കേരളത്തിലെ വിവാദ സെലിബ്രിറ്റി താരം ആയാണ് രഞ്ജിനി ഹരിദാസിനെ പലരും വിശേഷിപ്പിക്കുന്നത്. കൂസലില്ലായ്മയും പ്രതികരണ ശേഷിയും കൈമുതലായുള്ളതിന്റെ ഫലമാണ് അത്. 'കഠിന ഹൃദയ' എന്ന് അസൂയാലുക്കള്‍ വിശേഷിപ്പിക്കുമെങ്കിലും മൃഗ്യങ്ങളുടെ അടുത്ത് ലോല ഹൃദയമാണ് രഞ്ജിനിയ്ക്ക്. അവയെ സ്നേഹിക്കാനും പരിപാലിക്കാനും താരം സമയവും പണവും വേണ്ടുവോളം ചെലവഴിക്കുന്നുമുണ്ട്.
നായ്ക്കളോട് പ്രത്യേക സ്നേഹമാണ് രഞ്ജിനിയ്ക്ക്. എന്നാല്‍ ഉയര്‍ന്ന വില നല്കി വാങ്ങുന്ന വളര്ത്തുമൃഗങ്ങളോടല്ല രഞ്ജിനിക്ക് താത്പര്യം. രഞ്ജിനിയുടെ പ്രിയപ്പെട്ട നായ്ക്കളായ റിക്കിയും ബ്ളാക്കിയും തെരുവിന്റെ സന്തതികളാണ്. വീട്ടുകാര്‍ ഉപേക്ഷിക്കുന്ന നായ്ക്കള്‍, തെരുവ് നായ്ക്കള്‍ മറ്റു വളര്‍ത്തുമൃഗങ്ങള്‍ ഇവരുടെ സംരക്ഷണത്തിന് രുപീകരിച്ച സംഘടനയായ 'കര്മ്മയി'ല്‍ നിന്നാണ് രഞ്ജിനി ഇവരെ ദത്തെടുക്കുന്നത്. രഞ്ജിനി 'കര്മ്മയി'ല്‍ അംഗമാണ്.
"സാമ്പത്തിക നില ഉയരുമ്പോള്‍ സമാനചിന്താഗതിയുള്ളവരോടൊപ്പം ഇത്തരം സംഘടന ആരംഭിക്കണമെന്ന് ആഗ്രഹിക്കുമ്പോഴാണ് റിക്കിയെക്കുറിച്ച് പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെടുന്നത്. ആസിഡ് വീണു അറുപതുശതമാനം പൊള്ളലേറ്റ് ഒരു വര്‍ഷം മുന്‍പ് വൈറ്റിലയില്‍ ഇവനെ കണ്ടെത്തുകയായിരുന്നു. ഞാന്‍ ചെല്ലുമ്പോള്‍ റിക്കി പെറ്റ് ഹോസ്പിറ്റലില്‍ അതീവഗുരുതരാവസ്ഥയിലാണ്. ശരീരം മുഴുവന്‍ പൊള്ളലേറ്റു. കഴുത്തിന്റെ ഭാഗത്താണ് ഏറെ പൊള്ളല്‍. പക്ഷേ അപ്പോഴും അവന്റെ മുഖത്ത് ഒരു ചിരിയുണ്ട്. ആ ചിരിക്ക് ഒരു സ്നേഹവും. ആശുപത്രിയില്‍ അപ്പോള്‍ ബ്ളാക്കിയുണ്ട്. കൊച്ചിയിലെ ഓടയില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയിലാണ് ബ്ളാക്കിയെ കണ്ടെത്തുന്നത്. ഒരാഴ്ച അവന് ഓടയില്‍ കിടന്നു. എല്ലും തോലുമായ അവസ്ഥ. ശരീരത്തിന്റെ പല ഭാഗത്തും പുഴുവരിച്ചിരുന്നു. ഞാന്‍ കാണുമ്പോള്‍ അവന് എഴുന്നേറ്റ് നില്ക്കാന് കഴിയില്ല. രണ്ടുപേരെയും ദത്തെടുത്തു. ബ്ളാക്കിക്കും റിക്കിക്കും ഇതു രണ്ടാംജന്മമാണ്. ബ്ളാക്കിയുടെ മുറിവ് ഇവിടെ വന്നശേഷമാണ് ഭേദമായത്. ഞാനും അമ്മയും അവനെ പരിചരിച്ചു. ഭക്ഷണം കഴിച്ചാല്‍ ഉടന്‍ അവന് ലൂസ്മോഷനാവും. ഇവിടെ വന്നപ്പോഴും അവനു നില്ക്കാന് കഴിയില്ല. റിക്കി വലിയ ദേഷ്യക്കാരനാണ്. മറ്റു നായയെ കണ്ടാല്‍ റിക്കി കുരച്ചു ചാടും. റിക്കി നാടന്‍ ടെറിയര്‍ മിക്സാണ്. ബ്ളാക്കി ഗ്രെയ്ഡേയനാണ്. റിക്കിയും ബ്ളാക്കിയും കണ്ടാല്‍ കടിപിടിയാവും. മൂന്നാഴ്ചയേ ബ്ളാക്കിയെ ഇവിടെ താമസിപ്പിച്ചുള്ളൂ. ചെറായിലെ എന്റെ വീടിന്റെ അയല്‍വാസിക്ക് ബ്ളാക്കിയെ കൊടുത്തു. കടലില്‍ ഇറങ്ങുന്ന നായയായി അവന് ഇപ്പോള്‍ വളര്‍ന്നു. അവന് രക്ഷപ്പെട്ടതിലാണ് സന്തോഷം"- രഞ്ജിനി പറയുന്നു.
വളര്‍ത്തുമൃഗങ്ങളോടുള്ള സ്നേഹം ചെറുപ്പം മുതലേ
"ഞാന്‍ ഒരു അനിമല്‍ ലവറാ. കുട്ടിക്കാലത്ത് അച്ഛന് കൊണ്ടുവന്ന ടിക്കു എന്ന പൊമറേനിയന്‍ നായയാണ് എന്റെ ആദ്യ പെറ്റ്. പന്ത്രണ്ടുവര്‍ഷം ടിക്കു ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. അച്ഛന് കൊണ്ടുവന്നതിനാല്‍ ടിക്കു ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്. ടിക്കു ചത്തപ്പോള്‍ എനിക്കും അമ്മയ്ക്കും വലിയ വിഷമം തോന്നി. വീട്ടിലെ ഒരംഗമായിരുന്നു അവന്. മൃഗങ്ങള്‍ മരിക്കുമ്പോഴും നമ്മുക്ക് വേദനയുണ്ടാവുമെന്ന് ഞങ്ങള്‍ അറിഞ്ഞു. പാച്ചിയെ വാങ്ങുന്നതുവരെ ഞാന്‍ മറ്റൊരു പെറ്റിനെ വളര്‍ത്തിയില്ല. അപ്പൂപ്പന് പക്ഷികളെ വളര്‍ത്തുന്ന സ്വഭാവമുണ്ട്. പക്ഷികളെ കൂട്ടില്‍ വളര്‍ത്തുന്നതിന് ഞാന്‍ എതിരാണ്"
പെണ്‍നായ്ക്കളെ വളര്‍ത്താത്തത് പെണ്ണുങ്ങളോടുള്ള ഇഷ്ടക്കുറവ് കൊണ്ട്
"എനിക്ക് പെണ്ണുങ്ങളെ അത്ര വിശ്വാസമില്ല. പെണ്നായെ വളര്‍ത്താന്‍ വലിയ ബുദ്ധിമുട്ടാണ്. എന്റെ സ്വഭാവം ആണിന്റേതാണ്. രാവിലെ ഞാനും റിക്കിയും കൂടി കളിയുണ്ട്. പാച്ചിയെ വാക്കിന് കൊണ്ടുപോവും"- രഞ്ജിനിയുടെ വാക്കുകള്‍.
കൊച്ചിയിലെ സ്കൂളുകളില്‍ കുട്ടികള്‍ക്കായി ബോധവത്കരണ ക്ളാസ് കര്‍മ്മ നടത്തുന്നുണ്ട്. കര്‍മ്മയുടെ ഈ സെഗ്മെന്റിലാണ് ഞാന്‍ ഫോക്കസ് ചെയ്യുന്നത്. ഒന്നും പഠിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അങ്ങോട്ടു പോയി മൃഗങ്ങളെ ഉപദ്രവിക്കരുതെന്ന് കുട്ടികളെ ഓര്‍മ്മപ്പെടുത്താന്‍ ക്ളാസ് സഹായിക്കുന്നു. അദ്ധ്യയനവര്‍ഷം എല്ലാ ആഴ്ചയിലും സ്കൂളുകളില്‍ ബോധവത്കരണ ക്ളാസ് നടത്താനാണ് തീരുമാനം. പാച്ചിയാണ് രാവിലെ അമ്മയെ ഉണര്‍ത്തുക. അവന് എഴുന്നേറ്റാല്‍ അമ്മയെ ഉണര്‍ത്തും. വിശന്നാല്‍ അമ്മയുടെ മുഖത്തേക്ക് നോക്കും. അമ്മ സാരി ഉടുക്കാന്‍ തുടങ്ങിയാല്‍ ഇവന് കളി തുടങ്ങും- രഞ്ജിനി പറയുന്നു.
(കടപ്പാട്- കേരള കൗമുദി)