'തട്ടത്തിന് മറയത്തി' ലൂടെ മലയാളികളുടെ മൊഞ്ചത്തിയായ ഇഷ തല്‍വാര്‍. മലയാളഭാഷയെ പേടിച്ചു ഇനി ഇവിടെയ്ക്കില്ല എന്ന് പറഞ്ഞെങ്കിലും വീണ്ടും വീണ്ടും തിരിച്ചെത്തി മലയാളത്തെ ഹൃദയത്തില്‍ പ്രതിഷ്ടിക്കുകയാണ് ഈ മുംബൈക്കാരി. അതിനു തെളിവാണല്ലോ പിന്നാലെ വന്ന ബാല്യകാലസഖി, ഗോഡ്സ് ഓണ്‍ കണ്ട്രി, ബാംഗ്ളൂര്‍ ഡേയ്സ് തുടങ്ങിയ ചിത്രങ്ങളെല്ലാം. കഥക് നര്‍ത്തകിയായ, പരസ്യ മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലേയ്ക്ക് എത്തിയ ഇഷ മാറിമറിഞ്ഞ മലയാള സ്നേഹം വ്യക്തമാക്കുന്നു.
"മോഹിച്ചതുടക്കമാണ് തട്ടത്തിന് മറയത്തിലൂടെ എനിക്ക് ലഭിച്ചത്. ഒരുപാട് സന്തോഷമുണ്ട്. ആയിഷ എന്ന കഥാപാത്രമായി മാറാന്‍ എനിക്ക് നീണ്ട ഒരു വര്‍ഷത്തെ സമയം സംവിധായകന് വിനീത് തന്നു. തട്ടത്തിന് മറയത്തിന്റെ വിജയം പൂര്‍ണമായും വിനീതിന് അവകാശപ്പെട്ടതാണ്. കാരണം, തനിക്ക് എന്താണ് വേണ്ടതെന്ന് വിനീതിന് വ്യക്തമായിരുന്നു. ചിത്രം റിലീസാകുന്നതിന് മുമ്പുതന്നെ സിനിമ എങ്ങനെയാണെന്ന് വിനീതിന് മാത്രമേ അറിയാമായിരുന്നുള്ളൂ. എനിക്ക് അപരിചിതമായ ഭാഷയാണെങ്കിലും സെറ്റിലെ എല്ലാവരുമായും സൗഹൃദത്തിലായി. ശരിക്കും ഒരു ഫെസ്റ്റിവല്‍ മൂഡായിരുന്നു. തട്ടത്തിന് മറയത്തിനു ശേഷം ഒരുപിടി ഓഫറുകള്‍ വന്നു. ഞാന്‍ ശരിക്കും ഹാപ്പിയാണ്. ഇന്ത്യയിലെ മറ്റെല്ലാ ഭാഷകളില്‍ നിന്നും മലയാളം ഒരുപാട് വ്യത്യസ്തമാണ്. ഒരു കവിത പോലെ സുന്ദരമായ ഭാഷ. തമിഴിനെക്കാളും തെലുങ്കിനെക്കാളും സൗമ്യതയുള്ള സോഫ്ട് സ്പോക്കണ് ഭാഷയാണ് മലയാളം. പക്ഷേ, പഠിച്ചെടുക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. മുംബയ്യിലെ വൃന്ദ നായര്‍ എന്ന ട്രാന്‍സ്ലേറ്ററാണ് എന്നെ മലയാളം പഠിപ്പിച്ചത്.
ഡയലോഗുകള്‍ കാണാതെ പഠിക്കാനും ശബ്ദത്തിന്റെ മോഡ്യുലേഷനും അര്‍ത്ഥവുമെല്ലാം പഠിക്കാനും വൃന്ദ എന്നെ ഒരുപാട് സഹായിച്ചു. വൃന്ദയുടെ അടുത്ത് ഞാന്‍ ഇപ്പോഴും മ ലയാളം പഠിക്കുന്നുണ്ട്.''
കേരളത്തിലേക്കുള്ള യാത്രകളില്‍ ഫോര്‍ട്ട് കൊച്ചിയിലേക്കൊരു ട്രിപ്പ് ഇഷ ഒരിക്കലും മിസ് ചെയ്യാറില്ല."ഫോര്‍ട്ട് കൊച്ചിയില്‍ ഒരുപാട് തവണ പോയിട്ടുണ്ട്. അവിടെ നിന്നു വാങ്ങിയ ആന്റിക് വസ്തുക്കളുടെ ഒരു ശേഖരം തന്നെയുണ്ട് എന്റെ വീട്ടില്‍. ഓണത്തിന് ഞാന്‍ കേരളത്തിലുണ്ടായിരുന്നു. എല്ലാദിവസവും ഓണസദ്യയുണ്ടാല് കൊള്ളാമല്ലോ എന്ന് തോന്നുന്നു. അത്ര സ്വാദേറിയതാണ് കേരളത്തിലെ സദ്യ. സദ്യയില്‍ രസവും പായസവും എന്റെ പ്രിയപ്പെട്ട ഡിഷുകളാണ്"- ഇഷ പറയുന്നു.
സിനിമാതാരമായി വളര്‍ന്നെങ്കിലും ഇഷയ്ക്ക്കുടുംബത്തെ പിരിഞ്ഞിരിക്കാന്‍ കഴിയില്ല."എന്റേത് അച്ഛനും അമ്മയും ചേട്ടന്മാരും അമ്മാവന്മാരും കുട്ടികളുമൊക്കെയുള്ള വലിയ കൂട്ടുകുടുംബമാണ്. മുംബയ്യില്‍ കൂട്ടുകുടുംബങ്ങള്‍ കുറവാണ്. പത്തൊമ്പതുകാരനായ എന്റെ അനുജന് ചിരാഗും ഞാനും ഒരേ മുറിയിലാണ് കിടക്കുന്നതെന്ന് പറഞ്ഞപ്പോള്‍ മുംബയ്യിലെ ചില ഫ്രണ്ട്സ് എന്നെ കളിയാക്കിയിരുന്നു. നിനക്ക് വീട്ടില്‍ ഒരു സ്വാതന്ത്റ്യവുമില്ലേ എന്ന് അവര്‍ ചോദിച്ചിട്ടുണ്ട്. പക്ഷേ, എനിക്കിപ്പോഴും വീടിനേക്കാള്‍ സ്വാതന്ത്റ്യത്തോടെ കഴിയാനാകുന്ന ഒരിടം വേറെയില്ല. ചിരാഗും ഞാനും എല്ലായ്പ്പോഴും അടിപിടിയാണ്. പക്ഷേ, അതില്‍ ഒരിക്കലും മുതിര്‍ന്നവര്‍ ഇടപെടാറില്ല. തമാശകളും ചെറിയ സൗന്ദര്യപ്പിണക്കങ്ങളും ഒക്കെ ഇടകലര്‍ന്ന ബഹളങ്ങള്‍ക്കിടയിലാണ് ഞാന്‍ വളര്‍ന്നത്. അതുകൊണ്ടാകാം, എവിടെയും അഡ്ജസ്റ്റ് ചെയ്യാനാകുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. സംസാരിക്കാതെ കുറച്ചുനേരമിരിക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലുമാകില്ല."
ബോളിവുഡിലെ പ്രശസ്തനായ പ്രൊഡ്യൂസറും സംവിധായകനുമായ വിനോദ് തല്‍വാറിന്റെ മകളാണ് ഇഷ. പക്ഷേ ആ ലേബലില്‍ സിനിമയിലേക്ക് ഓഫറുകള്‍ക്ക് ശ്രമിച്ചിട്ടില്ലെന്ന് ഇഷ പറയുന്നു. "ഡാഡി ഒരിക്കലും വീട്ടില്‍ സിനിമാചര്‍ച്ചകള്‍ നടത്തിയിരുന്നില്ല. സിനിമയെ അത്ര ഗൗരവത്തോടെയാണ് ഡാഡി കാണുന്നത്. ഒരുപാട് നാള് സംവിധായകന് ബോണി കപൂറിന്റെ അസോസിയേറ്റ് സംവിധായകനായിരുന്നു ഡാഡി. സിനിമയില്‍ അഭിനയിക്കാന്‍ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ നീ സ്വന്തമായി അദ്ധ്വാനിക്കൂ എന്നായിരുന്നു ഡാഡിയുടെ മറുപടി. പക്ഷേ, സിനിമയെന്നാല്‍ പുറമേ നിന്ന് കാണുന്നതുപോലെ അത്ര എളുപ്പമുള്ള ഒരു പ്രൊഫഷനല്ല എന്ന് പഠിപ്പിച്ചത് ഡാഡിയാണ്. മാനസികമായി എന്നെ ഏറെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും എനിക്കുവേണ്ടി ആരോടും അവസരം ചോദിച്ചിട്ടില്ല. അത് നന്നായി എന്ന് ഇപ്പോള്‍ എനിക്ക് തോന്നുന്നു. 'തട്ടത്തിന് മറയത്ത്" ഹിറ്റായപ്പോള്‍ ഡാഡി നല്കിയ അഭിനന്ദനമായിരുന്നു എനിക്ക് ഏറ്റവും വലിയ അംഗീകാരമായത്."
തനിക്ക് ലഭിച്ച ഈ അംഗീകാരം തന്റെ അദ്ധ്വാനത്തിന്റെ ഫലമാണെന്ന് ഈ താരം പറയുന്നു. "ഞാന്‍ വളരെ സംസാരപ്രിയയാണ്. ഏതു ജോലി ചെയ്താലും അത് ആത്മാര്‍ത്ഥമായി ചെയ്യണമെന്ന നിര്‍ബന്ധമുണ്ട്. അതിനുവേണ്ടി വിശ്രമമില്ലാതെ അദ്ധ്വാനിക്കും. ആരോടും പെട്ടെന്ന് സൗഹൃദത്തിലാകുമെങ്കിലും എനിക്ക് ക്ളോസ് ഫ്രണ്ട്സ് വിരലിലെണ്ണാവുന്നവര്‍ മാത്രം. വളരെ ഇമോഷണലാണെങ്കിലും എന്റെ അഭിപ്രായങ്ങള്‍ എവിടെയും തുറന്നുപറയാന്‍ എനിക്ക് മടിയില്ല."
(കടപ്പാട്- കേരള കൗമുദി)