മലയാള സിനിമാലോകത്ത് സമീപകാലത്ത് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സംസാരമാണ് ഭാവന- അനൂപ് മേനോന്‍ ബന്ധം. തങ്ങളുടെ വിവാഹത്തെക്കുറിച്ച് രണ്ടുപേരും പ്രത്യേകം അഭിപ്രായങ്ങള്‍ പറഞ്ഞതും. ഇരുവരും സിനിമയില്‍ നായികാ നായകന്‍മാരായി അഭിനയിക്കുകയും ചെയ്തതോടെ ഗോസിപ്പിന് ശക്തി കൂടി. ഇപ്പോള്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ആംഗ്രീ ബേബീസില്‍ അനൂപും ഭാവനുമാണ് നായികാ നായകന്‍മാര്‍. നടനും തിരക്കഥകൃത്തും ആയി ശോഭിക്കുന്ന അനൂപ് ഇതിനെക്കുറിച്ച് പ്രതികരിക്കുന്നു.
ആംഗ്രി ബേബീസ് 25 ദിവസം പിന്നിട്ടു. അതേക്കുറിച്ച്?
ആംഗ്രി ബേബീസ് 25 ദിവസം പിന്നിട്ട് മുന്നേറുന്നതില്‍ സന്തോഷമുണ്ട്. കാരണം ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണ് ആംഗ്രി ബേബീസ് വിജയിച്ചത്. ഒരിക്കലും സിനിമ റിലീസ് ചെയ്യരുതാത്ത ഒരു സമയത്താണ് ഈ സിനിമ റിലീസ് ചെയ്തത്. മഴ, റംസാന്‍ നോമ്പ്, ഫുട്ബോള്‍, പിന്നെ രണ്ട് സിനിമകള്‍ (ബാംഗ്ളൂര്‍ ഡേയ്സ്, ഹൗ ഓള്‍ഡ് ആര്‍ യു) ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സമയം എന്നിവയായിരുന്നു വെല്ലുവിളികള്‍. ഈ അഞ്ച് പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് സിനിമ വിജയിച്ചത്. ഇതിനോടകം തന്നെ മൂന്ന് കോടിയോളം ഗ്രോസ് കളക്ഷന്‍ നേടിക്കഴിഞ്ഞു ആംഗ്രി ബേബീസ്.
സീരിയസ് റോളില്‍ നിന്ന് കോമഡിയിലേക്കുള്ള മാറ്റം?
പൂര്‍ണമായും കോമഡിയിലേക്കുള്ള എന്റെ ആദ്യത്തെ മാറ്റം കൂടിയാണ് ഈ സിനിമയില്‍ കണ്ടത്. സീരിയസായ വേഷത്തില്‍ നിന്ന് കോമഡി ചെയ്യുന്പോള്‍ അത് സ്വീകരിക്കപ്പെടുമോയെന്ന് എല്ലാവര്‍ക്കും ഭയമുണ്ടായിരുന്നു. സ്വാഭാവികമായും ഞാനും അതേക്കുറിച്ച് ഭയപ്പെട്ടിരുന്നു. കാരണം ഞാന്‍ ഒരിക്കലും എന്റെ ജഡ്ജ് അല്ല എന്നതു തന്നെ. പക്ഷേ വലിയൊരു ജനക്കൂട്ടം അതിനെ പിന്തുണച്ചു. ആ ശ്രമം പാളിയിരുന്നെങ്കില്‍ സിനിമ ഒരുപക്ഷേ പരാജയപ്പെടുമായിരുന്നു. അതിനാല്‍ തന്നെ ആംഗ്രി ബേബീസ് എന്ന സിനിമ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. തിരക്കഥ, ബ്യൂട്ടിഫുള്‍ എന്നീ സിനിമകള്‍ പോലെ എന്റെ കരിയറിലെ ടേണിംഗ് പോയിന്റാണ് ഈ സിനിമ.
ചിത്രത്തിന്റെ സംവിധായകന്‍ സജി സുരേന്ദ്രനുമായുള്ള ബന്ധം?
സജിയുമായി ഏകദേശം 15 കൊല്ലത്തോളമുള്ള ബന്ധമാണുള്ളത്. ഒരുമിച്ച് ചെയ്ത ആദ്യത്തെ ടെലിഫിലിം ഡിസംബര്‍ മിസ്റ്റ് ആണ്. അതിന് സംസ്ഥാന അവാര്‍ഡ് ലഭിക്കുകയുണ്ടായി. ഒരായിരം തവണയെങ്കിലും വീണ്ടും അത് സംപ്രേഷണം ചെയ്തിട്ടുണ്ടാവും. അന്നേ ഒരു നല്ല ടെക്നീഷ്യനായിരുന്നു സജി സുരേന്ദ്രന്‍. അന്ന് ഞാന്‍ പറഞ്ഞ കഥയാണ് ആംഗ്രി ബേബീസിന്റേത്. 15 കൊല്ലം മുന്പ് ഈ കഥ പറയുന്പോള്‍ ഞാനും സജിയും സിനിമയില്‍ ഇല്ല. രണ്ടു വഴിക്ക് സഞ്ചരിച്ചതും സിനിമയിലെത്തിയതും. വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴാണ് ഞങ്ങള്‍ക്ക് ഒരുമിക്കാന്‍ അവസരം ലഭിച്ചത്.
സിനിമയ്ക്ക് പിന്നിലെ ടീം വര്‍ക്കിനെ കുറിച്ച്?
സജിയുടെ ടീം എന്ന് പറയുന്നത് ഒരു ഫാമിലി പോലെയായിരുന്നു. അവിടെ സംവിധായകനും സഹസംവിധായകനും എന്നൊന്നുമില്ല. ചേട്ടനും അനിയന്മാരും തമ്മിലുള്ള ഒരു ബന്ധമായിരുന്നു. നല്ലൊരു എക്സ്പീരിയന്‍സായിരുന്നു ആ സിനിമയുടെ ഷൂട്ടിംഗ്. അനില്‍ നായരുടെ കാമറ എടുത്തു പറയേണ്ടതായിരുന്നു. കണ്ടിരിക്കാന്‍ ഭംഗിയുള്ള ഫ്രെയിമുകളും സുജിത്തിന്റെ ആര്‍ട്ട് ഡയറക്ഷനും കൃഷ്ണ പൂജപ്പുരയുടെ സ്ക്രിപ്റ്റും ഒക്കെ കൊണ്ട് മനോഹരമായിരുന്നു സിനിമ.
മിനി സ്ക്രീനില്‍ നിന്ന് ബിഗ് സ്ക്രീനിലേക്കുള്ള മാറ്റത്തെ കുറിച്ച്?
സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലേക്കുള്ള മാറ്റം വളരെ പാടാണ്. സീരിയലില്‍ അഭിനയിക്കുന്നത് കൊണ്ടുള്ള പ്രധാന പ്രശ്നം സിനിമയിലേക്ക് വരാനുള്ള ബുദ്ധിമുട്ട് തന്നെയാണ്. കാരണം സീരിയലില്‍ നിന്ന് സിനിമയിലേക്ക് വന്ന ഒരാളെ പ്രേക്ഷകര്‍ സ്വീകരിക്കണമെന്നില്ല. ഒരുപക്ഷേ ഞാന്‍ മാത്രമായിരിക്കും സീരിയലില്‍ നിന്ന് സിനിമയിലേക്ക് വന്ന് ഇത്ര സ്വീകാര്യത നേടിയത്. സീരിയലില്‍ നിന്ന് വന്ന് സിനിമയില്‍ നായകനാവാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണ്. അതിന് ഞാന്‍ കടപ്പെട്ടിരിക്കുന്നത് പ്രേക്ഷകരോടാണ്. 75 സീരിയലുകള്‍ വരെ ചെയ്തവരുണ്ട്. എന്നാല്‍ വെറും അഞ്ചോ ആറോ സീരിയലുകള്‍ മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. സീരിയലില്‍ എന്നെ ഇഷ്ടപ്പെടുന്ന കുടുംബ പ്രേക്ഷകരാണ് ഈ സിനിമയുടെയും വിജയത്തിന് പിന്നില്‍. ആ ഒരു ഇഷ്ടം സീരിയല്‍ കഴിഞ്ഞ് സിനിമയില്‍ എത്തിയപ്പോഴും അവര്‍ എനിക്കു തന്നു. എന്റെ പ്രതിഭയെക്കാളുമേറെ അവര്‍ക്കുള്ള ആ ഇഷ്ടമാണ് ഈ സിനിമയുടെ വിജയത്തിന് കാരണമായതെന്നും ഞാന്‍ കരുതുന്നു. ഇനി സീരിയലിലേക്ക് മടങ്ങാനുള്ള സാദ്ധ്യത കുറവുമാണ്.
സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച്?
അടുത്ത അഞ്ചു വര്‍ഷത്തേക്ക് സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുന്നതേയില്ല.
ഏത് സംവിധായകനൊപ്പം അഭിനയിക്കാനാണ് ആഗ്രഹം?
ഒരുപാടുപേരുണ്ട്. പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, കമല്‍, റോഷന്‍ ആന്‍ഡ്രൂസ്, അന്‍വര്‍ റഷീദ്, ആഷിക് അബു, ജോഷി തുങ്ങിയവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
ഡ്രീം റോള്‍?
അങ്ങനെയൊന്നുമില്ല.
പൂര്‍ണ സംതൃപ്തി നല്‍കിയ കഥാപാത്രം?
അങ്ങനെ പൂര്‍ണതൃപ്തി നല്‍കിയൊരു കഥാപാത്രം ഇല്ല. എന്നാല്‍ ഏറ്റവും പ്രിയപ്പെട്ടത് ആംഗ്രി ബേബീസിലെ ഫ്രീന്‍ലാന്‍സ് ഫൊട്ടോഗ്രാഫറായ ജീവന്‍ എന്ന കഥാപാത്രം തന്നെയാണ്. ട്രാഫിക്കിലെ കമ്മിഷണര്‍, ബ്യൂട്ടിഫുളിലെ ജോണ്‍, ട്രിവാന്‍ഡ്രം ലോഡ്ജിലെ രവിശങ്കര്‍, 1983ലെ ക്രിക്കറ്റ് കോച്ച്, ഈ അടുത്ത കാലത്ത് എന്ന സിനിമയിലെ പൊലീസ് ഓഫീസര്‍ തുടങ്ങിയ കഥാപാത്രങ്ങളോടും ഇഷ്ടം തോന്നിയിട്ടുണ്ട്.
ഏത് നടിക്കൊപ്പമാണ് കൂടുതല്‍ അഭിനയിക്കണമെന്ന് തോന്നിയിട്ടുള്ളത്?
അങ്ങനെയൊന്നുമില്ല. അത് നമ്മുടെ ചോയിസ് അല്ല. സംവിധായകനാണ് അത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നത്. എനിക്കൊപ്പം അഭിനയിച്ച എല്ലാ നടിമാരോടും ഞാന്‍ കംഫര്‍ട്ടബിളാണ്. അത് ഭാവനയോ, പ്രിയാമണിയോ മേഘ്‌നയോ ആരായാലും അങ്ങനെ തന്നെ.
ഭാവനയുമായുള്ള രസതന്ത്രം?
ഭാവന അടുത്ത സുഹൃത്താണ്, കൂടാതെ മികച്ചൊരു നടിയുമാണ്. ഇതു രണ്ടും ചേര്‍ന്നപ്പോള്‍ ആംഗ്രി ബേബീസില്‍ നായികയായി വേറൊരു നടിയെ നിര്‍ദ്ദേശിക്കാനുണ്ടായിരുന്നില്ല. ഭയങ്കരമായി എന്നോട് ഒടക്കുകയും അതുപോലെ പ്രണയിക്കുകയും ചെയ്യുന്ന രണ്ട് ഏരിയകളായിരുന്നു ഞങ്ങളുടേത് അത്. നായികയായി ഭാവനയെ സജി നിര്‍ദ്ദേശിച്ചപ്പോള്‍ ഞാന്‍ ഹാപ്പിയായിരുന്നു. ട്രിവാന്‍ഡ്രം ലോഡ്ജില്‍ ഞങ്ങള്‍ അഭിനയിച്ചിരുന്നു. നല്ല കംഫര്‍ട്ടബിളായിരുന്നു ഭാവനയുമായുള്ള അഭിനയം.
ഭാവനയുമായുള്ള ഗോസിപ്പുകളോട് എങ്ങനെ പ്രതികരിക്കുന്നു?
ഉത്തരം ചോദ്യത്തില്‍ തന്നെയുണ്ട്. ഭാവനയുമായി ഞാന്‍ പ്രണയത്തിലല്ല. നല്ലൊരു സൗഹൃദം ഞങ്ങള്‍ തമ്മിലുണ്ട്. അവള്‍ അടുത്ത വര്‍ഷം കല്യാണം കഴിക്കുന്നുണ്ട്. എന്നാല്‍ അത് വേറൊരാളെയാണ്.
വിവാഹത്തെ കുറിച്ച്?
വിവാഹം തീരുമാനിച്ചാല്‍ ഉറപ്പായും എല്ലാവരെയും അറിയിക്കും. സമീപഭാവിയില്‍ വിവാഹം ഉണ്ടാവുമോയെന്ന് പറയാനാവില്ല, എന്തു വേണമെങ്കിലും സംഭവിക്കാം. ചിലപ്പോള്‍ ഈ വര്‍ഷം അല്ലെങ്കില്‍ അഞ്ചു വര്‍ഷം കഴിഞ്ഞാവാം. സിനിമാ രംഗത്ത് നിന്ന് തന്നെ വിവാഹം കഴിക്കണം എന്ന വാശിയൊന്നുമില്ല. വിവാഹം കഴിക്കുന്ന പെണ്‍കുട്ടിയെ കുറിച്ചും സങ്കല്‍പങ്ങളൊന്നുമില്ല.
പുതിയ സിനിമകള്‍?
ലാല്‍ ജോസിന്റെ വിക്രമാദിത്യന്‍, ദീപന്‍ സംവിധാനം ചെയ്യുന്ന ഡോള്‍ഫിന്‍സ് എന്നിവയാണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന സിനിമകള്‍. ലാല്‍ ജോസിന്റെ തന്നെ മറ്റൊരു സിനിമയും ശ്യാമപ്രസാദുമായുള്ള സിനിമയെ കുറിച്ചും ചര്‍ച്ച നടക്കുന്നുണ്ട്, മാര്‍ട്ടിന്‍ പ്രക്കാട്ടുമായുള്ള ഒരു സിനിമ തീരുമാനമായി കഴിഞ്ഞു.
(കടപ്പാട്- കേരള കൗമുദി)