ഇന്റര്‍വ്യൂ

ആരോപണങ്ങള്‍ക്കു കാരണം 'ദൃശ്യ'ത്തിന്റെ വന്‍വിജയം: ജിത്തു ജോസഫ്

'ദൃശ്യം' എന്ന സിനിമയുമായി തന്റെ തിരക്കഥയ്ക്ക് 87 ശതമാനം സാമ്യമുണ്ടെന്ന് അടക്കമുള്ള കാര്യങ്ങള്‍ 'ഫിംഗര്‍ പ്രിന്റ്' എന്ന സിനിമയുടെ സംവിധായകന്‍ കൂടിയായ ഡോ. സതീഷ് പോള്‍ വെളിപ്പെടുത്തിയതിനു മറുപടിയുമായി ജിത്തു ജോസഫ്.
''വര്‍ഷങ്ങളായി കഥയുമായി പലര്‍ക്കും പിന്നാലെ നടന്ന് ഒന്നും സംഭവിക്കാതെ പോയതിലുള്ള മാനസികസമ്മര്‍ദ്ദമാകാം ഇങ്ങനെയൊക്കെ പറയാന്‍ സതീഷ് പോളിനെ പ്രേരിപ്പിച്ചത്. 'ദൃശ്യം' വമ്പന്‍ ഹിറ്റായി മാറിയതിനാല്‍തന്നെ ഇടനിലക്കാരെ വച്ച് ലക്ഷങ്ങള്‍ സംഘടിപ്പിച്ചെടുക്കാന്‍ സാധിക്കുമോയെന്നും മറ്റ് ആരുടെയെങ്കിലും രേപരണയാല്‍ അയാള്‍ ചിന്തിച്ചിട്ടുണ്ടാകുമോയെന്നും അറിയില്ല. എന്തായാലും എന്നെ ടാര്‍ജറ്റ് ചെയത് കരിവാരി തേയ്ക്കാനുള്ള ശ്രമമാണ് സതീഷ് പോളിന്റെ ഭാഗത്തുനിന്നുണ്ടായത്.''- ജിത്തു ജോസഫ് പറഞ്ഞു.


സതീഷ് പോളിന്റെ 'ഒരു മഴക്കാലത്ത്' എന്ന പുസ്തകം ഞാന്‍ കണ്ടിട്ടിട്ടില്ല. ഇതുസംബന്ധിച്ച് വാര്‍ത്തയും ഇന്റര്‍വ്യൂവും വായിക്കുകയും പലരും വിളിച്ചു സംസാരിക്കുകയും ചെയ്തപ്പോഴാണ് ഞാന്‍ അസോസിയേറ്റ് ഡയറക്ടറെ വിട്ട് ആ പുസ്തകം വാങ്ങിപ്പിച്ചത്. ഈ സമയം ദൃശ്യത്തിന്റെ തമിഴ് പതിപ്പിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഞാന്‍ തമിഴ്‌നാട്ടിലായിരുന്നു. പുസ്തകം വിട്ടിലെത്തിച്ചതിനെതുടര്‍ന്ന് ഭാര്യയാണ് എന്നെ വായിച്ചു കേള്‍പ്പിച്ചത്. കഥയും രംഗങ്ങളും എല്ലാം വിശദമായി തന്നെ ഭാര്യ സംസാരിച്ചു. അതിനാല്‍തന്നെ ആ പുസ്തകത്തിലെ കാര്യങ്ങളെക്കുറിച്ച് എനിക്ക് വ്യക്തമായ ബോധ്യവുമുണ്ട്. അതിനാലാണ് ആ തിരക്കഥാ പുസ്തകത്തിലെ പ്രമേയവും ദൃശ്യവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ഞാന്‍ ആണയിട്ട് പറയുന്നതും....'' ജിത്തു പറയുന്നു.

'ഒരു മഴക്കാലത്ത്' എന്ന തന്റെ തിരക്കഥാ പുസ്തകവുമായി 'ദൃശ്യം' എന്ന സിനിമയ്ക്ക് സാമ്യമുണ്ടോയെന്ന ആശങ്ക സതീഷ്‌പോള്‍ ചിത്രീകരണസമയത്ത് പങ്കുവച്ചിരുന്നുവെന്നത് ശരിയാണ്. ഇതിനായി തന്റെ ചേട്ടനോട് സംസാരിച്ചാണ് തന്നെ കാണാനെത്തിയത്. ചേട്ടനും സതീഷ്‌പോളും തമ്മില്‍ അടുത്ത സൗഹൃദ് ബന്ധമാണെന്ന് പറയുന്നത് ശരിയല്ല. ചേട്ടന് ബൈക്കിന്റെ ഡീലര്‍ഷിപ്പാണുള്ളത്. ഒരുതവണ ചേട്ടന്റെ ഏജന്‍സി വഴി സതീഷ് പോള്‍ ബൈക്ക് വാങ്ങിയിട്ടുണ്ട്. ആ കാലത്തുണ്ടായ സൗഹൃദം മാത്രമാണുള്ളത്. പിന്നീട് സതീഷ് പോളിന് ആക്‌സിഡന്റ് സംഭവിച്ചപ്പോള്‍ ചേട്ടന്‍ ഇന്‍ഷൂറന്‍സും മറ്റും ശരിയാക്കികൊടുക്കാന്‍ സഹായിച്ചിട്ടുമുണ്ട്. ആ പരിചയത്തിലാണ് എന്നെ കാണാനുള്ള സാഹചര്യം ഒരുക്കികൊടുത്തത്. അത് ഇത്രയും വലിയൊരു ചതിയായി മാറുമെന്ന് ഞാനോ ചേട്ടനോ കരുതിയിരുന്നില്ലെന്നും ജിത്തു പറയുന്നു.


അയാള്‍ പറയും പോലെ ആ കൂടിക്കാഴ്ചയില്‍വച്ച് എന്നോട് ദൃശ്യത്തിന്റെ തിരക്കഥ വായിക്കാനായി ആവശ്യപ്പെട്ടിരുന്നു. ഇതേക്കുറിച്ച് നിര്‍മാതാവായ ആന്റണി പെരുമ്പാവൂരുമായി സംസാരിച്ചപ്പോള്‍ വഴിയെപോകുന്നവര്‍ക്കെല്ലാം തിരക്കഥ വായിക്കാന്‍ കൊടുക്കുന്നത് ശരിയല്ലെന്ന നിലപാടാണ് സ്വീകരിച്ചത്. അതുകൊണ്ട്തന്നെ തിരക്കഥ വായിക്കാനായി തരാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. അതേസമയം കഥ പൂര്‍ണ്ണമായി പറഞ്ഞുകൊടുത്തു. സീന്‍ ബൈ സീന്‍ ആയി തന്നെ പറഞ്ഞുകൊടുത്തു. ക്ളൈമാക്‌സ് മാത്രം പറഞ്ഞിരുന്നില്ല. ക്ളൈമാക്‌സ് അറിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്കുപോലും സിനിമ കാണാന്‍ പിന്നെ രസം കാണില്ലെന്ന് പറഞ്ഞാണ് ഞാന്‍ ക്ളൈ ക്‌സ് വിവരണം ഒഴിവാക്കിയത്. ഇത്രയൊക്കെ പറഞ്ഞുകൊടുത്തപ്പോള്‍ ചുമ്മാ തെറ്റിധരിച്ചതാണെന്നും ഒരു മഴക്കാലത്തും ദൃശ്യവും തമ്മില്‍ ബന്ധമൊന്നുമില്ലെന്നും പറഞ്ഞാണ് സതീഷ് പോള്‍ മടങ്ങിയത്. എന്നിട്ടാണ് ഇന്റര്‍വ്യൂവില്‍ തെറ്റായ രീതിയില്‍ വിവരങ്ങള്‍ നല്‍കുകയും എന്നെ കരിവാരി തേയ്ക്കാന്‍ ശ്രമം നടത്തുകയും ചെയ്തത്. കോടതിയില്‍ തീര്‍പ്പാകാത്ത ഒരു കേസില്‍ അയാള്‍ക്ക് അനുകൂല വിധിയാണ് ഉണ്ടായതെന്നും തെറ്റിദ്ധരിപ്പിച്ചു. ഇതെങ്ങിനെ അംഗീകരിക്കും...?- ജിത്തു ചോദിക്കുന്നു.
അയാളുടെ തിരക്കഥാ പുസ്തകം വായിച്ച് ഭാര്യ കഥ പറഞ്ഞുതന്നപ്പോള്‍ എനിക്ക് വ്യക്തമായത് അതില്‍ മികച്ചൊരു സിനിമയുണ്ടെന്നാണ്. അതിന് ദൃശ്യവുമായി യാതൊരു ബന്ധവുമില്ല. അത് തികച്ചും സയന്റിഫിക്കാണ്. ഒരു ഡോക്ടര്‍ കൊല നടത്തുന്നതാണ്. അത് അയാള്‍ക്ക് സിനിമയാക്കി മാറ്റാവുന്നതാണ്. അല്ലാതെ എന്റെ സിനിമ അയാളുടെതാണെന്ന അവകാശവാദവുമുന്നയിച്ച് വെറുതെ പിന്നാലെ നടന്ന് ബുദ്ധിമുട്ടിക്കുന്നതല്ല അന്തസ്. അയാള്‍ക്ക് ഒരു പക്ഷേ ദുരനുഭവങ്ങള്‍ ഉണ്ടായെന്നിരിക്കാം. ഫഹദും നിവിന്‍പോളിയുമൊക്കെ മാസങ്ങളോളം ചുറ്റിച്ചുവെന്നൊക്കെ അയാള്‍ ഇന്റര്‍വ്യൂവില്‍ വിവരിച്ചത് വായിച്ചു. സതീഷ് പോളിന് മാത്രമല്ല, ഏതൊരു സംവിധായകനും ഇത്തരം അനുഭവമൊക്കെ ചിലപ്പോഴൊക്കെ നേരിടേണ്ടിവന്നേക്കും. ഇത്തരം അനുഭവങ്ങളില്‍ തളന്നുപോയാല്‍ പിന്നെ ഉയിര്‍ത്തെഴുനേല്‍ക്കാന്‍ പറ്റില്ല. തളരാതെ മുന്നോട്ട് പോവുകയാണ് വേണ്ടത്.


ദൃശ്യം വമ്പന്‍ ഹിറ്റായെന്ന് കരുതി ഇനി ഞാന്‍ എടുക്കുന്ന എല്ലാ സിനിമകളും ഇതേപോലെ ഹിറ്റാകണമെന്നില്ല. മാത്രമല്ല, 'ദൃശ്യ'ത്തിന്റെ ചെലവില്‍ എല്ലാ താരങ്ങളും എനിക്ക് പിന്നാലെ ഡെയ്റ്റുമായി ഓടിവരുമെന്നും ഞാന്‍ കരുതുന്നില്ല. 'മമ്മി ആന്റ മീ' സംവിധാനം ചെയ്ത ശേഷം മൂന്നുവര്‍ഷത്തോളം എനിക്ക് സിനിമയില്ലാതെ ഇരിക്കേണ്ടിവന്നിട്ടുണ്ട്. ആ സാഹചര്യത്തില്‍ ഞാന്‍ നിരാശപ്പെട്ട് പിന്തിരിഞ്ഞിരുന്നെങ്കില്‍ ദൃശ്യം പോലുള്ള ഒരു സിനിമ സംവിധാനം ചെയ്യാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല''- ഉപദേശ രൂപേണ ജിത്തു സതീഷ് പോളിന് മറുപടി നല്‍കുന്നു.


"മമ്മി ആന്റ് മീ സംവിധാനം ചെയ്യുന്നിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ, ദൃശ്യത്തിന്റെ കഥ ഞാന്‍ റെഡിയാക്കിയിരുന്നു. ഒരു അസോസിയേറ്റ് ഡയറക്ടര്‍ക്ക് സംവിധാനം ചെയ്യാനായി എഴുതിയതായിരുന്നു ഞാനിത്. എന്നാല്‍ ആരെവച്ച് സിനിമ സംവിധാനം ചെയ്യുമെന്ന് ആലോചിച്ച് വര്‍ഷങ്ങള്‍ പോയി. അക്കാലത്ത് ലാലി(സിദ്ധിഖ് ലാലിനെ ലാല്‍)നെ വച്ച് സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ലാലിനോട് കഥയും പറഞ്ഞു. എന്നാല്‍ ആദ്യമായി സംവിധാന രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്ന അസോസിയേറ്റ് ഡയറക്ടര്‍ക്ക് കുറച്ചുകൂടെ പോപ്പുലറായി നടനെ തന്നെ നായകനാക്കണമെന്നായിരുന്നു ആഗ്രഹം. ഇതുകൊണ്ട് ഒക്കെതന്നെയാണ് ദൃശ്യം അഭ്രപാളിയിലെത്താന്‍ ഇത്രയും വൈകിയതും... ഇവിടെയാണ് ദൃശ്യം തന്റെ കഥയുടെ കോപ്പിയടിയാണെന്ന് സതീഷ് പോള്‍ പറയുന്നതിലെ ചതി വ്യക്തമാവുക...''- ജിത്തു 'ദൃശ്യ'ത്തിലേക്കുള്ള നാള്‍വഴികള്‍ ഓര്‍ത്തെടുക്കുന്നു.


മോഹന്‍ലാല്‍ ഇതുവരെ ഈ സംഭവവുമായി ബന്ധപ്പെട്ട് സംസാരിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹം എല്ലാം അറിഞ്ഞിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. നിര്‍മാതാവായ ആന്റണി പെരുമ്പാവൂരും ഞാനുമാണ് കേസിനായി കോടതിയില്‍ എത്തിയിരുന്നത്. ആന്റണി ഉള്‍പ്പെട്ടതുകൊണ്ട് എന്തായാലും ലലേട്ടനും കേസിനെകുറിച്ച് അറിഞ്ഞുകാണും. എന്നാല്‍ ഇതുവരെ എന്നോട് ഇതേക്കുറിച്ചൊന്നും സംസാരിച്ചിട്ടില്ല. കോടതി ഒരിക്കലും അയാള്‍ക്ക് അനുകൂലമായി വിധിച്ചിട്ടില്ല. ചിത്രീകരണം തുടരാനുള്ള അനുമതിയുണ്ടായതുതന്നെ ഞങ്ങളുടെ വിജയമാണ് കാണിക്കുന്നത്. 10 ലക്ഷം രൂപ കെട്ടിവയ്ക്കാനുള്ള നിര്‍ദേശം മാത്രമാണ് ഉണ്ടായത്. കേസിന്റെ അന്തിമ വിധി ആര്‍ക്ക് അനുകൂലമെന്നതിനെ ആശ്രയിച്ചിരിക്കും കെട്ടിവച്ച പത്ത് ലക്ഷം ആര്‍ക്കെന്ന കാര്യത്തിലുള്ള തീരുമാനം. അല്ലാതെ അയാള്‍ പറയുന്നതുപോലെ വിധി അവര്‍ക്ക് അനുകൂലമാണെന്ന് പറയുന്നത് തന്നെ ശുദ്ധ തട്ടിപ്പാണ്. എന്നെ തേജോവധം ചെയ്യുകയെന്നതുമാത്രാണ് അവരുടെ ലക്ഷ്യം. ദൃശ്യത്തിന്റെ വമ്പന്‍ വിജയം അസൂയാലുക്കളുടെ എണ്ണം കുട്ടിയിട്ടുണ്ടാകാം... അവരുടെ ഇടപെടലില്‍ സതീഷ് പോള്‍ കരുവായിട്ടുണ്ടാകുമോയെന്നതും പരിശോധിക്കപ്പെടേണ്ടതാണ്...- ജിത്തു ശത്രുനിരയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

"അയാള്‍ക്ക് പണമാണ് ആവശ്യമെങ്കില്‍ അയാളത് തുറന്നുപറയട്ടെ. ചില ഇടനിലക്കാരെ വിട്ട സതീഷ് പോള്‍ പണത്തിനായി വിലപേശിയിരുന്നു. ഈ ഇടനിലക്കാര്‍ എന്റെയും സതീഷ് പോളിന്റേയും കോമണ്‍ ഫ്രണ്ട്‌സ് ആണ്. പണം കൊടുത്ത് കേസില്‍ നിന്ന് ഒഴിവാകുകയല്ലെ നല്ലതെന്നാണ് അവര്‍ എന്നോട് ചോദിച്ചത്. ഞാന്‍ ഇത് കമലഹാസനുമായി ആലോചിച്ചു. അദ്ദേഹമാണല്ലൊ ദൃശ്യത്തിന്റെ തമിഴ് പതിപ്പിലെ നായകന്‍. ആദ്യം കമല്‍സാര്‍ കരുതിയത് സതീഷ് പോള്‍ പറയുന്നതില്‍ കഴമ്പുണ്ടാകുമെന്നാണ്. എന്നാല്‍ സതീഷ്‌പോള്‍ കമല്‍സാറിന്റെ സെക്രട്ടറിയുമായി സംസാരിച്ചപ്പോള്‍ കാര്യങ്ങളുടെ കിടപ്പുവശം അവര്‍ക്കും പിടികിട്ടി. എന്തു തന്നെ സംഭവിച്ചാലും കോമ്പ്രമൈസ് വേണ്ടെന്ന നിലപാടാണ് പിന്നീട് കമല്‍സാര്‍ സ്വീകരിച്ചത്. ഇത്തരത്തില്‍ നാലഞ്ച് കേസുകള്‍ കമല്‍സാറിനുമുണ്ട്. സിനിമ വമ്പന്‍ ഹിറ്റായാല്‍ പിന്നെ അതിന്റെ അവകാശവാദം ഉന്നയിച്ച് പണം പിടുങ്ങാനും പ്രശസ്തി നേടാനും ചിലര്‍ എത്താറുണ്ട്. ഇതും അങ്ങിനെ കണ്ടാല്‍ മതിയെന്നായിരുന്നു കമല്‍ സാര്‍ പറഞ്ഞത്. ഒരിക്കലും ഈ സിനിമയില്‍നിന്ന് പിന്മാറില്ലെന്നും അദേഹം പറഞ്ഞു. അതോടെ എനിക്കും ആത്മവിശ്വാസമായി..."- ജിത്തു തുടരുന്നു.


"സാധാരണഗതിയില്‍ ഞാന്‍ അയാളുടെ കഥ അടിച്ചു മാറിയതാണെങ്കില്‍ സിനിമ ഇറങ്ങി പിറ്റേന്ന് തന്നെ അയാള്‍ക്ക് കേസുകൊടുക്കാം. സിനിമ പ്രദര്‍ശനം തടയാനുള്ള ഉത്തരവ് കോടതിയില്‍നിന്ന് സമ്പാദിക്കാം. എന്നാല്‍ അതൊന്നും ഇവിടെ നടന്നിട്ടില്ല. സിനിമ പുറത്തിറങ്ങി ജനങ്ങള്‍ ഏറ്റെടുത്ത് വമ്പന്‍ ഹിറ്റായി മാസങ്ങള്‍ക്ക് ശേഷമാണ് അയാള്‍ കേസുമായി കോടതിയില്‍ എത്തിയത്. മംഗളത്തിന്റെ ഇന്റര്‍വ്യൂവില്‍ അയാളിതിന് കാരണമായി പറയുന്നത്, സിനിമയുടെ ഡി.വി.ഡി ഇറങ്ങാന്‍ വേണ്ടി കാത്തിരുന്നുവെന്നാണ്... എന്തിനാണ് അയാള്‍ ഇതിനായി ഡി.വി.ഡി ഇറങ്ങുംവരെ കാത്തിരുന്നത്...? അങ്ങിനെ എവിടെയെങ്കിലും സംഭവിച്ചതായി കേട്ടിട്ടുണ്ടോ...? മാത്രമല്ല, അയാള്‍ക്ക് സിനിമ പ്രദര്‍ശനം തടയണമെന്ന ആവശ്യമൊന്നുമില്ല. മറുഭാഷയിലേക്ക് മൊഴിമാറ്റിയ സിനിമയുടെ വിതരണാവകാശമായി കിട്ടിയ പണത്തിന്റെ പങ്ക് വേണമെന്നാണ് ആവശ്യം. ഇതില്‍ എല്ലാം ദുരൂഹതയില്ലേ...?- ജിത്തു ചോദിക്കുന്നു.

സിനിമ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുശേഷം സതീഷ് പോള്‍ എന്നെ വിളിച്ചിരുന്നു. സിനിമയെകുറിച്ച് ഒന്നും സംസാരിച്ചില്ല. അയാളുടെ അടുത്ത് ഒരു തിരക്കഥയുണ്ടെന്നും അത് സിനിമയാക്കാന്‍ വേണ്ടി ഒരു നിര്‍മാതാവിനെ വേണമെന്നും പറഞ്ഞ് ജോയ് തോമസ് ശക്തികുളങ്ങര എന്ന നിര്‍മാതാവിന്റെ നമ്പര്‍ ചോദിച്ചു. ഞാന്‍ കൊടുക്കുകയുംചെയ്തു. പിന്നീട് അന്വേഷിച്ചപ്പോള്‍ സതീഷ് പോള്‍ ജോയ് തോമസിനെ വിളിച്ചിരുന്നുവെന്ന് അറിഞ്ഞു. കഥയെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞിട്ടും അയാള്‍ പിന്നീട് ബന്ധപ്പെട്ടില്ലെന്നാണ് ജോയ് തോമസ് പറഞ്ഞത്. ഇതിലും ദുരൂഹതയുണ്ട്. ദൃശ്യം പുറത്തിറങ്ങിയ ശേഷം എന്നെ വിളിക്കാനായി അയാള്‍ സ്വയം ഉണ്ടാക്കിയ ഒരു കാരണമായിരിക്കും ജോയ് തോമസുമായി ബന്ധപ്പെടണമെന്ന ആവശ്യമെന്നാണ് എനിക്ക് ഇപ്പോള്‍ തോന്നുന്നത്.- ജിത്തു ജോസഫ് വ്യക്തമാക്കി.
(കടപ്പാട്- മംഗളം)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions