ഇന്റര്‍വ്യൂ

എന്നും എന്റെ രക്‌തത്തില്‍ സി.പി.എമ്മുണ്ട്‌- ഗൗരിയമ്മ

20 വര്‍ഷത്തിനുശേഷം ഗൗരിയമ്മ ഇടതു പാളയത്തില്‍ തിരിച്ചെത്തിയിരിക്കുന്നു. സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട അവര്‍ തിരികെ പാര്‍ട്ടിയില്‍ ചേരാന്‍ തയാറായിട്ടില്ല. എങ്കിലും യുഡിഎഫിനെതിരെ ആഞ്ഞടിച്ചു ഗൗരിയമ്മ രംഗത്തുണ്ട്. ജനാധിപത്യ സംരക്ഷണ സമിതി ഇടതു മുന്നണി ഘടകകക്ഷി ആകുമെന്ന് ഉറപപായിയിക്കഴിഞ്ഞു. തന്റെ രാഷ്ട്രീയ നിലപാടുകള്‍ അവര്‍ വ്യക്തമാക്കുന്നു.


ജെ.എസ്‌.എസിന്റെ എല്‍.ഡി.എഫ്‌ പ്രവേശനത്തെപ്പറ്റി?

ജെ.എസ്‌.എസിനെ ഘടക കക്ഷിയാക്കണമെന്നാവശ്യപ്പെട്ട്‌ എല്‍.ഡി.എഫിന്‌ കത്ത്‌ നല്‍കിയിരിക്കുകയാണല്ലോ? വൈക്കം വിശ്വന്‍ ഫോണില്‍ വിളിച്ചിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പല്ലേ. ചര്‍ച്ചകളൊന്നുമില്ല. തെരഞ്ഞെടുപ്പ്‌ കഴിയുമ്പോള്‍ തീരുമാനമുണ്ടായേക്കും. കൂടുതലൊന്നും അറിയില്ല. ഇടതു സ്‌ഥാനാര്‍ഥികളുടെ വിജയത്തിനായി നമ്മള്‍ പ്രവര്‍ത്തനം തുടങ്ങി.


ജെ.എസ്‌.എസിനു പിന്നാലെ യു.ഡി.എഫ്‌ വിട്ട സി.എം.പിയുടെ അരവിന്ദാക്ഷന്‍ വിഭാഗവുമായി സഹകരിക്കുമോ?
അത്തരം ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. മുമ്പ്‌ അരവിന്ദാക്ഷന്‍ ജെ.എസ്‌.എസിനൊപ്പം വരാന്‍ താല്‍പര്യം അറിയിച്ചു വന്നതാണ്‌. പിന്നീടയാള്‍ യു.ഡി.എഫില്‍ തുടര്‍ന്നു. കഴിഞ്ഞദിവസം ഇവിടെ വന്നിരുന്നു. സമ്മേളനത്തിലേക്ക്‌ ക്ഷണിക്കാന്‍. രാഷ്‌ട്രീയമൊന്നും സംസാരിച്ചില്ല.


സി.പി.എമ്മില്‍ നിന്ന്‌ പുറത്താക്കിയപ്പോള്‍ നടത്തിയ പ്രതികരണങ്ങളില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുന്നുണ്ടോ?
എന്തിന്‌ കുറ്റബോധം. ഞാന്‍ അന്ന്‌ ചെയ്‌ത തെറ്റ്‌ എന്താണെന്ന്‌ ഇന്നും ബോധ്യമായിട്ടില്ല. ആദര്‍ശത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ പ്രതികരിച്ചതൊക്കെയും. രൂപീകരിച്ച സംഘടനയ്‌ക്ക്‌ ജനാധിപത്യ സംരക്ഷണ സമിതിയെന്നാണ്‌ പേരിട്ടത്‌. അതുകൊണ്ട്‌ കുറ്റബോധത്തിന്റെ ആവശ്യമില്ല.


രാഷ്‌ട്രീയ അഭയം തന്ന യു.ഡി.എഫിനെ വഞ്ചിച്ചെന്ന ആക്ഷേപത്തെക്കുറിച്ച്‌?
ജെ.എസ്‌.എസിനെക്കൊണ്ട്‌ യു.ഡി.എഫിന്‌ നേട്ടങ്ങളുണ്ടായിട്ടുണ്ട്‌. എന്നാല്‍ പാര്‍ട്ടി ഏറെ അവഗണന അനുഭവിച്ചു. അതൊരു അനൈക്യ മുന്നണിയാണ്‌. മാണിയോടും കുഞ്ഞാലിക്കുട്ടിയോടും മാത്രമാണ്‌ കോണ്‍ഗ്രസിനു വിധേയത്വം. ഞാന്‍ ആദ്യം പ്രവര്‍ത്തിച്ചത്‌ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയിലാണ്‌. സര്‍ സി.പിയുടെ കാലത്ത്‌ എറണാകുളത്ത്‌ കോളജില്‍ പഠിക്കുമ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം എ.കെ.ജിയുടെ പ്രസംഗം കേള്‍ക്കാന്‍ പോയിട്ടുണ്ട്‌. എന്നും എന്റെ രക്‌തത്തില്‍ സി.പി.എമ്മുണ്ട്‌.


കമ്യൂണിസ്‌റ്റ്‌ പാരമ്പര്യമുള്ള ആര്‍.എസ്‌.പി ഇപ്പോള്‍ യു.ഡി.എഫിലേക്ക്‌ പോയല്ലോ?
ആദര്‍ശത്തിന്റെ പേരിലുള്ള തര്‍ക്കമല്ലല്ലോ ആര്‍.എസ്‌.പി മുന്നണി വിടാന്‍ കാരണം. അത്‌ വെറും സീറ്റിനുവേണ്ടിയുള്ള വഴക്കായിരുന്നു. കൊല്ലത്ത്‌ ആര്‍.എസ്‌.പിക്ക്‌ കുറെയൊക്കെ സ്വാധീനമുണ്ട്‌. എന്നാല്‍ കമ്യൂണിസ്‌റ്റുകാരുടെ കൈവശം ഇരുന്ന സീറ്റിനുവേണ്ടിയുള്ള പിടിവാശിയാണ്‌ അവരെ യു.ഡി.എഫില്‍ എത്തിച്ചത്‌.


വയലാര്‍ രവിയുടെ വിരോധം?
വയലാര്‍ രവി രാജ്യസഭയിലേക്കു മത്സരിച്ചപ്പോള്‍ ജെ.എസ്‌.എസിന്റെ സഹായം അഭ്യര്‍ഥിച്ചു. സഹായിക്കുകയും ചെയ്‌തു. ചെറിയ ഭൂരിപക്ഷത്തിന്‌ ജയിച്ചുകയറി. അതേ രവിയാണ്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്നെയും പാര്‍ട്ടി സ്‌ഥാനാര്‍ഥികളെയും തോല്‍പിക്കാന്‍ പ്രവര്‍ത്തിച്ചത്‌. രവിയുടെ ആളായ രാജേന്ദ്രപ്രസാദിനെ മുന്നണിയുടെ അന്വേഷണ കമ്മിഷന്‍ കുറ്റക്കാരനായി കണ്ടതുമാണ്‌.


സുധീരനെക്കുറിച്ച്‌?

അഴിമതിയില്ലാത്ത രാഷ്‌ട്രീയക്കാരനാണ്‌. സ്വന്തമായി പണം ഉണ്ടാക്കണമെന്നില്ല. പക്ഷേ അതൊന്നും ആ പാര്‍ട്ടിയില്‍ ഏശില്ല.


വെള്ളാപ്പള്ളി നടേശന്‍?

ചേര്‍ത്തലയില്‍ എന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവരില്‍ മറ്റൊരാള്‍. അവിടെ രാജന്‍ബാബുവിനെ സ്‌ഥാനാര്‍ഥിയാക്കാനായിരുന്നു നടേശന്‌ താല്‍പര്യം. പക്ഷേ പാര്‍ട്ടി അണികള്‍ സമ്മതിച്ചില്ല. എനിക്കു സ്‌ഥാനാര്‍ഥിയാകാന്‍ താല്‍പര്യമില്ലായിരുന്നു. പ്രായപൂര്‍ത്തി വോട്ടവകാശം വന്നതുമുതല്‍ എത്ര തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. എന്നാല്‍ പലരും സ്‌ഥാനാര്‍ഥി മോഹവുമായി വന്നതോടെ അണികള്‍ നിര്‍ബന്ധിച്ചു. അങ്ങനെയാണ്‌ കഴിഞ്ഞ രണ്ട്‌ നിയമസഭാ തെരഞ്ഞെടുപ്പുകളിലും മത്സരിക്കാന്‍ സമ്മതം മൂളിയത്‌.

(കടപ്പാട്-മംഗളം)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions