ഗണേഷ് കുമാറുമായുള്ള വിവാഹ മോചനത്തിന് ശേഷം രണ്ടു മക്കളെയും സംരക്ഷിച്ച് ജീവിതം നേരിടാന്‍ തന്നെയാണ് ഡോ.യാമിനി തങ്കച്ചി തീരുമാനിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടുപോയി എന്ന തോന്നലില്ല. ഇരുപതുവര്‍ഷങ്ങള്‍ക്കു മുമ്പ് ഉപേക്ഷിച്ച നൃത്തത്തേയും സംഗീതത്തേയും തിരിച്ചുപിടിക്കുകയാണവര്‍. തിരുവനന്തപുരത്തെ പ്രധാനപ്പെട്ട മൂന്ന് വേദികളില്‍ ഭരതനാട്യം അവതരിപ്പിച്ചുകഴിഞ്ഞു. മാസത്തിലൊരിക്കല്‍ ആര്‍മി ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ മ്യൂസിക് ക്ലബില്‍ പോകുന്നുണ്ട്. കഴിഞ്ഞ പതിനഞ്ചുമാസമായി ജീവിതം സന്തോഷപ്രദം. സമാധാനം. വിവാഹബന്ധം വേര്‍പെടുത്തിയശേഷം ഇതാദ്യമായി ഡോ. യാമിനി തങ്കച്ചി തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറയുന്നു.
കലയോട് ഇത്രയും ആഭിമുഖ്യമുള്ള പെണ്‍കുട്ടി ഡോക്‌ടറാവാന്‍ കൊതിച്ചത് എന്തുകൊണ്ടാണ്?
കലയ്‌ക്കൊപ്പം തന്നെ പഠനത്തിലും മികവു പുലര്‍ത്തിയിരുന്നു. 12ാം ക്ലാസില്‍ സ്‌കൂളില്‍ ഫസ്‌റ്റായിരുന്നു. ഡാഡിയുടേയും മമ്മിയുടേയും കുടുംബത്തില്‍ ഭൂരിപക്ഷം പേരും ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ളവരാണ്. ഡാഡി ആര്‍മിയില്‍ എന്‍ജിനിയറായിരുന്നു. കേന്ദ്രീയ വിദ്യാലയത്തിലെ ടീച്ചറായ മമ്മിയാവട്ടെ രാജാ കേശവദാസന്റെ തമ്പി-തങ്കച്ചി കുടുംബാംഗം. അതുകൊണ്ടുതന്നെ പഠനം പ്രധാനമായിരുന്നു. ഞങ്ങള്‍ രണ്ടു പെണ്‍കുട്ടികളാണ്. ഞാനും സഹോദരിയും. അവള്‍ നേരത്തെതന്നെ മരിച്ചു.എന്റെ വിദ്യാഭ്യാസകാര്യത്തില്‍ ഡാഡിയും മമ്മിയും ഒട്ടും വിട്ടുവീഴ്‌ച വരുത്തിയില്ല. എന്‍ജിനീയറിംഗ്, മെഡിക്കല്‍ എന്‍ട്രന്‍സുകള്‍ എഴുതിയപ്പോള്‍ ആദ്യം ഫലം വന്നത് എന്‍ജിനീയറിംഗിന്റേതാണ്. ടോപ്പ് റാങ്കായിരുന്നു. ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ മെഡിക്കലും കിട്ടി. അതോടെ കണ്‍ഫ്യൂഷനിലായി. എന്നാല്‍ മെഡിക്കലിനോടായിരുന്നു എല്ലാവര്‍ക്കും താല്‍പ്പര്യം. അങ്ങനെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിന് ചേര്‍ന്നത്. ആ വര്‍ഷം തന്നെ ഞാന്‍ അവിടുത്തെ വൈസ് ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു.
പ്രശസ്‌തനായ മന്ത്രിയുടെ മകന്‍. സിനിമാതാരം. ഗണേഷ്‌കുമാറിന്റെ വിവാഹാലോചന സ്വീകരിക്കാന്‍ ഇതൊക്കെയാണോ കാരണം?
രാഷ്‌ട്രീയത്തെക്കുറിച്ചോ സിനിമയെക്കുറിച്ചോ എനിക്കോ കുടുംബത്തിനോ ഒന്നും അറിയില്ല. രാഷ്‌ട്രീയക്കാരനായ എം.പി.ഗംഗാധരന്‍ അങ്കിളിനെ നല്ല പരിചയമുണ്ടായിരുന്നു. കാരണം അങ്കിള്‍ പി.ടി.പി.നഗറില്‍ ഞങ്ങളുടെ അയല്‍ക്കാരനാണ്. വിവാഹാലോചന വന്ന ഘട്ടത്തില്‍ എം.ബി.ബി.എസ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു ഞാന്‍. പി.ടി.പി. നഗറിലെ ഏതോ പരിപാടിക്കാണ് അദ്ദേഹം (ഗണേഷ്‌കുമാര്‍) എന്നെക്കണ്ടത്. പിന്നീട് ഗംഗാധരന്‍ അങ്കിളിന്റെ വീട്ടില്‍വച്ച് എന്നെ പെണ്ണുകണ്ടു. ഒരേ പ്രഫഷനിലുള്ള സംസ്‌കാരസമ്പന്നനായ ഒരാളെക്കൊണ്ട് എന്നെ വിവാഹം ചെയ്യിക്കണമെന്നായിരുന്നു പാരന്റ്‌സിന്റെ ആഗ്രഹം. എന്നാല്‍ പല കോണുകളില്‍ നിന്നുള്ള തുടര്‍ച്ചയായ സമ്മര്‍ദ്ദങ്ങള്‍ വിവാഹംവരെ കൊണ്ടെത്തിച്ചു.
ബാലകൃഷ്‌ണപ്പിള്ളയുടെ കുടുംബത്തിലേക്ക് എത്തിയപ്പോള്‍?
വിവാഹം കഴിഞ്ഞ് ആദ്യത്തെ ആഴ്‌ച മുതല്‍ വഴക്കും പ്രശ്‌നങ്ങളും തുടങ്ങിയിരുന്നു. പലതും കണ്ടും കേട്ടും സഹിച്ചും കഴിഞ്ഞു. ചില സമയങ്ങളില്‍ ആരും കാണാതെ പൊട്ടിക്കരഞ്ഞു. ആ സാഹചര്യത്തില്‍ പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമോ എന്ന് ഭയപ്പെട്ടു. സങ്കടം പറയാന്‍ ആരുമില്ലാത്ത അവസ്‌ഥ. എന്‍ഗേജ്‌മെന്റ് കഴിഞ്ഞപ്പോള്‍ ഒരപകടത്തില്‍പ്പെട്ട് അച്‌ഛന്‍ ഞങ്ങളെ വിട്ടുപോയി. അതോടെ മമ്മി ആകെ തളര്‍ന്നു. അത്തരമൊരവസ്‌ഥയില്‍ മമ്മിയോട് പറയാന്‍ കഴിയില്ല. വിവാഹം കഴിഞ്ഞ് രണ്ടാഴ്‌ചയാവുന്നതിനുമുമ്പ് പെണ്ണ് തിരിച്ചുപോന്നാല്‍ ഏതമ്മയ്‌ക്കാണ് സഹിക്കുക? ഡാഡി ഉണ്ടായിരുന്നെങ്കില്‍ ഇത്രയും കഷ്‌ടപ്പാടും ദുഃഖവും സഹിക്കേണ്ട ഗതികേട് വരില്ലായിരുന്നു. വീട്ടിലെ പ്രശ്‌നങ്ങള്‍ ഫ്രണ്ട്‌സിനോടും പറഞ്ഞില്ല. ഈ കുടുംബത്തിലെ പ്രശ്‌നമായതിനാല്‍ പത്രങ്ങളില്‍ വന്നാലോ എന്ന പേടിയുണ്ടായിരുന്നു എനിക്ക്. എല്ലാം ശരിയാവുമായിരിക്കും എന്ന ശുഭാപ്‌തി വിശ്വാസത്തോടെയാണ് ജീവിച്ചത്. പക്ഷേ ദിവസം ചെല്ലുംതോറും അന്തരീക്ഷം വഷളാവുകയായിരുന്നു. ഇടയ്‌ക്ക് ഹോസ്‌റ്റലിലേക്ക് മാറി ഫ്രണ്ട്‌സിനൊപ്പം പഠിച്ചതിനാല്‍ എം.ബി.ബി.എസിന് നല്ല മാര്‍ക്ക് കിട്ടി. അതിന്റെ ക്രെഡിറ്റ് ഈശ്വരനും എന്റെ ഫ്രണ്ട്‌സിനുമാണ്.
ഡോക്‌ടറായി പ്രാക്‌ടീസ് ചെയ്യുന്നതിനോട് അവര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നോ?
ജോലിക്ക് പോകുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍ വീട്ടിലെ അന്തരീക്ഷം വഷളായിക്കൊണ്ടിരിക്കുന്നതിനാല്‍ കുഞ്ഞിനെ വിട്ട് മാറിനില്‍ക്കാനുള്ള മനസുമില്ല. ഒരു പ്രോത്സാഹനവും എനിക്ക് ആ വീട്ടില്‍നിന്നുണ്ടായിട്ടില്ല. പഠിത്തത്തിനുള്ള സാഹചര്യമില്ലാത്തതിനാല്‍ പി.ജിക്ക് പോകാനും കഴിഞ്ഞില്ല. അതിനാല്‍ എം.ബി.ബി.എസ് കഴിഞ്ഞപ്പോള്‍ത്തന്നെ ജോലിക്കു ചേരുകയായിരുന്നു.
ഗണേഷിനെതിരെ ഉയര്‍ന്ന ഗോസിപ്പുകള്‍ വിശ്വസിച്ചതാണോ പ്രശ്‌നങ്ങള്‍ക്ക് കാരണം?
പാരന്റ്‌സിനെപ്പോലെതന്നെ ഞാനും ഗോസിപ്പുകളില്‍ വിശ്വസിക്കുന്നില്ല. സ്‌ത്രീക്കും പുരുഷനും പ്രഫഷനിലോ അല്ലാതെയോ പലരുമായും ഇടപഴകേണ്ടതായിവരും. അതൊന്നും തെറ്റായി കാണുന്ന ആളല്ല ഞാന്‍. പക്ഷേ അത് ഫാമിലി ലൈഫിലേക്ക് വന്നാല്‍ ഏതു ഭാര്യയാണ് സഹിക്കുക? നേരിട്ട് അനുഭവിച്ചതും കണ്ടതും പൂര്‍ണ്ണമായി ബോധ്യപ്പെട്ടതും മാത്രമേ ഞാന്‍ വിശ്വസിച്ചിട്ടുള്ളൂ.
ഒടുവില്‍ അതൊരു പൊട്ടിത്തെറിയില്‍ അവസാനിച്ചു. അല്ലേ?
ഇടയ്‌ക്കിടയ്‌ക്ക് പ്രശ്‌നങ്ങള്‍ അധികമാവുമ്പോള്‍ ഞാന്‍ തിരിച്ച് എന്റെ വീട്ടിലേക്കുവരും. കുറച്ചുനാള്‍ കഴിയുമ്പോള്‍ അദ്ദേഹം വന്ന് 'ക്ഷമിക്കണം, എല്ലാം നേരെയാവും' എന്ന് വാഗ്‌ദാനം നല്‍കി കൂട്ടിക്കൊണ്ടുപോകും. ഏറെനാള്‍ കഴിയുന്നതിന് മുമ്പെ വീണ്ടും പ്രശ്‌നങ്ങള്‍ പുകയും. ഇതായിരുന്നു സ്‌ഥിരം സംഭവിക്കുന്നത്. അങ്ങനെ 2001ല്‍ കുടുംബകോടതിയുടെയും മറ്റു പലരുടെയും മധ്യസ്‌ഥതയില്‍ മൂത്തമകന്‍ ആദിത്യയ്‌ക്കുവേണ്ടി തിരിച്ചുപോയി. എല്ലാം ശരിയാവുമെന്ന് കരുതി. പക്ഷേ അവസ്‌ഥ ഒട്ടും മാറിയില്ല. രാവിലെ എഴുന്നേറ്റാല്‍ മനസിലൊരു ഭാരമാണ്. ഒരു പൊട്ടിത്തെറി ഒഴിവാക്കാനാണ് ഇരുപതുവര്‍ഷവും സഹിച്ചുജീവിച്ചത്. പക്ഷേ ഒടുവില്‍ ഒരു ഭൂകമ്പത്തില്‍ അവസാനിച്ചു. ഇത്രയും വിവാദമാവുമെന്ന് കരുതിയതല്ല. ആ സമയത്തായിരുന്നു മോന്റെ പത്താംക്ലാസ് പരീക്ഷ. അതിനാല്‍ ഒന്നും പുറത്തുപറഞ്ഞില്ല. പൊതുജനമധ്യത്തില്‍ വരാതിരിക്കാന്‍ എത്ര ശ്രമിച്ചിട്ടും, ഒഴിഞ്ഞുമാറിയിട്ടും അവസാനം വലിച്ചിഴക്കപ്പെട്ടു. എല്ലാം കഴിഞ്ഞപ്പോള്‍ ആദ്യത്തെ രണ്ടുമാസം മരവിപ്പിന്റെ അവസ്‌ഥയിലായിരുന്നു ഞാന്‍. മമ്മിയായിരുന്നു ഏക ആശ്വാസം. മമ്മിക്ക് ലോലമനസ്സാണ്. എന്തു സങ്കടം കേട്ടാലും അപ്പോള്‍ത്തന്നെ കരയും. അതുകൊണ്ട് പലതും ഞാന്‍ മമ്മിയോട് പറയാറില്ല. എല്ലാകാര്യവും അവസാനമാണ് മമ്മി അറിയുന്നത്. ആദിത്യയുടെ പരീക്ഷാസമയത്ത് അവനെ ഒന്നുമറിയിക്കാതെ പിന്തുണച്ചത് മമ്മിയാണ്. പറഞ്ഞറിയിക്കാനാവാത്ത സമാധാനവും ശാന്തതയുമാണ് ജീവിതത്തില്‍. ദൈവമേ എനിക്കിങ്ങനെയും ജീവിക്കാന്‍ കഴിയുമോ? എന്നു സ്വയം ചോദിച്ചു. നേരത്തെതന്നെ പരീക്ഷണങ്ങള്‍ക്കു നില്‍ക്കാതെ, ബുദ്ധിമുട്ടുകള്‍ സഹിക്കാതെ ബന്ധം അവസാനിപ്പിക്കേണ്ടതായിരുന്നു എന്നു ചിന്തിച്ചുപോയ സമയമായിരുന്നു അത്. അതുതന്നെയാണ് എന്നെ അറിയുന്നവരെല്ലാം പറഞ്ഞതും.
കുട്ടികളെക്കരുതിയാണോ ഇത്രയും സഹിച്ചത്?
ജീവിതത്തിലെ പ്രശ്‌നങ്ങള്‍ കുട്ടനെയും കുഞ്ഞുവിനെയും (ആദിത്യയും ദേവരാമനും) ബാധിക്കരുതേയെന്ന് ദൈവത്തോട് പ്രാര്‍ഥിക്കാറുണ്ടായിരുന്നു. അവരുടെ ഭാവി ഭദ്രമാക്കണമെന്ന ആഗ്രഹവും നിര്‍ബന്ധവുമാണെനിക്ക്. ഒരാള്‍ ടീനേജുകാരനാണ്. അതത്ര നല്ല പ്രായമല്ല. ശരിയും തെറ്റും തിരിച്ചറിയുന്നുണ്ടെന്ന് അവന്റെ സംസാരത്തില്‍നിന്ന് അറിയാമായിരുന്നു. പലതും കണ്ടുവളര്‍ന്ന കുട്ടിയാണവന്‍. ചില പുതിയ അറിവുകള്‍ തന്നിട്ടുമുണ്ട്. എന്തായാലും ജീവിതത്തെ നേരിട്ടല്ലേ പറ്റൂ?
ബാലകൃഷ്‌ണപ്പിള്ള അവസാനംവരെ കൂടെ നിന്നല്ലോ?
അച്‌ഛന്‍ തന്ന ധൈര്യം എനിക്ക് കിട്ടിയ ഏറ്റവും വലിയ സഹായമായിരുന്നു. അതിന് അദ്ദേഹത്തോട് നന്ദിയുണ്ട്. കുട്ടികള്‍ക്ക് ആകെയൊരു മുത്തശ്ശന്‍ മാത്രമേ ഇപ്പോഴുള്ളൂ. അവര്‍ക്ക് എന്നും അദ്ദേഹത്തിന്റെ സഹായവും അനുഗ്രഹവും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ജോലിയുള്ളത് ഒരു ധൈര്യമായി. അല്ലേ?
തീര്‍ച്ചയായും. ഈയൊരു പ്രഫഷന്‍ തന്ന ധൈര്യം ചില്ലറയല്ല. എം.ബി.ബി.എസ് കഴിഞ്ഞയുടന്‍ വര്‍ക്ക് ചെയ്‌ത് തുടങ്ങി. ശമ്പളവും കിട്ടി. അതെനിക്ക് വീടു നടത്താന്‍ ആവശ്യമായിരുന്നു. കുട്ടന്റെ ജനനവും ആ സമയത്താണ്. ആഗ്രഹിച്ചതുപോലെ ഒരു കാര്‍ഡിയോളജിസ്‌റ്റോ പീഡിയാട്രീഷ്യനോ ആകാന്‍ എനിക്കു കഴിഞ്ഞില്ല. ദൈവസഹായത്താല്‍ ശ്രീചിത്രയില്‍ ആന്റി ടൊബാക്കോ യൂണിറ്റില്‍ സീനിയര്‍ റിസര്‍ച്ച് ഫെല്ലോ ആയി ജോലി കിട്ടി. ഇപ്പോള്‍ പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ സ്‌റ്റേറ്റ് കോര്‍ഡിനേറ്ററാണ്. ഒരു പി.എച്ച്.ഡിയുടെ വര്‍ക്കും പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. ഇരുപതുവര്‍ഷം കൊണ്ട് കരിയറില്‍ ഉണ്ടാക്കേണ്ടിയിരുന്ന മുന്നേറ്റം ഇത്രയൊക്കെ ചെയ്‌ത് സമാധാനിക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍. എവിടെപ്പോയാലും ഡോക്‌ടറല്ലേ എന്ന ആത്മവിശ്വാസമാണ് എന്നെ നയിച്ചത്. വേറൊരു തൊഴില്‍ കിട്ടിയില്ലെങ്കിലും സ്വന്തമായി ക്ലിനിക്കെങ്കിലും തുടങ്ങാമല്ലോ.
വിവാഹത്തിനു മുമ്പ് പെണ്‍കുട്ടികള്‍ പഠനം പൂര്‍ത്തിയാക്കി ഒരു ജോലി സമ്പാദിക്കണം. അങ്ങനെയാവുമ്പോള്‍ നമുക്ക് കുടുംബത്തെ ബുദ്ധിമുട്ടിക്കേണ്ട. ആരുടെ മുമ്പിലും കൈനീട്ടേണ്ടതുമില്ല. എന്റെ ഫാമിലിയിലെ പെണ്‍കുട്ടികളുടെ വിവാഹാലോചനയെക്കുറിച്ച് പറയുമ്പോള്‍ ഞാന്‍ പറയുന്നത് ഒരേയൊരു കാര്യമാണ്-പഠിത്തം പൂര്‍ത്തിയാക്കി എവിടെയെങ്കിലും ജോലിക്ക് കയറ്. എന്നിട്ടാലോചിക്കാം വിവാഹം.
ഇളയമകന്‍ സിനിമയില്‍ അഭിനയിച്ചല്ലോ. അവനും അച്‌ഛന്റെ വഴിയിലേക്കാണോ?
ടി.കെ.രാജീവ്‌കുമാറിന്റെ 'അപ്പ് ആന്‍ഡ് ഡൗണ്‍ മുകളില്‍ ഒരാളുണ്ട്' എന്ന സിനിമയിലാണ് ദേവരാമന്‍ അഭിനയിച്ചത്. തിരുവനന്തപുരത്തായിരുന്നു ഷൂട്ടിംഗ്. നേരത്തെ നിശ്‌ചയിച്ച കുട്ടി സഹകരിക്കാതെ വന്നപ്പോള്‍ ഒരു ശനിയാഴ്‌ചയാണ് അവര്‍ എന്നെ വിളിക്കുന്നത്.
കാര്‍ട്ടൂണുകള്‍ കണ്ടുകണ്ട് അതിലെ കഥാപാത്രങ്ങളെപ്പോലെ വേഷം കെട്ടുമായിരുന്നു ദേവരാമന്‍. അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്നു ചോദിച്ചപ്പോള്‍ അവനും സമ്മതം. ആദ്യമായാണ് അവന്‍ അന്ന് കാമറ കാണുന്നത്. എങ്കിലും ഒരു പേടിയുമില്ലാതെ അഭിനയിച്ചു. ആദിത്യയ്‌ക്കും അഭിനയം ഇഷ്‌ടമാണ്. സ്‌കൂള്‍ നാടകങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. എന്നാല്‍ കാര്‍ ഡിസൈനിംഗിലും ഇലക്‌ട്രോണിക്‌സിലുമാണ് അവന് കൂടുതല്‍ താല്‍പ്പര്യം.
ഇപ്പോള്‍ ആലോചിക്കുമ്പോള്‍, വിവാഹമേ വേണ്ടായിരുന്നു എന്നു തോന്നുന്നുണ്ടോ?
ശരിയാണ്. എന്റെ ജീവിതത്തിന്റെ ഗ്രാഫ് വിവാഹത്തോടെയാണ് കുത്തനെ താഴോട്ടുപോയത്. ഇപ്പോള്‍ വീണ്ടും മുകളിലോട്ട് വരികയാണ്. ജീവിതത്തിലെ ഏറ്റവും നല്ല പ്രായം ദുഃഖിച്ചും സഹിച്ചും കഴിഞ്ഞുപോയി. ആ നഷ്‌ടത്തെ അതിജീവിക്കാന്‍ വേണ്ടിയാണ് ഇപ്പോഴത്തെ ശ്രമം. പാട്ടും ഡാന്‍സും സാരി ഡിസൈനിംഗുമൊക്കെയായി ജീവിതം ആസ്വദിക്കുന്നു. ഏറ്റവും പ്രധാന ശ്രദ്ധ കുട്ടികളിലാണ്. അവര്‍ രണ്ടുപേരുമാണ് ഏറ്റവും വലിയ സന്തോഷം. അവരുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ നോക്കി സമൂഹത്തിന് മാതൃകയാക്കി മാറ്റാന്‍ പരമാവധി ശ്രമിക്കും. ബാക്കിയെല്ലാം ദൈവത്തിന്റെ കൈയിലാണ്.
ഗണേഷ്‌കുമാര്‍ വീണ്ടും വിവാഹം കഴിച്ചു. യാമിനിക്കും പുതിയൊരു ജീവിതത്തിലേക്ക് കടക്കാന്‍ ആഗ്രഹമില്ലേ?
അത്തരം കാര്യങ്ങളെക്കുറിച്ചൊന്നും ആലോചിക്കുന്നില്ല. മക്കളുടെ ഉയര്‍ച്ചയും വിദ്യാഭ്യാസവുമാണ് പ്രധാനം. മറ്റൊരു വിവാഹത്തെക്കുറിച്ച് അമ്മയും പറയാറില്ല. കാരണം അവര്‍ക്ക് ഇത്രയുംകാലം ഞാന്‍ അനുഭവിച്ചകാര്യങ്ങള്‍ അറിയാം. ഒരു സ്‌ത്രീക്ക് തനിച്ച് ജീവിക്കാന്‍ കഴിയില്ല എന്നൊക്കെ വെറുതെ പറയുന്നതാണ്. എത്രയൊക്കെ ബന്ധങ്ങളുണ്ടായാലും ബേസിക്കലി നമ്മള്‍ തനിച്ചല്ലേ? ഓരോരുത്തര്‍ക്കും ഉള്ളില്‍ ഒരു ശക്‌തിയുണ്ട്. പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് പുറത്തുവരികതന്നെ ചെയ്യും. സ്‌ത്രീകളോട് എനിക്ക് ഒരഭ്യര്‍ഥനയുണ്ട്. നിങ്ങളൊരിക്കലും പ്രതികരിക്കാതിരിക്കരുത്. അങ്ങനെ വന്നാല്‍ നഷ്‌ടപ്പെടുന്നത് നിങ്ങളുടെ ജീവിതം തന്നെയാണ്. പ്രതികരിക്കാന്‍ വൈകിയതുകൊണ്ടാണ് ജീവിതത്തിലെ നല്ല ഇരുപതുവര്‍ഷങ്ങള്‍ നഷ്‌ടപ്പെട്ടത്. ആലോചിച്ച് തീരുമാനങ്ങള്‍ എടുക്കുക. അതില്‍ ഉറച്ചുനില്‍ക്കുക. നല്ല ഫലമുണ്ടാകും.
(കടപ്പാട്-മംഗളം)