്നു വരുന്നത്‌. അത്‌ സ്വാഭാവികമായി സംഭവിക്കുമായിരുന്നു. ഇന്നതുമാറി നേതാക്കന്‍മാരുമായിബന്ധവും നേതൃത്വത്തിലുളള പിടിപാടുമാണ്‌ ഒരാള്‍ ഉയര്‍ന്നു വരുന്നതിന്റെ മാനദണ്ഡം.അവര്‍ക്ക്‌ ജനങ്ങളുടെ വിശ്വാസമോ പ്രവര്‍ത്തകരുടെ പിന്തുണയോ ആവശ്യമില്ല. പുതിയ നേതാവിന്റെ പടമുള്ള ഫ്‌ളക്‌സ് ബോര്‍ഡ്‌ പ്രത്യക്ഷപ്പെടുമ്പോഴാണ്‌ നാട്ടുകാര്‍ പലപ്പോഴും അത്‌ ആരാണെന്നകാര്യം തിരക്കുക. നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ക്കും പൊതുജനങ്ങളെ ഇന്ന്‌ ആവശ്യമില്ല, കമ്മിറ്റികളിലെ ഭൂരിപക്ഷം മതി. എല്ലാ രാഷ്‌ട്രീയ കക്ഷികളിലും ഇതുതന്നെയാണ്‌ പൊതുവായ അവസ്‌ഥ.


ഈ അവസ്‌ഥയാണോ ആം ആദ്‌മി പാര്‍ട്ടി പോലുള്ള ബദലുകള്‍ ഉയര്‍ന്നു വരാന്‍ കാരണമാവുന്നത്‌?

ആം ആദ്‌മി ഇന്നു പറയുന്ന കാര്യങ്ങള്‍ പണ്ട്‌ കോണ്‍ഗ്രസും കമ്യൂണിസ്‌റ്റു പാര്‍ട്ടിയുമൊക്കെ ചെയ്‌തുകൊണ്ടിരുന്നതാണ്‌. അവര്‍ അതില്‍നിന്ന്‌ പിന്നാക്കം പോയതുകൊണ്ടാണ്‌ ആം ആദ്‌മി വന്നത്‌. മുഖ്യധാരാ പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ക്കുണ്ടായ മടുപ്പാണ്‌ 'ആം ആദ്‌മി' രൂപംകൊള്ളാന്‍ കാരണം. ജനങ്ങള്‍ ഒരു തിരുത്തല്‍ ആഗ്രഹിക്കുന്നുണ്ട്‌. രാഷ്‌ട്രീയ പാര്‍ട്ടികള്‍ സ്വയം ശുദ്ധീകരിക്കപ്പെടുകയും പരിഷ്‌കരിക്കപ്പെടുകയും വേണം. അല്ലാത്തപക്ഷം നിലനില്‍പ്പുതന്നെ അപകടത്തിലാവും. 'ആം ആദ്‌മി' രൂപീകരണം പോസിറ്റീവ്‌ സൂചനയായി എനിക്കു തോന്നുന്നു. പക്ഷേ അതിന്റെ ഭാവി എങ്ങനെ ആയിരിക്കും എന്നത്‌ കാത്തിരുന്നു കാണണം.


'ആം ആദ്‌മി' പരാജയമാവും എന്നാണോ കരുതുന്നത്‌?

എന്നല്ല. അധികാരംകിട്ടി അകത്തുചെല്ലുമ്പോള്‍ പുറത്തുനിന്നു പറയുന്നതുപോലെ കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. ജനാധിപത്യം എന്നത്‌ നിയമത്തിലും ഭരണഘടനയിലും അധിഷ്‌ഠിതമാണ്‌. ലിഖിതവും അലിഖിതവുമായ നിയമങ്ങളും കീഴ്‌വഴക്കങ്ങളും മര്യാദകളുമുണ്ട്‌. മുഖ്യമന്ത്രി സമരത്തിന്റെ ഭാഷയില്‍ സംസാരിക്കുന്നത്‌ ശരിയായി തോന്നുന്നില്ല. ശ്രദ്ധിച്ചില്ലെങ്കില്‍ പിന്‍തുണച്ചവര്‍തന്നെ അവരെ തള്ളിപ്പറയും. എന്തുകൊണ്ടാണ്‌ 'ആം ആദ്‌മി' ഉണ്ടായതെന്ന്‌ അവര്‍ക്ക്‌ ഓര്‍മവേണം. 'ആം ആദ്‌മി' യുടെ വരവ്‌ മറ്റു പാര്‍ട്ടികള്‍ക്ക്‌ ഒരു മുന്നറിയിപ്പാണ്‌.


വിഭാഗീയത എന്ന പ്രശ്‌നം പാര്‍ട്ടികളെ ബാധിച്ചിട്ടുണ്ടോ?

നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പരസ്‌പര ബന്ധത്തില്‍ ഇന്നു മാറ്റം വന്നിട്ടുണ്ട്‌. പണ്ട്‌ വൈകാരികമായുള്ള അടുപ്പവും കൂട്ടായ്‌മയും ഉണ്ടായിരുന്നു. ഇന്നു പലപ്പോഴും എതിര്‍ പാര്‍ട്ടിക്കാരല്ല മറിച്ച്‌ സ്വന്തം പാര്‍ട്ടിയിലെ മറുപക്ഷത്തിനെയാണ്‌ ശത്രുവായി പലരും കാണുന്നത്‌. ഏറ്റക്കുറച്ചില്‍ ഉണ്ടാവാമെങ്കിലും മുഖ്യധാരാ പാര്‍ട്ടികളില്‍ മിക്കവാറും ഇതാണ്‌ അവസ്‌ഥ. സ്വന്തം സഹപ്രവര്‍ത്തകരോടു നീതി കാണിക്കാനാവാത്തവര്‍ എങ്ങനെ ജനങ്ങളോടു നീതികാണിക്കും എന്ന ചോദ്യം ഉയരുന്നുണ്ട്‌. അതു നേതൃത്വം കേള്‍ക്കാതെ പോകരുത്‌.

വലിയ അഴിമതിക്കഥകളാണ്‌ ദിവസവും പാര്‍ട്ടികളോടും നേതാക്കന്‍മാരോടും ബന്ധപ്പെട്ട്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌?

നമ്മുടെ നാടിന്റെ സാമ്പത്തിക പശ്‌ചാത്തലം പഴയപോലെ അല്ല. വന്‍കിട കോര്‍പറേറ്റുകളാണ്‌ ഇന്നു കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്‌. അവര്‍ സര്‍ക്കാരുകളെ സ്വാധീനിക്കാന്‍ ശക്‌തമായി ശ്രമിക്കുന്നുണ്ട്‌. ഏതുവിധേനയും കാര്യം നടത്തി ലാഭമുണ്ടാക്കുക എന്നതാണ്‌ ലക്ഷ്യം. അവരുടെ ബജറ്റിന്റെ നല്ലൊരു ഭാഗം നീക്കിവച്ചിരിക്കുന്നത്‌ ഇങ്ങനെ വളഞ്ഞ വഴിയിലൂടെ കാര്യം സാധിക്കുന്നതിനാണ്‌. എത്ര പണമെറിഞ്ഞും കാര്യം നേടാന്‍ അവര്‍ തയ്യാറാണ്‌. നിര്‍ഭാഗ്യവശാല്‍ ചില ജനപ്രതിനിധികള്‍ അതില്‍ പെട്ടുപോവുന്നു. കേന്ദ്രത്തില്‍ മാത്രമല്ല സംസ്‌ഥാനങ്ങളിലും ഇതുതന്നെയാണ്‌ അവസ്‌ഥ.

രാഷ്‌ട്രീയത്തിലും വിരമിക്കല്‍പ്രായം വേണമെന്ന അഭിപ്രായത്തോടു യോജിക്കുന്നുണ്ടോ?

ഇപ്പോഴത്തെ രീതി അനുസരിച്ച്‌ രാഷ്‌ട്രീയത്തില്‍ എത്തി നേതൃനിരയിലേക്കു വന്നുകഴിഞ്ഞാല്‍ ജീവിതാവസാനംവരെ തുടരുന്നതാണ്‌ പതിവ്‌. അത്‌ ഒട്ടും ആരോഗ്യകരമല്ല. വിരമിക്കല്‍ പ്രായം എന്നത്‌ പ്രായോഗികമല്ല. ഓരോരുത്തരും സ്വയം തോന്നി ഔചിത്യപൂര്‍വം തീരുമാനിക്കുകയാണു വേണ്ടത്‌. രാഷ്‌ട്രീയത്തില്‍ അനുഭവസമ്പത്തുള്ളവരുടെ സേവനവും അനിവാര്യമാണ്‌. അത്തരം സാഹചര്യങ്ങളില്‍ മുതിര്‍ന്ന നേതാക്കളുടെ സേവനം ഉപയോഗപ്പെടുത്തുകയും വേണം.

കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ക്ക്‌ അതീതനായി നിലനില്‍ക്കാന്‍ എങ്ങനെ സാധിക്കുന്നു?

ഒരുകാലത്ത്‌ ഞാനും ഗ്രൂപ്പ്‌ രാഷ്‌ട്രീയത്തില്‍ സജീവമായിരുന്നു. പിന്നീട്‌ അതിലെ യുക്‌തിയില്ലായ്‌മ ബോധ്യപ്പെട്ട്‌ പിന്‍വാങ്ങിയതാണ്‌. ആശയപരമോ നയപരമോ പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയോ അല്ല ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം. കേവലം അധികാരസ്‌ഥാനങ്ങള്‍ പങ്കിടാനുള്ള ഒരു സംവിധാനം മാത്രമാണത്‌.

പലപ്പോഴും താങ്കളുടെ നടപടികള്‍ റിബല്‍ സ്വഭാവമുളളതായി മാറുന്നുണ്ടല്ലോ?

നേരേ ചൊവ്വേ കാര്യം പറയുന്നത്‌ എങ്ങനെ റിബല്‍ ആകും. കെ.എസ്‌.യു. പ്രസിഡന്റായിരുന്ന കാലംമുതലുളള ശൈലിയാണ്‌ ഞാനിന്നും പിന്‍തുടരുന്നത്‌. പലപ്പോഴും ചര്‍ച്ചചെയ്‌ത് ഒരുമിച്ചെടുത്ത തീരുമാനങ്ങള്‍ മറ്റുള്ളവര്‍ പിന്‍വാങ്ങിയതുകൊണ്ട്‌ എനിക്ക്‌ ഒറ്റയ്‌ക്കു പറയേണ്ടി വന്നിട്ടുണ്ട്‌. അത്‌ ഒരുപാടുപേരുടെ വിരോധം സമ്പാദിക്കാന്‍ കാരണമായിട്ടുണ്ട്‌. പലകാര്യങ്ങളിലും ആദ്യം എതിര്‍പ്പു പ്രകടിപ്പിച്ചവര്‍തന്നെ പിന്നീട്‌ എന്റെ നിലപാട്‌ അംഗീകരിച്ചിട്ടുണ്ട്‌. ആരെയെങ്കിലും ചീത്തയാക്കാനായി ഞാന്‍ പ്രതികരിക്കാറില്ല. പരസ്യമായി ഒരു വിഷയത്തില്‍ പ്രതികരിക്കുംമുമ്പ്‌ ബന്ധപ്പെട്ടവരുമായി ആശയ വിനിമയം നടത്തിയിരിക്കും. പിന്നീട്‌ പരിഹാരത്തിനുവേണ്ടി കാത്തിരിക്കും. നടപടി ഉണ്ടാവുന്നില്ല എന്നു ബോധ്യപ്പെട്ടാലാണ്‌ പരസ്യമായി പ്രശ്‌നം ഉന്നയിക്കുക. മാറിമാറിവരുന്ന സര്‍ക്കാരുകളോടെല്ലാം എന്റെ ശൈലി ഇതുതന്നെ ആയിരുന്നു. അങ്ങനെ നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ ആശയവിനിമയങ്ങള്‍ നിരന്തരം നടത്തുന്നുണ്ട്‌. അതൊന്നും പുറത്തറിയിക്കാറില്ല. പരിഹാരം ലഭ്യമാകുന്നില്ല എന്നുകാണുമ്പോള്‍ മാത്രമാണ്‌ ഞാനത്‌ പരസ്യമായി ഉന്നയിക്കുന്നത്‌.

വികസന പദ്ധതികളുടെ കാര്യത്തില്‍ അങ്ങയുടെ പൊതുനിലപാട്‌ എന്താണ്‌?

ഞാന്‍ ഒരിക്കലും വികസന വിരുദ്ധനല്ല. പരിസ്‌ഥിതി മൗലികവാദിയുമല്ല. വികസനം ജനങ്ങള്‍ക്കുവേണ്ടിയാവണം എന്നതാണ്‌ എന്റെ നിലപാട്‌. വരും തലമുറകള്‍ക്കായി പരിസ്‌ഥിതി സംരക്ഷിക്കപ്പെടണം.ജനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പദ്ധതികള്‍വേണം നടപ്പിലാക്കേണ്ടത്‌. ഇപ്പോള്‍ വലിയ വ്യവസായ ഗ്രൂപ്പുകളാണ്‌ പദ്ധതികള്‍ നിര്‍ദ്ദേശിക്കുന്നത്‌. അതുമാറണം. പദ്ധതികള്‍ക്ക്‌ അംഗീകാരംനല്‍കും മുമ്പ്‌ പാരിസ്‌ഥിതിക ആഘാത പഠനം നടത്തുകയും നിയമ സാധുത പരിശോധിക്കുകയുംവേണം. പദ്ധതിയുമായി ബന്ധപ്പെട്ടു കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസവും പദ്ധതി ചെലവിന്റെ ഭാഗമാക്കണം.

പല ജനകീയ പ്രശ്‌നങ്ങളിലും താങ്കളുടെയും വി.എസ്‌. അച്യുതാനന്ദന്റെയും നിലപാടുകളില്‍ സമാനതകള്‍ ഉണ്ടല്ലോ?

വി.എസിന്‌ അദ്ദേഹത്തിന്റേതായ നിലപാടുകള്‍ ഉണ്ട്‌. എനിക്ക്‌ എന്റേതായ നിലപാടുകളും. വി.എസ്‌. പല കാര്യങ്ങളിലും ജനപക്ഷ നിലപാടാണ്‌ സ്വീകരിക്കുന്നത്‌. എന്നുവച്ചിട്ട്‌ അദ്ദേഹം ചെയ്യുന്ന എല്ലാക്കാര്യങ്ങളിലും ഞാന്‍ യോജിക്കുന്നില്ല. അനിവാര്യമായ പഠനം നടത്താതെ ആറന്‍മുള വിമാനത്താവളത്തിന്‌ തത്വത്തില്‍ അനുമതികൊടുത്തത്‌ അദ്ദേഹത്തിന്റെ സര്‍ക്കാരാണ്‌. അതു തെറ്റായ നടപടി ആയിരുന്നു. ഇപ്പോഴത്തെ സര്‍ക്കാര്‍ ന്യായീകരണം നടത്തുന്നത്‌ അതു ചൂണ്ടിക്കാട്ടിയാണ്‌.


ടി.പി. വധക്കേസ്‌ അന്വേഷണം ഉള്‍പ്പെടെ പല കാര്യങ്ങളിലും ഭരണ പ്രതിപക്ഷ ഒത്തുകളി ഉള്ളതായി ആരോപിക്കപ്പെടുന്നുണ്ടല്ലോ?

ടി.പി. കേസില്‍ ഒത്തുകളി നടന്നോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. പല കാര്യങ്ങളിലും ഒത്തുകളികള്‍ നടക്കുന്നു എന്നു ജനങ്ങള്‍ സംശയിക്കുന്നുണ്ട്‌. അതില്‍ തെറ്റുപറയാനാവില്ല. മലബാര്‍ സിമന്റ്‌സ് അഴിമതിയും അതുമായി ബന്ധപ്പെട്ടുള്ള സംഭവ വികാസങ്ങളും അത്തരത്തില്‍ ഉള്ളതാണ്‌. സ്വന്തം മക്കളെ കെട്ടിത്തൂക്കി കൊന്നിട്ട്‌ ശശീന്ദ്രന്‍ ആത്മഹത്യ ചെയ്യുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. ഏതു പാര്‍ട്ടി ഭരിച്ചാലും അഴിമതിനടത്തുന്നത്‌ മിക്കവാറും ഒരേ ആളുകളൊക്കെത്തന്നെ ആയിരിക്കും. അവര്‍ക്ക്‌ എല്ലാ മുന്നണികളിലും സ്വാധീനവുമുണ്ടാവും. അതാണ്‌ കാതലായ പ്രശ്‌നം.


കെപിസിസി പ്രസിഡന്റ സ്‌ഥാനത്തെക്കുറിച്ച്‌?

പാര്‍ട്ടി നേതൃത്വം ഏല്‍പ്പിക്കുന്ന ചുമതലകള്‍ ഏറ്റെടുക്കാന്‍ ബാധ്യസ്‌ഥനാണ്‌. ഇത്തവണത്തെ ഒരു പ്രത്യേകത ഗ്രൂപ്പുകള്‍ക്ക്‌ അതീതമായി വലിയൊരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും ഞാന്‍ ആ ചുമതല ഏറ്റെടുക്കണമെന്ന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. സാധാരണക്കാര്‍ക്കിടയിലും അങ്ങനെയൊരു അഭിപ്രായമുള്ളതായാണ്‌ മനസിലാക്കാന്‍ കഴിഞ്ഞത്‌. ഇതുപോലുള്ള സ്‌ഥാനങ്ങള്‍ ഏറ്റെടുക്കാതെ ഒഴിഞ്ഞുമാറുന്നു എന്ന്‌ പല അഭ്യൂദയകാംഷികളും വിമര്‍ശിക്കാറുണ്ടായിരുന്നു. അതുകൊണ്ടുകൂടിയാണ്‌ പ്രസിഡന്റ സ്‌ഥാനം ഏറ്റെടുക്കാം എന്നു തീരുമാനിച്ചത്‌.

(കടപ്പാട്-മംഗളം)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions