ഇന്റര്‍വ്യൂ

സ്‌റ്റാര്‍സിംഗര്‍ റിമിക്ക്‌ പറ്റിയ പണിയല്ല; എം.ജി.ശ്രീകുമാര്‍ ജഡ്‌ജിന്റെ വില കളഞ്ഞു: സ്‌റ്റാര്‍സിംഗര്‍ 7 നെതിരെ രഞ്‌ജിനി ഹരിദാസ്‌

ഏഷ്യാനെറ്റിലെ സ്‌റ്റാര്‍സിംഗറിലൂടെ അതിപ്രശസ്തയായിമാറിയ സെലിബ്രിറ്റി അവതാരികയാണ് രഞ്‌ജിനി ഹരിദാസ്‌. സ്‌റ്റാര്‍സിംഗര്‍ സീസണ്‍ 2 മുതല്‍ 6 വരെ രഞ്‌ജിനിയായിരുന്നു അവതാരിക. ഇംഗ്ലീഷ്‌ കലര്‍ന്ന മലയാളവുമായി ചടുലവേഗത്തില്‍ സംസാരിക്കുകയും ഇടപെടുകയും ചെയ്ത് ഈ പരിപാടിയുടെ അവിഭാജ്യ ഘടകമായി രഞ്‌ജിനി മാറി. പ്രശസ്തി കൂടിയതോടെ സിനിമയിലേയ്ക്കും വഴി തുറന്നു. അവാര്‍ഡ് നിശകളില്‍‌ വേദികളിലെ സ്ഥിരം സാന്നിധ്യമായി. ഇതിനൊക്കെ പുറമേ നിരവധി വിവാദ സംഭവങ്ങളും.

എന്നാല്‍ സ്‌റ്റാര്‍സിംഗറിന്റെ ഏഴാം പതിപ്പില്‍ രഞ്‌ജിനിയുണ്ടായിരുന്നില്ല. റിമിടോമിയാണ് അവതാരിക. താനില്ലാതെ ഇപ്പോള്‍ നടന്നുവരുന്ന സ്‌റ്റാര്‍സിംഗര്‍ നിലവാരം കുഞ്ഞതാണെന്ന് രഞ്‌ജിനി വ്യക്തമാക്കുന്നു. ഒപ്പം റിമിടോമിയ്ക്കും എം.ജി.ശ്രീകുമാറിനും എതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്യുന്നു. മംഗളത്തിന് നല്കിയ അഭിമുഖത്തിലൂടെയാണ് രഞ്‌ജിനിയുടെ തുറന്നടിക്കല്‍.

നാലുവര്‍ഷക്കാലം സ്‌റ്റാര്‍സിംഗറില്‍ അവതാരികയായ രഞ്‌ജിനിയെ ഇത്തവണ മനപ്പൂര്‍വം ഒഴിവാക്കിയതാണോ?

അതറിയില്ല. എന്തായാലും സ്‌റ്റാര്‍സിംഗര്‍ സെവനില്‍ എന്നെ വിളിച്ചില്ല. സീസണ്‍ സെവന്‍ തുടങ്ങുന്ന കാര്യം നേരത്തെ അറിഞ്ഞിരുന്നു. അതില്‍ പങ്കാളിയാകാത്തത്‌ നന്നായെന്ന്‌ ഇപ്പോള്‍ തോന്നുന്നു. കാരണം പ്രോഗ്രാം വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്‌ എന്നാണറിഞ്ഞത്‌. സീസണ്‍ ടു മുതല്‍ സിക്‌സ് വരെ ഞാനായിരുന്നു അവതാരിക. സ്‌റ്റാര്‍സിംഗറിനെ ഒരിക്കലും തള്ളിപ്പറയാനാവില്ല. കാരണം എനിക്ക്‌ ജീവിതത്തില്‍ എല്ലാം നല്‍കിയത്‌ ആ പ്രോഗ്രാമാണ്‌. ആരു ചെയ്‌താലും നന്നാകണമെന്നാണ്‌ ആഗ്രഹം. അതിനോട്‌ നീതി പുലര്‍ത്താന്‍ ഇപ്പോഴുള്ള ടീമിന്‌ കഴിയുന്നില്ല. അതിന്റെ വിശുദ്ധി നഷ്‌ടപ്പെട്ടു. എം.ജി.ശ്രീകുമാര്‍ ആ പ്രോഗ്രാമില്‍ അവതാരകനായി വരാന്‍ പാടില്ലായിരുന്നു. ജഡ്‌ജിന്റെ വില കളയുകയാണ്‌ അദ്ദേഹം. ആദ്യത്തെ എപ്പിസോഡ്‌ കണ്ടപ്പോള്‍ത്തന്നെ ഇക്കാര്യം ഞാന്‍ റിമിയെ വിളിച്ചുപറഞ്ഞിരുന്നു. റിമി ആങ്കര്‍ ചെയ്‌താല്‍ കുഴപ്പമില്ല. 'സരിഗമ'യൊക്കെ ചെയ്യുന്നതുപോലെയല്ലിത്‌. എന്നെപ്പോലെ പലരും പറഞ്ഞപ്പോഴാണ്‌ എം.ജിയിപ്പോള്‍ സീറ്റിലിരിക്കാന്‍ തുടങ്ങിയത്‌.

സ്‌റ്റാര്‍ സിംഗറിന്റെ പ്രാധാന്യം മാറിപ്പോയി. കോമഡിയിലേക്ക്‌ മാറിപ്പോയോ എന്നു സംശയമുണ്ട്‌. പെട്ടെന്ന്‌ നിര്‍ത്തിയേക്കുമെന്നാണ്‌ അറിഞ്ഞത്‌. സ്‌റ്റാര്‍സിംഗറിന്റെ കാര്യത്തില്‍ എന്റെ മനസിലൊരു ടീമുണ്ട്‌. ശരത്‌ സാര്‍, ചിത്രച്ചേച്ചി, ഉഷാഉതുപ്പ്‌. അതില്‍ എം.ജി.ശ്രീകുമാറില്ല. അദ്ദേഹത്തിന്റെ മനസിലെ ടീമിലും എനിക്കിടം കാണില്ല. സ്‌റ്റാര്‍സിംഗറില്‍ റിമിടോമി വന്നിട്ട്‌ നന്നായില്ലെന്നാണ്‌ എന്റെ അഭിപ്രായം.

റിമിക്ക്‌ പറ്റിയ പണിയല്ലിത്‌. റിമിക്ക്‌ 'ഒന്നും ഒന്നും മൂന്നു'പോലുള്ള കോമഡി പരിപാടിയാണ്‌ ചേരുക. അവളുടെ ഇമേജില്‍ അതേ ചെയ്യാനാവൂ. സ്‌റ്റാര്‍സിംഗര്‍ സീരിയസ്‌ പ്രോഗ്രാമാണ്‌. അവിടെ റിമിയുടെയും എം.ജിയുടെയും കോമഡി വര്‍ക്കൗട്ട്‌ ചെയ്യില്ല. റിമി നല്ല കലാകാരിയാണ്‌. ആള്‍ക്കാരെ കൈയിലെടുക്കാനറിയാം. ഞാനും അവരെ ആരാധിക്കുന്നു. എന്നാല്‍ സംഗീതത്തെ വിലയിരുത്താനുള്ള കഴിവൊന്നും റിമിക്കില്ല. അതു ഞാന്‍ സമ്മതിച്ചുതരില്ല.


റിമിയെപ്പോലെ പാട്ടുപാടുന്ന അവതാരികയാവാന്‍ കഴിയാത്തതുകൊണ്ടുള്ള അസൂയയല്ലേ ഇതിന്‌ കാരണം?

റിമിയോട്‌ ഒരുതരത്തിലുമുള്ള അസൂയയും എനിക്കില്ല. മാത്രമല്ല, ഞാന്‍ പാട്ടുപാടില്ലെന്ന്‌ ആരാണ്‌ പറഞ്ഞത്‌? ഞാന്‍ പാടാറുണ്ട്‌. അഞ്ചുവര്‍ഷമാണ്‌ സംഗീതം പഠിച്ചത്‌. ആങ്കര്‍ ചെയ്യുമ്പോള്‍ പാട്ടും ഡാന്‍സും ചെയ്‌തിട്ടുണ്ട്‌.


കൈയില്‍ കാശുവച്ചാലേ രഞ്‌ജിനി സ്‌റ്റേജിലേക്ക്‌ കയറുകയുള്ളൂ എന്നു കേട്ടിട്ടുണ്ട്‌. ഇത്രയും പിടിവാശി വേണോ?

അനുഭവം പഠിപ്പിച്ചതാണത്‌. മിക്കവരും എന്നെ ചതിച്ചിട്ടേയുള്ളൂ. ജീവിതത്തില്‍ ആദ്യം ചെയ്‌ത പരസ്യചിത്രം ക്ലോക്കിന്റേതാണ്‌. ഒരു ദിവസം രാത്രി ട്രെയിനിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ നിന്നുകൊണ്ട്‌ യാത്ര ചെയ്‌ത് കോഴിക്കോട്ടെത്തിയാണ്‌ ആ പരസ്യം ചെയ്‌തത്‌. പോരാന്‍നേരം രണ്ടായിരം രൂപയുടെ ചെക്ക്‌ തന്നു. അത്‌ വണ്ടിച്ചെക്കാണെന്ന്‌ ഇവിടെയെത്തിയപ്പോഴാണ്‌ മനസിലായത്‌.

കൊച്ചിയില്‍ ഒരു ഫാഷന്‍ഷോയ്‌ക്ക് പോയപ്പോള്‍ അഞ്ഞൂറു രൂപ തരാമെന്ന്‌ വാഗ്‌ദാനം ചെയ്‌തു. പക്ഷേ തന്നില്ല. പ്രശസ്‌തമായ ഒരു ചാനലിന്റെ 'കാമ്പസ്‌ ചോയ്‌സ്' എന്ന പ്രോഗ്രാമിനുവേണ്ടി കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെയുള്ള കോളജുകളില്‍ പോയി പ്രോഗ്രാം അവതരിപ്പിച്ചു. പതിനഞ്ച്‌ ദിവസത്തെ പ്രോഗ്രാം കഴിഞ്ഞപ്പോള്‍ പ്ര?ഡ്യൂസര്‍ തന്നത്‌ വെറും രണ്ടായിരം രൂപ.
''ഇത്‌ ചേട്ടന്‍ തന്നെ വച്ചോളൂ''
എന്നുപറഞ്ഞുകൊണ്ട്‌ പണം അയാളെത്തന്നെ തിരിച്ചേല്‍പ്പിച്ചു. അതോടെയാണ്‌ പ്രോഗ്രാം കഴിഞ്ഞ്‌ കാശ്‌ വാങ്ങിക്കുന്ന പരിപാടി നിര്‍ത്തിയത്‌. ഇപ്പോള്‍ ചോദിച്ചുവാങ്ങും. അറിയാവുന്ന ആളുകള്‍ തന്നെയാണ്‌ നമുക്ക്‌ പണി തരുന്നത്‌.

'ഒറ്റയൊരുത്തിയും ശരിയല്ല' എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്‌, രഞ്‌ജിനി ചതിച്ചു എന്നാണ്‌. അതിലെന്തെങ്കിലും വാസ്‌തവം?

ഞാന്‍ പ്രശ്‌നമുണ്ടാക്കി എന്നു പറയുന്നത്‌ അവരുടെ വിവരക്കേട്‌ കൊണ്ടാണ്‌. അഡ്വാന്‍സ്‌ തന്നതിനുശേഷമാണ്‌ ആ സിനിമയില്‍ അഭിനയിക്കാന്‍ പോയത്‌. ഷൂട്ടിംഗ്‌ മുക്കാല്‍ഭാഗമായിട്ടും ബാക്കി കാശ്‌ തന്നില്ല. ഡബ്ബിംഗിന്‌ ശേഷം ബാക്കി കാശ്‌ തരാമെന്ന്‌ ഒരിക്കല്‍ പറഞ്ഞു. എന്നാല്‍ എന്നെക്കൊണ്ട്‌ ഡബ്ബ്‌ ചെയ്യിച്ചില്ല. ആ സിനിമ പുറത്തിറങ്ങാത്തതില്‍ സന്തോഷമേയുള്ളൂ. ഇതെക്കുറിച്ച്‌ അധികം അഭിപ്രായം പറയില്ല. കാരണം അതും അവര്‍ക്കൊരു പരസ്യമാണ്‌.

ബാല്യകാലം മുതലേ തന്റേടം കൂടുതലുള്ളതുകൊണ്ട്‌ എല്ലാവരും പറയാറുണ്ട്‌.
''ഇവളെ വല്ല വക്കീലോ പോലീസ്‌ ഓഫീസറോ ആക്കണം.''
അതിനു കഴിഞ്ഞില്ലെങ്കിലും പോലീസിന്റെ വേഷമിടാനായി. ആദ്യസിനിമയായ 'എന്‍ട്രി'യിലൂടെ.

പീഡനം കൂടിവരുന്ന സാഹചര്യത്തില്‍ മക്കാവ്‌ മോഡലില്‍ 'സെക്‌സ് ടോയ്‌ഷോപ്പ്‌' കേരളത്തിലും കൊണ്ടുവരണമെന്ന്‌ എ.പി. അബ്‌ദുള്ളക്കുട്ടി എം.എല്‍.എ പറയുന്നുണ്ട്‌?

'സെക്‌സ് ടോയ്‌ ഷോപ്പ്‌ വന്നാലൊന്നും കേരളത്തിലെ ഞരമ്പുരോഗികളുടെ അസുഖം മാറില്ല. അവര്‍ക്ക്‌ ചോരയും നീരും വറ്റാത്ത സ്‌ത്രീകളെത്തന്നെയാണ്‌ നോട്ടം. പീഡിപ്പിക്കുന്നവരുടെ എണ്ണം കൂടിവരുന്നതുകൊണ്ട്‌ റെഡ്‌ സ്‌ട്രീറ്റുകള്‍ ഇവിടെയും വേണം എന്ന അഭിപ്രായമില്ല. പക്ഷേ റെഡ്‌ സ്‌ട്രീറ്റുകളുള്ള തായ്‌ലന്റ്‌ പോലുള്ള സ്‌ഥലങ്ങളില്‍ രാത്രി പോലും സ്‌ത്രീകള്‍ സ്വാതന്ത്ര്യത്തോടെ നടക്കുന്നു. നൈറ്റ്‌ ഷോപ്പിംഗ്‌ നടത്തുന്നു. അവിടെയൊന്നും ചീത്തക്കണ്ണോടെ ആരും സ്‌ത്രീകളെ നോക്കാറില്ല. സര്‍ക്കാര്‍ നിയമം കര്‍ക്കശമായി നടപ്പാക്കിയാല്‍ ഒരു ടോയ്‌ഷോപ്പും നമുക്കാവശ്യമില്ല.

കഴിഞ്ഞമാസം സ്വവര്‍ഗാനുരാഗികളുടെയും ഹിജഡകളുടെയും ജാഥയില്‍ രഞ്‌ജിനിയെ കണ്ടു. അവരോട്‌ ആരാധനയുണ്ടോ?

എന്റെ ഒരുപാട്‌ സുഹൃത്തുക്കള്‍ അക്കൂട്ടത്തിലുണ്ട്‌. അവര്‍ ക്ഷണിച്ചപ്പോഴാണ്‌ ഞാനും പോയത്‌. സ്വവര്‍ഗരതി തെറ്റാണോ എന്നെനിക്കറിയില്ല. ആരെങ്കിലും സപ്പോര്‍ട്ട്‌ ചെയ്‌താല്‍ മാത്രമേ സ്വവര്‍ഗാനുരാഗികള്‍ പുറത്തിറങ്ങുകയുള്ളൂ. അല്ലെങ്കില്‍ വീട്ടിനകത്ത്‌ ചടഞ്ഞുകൂടും. ഇപ്പോള്‍ ഒരുപാട്‌ പ്രോഗ്രാമുകളിലേക്ക്‌ അവരെ വിളിക്കുന്നുണ്ട്‌. അത്‌ നല്ല കാര്യമാണ്‌. അവരും നമ്മെപ്പോലെ മനുഷ്യരാണെന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാകണം.

ഒരുപാടു പ്രശ്‌നങ്ങളിലും വിവാദങ്ങളിലും പെട്ടിട്ടുണ്ട്‌. പലപ്പോഴും അത്‌ കേസുകളിലാണ്‌ അവസാനിക്കാറ്‌. ഇതിലെല്ലാം നീതി കിട്ടാറുണ്ടോ?

കേസുകള്‍ വൈകുന്നതാണ്‌ പതിവ്‌. രണ്ടുവര്‍ഷം മുമ്പ്‌ എന്നെ ഫേസ്‌ബുക്കിലൂടെ അപമാനിച്ചയാള്‍ക്കെതിരേ കേസ്‌ കൊടുത്തു. സഹിക്കാന്‍ പറ്റാത്ത ഭാഷയിലാണ്‌ അയാളെന്നെ തെറിവിളിച്ചത്‌. പക്ഷേ ആരെയും പിടികൂടിയില്ല. രണ്ടുമാസം മുമ്പും സ്‌റ്റേഷനില്‍ വിളിച്ചിരുന്നു. അന്വേഷണം നടക്കുകയാണെന്നാണ്‌ പോലീസ്‌ പറഞ്ഞത്‌. നരേന്ദ്രമോഡിയെക്കുറിച്ച്‌ നെറ്റില്‍ പോസ്‌റ്റ് ചെയ്‌ത ആളെ അറസ്‌റ്റ്ചെയ്‌തല്ലോ എന്നു ചോദിച്ചപ്പോള്‍ പോലീസുകാരന്‌ മറുപടിയില്ല. നമ്മള്‍ വി.ഐ.പിയല്ലല്ലോ.


ആര്‍ക്കും എളുപ്പം സ്വാധീനിക്കാന്‍ കഴിയുന്ന യുവതിയല്ലെന്നു പറഞ്ഞാല്‍?

അംഗീകരിക്കും. അല്‍പ്പമെങ്കിലും കീഴടങ്ങിയിട്ടുള്ളത്‌ ചിത്രച്ചേച്ചിക്കും അമ്മയ്‌ക്കും മുമ്പിലാണ്‌. കാലില്‍ കാല്‍ കയറ്റിയിരിക്കുന്നതൊന്നും ചേച്ചിക്കിഷ്‌ടമല്ല. അപ്പോള്‍ത്തന്നെ എന്നെ വഴക്കുപറയും. ഞാനത്‌ കേട്ടുനില്‍ക്കും. അമ്മ വളരെ സെന്‍സിറ്റീവാണ്‌. എന്തുപറഞ്ഞാലും കരയും.


പ്രശ്‌നമുണ്ടാക്കും എന്നു കരുതിയതുകൊണ്ടാകാം, എനിക്കുനേരെ ഇപ്പോള്‍ ആരും 'അഭ്യാസം' കാണിക്കാറില്ല എന്ന് രഞ്ജിനി പറയുന്നു.
കൗമുദി ടി.വിയില്‍ സൗഹൃദവുമായി ബന്ധപ്പെട്ട പ്രോഗ്രാമില്‍ അവതാരികയാണ്‌. സ്‌റ്റേജ്‌ഷോയ്‌ക്കും പോകുന്നുണ്ട്‌. ഇതൊന്നും പോപ്പുലര്‍ അല്ല. ഏഷ്യാനെറ്റിലെ സ്‌റ്റാര്‍സിംഗര്‍ സീസണ്‍ സെവന്‍ എന്ന ജനപ്രിയ പരിപാടിയില്‍ ഇല്ലാത്തതുകൊണ്ടാണ്‌ ഞാനില്ലെന്ന തോന്നല്‍ ആളുകള്‍ക്കുണ്ടായത്‌- രഞ്ജിനി പറയുന്നു.

(കടപ്പാട്- മംഗളം)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions