വാത്സല്യം എന്ന സിനിമയിലൂടെ നാടന്‍ പെണ്‍കുട്ടിയായും രാജസേനന്റെ ശ്രീകൃഷ്‌ണപുരത്തെ നക്ഷത്രത്തിളക്കത്തിലെ നിഷ്കളങ്ക ഹാസ്യത്തിലൂടെ പൊട്ടിച്ചിരിപ്പിച്ചും പ്രേക്ഷകരുടെ മനം കവര്‍ന്ന ബിന്ദുപണിക്കര്‍. ലോഹിതദാസിന്റെ സൂത്രധാരനിലെയും ഷാജി എന്‍ കരുണിന്റെ വാനപ്രസ്‌ഥത്തിലെയും വേഷങ്ങളിലൂടെ തന്റെ അഭിനയമികവും വെളിവാക്കിയ താരം ഇപ്പോള്‍ സിനിമയില്‍ നിന്നുള്ള വിളികാത്ത് ഇരിക്കേണ്ട ഗതികേടിലാണ്. ലാല്‍ ജോസിന്റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടികളും എന്ന ചിത്രത്തിലാണ് ഈ നടിയെ ഒടുവില്‍ കണ്ടത്. ആ ഇടവേളകള്‍ക്ക് കാരണം നടി വെളിപ്പെടുത്തുന്നു.
ഇപ്പോള്‍ സിനിമകളില്‍ കാണാനേ ഇല്ലല്ലോ?
ഞാന്‍ എന്തു പറയാനാ? എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ അത്. ഇപ്പോള്‍ ന്യൂജനറേഷന്‍ സിനിമകളുടെ കാലമല്ലേ? അതില്‍ എവിടാ നായകനും നായികയ്‌ക്കും അച്‌ഛനും അമ്മയും. അവര്‍ ഒരു സുപ്രഭാതത്തില്‍ പൊട്ടിമൂളച്ച് ഭൂമിയിലേക്ക് വീഴുവല്ലേ? ഇത് ഞാന്‍ പറയുന്നതല്ല കേട്ടോ. എന്റെ സമകാലികര്‍ പലരും പറയുന്നതാ. എന്തായാലും അത് പറഞ്ഞ് കൂടുതല്‍ വിവാദത്തില്‍പ്പെടാനൊന്നും ഞാനില്ല. പലരും കരുതുന്നത് എന്റെ മടി കാരണം ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നില്ല എന്നാണ്. അതങ്ങനെ തന്നെ ഇരിക്കട്ടെ. കാരണം ഞാന്‍ പൊതുവേ ഒരു മടിച്ചിയാണ്. (പൊട്ടിച്ചിരിക്കുന്നു)
പിന്നെ ലോഹിയേട്ടനെ (ലോഹിതദാസ്) പോലെയുള്ള നല്ല തിരക്കഥാകൃത്തുക്കളുടെ അഭാവം.
അവര്‍ ജീവിച്ചിരുന്നപ്പോള്‍ നല്ല കഥാപാത്രങ്ങളെ സൃഷ്‌ടിച്ചിരുന്നു. അതില്‍ എന്നെപ്പോലുള്ളവര്‍ക്ക് പറ്റിയ വേഷങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോഴത്തെ എഴുത്തുകാര്‍ അങ്ങനെയുള്ള കഥാപാത്രങ്ങളെ സൃഷ്‌ടിക്കുന്നില്ല. ഏറെനാളത്തെ കാത്തിരിപ്പിനുശേഷമാണ് പോയ വര്‍ഷം ലാല്‍ജോസിന്റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തില്‍ മികച്ച ഒരു വേഷം കിട്ടിയത്. പിന്നങ്ങോട്ട് അവസരങ്ങള്‍ ഇല്ലാത്തതുകൊണ്ട് എന്നെ വെള്ളിത്തിരയില്‍ കാണാന്‍ കഴിയുന്നില്ല. അത്രയുള്ളൂ കാര്യം.
ഈ മടി വച്ച് എങ്ങനെയാണ് സിനിമയില്‍ എത്തിയത്?
അതങ്ങ് എത്തി എന്നു പറഞ്ഞാല്‍ മതിയല്ലോ. മടിയൊക്കെ ഉണ്ടായിരുന്നുവെങ്കിലും ചെറുപ്പം മുതലേ ഞാന്‍ നൃത്തം അഭ്യസിച്ചിരുന്നു. ഇടയ്‌ക്കുവച്ച് അതെപ്പോഴോ മുടങ്ങി. ഞാന്‍ പ്രീഡിഗ്രിക്കു ശേഷം ഡി.ഫാം കോഴ്‌സ് ചെയ്‌തിരുന്നു. ഒന്നരവര്‍ഷത്തെ കോഴ്‌സിനുശേഷം ആറുമാസത്തോളം വെറുതെ വീട്ടില്‍ ഇരുന്നു. അപ്പോഴാണ് വീണ്ടും നൃത്തം പഠിക്കാന്‍ പോയാല്‍ കൊള്ളാം എന്നു തോന്നിയത്. അങ്ങനെ കലാഭവനില്‍ നൃത്തപഠനത്തിനായി എത്തി. ആ സമയം കമലദളം എന്ന സിനിമയിലേക്ക് നായികയെ തിരയുന്ന സമയമായിരുന്നു. ഞാനറിയാതെ ശര്‍മ്മിള എന്ന എന്റെ കൂട്ടുകാരി അവര്‍ക്ക് ഫോട്ടോ അയച്ചുകൊടുത്തു.
അന്ന് ഇന്നത്തെപ്പോലെ മൊബൈല്‍ ഒന്നും ഇല്ലല്ലോ. ഓഡീഷനു ചെല്ലാന്‍ കാര്‍ഡ് വന്നപ്പോഴാണ് ഞാനീ സംഭവം അറിയുന്നത് തന്നെ. എന്തായാലും ഒരു കൈ പയറ്റാന്‍ ഞാനും തീരുമാനിച്ചു. ഞാന്‍ ചെന്നപ്പോഴേക്കും നായികയായി മോനിഷയെ തിരഞ്ഞെടുത്തിരുന്നു. എനിക്കു ലഭിച്ചത് ചെറിയൊരു വേഷമായിരുന്നു. വേഷം എന്തെന്നോ അതിന്റെ വലിപ്പം എന്താന്നോ എന്നൊന്നും ഞാന്‍ അന്ന് നോക്കിയില്ല. ലാലേട്ടനെയും മുരളിച്ചേട്ടനെയും നെടുമുടിച്ചേട്ടനെയും എല്ലാം അടുത്തുകാണാന്‍ കഴിഞ്ഞ സന്തോഷത്തില്‍ ആയിരുന്നു ഞാന്‍.
ആ സിനിമ ചെയ്‌തു തീര്‍ന്നശേഷം ഞങ്ങള്‍ വെല്ലിംഗ്‌ടണ്‍ ഐലന്‍ഡില്‍ നിന്നും എറണാകുളത്തേക്കു താമസം മാറിയിരുന്നു. ആ സമയത്താണ് വളയം എന്ന സിനിമയുടെ പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ എന്റെ വീട് തേടിപ്പിടിച്ചു വരുന്നത്. വളയത്തില്‍ക്കൂടി അഭിനയിച്ചതോടെ എന്റെ മാര്‍ഗ്ഗം സിനിമയുടേതെന്ന് തിരിച്ചറിയുകയായിരുന്നു. എങ്കിലും വാത്സല്യം എന്ന സിനിമയോടെയാണ് അഭിയനത്തെ ഞാന്‍ ഗൗരവമായി സമീപിച്ചു തുടങ്ങിയത്.
അച്‌ഛന്റെയും അമ്മയുടെയും പാത ബിന്ദുവും പിന്‍തുടര്‍ന്നു?
ദി കിംഗ് എന്ന സിനിമയുടെ ലൊക്കേഷനില്‍വച്ചായിരുന്നു ഷാജി കൈലാസിന്റെ അസോസിയേറ്റ് ആയിരുന്ന ബിജുവിനെ പരിചയപ്പെടുന്നത്. ആ സമയത്ത് ബിജു പഞ്ചതന്ത്രകഥ എന്ന പേരില്‍ സ്വന്തമായി സിനിമ എടുക്കാനുള്ള ശ്രമത്തിലായിരുന്നു. അതു പിന്നീട് പേരു മാറ്റി ദേശം എന്ന പേരില്‍ റിലീസ് ചെയ്‌തു.
ഞങ്ങള്‍ ആ സമയത്ത് സിനിമയെപ്പറ്റി ഒരുപാട് സംസാരിക്കുമായിരുന്നു. സംസാരിച്ച് സംസാരിച്ച് അവസാനം സ്‌നേഹത്തില്‍ കലാശിച്ചു. കല്യാണം കഴിഞ്ഞ് ഞാനഭിനയിക്കുന്നതിന് ബിജുവിന് യാതൊരു എതിര്‍പ്പും ഇല്ലായിരുന്നു. ആ തുറന്ന സമീപനമാണ് സത്യത്തില്‍ ബിജുവിലേക്ക് എന്നെ ആകര്‍ഷിച്ചത്. പിന്നീട് ഏവരുടെയും അനുഗ്രഹത്തോടെ 1997 ഒക്‌ടോബര്‍ 27-ാം തീയതി ഞങ്ങള്‍ വിവാഹിതരായി.
പത്തു വര്‍ഷത്തോളം ഞങ്ങളുടെ ദാമ്പത്യം ഏവരെയും അസൂയപ്പെടുത്തുന്നതായിരുന്നു. ഇതിനിടയില്‍ ഞങ്ങള്‍ക്ക് ഒരു മോളുണ്ടായി. കല്യാണി. ഇടയ്‌ക്ക് അദ്ദേഹത്തിന് ഫിറ്റ്‌സ് ഉണ്ടാകാറുണ്ടായിരുന്നു. അതിന്റെ മരുന്നും കഴിക്കുന്നുണ്ടായിരുന്നു. ഇടയ്‌ക്കുവച്ച് അസുഖം കൂടി ആശുപത്രിയില്‍ ആയി. ഞാന്‍ നാദിയ കൊല്ലപ്പെട്ട രാത്രി യുടെ ലൊക്കേഷനില്‍ ആയിരുന്നു.
അസുഖവിവരം അറിഞ്ഞ് ഞാന്‍ ആശുപത്രിയില്‍ എത്തി. പിന്നീട് മൂന്ന് ദിവസമേ അദ്ദേഹം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നുള്ളൂ. പത്താം വിവാഹവാര്‍ഷികത്തിന് ആറുമാസം ബാക്കിയുള്ളപ്പോള്‍ അദ്ദേഹം എന്നെ തനിച്ചാക്കി യാത്രയായി. അച്‌ഛനും ശേഷം ഭര്‍ത്താവിന്റെ കൂടി വിരഹം എന്നെ ശരിക്കും തളര്‍ത്തി. വല്ലാത്ത ഒരു ശൂന്യതയായി എനിക്കു മുന്നില്‍. നഷ്‌ടപ്പെടലിന്റെ ശൂന്യത.
ആ ശൂന്യതയില്‍ നിന്നും കരകയറിയത്?
അദ്ദേഹം മരിക്കുമ്പോള്‍ മോള്‍ ഒന്നാം ക്ലാസിലാണ്. പിന്നെയും നീണ്ടുകിടക്കുന്ന ജീവിതം. എന്തെങ്കിലും ചെയ്‌തില്ലെങ്കില്‍ എന്റെയും മോളുടെയും ഭാവി ഇരുട്ടിലാകും. മറ്റൊന്നും ചിന്തിക്കാനില്ല. സഞ്ചയനം കഴിഞ്ഞ് ഞാന്‍ നേരെ പോയത് നസ്രാണിയുടെ ലൊക്കേഷനിലേക്ക് ആയിരുന്നു. മേക്കപ്പ്‌മാന്‍ എന്റെ മുഖത്ത് ചായം തേയ്‌ക്കുമ്പോള്‍ എന്റെ മനസിനുള്ളിലൂടെ ഒഴുകിയ കണ്ണുനീരിന് കണക്കില്ലായിരുന്നു. പക്ഷേ എനിക്കും എന്റെ മോള്‍ക്കും ആരുടെയും മുന്നില്‍ കൈനീട്ടാതെ ജീവിക്കണമെങ്കില്‍ ഞാന്‍ ചായം തേച്ചേ മതിയാകുക ഉള്ളായിരുന്നു.
മകളും അമ്മയും തമ്മില്‍?
എന്റെ എല്ലാമെല്ലാമാണ് എന്റെ കല്യാണി. തേവക്കലിലെ വിദ്യോമയ സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയാണവള്‍. ഈ ലോകത്ത് അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരി ഞാനാണ്. എനിക്ക് തിരിച്ചും. എന്തുണ്ടെങ്കിലും ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും തുറന്നുപറയും.
ചെറുപ്രായത്തിലും അവള്‍ നല്ല ബോള്‍ഡായിരുന്നു. അദ്ദേഹത്തിന്റെ മരണസമയത്ത് എനിക്ക് ജീവിക്കാന്‍ ധൈര്യം തന്നതുപോലും അവളാണ്. സന്തോഷം വന്നാലും സങ്കടം വന്നാലും ഞങ്ങള്‍ പരസ്‌പരം പങ്കുവയ്‌ക്കും. വീട്ടിലുണ്ടെങ്കില്‍ സ്വയം പാചകം ചെയ്യണമെന്ന് എനിക്ക് നിര്‍ബന്ധമാണ്. പുതിയ പരീക്ഷണങ്ങള്‍. എന്റെ പാചകത്തിന്റെ ഏറ്റവും വലിയ ആരാധികയും അവള്‍ തന്നെയാണ്.
സിനിമാ ജീവിതത്തില്‍ ബിന്ദുവിന് മൂന്ന് കാലഘട്ടം ഉണ്ടായിരുന്നു. അതിനെ വിലയിരുത്തിയാല്‍?
സത്യമാണത്. വളയം, വാത്സല്യം, സല്ലാപം, സോപാനം തുടങ്ങിയ ചലച്ചിത്രങ്ങള്‍ എടുത്താല്‍ ഞാന്‍ ചെയ്‌തിരുന്നത് എല്ലാം നാടന്‍ കഥാപാത്രങ്ങളായിരുന്നു. ആ കാലഘട്ടത്തിന് വ്യത്യാസം വന്നത് ശ്രീകൃഷ്‌ണപുരത്തെ നക്ഷത്രത്തിളക്കത്തോടെയാണ്. ശരിക്കും ഹാസ്യം എനിക്കു വഴങ്ങുമോ എന്നു പേടിച്ച് പിന്‍മാറാന്‍ പോലും ഞാന്‍ തയാറായതാണ്. എന്നാല്‍ രാജസേനന്‍ സാര്‍ പറഞ്ഞിട്ടാണ് ആ സാഹസത്തിനു മുതിരുന്നത്. അതെന്തായാലും ക്ലിക്കായി. അങ്ങനെ എന്റെ രണ്ടാം കാലഘട്ടം ഹാസ്യത്തിന്റേതായി.
പിന്നീട് മൂന്നാംഘട്ടത്തിലേക്ക് എത്തുന്നത് സൂത്രധാരനിലൂടെയാണ്. ഹിന്ദി സിനിമകളില്‍ ശബാന ആസ്‌മിയെപ്പോലു ള്ള വലിയ നടിമാരാണ് അത്തരം വേഷങ്ങള്‍ ചെയ്‌തിരുന്നത്. അതിവിടെ മലയാളത്തില്‍ പറ്റുമോ എന്നെനിക്ക് സംശയം ഉണ്ടായിരുന്നു. പക്ഷേ കൊച്ചിന്‍ ഹനീഫി ക്കയൊക്കെ എനിക്ക് വലിയ ധൈര്യം തന്നു. അങ്ങനെയാണ് സൂത്രധാരനിലെ വേഷം ശ്രദ്ധിക്കപ്പെടുന്നത്. സ്വാഭാവിക അഭിനയത്തിന്റെ പക്വതയിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നത് സൂത്രധാരനിലൂടെയാണ്. ഈ ന്യൂജനറേഷന്‍ സിനിമകളുടെ കാലത്ത് എന്റെ നാലാംഘട്ടം എങ്ങനെയാണെന്ന് പറയാന്‍ പറ്റില്ല. (പൊട്ടിച്ചിരിക്കുന്നു)
പറയാന്‍ ബാക്കിവച്ചത്?
ഒരുപാടുണ്ട്. ഒരു പുതിയ ജീവിതത്തെപ്പറ്റി എന്റെയുള്ളില്‍ ഒരുപാട് പ്രതീക്ഷകളുണ്ട്. പക്ഷേ സാഹചര്യങ്ങളുടെ ചില സമ്മര്‍ദ്ദങ്ങള്‍ കാരണം ഒന്നും പുറത്തുപറയാന്‍ ആയിട്ടില്ല. എന്തായാലും അധികം താമസിയാതെ ഒരിക്കല്‍കൂടി നിങ്ങളുടെ മുന്‍പിലെത്തും. പുതിയ ജീവിതത്തിന്റെ വിശേഷങ്ങളുമായി. അതുവരെ സദയം കാത്തിരിക്കുക.
(കടപ്പാട്-മംഗളം)