കാല്‍ നുറ്റാണ്ടായി ബാറ്റും ബോളുംകൊണ്ടല്ലാതെ കേരള ക്രിക്കറ്റിന്റെ ക്രീസില്‍ ഈ തൊടുപുഴക്കാരനുണ്ട്. ഔട്ടാക്കാന്‍ എതിരാളികള്‍ എറിഞ്ഞ ഗ്യൂഗിളികളെ സിക്‌സര്‍ പറത്തി കളിക്കളം നിറഞ്ഞു നില്‍ക്കുന്ന മാത്യുവിന്റെ തലയില്‍ ഇപ്പോള്‍ കേരള ക്രിക്കറ്റ് മാത്രമല്ല, നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുണ്ട്. തൊടുപുഴയില്‍ തുടങ്ങിയ ഈ ക്രിക്കറ്റ് കളി തിരുവനന്തപുരവും കടന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലസ്ഥാനമെന്ന വിശേഷണം പേറുന്ന മുംബൈയില്‍വരെ എത്തി നില്‍ക്കുന്നു. അവിടെ ഒപ്പം കളത്തിലുള്ളത് നിസാരക്കാരല്ല. ശരത് പവാര്‍ മുതല്‍ അമിത് ഷാവരെയുള്ള ദേശീയ രാഷ്ട്രീയത്തിലെ അതികായന്‍മ്മാര്‍. അരുണ്‍ജയ്റ്റ്‌ലി, വി.സി. ശുക്ല അങ്ങനെ രാഷ്ട്രീയക്കാര്‍ക്ക് ഒപ്പം ശ്രീനിവാസനെപ്പോലെയുള്ള ശത കോടീശ്വരന്‍മ്മാരും. രാഷ്ട്രീയവും വ്യവസായ സാമ്രാജ്യവുമില്ലെങ്കിലും ടി.സി മാത്യുവെന്ന മലയാളി മുംബൈയിലെ ക്രീസിലും ചുവട് ഉറപ്പിച്ചുകഴിഞ്ഞു. രാഷ്ട്രീയവും വ്യവസായവും ക്രിക്കറ്റിനൊപ്പം കൂട്ടിക്കുഴക്കുന്നവരെപ്പോലെയല്ല മാത്യൂ.പക്ഷേ കാല്‍നൂറ്റാണ്ടായി ശ്വസിക്കുന്നതും ഉച്ഛസിക്കുന്നതും ക്രിക്കറ്റാണ്. മുഴുവന്‍ സമയവും ക്രിക്കറ്റിന് വേണ്ടി നീക്കിവച്ചിരിക്കുന്ന ക്രിക്കറ്റ് പ്രേമി. ഇന്ത്യ ഏറെക്കുറേ മുഴുവന്‍ ഒരേ താളത്തോടെ സ്പന്ദിക്കുന്ന ക്രിക്കറ്റിന്റെ ആ താളം കേരളത്തിലുമെത്തിക്കാനുള്ള യത്‌നത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്ായ ടി.സി. മാത്യൂ.
ക്രിക്കറ്റിന് വലിയ സംഭാവനകള്‍ ചെയ്യാത്ത കേരളത്തില്‍ നിന്നും ദേശീയ ക്രിക്കറ്റിലേക്ക് ഉയര്‍ന്നു വന്ന മാത്യുവിന്റെ ദീര്‍ഘവീക്ഷണവും കഠിനാദ്ധ്വാനവും കേരള ക്രിക്കറ്റിന്റെ ജാതകം തന്നെ മാറ്റിയെഴുതിയേക്കും. മൂന്നു വര്‍ഷത്തിനുള്ളില്‍ കേരള ക്രിക്കറ്റിന് സ്വന്തമായി ഇരുപത് സ്‌റ്റേഡിയങ്ങള്‍. അതാണ് അദ്ദേഹത്തിന്റെ ഒരു ലക്ഷ്യം. അതോടെ കേരളവും ക്രിക്കറ്റ് ദേശീയ ക്രിക്കറ്റിന് ഒപ്പം ചലിച്ചുതുടങ്ങും.
ഇംഗ് ളണ്ടിലെ ലോഡ്‌സില്‍ ഇന്ത്യന്‍ ടീം എഴുതിയ ചരിത്ര വിജയം ആഘോഷിക്കാന്‍ എത്തിയ ഐ.സി.സി.പ്രസിഡന്റ് ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒപ്പം മാത്യുവും ഉണ്ടായിരുന്നു. ഇന്ന് ഇംഗ് ളണ്ടിലാണേല്‍ നാളെ ന്യുസിലാന്‍ഡില്‍, അവിടെ നിന്ന് വെസ്റ്റ്ഇന്‍ഡീസില്‍, പിന്നെ ഓസ്‌ട്രേലിയ. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലകളുമായി ഓടി നടക്കുന്നതിനിടെയില്‍ ലണ്ടനിലെ ടാജ് ഹോട്ടലില്‍ വച്ചാണ് മാത്യുവിനെ കണ്ടത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയെ ക്കുറിച്ചും കേരള ക്രിക്കറ്റിനെയും ക്രിക്കറ്റുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളെക്കുറിച്ചും അദ്ദേഹം മനസു തുറന്നു.
നാഷണല്‍ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍ പദവിയില്‍ എത്തിയ ആദ്യ മലയാളിയാണല്ലോ, എങ്ങനെയാണ് ഈ അവസരം ഉപയോഗിക്കുന്നത്?
നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ സമൂല പരിഷ്‌കരം കൊണ്ടുവന്ന് തികച്ചും പ്രൊഫഷണലായ, അന്തരാഷ്ട്ര നിലവാരമുള്ള അക്കാദമിയായി മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് താന്‍. അതിന് ബി.സി.സി.ഐയില്‍ എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണയുണ്ട്. ക്രിക്കറ്റ് അക്കാദമിയുടെ സിലബസ് പരിഷ്‌കരിച്ചു, ഇന്‍സ്ട്രക്ടര്‍മാരെ മാറ്റി, വിദേശയൂണിവേഴ്‌സിറ്റികളുമായും മറ്റും സഹകരണത്തിന് തുടക്കം കുറിച്ചു. ഏറ്റവും മികച്ച ക്രിക്കറ്റ് അക്കാദമിയാക്കുകയാണ് ലക്ഷ്യം.
ഇതിന് രാജ്യാന്തര തലത്തില്‍ സഹകരണം ഉണ്ടോ?
പ്രശ്‌സ്തമായ ലാബറോ യൂണിവേഴ്‌സിറ്റിയുമായി സഹകരണത്തിന് കഴിഞ്ഞ ദിവസം ധാരണയായികഴിഞ്ഞു, കൂടാതെ ഇംഗ ളീ ഷ് ക്രിക്കറ്റ് അക്കാദമിയുമായും ഓസ്‌ട്രേലിയയുമായും സഹകരിക്കുന്നുണ്ട്. നാഷണല്‍ ക്രിക്കറ്റ് അക്കാദമി നടത്തുന്ന കോഴ്‌സുകള്‍ക്ക് രാജ്യാന്തര അംഗീകാരവും അക്രഡിറ്റേഷനും ലഭിക്കണം. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇടക്ക് അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കണം. പ്രൊഫഷണലായി എല്ലാ തലത്തിലും കോച്ചിങ് നല്‍കാനുള്ള സംവിധാനവും സഹകരണവുമാണ് തേടുന്നത്. കളിക്കാര്‍ക്ക് മാത്രമല്ല കോച്ചുമാര്‍ക്കും ക്രിക്കറ്റിന്റെ എല്ലാ രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്കും തികച്ചും പ്രൊഫഷണല്‍ ആയി ട്രയിനിങ്ങ് നല്‍കുന്നതിനുള്ള സൗകര്യമൊരുക്കുകയാണ് ലക്ഷ്യം.
ലോകക്രിക്കറ്റില്‍ ഇന്ത്യന്‍ തലയെടുപ്പാടെ നില്‍ക്കുമ്പോഴും അതില്‍ കേരളത്തിന്റെ സംഭാവനയായി ഒന്നുമില്ലല്ലോ.
കേരളത്തില്‍ ക്രിക്കറ്റ് മറ്റ് സംസ്ഥാനങ്ങളിലേതുപോലെ വളര്‍ന്നുവരാത്തതിന് പല കാരണങ്ങളുണ്ട്. മുംബൈക്ക് സച്ചിനും കര്‍ണാടകക്ക് ദ്രാവിഡും ദല്‍ഹിക്ക് സേവാഗും എന്ന് ഒക്കെ പറയുന്നതുപോലെ ഐക്കോണിക് പ്ലയേഴ്‌സ് നമുക്ക് ഇല്ല. അതൊരു കുറവാണ്.
നമുക്ക് ശ്രീശാന്ത് ഉണ്ടായിരുന്നില്ലേ. വിവാദത്തില്‍പ്പെടുന്നതുവരെ?
ശ്രീശാന്ത് പിന്‍തലമുറക്ക് മോഡലാക്കാവുന്ന തലത്തിലേക്ക എത്തുന്നതേ ഉണ്ടായിരുന്നുള്ളു. ഒരു പക്ഷേ കുറേക്കാലം കൂടി തിളങ്ങി നിന്നിരുന്നെങ്കില്‍ ശ്രീശാന്ത് കേരളത്തിലെ കുട്ടികള്‍ക്ക് പ്രചോദനം ആയേനെ.
ഇനി ശ്രീശാന്തിന്റെ ഭാവി എന്താണ്. ഇപ്പോള്‍ ക്രിക്കറ്റ് വിട്ട് റിയാലിറ്റിഷോയിലാണല്ലോ കാണുന്നത്. ?
ശ്രീശാന്തിന് തിരിച്ചുവരാനുള്ള അവസരമുണ്ട്. അതുകൊണ്ട് ആര്‍ക്കും എഴുതി തള്ളാന്‍ കഴിയില്ല. ക്രിക്കറ്റ് അല്ലേ, ഒന്നും ഉറപ്പിച്ച് പറയാനും പറ്റില്ല.
ശ്രീശാന്തിന്റെ ക്രിക്കറ്റ് ജീവിതം തിഹാര്‍ ജയിലിലാണല്ലോ അവസാനിച്ചത്. അത് കേരളത്തിലെ ക്രിക്കറ്റിനെ ബാധിച്ചോ?
അത്തരം വിവാദങ്ങള്‍ കേരളത്തില്‍ വലിയ വാര്‍ത്തയായി എന്നത് ശരിയാണ്. പക്ഷേ കേരളത്തിലെ ക്രിക്കറ്റിനെ ഒരിക്കലും ബാധിച്ചിട്ടില്ല. ആ വിവാദങ്ങളൊക്കെ വ്യക്തിപരമാണ്.
സാക്ഷരതയിലും രാഷ്ട്രീയത്തിലും എല്ലാം മുന്നില്‍ നില്‍ക്കുന്ന കേരളം എന്തുകൊണ്ടാണ് ക്രിക്കറ്റിന്റെ കാര്യത്തിലെത്തുമ്പോള്‍ പിന്നിലായിപോകുന്നത്?
കേരളത്തില്‍ കുട്ടികള്‍ക്ക് ക്രിക്കറ്റ് കളിച്ച് പഠിക്കാന്‍ സ്‌റ്റേഡിയങ്ങളില്ല. അതൈാരു പ്രശ്‌നമാണ്. കളിക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ വേണം. എങ്കിലേ കൂടുതല്‍പേര്‍ക്ക് ഈ രംഗത്തേക്ക് വരാന്‍ കഴിയു.പിന്നെ ഞാന്‍ ആദ്യം പറഞ്ഞതുപോലെ പുതു തലമുറക്ക് ആവേശത്തോടെ മാതൃകയാക്കാന്‍ കഴിയുന്ന ഐക്കോണിക് താരങ്ങള്‍ ഇതുവരെ ഉണ്ടായില്ല. അതൊക്കെ ഒരോ കാരണങ്ങളാണ്. എല്ലാ ജില്ലകളിലും കേരള ക്രിക്കറ്റ് അസോസിയേഷന് സ്‌റ്റേഡിയങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതി നടന്നുവരികയാണ്. 2017 ല്‍ എല്ലാ ജില്ലകളിലും സ്‌റ്റേഡിയങ്ങള്‍ വരും. വയനാട്ടില്‍ പത്തുകോടി രൂപയ്ക്ക് ക്രിക്കറ്റ് സ്‌റ്റേഡിയം പൂര്‍ത്തിയായി. അതുപോലെ ഇരുപതു സ്‌റ്റേഡിയങ്ങള്‍ക്കാണ് പദ്ധതി.
കൊച്ചിപോലെ അന്താരാഷ്ട്ര മല്‍സരങ്ങള്‍ നടക്കുന്ന നഗരത്തില്‍പ്പോലും കെ.സി.എ യ്ക്ക് സ്‌റ്റേഡിയമില്ലല്ലോ?
ഇടക്കൊച്ചിയില്‍ സ്‌റ്റേഡിയത്തിന് സ്ഥലം വാങ്ങിയിട്ടുണ്ട്. പരിസ്ഥിതി പ്രശ്‌നങ്ങളുടെ പേരില്‍ നിര്‍മാണ അനുമതി ലഭിച്ചിട്ടില്ല. കൊച്ചിയിലെ നെഹ്‌റു സ്‌റ്റേഡിയം കേരളക്രിക്കറ്റ് അസോസിയേഷന്‍ പാട്ടത്തിന് എടുത്തിരിക്കുകയാണ്. അവിടെയാണ് ഏകദിനങ്ങള്‍ നടത്തുന്നത്. ക്രിക്കറ്റിനും ഫുട്‌ബോളിനും അത്‌ലറ്റിക്‌സിനുമൊക്കെയായി ഒരു സ്‌റ്റേഡിയം ഉപയോഗിക്കുന്നതിന് പരിമിതികളുണ്ട്. അതുകൊണ്ടാണ് എല്ലാ ജില്ലകളിലും സ്‌റ്റേഡിയം നിര്‍മിക്കുന്നത്.
ഇരുപതു സ്‌റ്റേഡിയങ്ങള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ വന്‍ തുക ചെലവാകില്ലേ. എവിടെ നിന്നാണ് അതിന് ഫണ്ട് ലഭിക്കുക?
ബി.സി.സി.ഐ യാണ് ഫണ്ട് നല്‍കുന്നത്. എല്ലാ ജില്ലകളിലും തന്നെ ഇതിനായി സ്ഥലം എടുത്തു കഴിഞ്ഞു.
നാഷണല്‍ അക്കാദമി ചെയര്‍മാന്‍വരെ ആയ സ്ഥിതിക്ക് ബി.സി.സി.ഐ പ്രസിഡന്റ് പദത്തിലേക്ക് ഇനി എത്ര ദൂരമുണ്ട്.?
ബി.സി.സി.ഐയിലെ അംഗങ്ങളില്‍ പലരും ദേശീയ രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാക്കന്‍മ്മാരാണ് . അമിത് ഷാ, ശരത് പവാര്‍, രാജീവ് ശുക്ല, അരുണ്‍ ജയ്റ്റ്‌ലി അങ്ങനെ...... അതില്‍ രാഷ്ട്രീയക്കാരനല്ലാതെ ഞാന്‍ മാത്രമേ കാണൂ.അപ്പോള്‍ ബി.സി.സി.ഐ പ്രസിഡന്റ് പദം എന്നെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല, അങ്ങനെയൊരു ആഗ്രഹം മനസില്‍ ഇല്ല.
ഐ.പി.എല്‍ ടീമായ കേരള ടസ്‌കേഴ്‌സ് പ്രതിസന്ധിയിലായത് കേരളത്തിന് നഷ്ടമല്ലേ?
കേരള ടസ്‌കേഴ്‌സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സെറ്റില്‍ചെയ്തുവരികയാണ് എന്നാണ് അറിയുന്നത്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടുകഴിഞ്ഞാല്‍ വീണ്ടും വരാവുന്നതേയുള്ളു.
സംഭാഷണത്തിന് ഇടക്കും ക്രിക്കറ്റുമായി ബന്ധപ്പെട്ട നിരവധി ഫോണ്‍ കോളുകള്‍. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ എ ടീമി ല്‍
കളിക്കുന്ന മലയാളി താരങ്ങളുടെ പ്രകടനങ്ങളാണ് ഫോണില്‍ അറിയിക്കുന്നത്. ക്രിക്കറ്റുമാത്രമാണ് എല്ലാ സംഭാഷണങ്ങളിലും. കാത്തിരിക്കുക, ഇന്ത്യന്‍ ടീമില്‍ മലയാളികള്‍ സ്ഥിരമായി ഉണ്ടാകുന്ന കാലം വിദുരമല്ല. അതിന് കൂടിയുള്ള പരീക്ഷണങ്ങളാണ് മാത്യുവിന്റെ ക്രിക്കറ്റ് ലബോറട്ടറിയില്‍ നടക്കുന്നത്.