തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ മുന്നേറ്റം ഉണ്ടാക്കുമെന്ന് ആവര്‍ത്തിക്കുകയാണ് സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇടതുമുന്നണിയുടെ പ്രചാരണത്തിന്റെ അമരക്കാരനായി എതിരാളികള്‍ക്ക് മേല്‍ കടന്നാക്രമണം നടത്തിതന്നെയാണ് പിണറായിയുടെ ഓരോ നീക്കവും. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്ശേഷം ഭരണമാറ്റം ഉണ്ടാകുമെന്ന് തന്നെ പിണറായി വ്യക്തമാക്കുന്നു.
എല്‍.ഡി.എഫിന്റെ വിജയ സാധ്യത?
ഈ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി വലിയ മുന്നേറ്റമുണ്ടാക്കും. എല്‍.ഡി.എഫ്. അനുകൂല തരംഗമാണ് കേരളത്തിലങ്ങോളമിങ്ങോളം. ഇതിനുള്ള പ്രധാന കാരണം കേന്ദ്ര, കേരള സര്‍ക്കാരുകളോടുള്ള ജനങ്ങളുടെ അമര്‍ഷമാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരുകള്‍ ജനങ്ങളെ പാപ്പരാക്കി. ഇതിനെതിരായ പ്രതികരണം തെരഞ്ഞെടുപ്പിലുണ്ടാകും. കേരളത്തില്‍ ഒരു സീറ്റില്‍ നിന്നു പോലും കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിയില്ല.
എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള പ്രചാരണം എല്‍.ഡി.എഫിനു ക്ഷീണമാകില്ലേ?
ആന്റണി പറയുന്നത് താന്‍ 20 മണ്ഡലത്തിലും പോയി പ്രചാരണം നടത്തിയെന്നാണ്. കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമനാണദ്ദേഹം. മറ്റൊരിടത്തും പോകാന്‍ കഴിയാത്തതിനാലാണ് ആന്റണി കേരളത്തിലെ 20 മണ്ഡലങ്ങളിലും കറങ്ങി നടക്കുന്നത്. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ അത്രമാത്രം ഒറ്റപ്പെട്ടുവെന്നാണ് ഇത് വ്യക്‌തമാക്കുന്നത്. വന്‍ തകര്‍ച്ചയാണ് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിടാന്‍ പോകുന്നത്. കോണ്‍ഗ്രസിന്റെ എം.പിമാരും എം.എല്‍.എമാരുമാണ് രാജിവച്ച് ഇപ്പോള്‍ ബി.ജെ.പിയില്‍ ചേരുന്നത്. എങ്ങനെ ഇത്തരമൊരു തകര്‍ച്ച കോണ്‍ഗ്രസിനു സംഭവിച്ചു. ഉത്തര്‍പ്രദേശില്‍ 15 ബി.ജെ.പി. സ്‌ഥാനാര്‍ഥികള്‍ കോണ്‍ഗ്രസുകാരാണ്. ഒരിടത്ത് കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിത്വം അംഗീകരിച്ചയാളും മറ്റൊരിടത്ത് കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയുമാണ് രാജിവച്ച് ബി.ജെ.പി സ്‌ഥാനാര്‍ഥിയായത്. ഒരിടത്ത് കോണ്‍ഗ്രസിനു സ്‌ഥാനാര്‍ഥിയില്ലെന്നതാണ് ഏറെ തമാശ. ദേശീയ നേതാക്കള്‍ കേരളത്തിലെത്തി യു.ഡി.എഫിനു വേണ്ടി പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ അതില്‍ ആരെങ്കിലും യു.പി.എയുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയോ? അഴിമതിയാണ് യു.പി.എ. സര്‍ക്കാരിന്റെ മുഖമുദ്ര തന്നെ.
ആര്‍.എസ്.പിയുടെ മുന്നണി മാറ്റം ഉള്‍പ്പെടെ തെരഞ്ഞെടുപ്പിനെ ബാധിച്ചോ?
പ്രചാരണത്തില്‍ എല്‍.ഡി.എഫ്.ഏറെ മുന്നിലാണ്. ആര്‍.എസ്.പി. മുന്നണി വിട്ടതെല്ലാം ഒരു കച്ചവടത്തിന്റെ ഭാഗമായിരുന്നു. ഏതാനും നേതാക്കളുടെ വഞ്ചന ആര്‍.എസ്.പി. അണികളുടെ മനംമാറ്റമായി കാണേണ്ടതില്ല. ആ പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വം വ്യക്‌തമാക്കിയതും അതാണ്. ആര്‍.എസ്.പിയുടെ ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്‍ കത്തു നല്‍കിയതുകൊണ്ടാണ് കൊല്ലത്ത് മത്സരിക്കാന്‍ പാര്‍ട്ടി ചിഹ്‌നം പ്രേമചന്ദ്രന് കിട്ടിയത്. ആര്‍.എസ്.പി. കേരളത്തില്‍ കൈകൊണ്ട നിലപാടിനെതിരെ ബംഗാള്‍ ഘടകത്തിലൊക്കെ ശക്‌തമായ പ്രതിഷേധമുണ്ട്. എന്തായാലും ആര്‍.എസ്.പി. എന്ന പേരില്‍ ആ പാര്‍ട്ടിക്ക് ഇനി കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല.
പ്രേമചന്ദ്രനെതിരായ പരാമര്‍ശമുണ്ടാക്കിയ വിവാദം?
ഞാന്‍ ബോധപൂര്‍വ്വം നടത്തിയതാണ് ആ പരാമര്‍ശം. എന്നാല്‍ പ്രേമചന്ദ്രനെ പേരെടുത്തു പറഞ്ഞല്ല, പരനാറിയെന്ന പരാമര്‍ശം നടത്തിയത്. അത് പൊതുസമൂഹം പ്രേമചന്ദ്രന് ചാര്‍ത്തിക്കൊടുത്തതാണ്. അത് അദ്ദേഹം അര്‍ഹിക്കുന്നതുകൊണ്ടാകാം. അതിനു മാധ്യമങ്ങോടു നന്ദിയുണ്ട്.
എന്നാല്‍ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പാണ് സി.എം.പിയും ജെ.എസ്.എസും ഇടതുപക്ഷത്ത് എത്തിയത്?
ആര്‍.എസ്.പി. യു.ഡി.എഫിലെത്തിയതുപോലെയല്ല, സി.എം.പിയും ജെ.എസ്.എസും ഇടതുപക്ഷത്ത് വന്നത്. അതത് പാര്‍ട്ടികള്‍ യോഗം ചേര്‍ന്ന് എടുത്ത രാഷ്‌ട്രീയ തീരുമാനത്തിന്റെ ഭാഗമായിരുന്നു ഈ മുന്നണി മാറ്റം. ഈ കക്ഷികളൊക്കെ മുന്നണി വിടുന്നതു സംബന്ധിച്ചു യു.ഡി.എഫില്‍ തന്നെ ചര്‍ച്ചയുണ്ടായി. മധ്യസ്‌ഥ ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ ആര്‍.എസ്.പിയുടെ ഇറങ്ങിപ്പോക്ക് അങ്ങനെയല്ല.
കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിനെചൊല്ലിയുള്ള വിവാദങ്ങള്‍ തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും?
ഞങ്ങള്‍ കര്‍ഷകര്‍ക്കൊപ്പമാണ്. ഇക്കാര്യം മലയോര കര്‍ഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വന്തം ഭൂമി നഷ്‌ടപ്പെടുമോയെന്ന അവരുടെ ആശങ്ക കാണാതിരിക്കാനാകുമോ. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നിലപാട് എന്താണ്. ഉമ്മന്‍ചാണ്ടി നട്ടാല്‍ മുളയ്‌ക്കാത്ത കള്ളമല്ലേ പറഞ്ഞു നടക്കുന്നത്. ഇത് തിരിച്ചറിഞ്ഞ കര്‍ഷകര്‍ ഞങ്ങള്‍ക്കു പിന്നിലുണ്ട്. കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടും മാധവ് ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടും പ്രായോഗികമല്ല. മണ്ണിനും മനുഷ്യനും സംരക്ഷണം നല്‍കുന്ന പദ്ധതിയാണ് സി.പി.എം. മുന്നോട്ടുവയ്‌ക്കുന്നത്. പരിസ്‌ഥിതി സംരക്ഷണത്തിനു വ്യക്‌തമായ നിലപാടും പാര്‍ട്ടിക്കുണ്ട്.
ആര്‍.എം.പി എങ്ങനെ സ്വാധീനിക്കും?
ആര്‍.എം.പിയെ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ മെച്ചമുണ്ടാക്കാമെന്ന പ്രതീക്ഷ യു.ഡി.എഫിനുണ്ടായിരുന്നു. എന്നാല്‍ അത് ചീറ്റിപോയി. ഇത്തരം ആരോപണങ്ങളെല്ലാം ചീറ്റിപ്പോകാന്‍ കാരണം അവര്‍ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതു കൊണ്ടാണ്. അപവാദങ്ങള്‍ക്കു നിലനില്‍പ്പില്ല. കൃത്യമായ കാര്യങ്ങള്‍ പറയൂവെന്നു പറഞ്ഞാല്‍ മറുപടിയില്ല. പാര്‍ട്ടിക്കെതിരെ പ്രചരിപ്പിച്ചതെല്ലാം അപവാദമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.
തെരഞ്ഞെടുപ്പിനു ശേഷം കേരളത്തില്‍ ഭരണമാറ്റമുണ്ടാകുമെന്ന് കരുതുന്നുണ്ടോ?
രാഷ്‌ട്രീയ ഉപജാപക നീക്കത്തിലൂടെ സര്‍ക്കാരിനെ മാറ്റാനില്ലെന്ന് ആദ്യമേ ഞങ്ങള്‍ വ്യക്‌തമാക്കിയതാണ്. എന്നാല്‍ ഈ തെരഞ്ഞെടുപ്പിലെ ജനാഭിപ്രായം യു.ഡി.എഫ്. സര്‍ക്കാരിന് എതിരായിരിക്കും. ഇത് സ്വാഭാവികമായും ജനങ്ങളുടെ പ്രതിഷേധമായിരിക്കും. യു.ഡി.എഫിനുള്ളില്‍ കക്ഷികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതിടയാക്കും.. ഞങ്ങള്‍ കാലുമാറ്റത്തിനൊന്നുമില്ല. എന്നാല്‍ ഇതുവരെ അധികാരത്തില്‍ കടിച്ചുതൂങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് തെരഞ്ഞെടുപ്പിനു ശേഷം അങ്ങനെ തുടരാനാകില്ല.
(കടപ്പാട്- മംഗളം)