രാഷ്ട്രീയ കൊലക്കത്തിയ്ക്ക് ഇരയായ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ ടി.പിയുടെകൊലയാളികളെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാന്‍ നടത്തിയ പോരാട്ടം കേരളമൊന്നാകെ ചര്‍ച്ച ചെയ്തതാണ്. ടി.പി. നേതൃത്വം കൊടുത്ത ആര്‍.എം.പിയെ മുന്നോട്ടു നയിക്കുന്നത് ഇപ്പോള്‍ രമയാണ്. ടി.പിയുടെ കൊലയെക്കുറിച്ചും അതില്‍ സിപിഎം നേതാക്കള്‍ക്കുള്ള പങ്കിനെക്കുറിച്ചും അടിവരയിട്ടു പറയുകയാണ് രമ.
സ്വന്തം പാര്‍ട്ടിയെപ്പോലും പ്രതിക്കൂട്ടിലാക്കി ആര്‍.എം.പിയേയും, രമയേയും പിന്തുണച്ചിരുന്ന വി.എസിന്റെ പെട്ടെന്നുള്ള നിലപാട് മാറ്റത്തെക്കുറിച്ചെന്താണ് പറയുവാനുള്ളത്?
തിരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിയുടെ സമ്മര്‍ദ്ദംകൊണ്ടാണ് വി.എസ്. നിലപാടില്‍ മറ്റം വരുത്തിയത്. അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ മാറ്റം ഞങ്ങളെ ഞെട്ടിച്ചു. ടി.പി. വധക്കേസില്‍ പ്രത്യേകനിലപാട് സ്വീകരിച്ചുകൊണ്ട് എല്ലാ വെല്ലുവിളികളെയും അതിജീവിച്ചു മുന്നോട്ടുപോയ ആളാണ് വി.എസ്. അദ്ദേഹത്തിന് നടന്ന സംഭവങ്ങളെക്കുറിച്ച് കൃത്യമായി അറിയാം. പാര്‍ട്ടിയെ രക്ഷിക്കാന്‍വേണ്ടി സ്വന്തം മനസ്സാക്ഷിക്കുനിരക്കാത്ത നിലപാടാണ് വി.എസിന്റെ ഭാഗത്തുനിന്നുണ്ടായത്. കൊലപാതകം വ്യക്‌തിപരമാണെന്ന പാര്‍ട്ടിയുടെ നിലപാട് വി.എസ്. അംഗീകരിച്ചുവെന്നു പറഞ്ഞാല്‍ യോജിക്കാനാവില്ല. ടി.പി. വധം പ്രാദേശികവിഷയം മാത്രമാണെങ്കില്‍ ഇത്രയുംനാള്‍ എന്തിനാണ് അതിനെതിരെ വി.എസ്. പാര്‍ട്ടിക്കുള്ളില്‍ പോരാട്ടം നടത്തിയത്?വി.എസ്. പലപ്രാവശ്യം അഭിപ്രായം മാറ്റിപ്പറഞ്ഞ അനുഭവങ്ങള്‍ മുന്‍പിലുള്ളതുകൊണ്ട് ഇപ്പോള്‍ പറഞ്ഞ അഭിപ്രായവും മാറ്റി പറയുമെന്ന പ്രതീക്ഷയാണുള്ളത്.
ടി.പി. വധത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണമെന്താണ്?
ചന്ദ്രേട്ടന്‍ ആര്‍.എം.പി. പോലെയൊരു രാഷ്‌ട്രീയപ്പാര്‍ട്ടി ഉണ്ടാക്കിയതും ആയിരക്കണക്കിനാളുകള്‍ പാര്‍ട്ടിയില്‍ അണിചേര്‍ന്നതും കാരണമായിരുന്നു. സി.പി.എമ്മിന് എതിരെയല്ല മറിച്ച് നേതൃത്വം പാര്‍ട്ടിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നതിനെതിരെ രഹസ്യമായി നിലപാടെടുത്തുകൊണ്ടാണ് ഞങ്ങള്‍ മുന്നോട്ടുപോയത്. അത് ആളുകളോട് തുറന്നുപറഞ്ഞിരുന്നു. അതിന്റെ സ്വീകാര്യത ജനങ്ങളില്‍ നിന്ന് കിട്ടിയതാണ് നേതാക്കന്‍മാരെ പേടിപ്പിച്ചത്. ആ രീതിയില്‍ തുടര്‍ന്നുപോയാല്‍ തങ്ങള്‍ക്കു പ്രശ്‌നമാകും എന്നറിഞ്ഞുകൊണ്ടു തന്നെയാണ് അവര്‍ കൊലപാതകം ആസൂത്രണം ചെയ്‌തത്.
സി.പി.എം നേതൃത്വം എന്നു പറയുമ്പോള്‍ ആര്‍ക്കൊക്കെയാണ് കൊലയ്‌ക്കു പിന്നില്‍ യഥാര്‍ത്ഥത്തില്‍ പങ്ക്?
സി.പി.എമ്മിന്റെ ഉന്നതനേതൃത്വത്തിന് കൊലയ്‌ക്കു പിന്നില്‍ പങ്കുണ്ടെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. കൊല നടന്നതിന്റെ പിറ്റേദിവസം മുതല്‍ പിണറായിവിജയന്റെ പ്രസ്‌താവനകളെല്ലാം നേരിട്ടദ്ദേഹത്തിന് കൊലപാതകവുമായി ബന്ധമുണ്ടെന്ന് വെളിവാക്കുന്നതാണ്. കോടിയേരി ബാലകൃഷ്‌ണന്റെ ജയില്‍ സന്ദര്‍ശനവും, നേരിട്ട് കേസില്‍ ഇടപെടുന്നതുമൊക്കെ അതിന് തെളിവാണ്. ഇവരുടെയൊക്കെ പേരുകള്‍ ഉയര്‍ന്നുവരാന്‍ കാരണം ഇത്തരം സംശയാസ്‌പദമായ പ്രവര്‍ത്തനങ്ങളാണ്. കൊലപാതകത്തില്‍ പങ്കാളിത്തമുള്ള നേതാക്കന്‍മാരാണ് വെപ്രാളപ്പെട്ടു നടക്കുന്നത്. മറ്റു നേതാക്കന്‍മാര്‍ അങ്ങനെ ചെയ്യുന്നില്ല. അവരാണ് കൊലയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് വളരെ വ്യക്‌തമാണ്. അതിലൊരു തര്‍ക്കവുമില്ല.
ഊഹാപോഹങ്ങള്‍ക്കപ്പുറം വ്യക്‌തമായ തെളിവുകളുണ്ടോ?
ഗൂഢാലോചന സംബന്ധിച്ച കാര്യം വ്യക്‌തമായി നമുക്ക് തെളിയിക്കാന്‍ കഴിയും. രണ്ടു ജില്ലകളിലെ ആളുകളെക്കൊണ്ട് ഇങ്ങനെയൊരു കൊല ആസൂത്രണം ചെയ്യണമെങ്കില്‍ സംസ്‌ഥാന നേതൃത്വത്തിന്റെ അറിവുവേണം. അത് പാര്‍ട്ടി സംവിധാനം അറിയുന്ന ഏതൊരാള്‍ക്കും വ്യക്‌തമായിട്ടറിയാം. അതൊന്നും ഊഹമല്ല. സത്യമാണ്. അത് ഉറപ്പിക്കുന്ന പ്രസ്‌താവനയാണ് കൊലയ്‌ക്കുശേഷം ഈ നേതാക്കന്‍മാര്‍ നടത്തിയത്. അപ്പോള്‍ തീര്‍ച്ചയായും ഇവര്‍ക്ക് പങ്കുണ്ടെന്ന് ഉറപ്പിക്കാം.
കൊലപാതകത്തിന് മുന്‍പ് ഭാര്യയെന്ന നിലയില്‍ എന്തെങ്കിലും സൂചനകള്‍ കിട്ടിയിരുന്നോ?
സൂചനകള്‍ കിട്ടിയിരുന്നു. ഒന്നുരണ്ട് പ്രാവശ്യം മര്‍ഡര്‍ അറ്റംപ്‌റ്റ് നടന്നിട്ടുണ്ട്. അത് മാത്രമല്ല എന്തോ സംഭവിക്കും എന്നുള്ള സൂചന ചന്ദ്രേട്ടന് കിട്ടിയിരുന്നു. എന്തു സംഭവിച്ചാലും പിടിച്ചുനില്‍ക്കണമെന്നൊക്കെ പലപ്പോഴും എന്നോടു പറഞ്ഞിട്ടുണ്ട്.
അന്നത്തെ ദിവസം അസ്വഭാവികമായിട്ടെന്തെങ്കിലും ഉണ്ടായിരുന്നോ?
2012 മെയ് നാലാം തീയതിയാണ് അദ്ദേഹം കൊലചെയ്യപ്പെട്ടത്. എനിക്കന്ന് സാധാരണദിവസം പോലെതന്നെയായിരുന്നു. അസ്വഭാവികമായിട്ടൊന്നും തോന്നിയില്ല. എന്നും അദ്ദേഹം പുറത്തേയ്‌ക്ക് പോകുമ്പോള്‍ ഞാന്‍ നോക്കിനില്‌ക്കാറുണ്ട്.അന്നും അങ്ങനെതന്നെയായിരുന്നു. അതിനപ്പുറം മറ്റൊന്നും എനിക്കു തോന്നിയില്ല.
എപ്പോഴാണ് കൊല നടന്ന വിവരം അറിയുന്നത്?
ഏകദേശം രാത്രി പതിനൊന്നുമണിയോടടുത്തപ്പോള്‍ ചന്ദ്രേട്ടന്റെ സുഹൃത്തായ ജാഫറിന്റെ ഫോണ്‍ വന്നു. എന്നോടാദ്യം അദ്ദേഹത്തിന്റെ വണ്ടിയുടെ നമ്പറാണ് ചോദിക്കുന്നത്. പറഞ്ഞുകഴിഞ്ഞപ്പോഴാണ് ഞാനോര്‍ക്കുന്നത് അദ്ദേഹത്തിന്റെ വണ്ടി നന്നായി അറിയുന്ന ആളായിട്ടും എന്തിനാണ് എന്നോട് നമ്പര്‍ ചോദിക്കുന്നതെന്ന്. ഉടന്‍ ഞാന്‍ ചന്ദ്രേട്ടന്റെ ഫോണിലേക്ക് വിളിച്ചുവെങ്കിലും പരിധിക്കു പുറത്തായിരുന്നു. പിന്നെ വിളിക്കുമ്പോള്‍ ഫോണ്‍ എന്‍ഗേജ്‌ഡ് ആണ്. എത്ര തിരക്കുണ്ടെങ്കിലും എന്റെ കോള്‍ കണ്ടാല്‍ അദ്ദേഹം തിരിച്ചുവിളിക്കും. അന്നതുണ്ടായില്ല. അപ്പോള്‍ എനിക്കു സംശയമായി. ഞാന്‍ പലരെയും വിളിച്ചന്വേഷിച്ചു. രാത്രി ഒരുമണിയോടടുത്താണ് ചന്ദ്രേട്ടന്‍ പോയി എന്നുള്ള സത്യം ഞാന്‍ മനസ്സിലാക്കുന്നത്. ആക്‌സിഡന്റ് ആണെന്നാണ് ആദ്യം വിചാരിച്ചിരുന്നത്.
യഥാര്‍ത്ഥത്തില്‍ കൊലപാതകത്തില്‍ പങ്കാളികളായ ആളുകള്‍ക്കുപകരം ക്വട്ടേഷന്‍ ടീമംഗങ്ങളാണ് ജയിലിനുള്ളില്‍ എന്നാരോപണമുണ്ടല്ലോ?
കൊല നടത്തിയ ആളുകളെ പോലീസ് വളരെ കൃത്യമായി കണ്ടെത്തി. ശാസ്‌ത്രീയമായ രീതിയിലുള്ള അന്വേഷണമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. കൃത്രിമമായ തെളിവുകളുണ്ടാക്കിയല്ല മറിച്ച് വ്യക്‌തമായ തെളിവിന്റെ അടിസ്‌ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്. കൊല നടത്തിയ ആളുകള്‍ തന്നെയാണ് ഇപ്പോള്‍ ജയിലിനുള്ളിലുള്ളത്. അവരെ കൃത്യമായി ചോദ്യം ചെയ്‌താല്‍ ആരാണ് അവരെക്കൊണ്ടിത് ചെയ്യിച്ചതെന്ന് വ്യക്‌തമായി അറിയാനാകും.
ടി.പി. വധത്തിനുശേഷമുള്ള രാഷ്‌ട്രീയസാഹചര്യം എന്താണ്?
കേരളത്തിന്റെ രാഷ്‌ട്രീയസാഹചര്യത്തെ കൊലയ്‌ക്കു മുന്‍പും ശേഷവും എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായി വേര്‍തിരിച്ചു കാണണം. 2012-നു ശേഷം ഇവിടുത്തെ രാഷ്‌ട്രീയസാഹചര്യങ്ങള്‍ മാറി എന്നുള്ളത് സത്യമാണ്. നല്ലൊരു രാഷ്‌ട്രീയമുന്നേറ്റം ഉണ്ടായിട്ടുണ്ട്. നിര്‍ഭയം ജീവിക്കാനുള്ള സാഹചര്യം ഏതൊരു മനുഷ്യനും ഉണ്ടാകണം. അതിനുവേണ്ടി പൊതുവികാരം ഉണ്ടാക്കിയെടുക്കുവാനുള്ള സാഹചര്യത്തിലേക്ക് കൊലപാതകത്തിനുശേഷം കാര്യങ്ങള്‍ മാറിയിട്ടുണ്ടെന്നത് വസ്‌തുതയാണ്.
കൊലക്കേസിലെ പ്രതികളുടെ കുടുംബങ്ങളിലെ അവസ്‌ഥ എന്താണ്?
കൊലപാതകം നടത്തുകവഴി എത്ര കുടുംബാംഗങ്ങളെയാണ് ഇവരൊക്കെ അനാഥമാക്കിക്കളഞ്ഞത്. കുറെ ചെറുപ്പക്കാരെ മുമ്പില്‍ നിര്‍ത്തി കൊല നടത്തിയപ്പോള്‍ എത്ര പേരുടെ ജീവിതങ്ങളാണ് നശിപ്പിച്ചത്. അവരുടെ ഭാവി, കുടുംബങ്ങളുടെ ഭാവി ഇതൊന്നും നോക്കിയില്ല. ഇപ്പോള്‍ പ്രതികളുടെ കുടുംബങ്ങളെ പണമുള്ളതുകൊണ്ട് പാര്‍ട്ടി സംരക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് പ്രതികളുടെ കുടുംബങ്ങള്‍ പാര്‍ട്ടിക്കെതിരെ ഒന്നും പറയാഞ്ഞത്. പ്രതികള്‍ക്കും കുടുംബങ്ങള്‍ക്കും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ നേതാക്കന്‍മാരുടെ പേരുപറയുമെന്ന് ഭയന്ന് പാര്‍ട്ടി നേതൃത്വം ഓടിച്ചെല്ലും. കാരണം അവര്‍ ക്രിമിനലുകളായതുകൊണ്ട് അവര്‍ക്കെന്തും പറയാം.
(കടപ്പാട്- മംഗളം)