ഇന്റര്‍വ്യൂ

തെങ്ങില്‍ കിടക്കുന്നതു മാങ്ങയെന്ന് പറഞ്ഞ്‌ ഞാന്‍ നിന്നിട്ടില്ല- ഷാനിമോള്‍ ഉസ്‌മാന്‍


കെ.സി. വേണുഗോപാലിന്‌ സോളാര്‍ കേസ്‌ പ്രതി സരിതാനായരുമായി ഉണ്ടെന്നു പറയുന്ന ബന്ധം അന്വേഷിക്കണമെന്ന് പാര്‍ട്ടി ഫോറത്തില്‍ അഭിപ്രായപ്പെട്ടത്തിന്റെ പേരില്‍ കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരന്റെ ശാസനയും മറ്റു കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനവും നേരിടെണ്ടിവന്നയാളാണ് എ ഐ സി സി സെക്രട്ടറി ഷാനിമോള്‍ ഉസ്‌മാന്‍. എങ്കിലും തന്റെ നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്ക്കുകയാണ് അവര്‍.


തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതു മുതല്‍ ഒരു യോദ്ധാവിന്റെ മട്ടിലാണല്ലോ ഷാനിമോള്‍ ഉസ്‌മാന്‍ ?
ഞാനൊരു യോദ്ധാവല്ല. നടത്തുന്നതു യുദ്ധവുമല്ല. എന്റെ പാര്‍ട്ടിയുടെ പ്ലാറ്റ്‌ഫോമില്‍ നിന്ന്‌ അഭിപ്രായം പറയുക മാത്രമാണ്‌ ഞാന്‍ ചെയ്‌തിട്ടുള്ളത്‌. ഇനിയും അതു തുടരും. അതിന്റെ പേരില്‍ അച്ചടക്കത്തിന്റെ ഏതു വാള്‍ വന്നാലും നേരിടാന്‍ ഞാന്‍ തയ്യാറാണ്‌. കെ.പി.സി.സി. നിര്‍വാഹക സമിതിയില്‍ കെ.സി.

വേണുഗോപാലിനെതിരേ പൊട്ടിത്തെറിച്ചത്‌ വെറും അഭിപ്രായപ്രകടനമായിരുന്നോ?
ഞാന്‍ പൊട്ടിത്തെറിച്ചില്ലല്ലോ. പാര്‍ട്ടി നേതാക്കള്‍ക്കെതിരേ ഏതെങ്കിലും തരത്തില്‍ ആക്ഷേപമോ ആരോപണമോ ഉണ്ടായാല്‍ പാര്‍ട്ടിതന്നെ ഒരു അന്വേഷണക്കമ്മിഷനെ വച്ച്‌ അവരെ അഭ്യൂഹങ്ങളില്‍നിന്നു കുറ്റവിമുക്‌തരാക്കണമെന്നേ പറഞ്ഞുള്ളൂ. എനിക്കെതിരേ ആരോപണം വന്നാലും അതുതന്നെ ചെയ്യണമെന്നാണ്‌ എന്റെ അഭിപ്രായം. പാര്‍ട്ടിയില്‍ ഉത്തരവാദിത്വവും പ്രവൃത്തിപരിചയവുമുള്ള നേതാക്കളുണ്ടല്ലോ. ആക്ഷേപങ്ങള്‍ ദൂരീകരിക്കുന്നതിനുവേണ്ടി അവര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ പ്രഖ്യാപിക്കുന്നതാണു ജനാധിപത്യ പാര്‍ട്ടികള്‍ക്കു ഗുണകരം.


വേണുഗോപാലിനു സ്വഭാവദൂഷ്യമുണ്ടെന്ന ആരോപണം വിശ്വസിക്കുന്നുണ്ടോ?
എന്റെ പാര്‍ട്ടിയില്‍ സ്വഭാവദൂഷ്യമുള്ള ആരുമുണ്ടെന്നു വിശ്വസിക്കുന്നില്ല. പക്ഷേ ജനപ്രതിനിധികള്‍ക്കു സരിതാ നായരുമായി ബന്ധമുണ്ടെന്ന തരത്തില്‍ പുറത്തുണ്ടായ വിവാദം പാര്‍ട്ടിപ്രവര്‍ത്തകരെ കുറച്ചെങ്കിലും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്‌. ആ സാഹചര്യത്തിലാണ്‌ അന്വേഷണം നടത്തി അടുത്ത തെരഞ്ഞെടുപ്പിനു മുമ്പായി റിപ്പോര്‍ട്ട്‌ പ്രഖ്യാപിക്കണമെന്നു പറഞ്ഞത്‌. പൊതുപ്രവര്‍ത്തകര്‍ക്കു സുതാര്യത അനിവാര്യമാണ്‌. ജനങ്ങളുടെ മുമ്പില്‍ അവര്‍ മറുപടി പറഞ്ഞുതന്നെ പോകണം. സത്യസന്ധതയുള്ള ആളാണെന്നു സ്വയം ബോധ്യപ്പെട്ടാല്‍ പോരാ.

സഹപ്രവര്‍ത്തക പോലും ഇങ്ങനെ പ്രതികരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഇമേജ്‌ കൂടുതല്‍ തകരില്ലേ?
ആരെയും വേദനിപ്പിക്കണമെന്ന്‌ എനിക്കാഗ്രഹമില്ല. മാധ്യമങ്ങളുടെ മുമ്പിലല്ല ഞാന്‍ കാര്യങ്ങള്‍ പറഞ്ഞത്‌. ഇത്തരം ആരോപണങ്ങളില്‍ പെട്ടു പോകുന്നവരുടെയും അവരുടെ കുടുംബത്തിന്റെയും മാനസികാവസ്‌ഥ എനിക്കു മനസിലാക്കാന്‍ കഴിയും. അവരെ അതില്‍നിന്നു മുക്‌തമാക്കാനാണ്‌ ഞാന്‍ പാര്‍ട്ടിവേദിയില്‍ പറഞ്ഞത്‌. പിന്നീട്‌ ഇതെല്ലാം വിവാദമാക്കിയതു ഞാനല്ല.

തെരഞ്ഞെടുപ്പില്‍ സീറ്റു കിട്ടാത്തതിന്റെ വിരോധമാണു ഷാനിമോള്‍ക്കെന്ന്‌ കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരന്‍ പോലും പറയുന്നുണ്ടല്ലോ?
അമ്മയെ തല്ലിയാലും രണ്ടു പക്ഷമുണ്ടല്ലോ. അങ്ങനെ കാണുന്നവരോട്‌ എനിക്ക്‌ എതിര്‍പ്പില്ല. സ്‌ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട പ്രശ്‌നമാണെങ്കില്‍ ഞാന്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണരംഗത്തു കാണുമായിരുന്നോ? രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്നു ശക്‌തമായി ആഗ്രഹിക്കുന്ന ആളാണു ഞാന്‍. ഇവിടെനിന്നു പരമാവധി എം.പിമാര്‍ ലോക്‌സഭയിലെത്തണം എന്ന വിചാരത്തോടെയാണ്‌ ഞാന്‍ പ്രവര്‍ത്തിച്ചത്‌.

പ്രചാരണരംഗത്ത്‌ സജീവമായില്ലെന്നാണല്ലോ ഡി.സി.സിയുടെ റിപ്പോര്‍ട്ട്‌?
ആലത്തൂരും ആറ്റിങ്ങലുമൊക്കെ ഞാന്‍ പ്രചാരണത്തിനു പോയതു ജനങ്ങള്‍ക്കറിയാം. രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുമ്പോള്‍ ഞാന്‍ ആലത്തൂരില്‍ ഇ.കെ. ഷീബയുടെ മണ്ഡലത്തിലായിരുന്നു. കര്‍ണാടകത്തിലും ഞാന്‍ പ്രചാരണത്തിനു പോയി.

സീറ്റു കിട്ടാത്തതില്‍ ഒരു വിഷമവും തോന്നിയില്ല എന്നാണോ?
മത്സരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. സീറ്റ്‌ പ്രതീക്ഷിക്കുകയും ചെയ്‌തു. ഞാന്‍ മാത്രമല്ല, കേരളത്തിലെ കുറേ ആളുകളും എന്റെ സ്‌ഥാനാര്‍ത്ഥിത്വം ആഗ്രഹിച്ചതാണ്‌. അക്കാര്യം നിഷേധിക്കാന്‍ പറ്റില്ല. എന്തായാലും മത്സരിക്കാന്‍ സാധിച്ചില്ല. അതില്‍ പ്രയാസം തോന്നിയെങ്കിലും അതുകൊണ്ടാന്നും ഞാന്‍ ജീവിതം അവസാനിപ്പിക്കാന്‍ പോകുന്നില്ല. വിഷമം ഉള്ളിലൊതുക്കി, കഴിയാവുന്ന വിധത്തിലൊക്കെ ഞാന്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ മുഴുകുകയായിരുന്നു.

സ്‌ത്രീയുടെ രാഷ്‌ട്രീയപ്രവര്‍ത്തനത്തിനു മേല്‍ ഇപ്പോഴും പുരുഷന്റെ ആധിപത്യമുണ്ടെന്നു വിശ്വസിക്കുന്നുണ്ടോ?
ചട്ടുകമായി നില്‍ക്കുന്ന സ്‌ത്രീകളെയാണ്‌ പുരുഷനേതൃത്വത്തിനു താല്‍പ്പര്യമെന്ന്‌ എനിക്കു തോന്നിയിട്ടുണ്ട്‌. സ്‌ത്രീ എത്ര ഉയര്‍ന്നു വന്നാലും തങ്ങളുടെ നിയന്ത്രണത്തിലായിരിക്കണം എന്നതാണു പുരുഷന്മാരുടെ മനശാസ്‌ത്രം. എല്ലാ പാര്‍ട്ടിയിലും അങ്ങനെയാണ്‌. പക്ഷേ ആരുടെയും ചട്ടുകമായി ഒരു വേദിയിലും ഞാന്‍ അഭിപ്രായം പറഞ്ഞിട്ടില്ല. ശരിയെന്ന്‌ എനിക്കു തോന്നുന്ന കാര്യങ്ങളാണ്‌ ഞാന്‍ ധൈര്യപൂര്‍വം പറയുന്നത്‌.

പ്രവര്‍ത്തനപരിചയം കുറവുള്ള ഇ.കെ. ഷീബയ്‌ക്കു സീറ്റ്‌ കൊടുക്കുന്നു. ഷാനിമോള്‍ക്കു കിട്ടുന്നില്ല..?
ഷീബയെ കണ്ടെത്തിയവരോട്‌ എനിക്കു ബഹുമാനമാണ്‌. തന്റെ പ്രചാരണരംഗത്തു ഫ്‌ളക്‌സ് ബോര്‍ഡ്‌ വേണ്ടെന്ന്‌ ഉറപ്പിച്ചു പറഞ്ഞ ആളാണു ഷീബ. അതൊരു നിലപാടാണ്‌. അത്തരം നിലപാടുള്ള പെണ്‍കുട്ടികളെയും സ്‌ത്രീകളെയും കണ്ടെത്താന്‍ ശ്രമമുണ്ടാവണം. ഷാനിമോള്‍ ഉസ്‌മാനു സീറ്റു കിട്ടിയില്ലെന്നുള്ളത്‌ ഒരു വിഷയമേയല്ല. ഇതുകൊണ്ടു ഞാന്‍ അസ്‌തമിച്ചുപോകുമെന്നും പറയാന്‍ പറ്റില്ലല്ലോ. രാഷ്‌ട്രീയത്തില്‍ എവിടെയാണ്‌ ഒരാളുടെ ഭാവിയെന്ന്‌ ആര്‍ക്കും പ്രവചിക്കാനാവില്ല.

ഇലക്ഷന്‍ കാലത്ത്‌ വിവാദങ്ങളില്‍പ്പെടുന്നത്‌ തുടര്‍ച്ചയാണല്ലോ. 2009-ല്‍ കാസര്‍കോട്‌ സീറ്റ്‌ നിഷേധിച്ചു?
കാസര്‍കോട്‌ സീറ്റ്‌ വേണ്ടെന്നു വച്ചതിന്റെ കാരണം അന്നുതന്നെ ഞാന്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തെ ബോധ്യപ്പെടുത്തി. അന്ന്‌ ഒരുപാടു പേര്‍ പറഞ്ഞിരുന്നു, ഇത്‌ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമാണ്‌, അച്ചടക്ക നടപടി വരും എന്നൊക്കെ. പക്ഷേ എനിക്കു ഭയമുണ്ടായിരുന്നില്ല. അന്നത്തെ കോണ്‍ഗ്രസ്‌ നേതാക്കള്‍ സഹിഷ്‌ണുതയോടെ ഞാന്‍ പറഞ്ഞതു കേട്ടു. നിലപാട്‌ ബോധ്യപ്പെടുത്തിയപ്പോള്‍ എനിക്കു പ്രമോഷനാണ്‌ പാര്‍ട്ടി തന്നത്‌. ഏറ്റവും താഴെത്തട്ടില്‍നിന്ന്‌, ഒരു രാഷ്‌ട്രീയ പാരമ്പര്യമില്ലാതെ വന്ന എന്നെ രാഹുല്‍ ഗാന്ധിയുടെ ടീമിലെ പ്രധാനപ്പെട്ട സെക്രട്ടറിമാരില്‍ ഒരാളാക്കി. അത്‌ ആശ്രിതവാത്സല്യത്തിന്റെ സൗഭാഗ്യമായിരുന്നില്ല. തെങ്ങില്‍ കിടക്കുന്നതു മാങ്ങയാണെന്നു പറഞ്ഞ്‌ ഒരിടത്തും ഞാന്‍ നിന്നിട്ടില്ല.

കേരളത്തിലെ സ്‌ത്രീ ഇന്നു പലതരത്തിലും അരക്ഷിതയാണ്‌. എന്താണു പരിഹാരം?
പൊതുവായ ഒരു സ്‌ത്രീരാഷ്‌ട്രീയം ഇവിടെ വികസിച്ചുവരണം. പാര്‍ട്ടികളുടെ അജണ്ട മാത്രമല്ലാത്ത ഒരു വേദി. പിതാക്കമാര്‍ മക്കളെ പീഡിപ്പിക്കുന്ന അവസ്‌ഥവരെ ഉണ്ടാകുമ്പോള്‍ എന്തുകൊണ്ട്‌ സ്‌ത്രീസംഘടനകള്‍ക്ക്‌ ഒരുമിച്ചുനിന്ന്‌ ഒരു ഹര്‍ത്താല്‍ ആചരിച്ചുകൂടാ? ഇതിന്റെയൊക്കെ വേദന അനുഭവിക്കുന്നതു സ്‌ത്രീ മാത്രമല്ലല്ലോ. എത്രയോ കുടുംബത്തില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം ഉലയുന്നു. നൈറ്റ്‌ഡ്യൂട്ടിക്കു പോകാന്‍ പേടിയാണെന്ന്‌ പെണ്‍മക്കളുള്ള ഒരു നേഴ്‌സ് എന്നോടു പറഞ്ഞിട്ടുണ്ട്‌. നല്ലൊരു ഭര്‍ത്താവായിട്ടും നാടിന്റെ സ്‌ഥിതികണ്ട്‌ അവര്‍ ഭയപ്പെടുകയാണ്‌.
ഇത്തരം കേസുകള്‍ക്കു വേഗത്തില്‍ പരിഹാരമുണ്ടാകണം. അതിനുവേണ്ടി രാഷ്‌ട്രീയക്കാരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരുമൊക്കെ ചേര്‍ന്ന ഒരു സ്‌ത്രീരാഷ്‌ട്രീയം ഉയര്‍ന്നുവരണം. സ്‌ത്രീകര്‍ക്ക്‌ ഒരുമിച്ചു നില്‍ക്കാനുള്ള വേദി ഉണ്ടായില്ലെങ്കില്‍ നമ്മുടെ നാട്‌ വലിയ മൂല്യച്യുതിയിലേക്കു കൂപ്പുകുത്തും. ഇവിടെയൊരു പൊളിച്ചെഴുത്തുണ്ടായേ തീരൂ.

(കടപ്പാട്-മംഗളം)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions