ഇന്റര്‍വ്യൂ

ഒരു ബദാം രണ്ടായി മുറിച്ച് പങ്കുവെച്ചു; ഒരു തുള്ളി വെള്ളം കൊണ്ട് ഒരു ദിവസം -പ്രളയ ഭീകരതയെക്കുറിച്ച് അപൂര്‍വ

ശ്രീനഗറിലെ പ്രളയത്തിലകപ്പെട്ട നടുക്കുന്ന മൂന്ന് ദിവസത്തെക്കുറിച്ച് ഞെട്ടലോടെയാണ് നടി അപൂര്‍വ ബോസ് ഓര്‍ക്കുന്നത്. ഹിമാലയന്‍ മലനിരകളിലേക്ക് ട്രക്കിങ്ങിന് പോയി മരണത്തെ മുന്നില്‍ കണ്ട അപൂര്‍വയും സംഘവും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ശ്രീനഗറിലെ പ്രളയബാധിത പ്രദേശത്ത് നിന്നും മൂന്ന് ദിവസത്തിന് ശേഷം കൊച്ചിയില്‍ തിരിച്ചെത്തിയ അപൂര്‍വയ്ക്ക് ഇപ്പോഴും ആ നടുക്കം മാറിയിട്ടില്ല.


യാത്രയില്‍ കൂടെയുണ്ടായിരുന്ന ഇനിയും ഒരു വിവരവും ലഭിച്ചിട്ടില്ലാത്തവരെക്കുറിച്ചുള്ള ചിന്തയാണ് അപൂര്‍വയ്ക്കിപ്പോള്‍. അവരും തിരിച്ചെത്തിയെന്ന വാര്‍ത്തയ്ക്കാണ് താന്‍ കാത്തിരിക്കുന്നതെന്ന് നടി വ്യക്തമാക്കി.


"ഹിമാലയത്തിലേക്കുള്ള എന്റെ ആദ്യ ട്രിപ്പാണിത്. ബോംബെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രക്കിങ് ഗ്രൂപ്പിനൊപ്പമാണ് ഞാന്‍ പോയത്. ഞാനുള്‍പ്പെടെ കൊച്ചിയില്‍ നിന്നും ഏഴ് പേരുണ്ടായിരുന്നു. എല്ലാവരും എന്നെക്കാള്‍ പ്രായംകൂടിയവര്‍. ശ്രീനഗറില്‍ നിന്നും 12,000 അടി മുകളിലുള്ള സോനാമര്‍ഗ് എന്ന ഹില്‍ സ്‌റ്റേഷനിലാണ് ഞങ്ങള്‍ പോയത്. അവിടെ മഞ്ഞ് വീഴ്ചയില്ലെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ മഞ്ഞ് വീണ് റോഡും മറ്റും തടസപ്പെട്ട് കിടക്കുന്നതാണ് കാണാനായത്. ഞങ്ങള്‍ക്ക് കാല്‍നടയായി നടക്കേണ്ടി വന്നു. അഞ്ച് ദിവസം മുഴുവന്‍ ഞങ്ങള്‍ നടക്കുകയായിരുന്നു.


കഷ്ടപ്പാടിനെക്കുറിച്ച് പറയുമ്പോള്‍ പ്രളയത്തെക്കാള്‍ ബുദ്ധിമുട്ടായിരുന്നു ഈ യാത്ര. അവിടെ മൊബൈല്‍ സിഗ്നല്‍ ഉണ്ടായിരുന്നില്ല. മഞ്ഞിനടിയില്‍ എന്താണെന്ന് നമുക്ക് ആദ്യം മനസിലാവില്ല. എന്നാല്‍ നടക്കുമ്പോഴാണറിയുക അതിനടിയില്‍ ധാരാളം വെള്ളമുണ്ടെന്ന്.


അവസാനം ഞങ്ങള്‍ സൈനികരുടെ അടുത്തെത്തി. അവര്‍ ശ്രീനഗറിലെത്താന്‍ ഞങ്ങളെ സഹായിച്ചു. പക്ഷെ അവിടെ പോകുമ്പോഴേ ഞങ്ങള്‍ക്ക് മനസിലായി എന്തോ പ്രശ്‌നമുണ്ടെന്ന്. പാലത്തിന് ഇരുവശത്തുമുള്ള വെള്ളം അസാധാരണമായി ഉയരുന്നതും ആളുകളെല്ലാം ഭയന്ന് വിറച്ച് നില്‍ക്കുന്നതുമാണ് കണ്ടത്. പ്രളയമുണ്ടാവാനിടയുണ്ടെന്ന് ഡ്രൈവര്‍ ഞങ്ങളോട് പറഞ്ഞെങ്കിലും ആരും അത് വിശ്വസിച്ചില്ല. അതിന് മുമ്പേ തിരിച്ചുപോകാനാകുമെന്നായിരുന്നു എല്ലാവരുടെയും വിശ്വാസം.


രണ്ട് നിലയുള്ള വീട്ടിലായിരുന്നു ആദ്യം ഞങ്ങള്‍ തങ്ങിയത്. എന്നാല്‍ അര്‍ധരാത്രിയായതോടെ അവിടുത്തെ സ്ത്രീ ഞങ്ങളെ എഴുന്നേല്‍പ്പിച്ച് വെള്ളം ഉയരുന്നുണ്ടെന്നും മറ്റൊരു ഹോട്ടലിലേക്ക് മാറണമെന്നും പറഞ്ഞു. അപ്പോഴും ഞങ്ങള്‍ അത് കാര്യമായെടുത്തിരുന്നില്ല. നേരം വെളുത്താലുടന്‍ ഇവിടെ നിന്നും രക്ഷപ്പെടാമെന്നായിരുന്നു ധാരണ. എന്നാല്‍ രാവിലെ പോകാനൊരുങ്ങിയപ്പോഴേക്കും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ഞങ്ങള്‍ ആദ്യം താമസിച്ച വീട് പ്രളയത്തില്‍ നശിച്ചെന്ന് പിന്നീട് മനസിലാക്കാന്‍ കഴിഞ്ഞു. അവിടെയുണ്ടായിരുന്ന സ്ത്രീയെക്കുറിച്ച് യാതൊരു വിവരവുമില്ല.


അടുത്ത മൂന്ന് ദിവസം ഞങ്ങള്‍ ആ ഹോട്ടലില്‍ ചിലവഴിച്ചു. ഹോട്ടലിന്റെ മൂന്നാം നിലവരെ വെള്ളത്തില്‍ മുങ്ങിയിരുന്നു. അവിടെ സൂക്ഷിച്ച ഭക്ഷണവും വെള്ളവുമൊക്കെ നശിച്ചിരുന്നു. ഒരു ബദാം രണ്ടായി മുറിച്ച് പങ്കുവെച്ച് കഴിഞ്ഞു. അതായിരുന്നു പ്രഭാതഭക്ഷണം. ഒരു തുള്ളി വെള്ളം കുടിച്ച് ദിവസം കഴിച്ചുകൂട്ടി. മഞ്ഞ് ഉരുകുന്നതിനാല്‍ ജലനിരപ്പ് കുറയുന്നുണ്ടായിരുന്നു. അവസാനം ഒരു ആര്‍മി ഹെലികോപ്റ്റര്‍ വന്ന് ഞങ്ങളെ രക്ഷപ്പെടുത്തി"- അപൂര്‍വ തന്റെ കശ്മീര്‍ അനുഭവം വിവരിക്കുന്നു.


10 ദിവസത്തെ ടെന്‍ഷന്‍ തന്റെ ബന്ധുക്കളും സുഹൃത്തുക്കളും മറന്നുതുടങ്ങിയെന്നും അപൂര്‍വ പറയുന്നു. ഇനി അടുത്തകാലത്തൊന്നും ഇത്തരമൊരു ട്രിപ്പിനില്ലെന്നും നടി വ്യക്തമാക്കി.

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions