ആനയും മേളവും എന്നും ജയറാമിന്റെ ദൗര്‍ബല്യമാണ്. ആനകളെ കണ്ടാല്‍ ആഹ്‌ളാദത്തോടെ ഇന്നും നോക്കിനില്‍ക്കും. അഭിനയത്തോടൊപ്പം ജയറാം മേളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ ഗുരുമുഖത്തുനിന്നും ജയറാം പാണ്ടിമേളം പഠിച്ചുകഴിഞ്ഞു. ഇരുനൂറ്റി അമ്പതോളം മേളക്കാരുടെ നടുവില്‍ നിന്ന് കൊട്ടിക്കയറാനുള്ള സൗഭാഗ്യവും ജയറാമിനു ലഭിച്ചു.
ഇത്തവണ ചോറ്റാനിക്കര ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തില്‍ കേരളത്തിലെ ഏഴു പ്രഗത്ഭരായ മേളക്കാരുടെ മേളം നടത്താനാണ് സംഘാടകര്‍ തീരുമാനിച്ചത്. അതിലൊന്ന് ജയറാമായിരുന്നു. ക്ഷേത്രത്തിലെ പവിഴമല്ലി തറയില്‍ ജയറാമിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മൂന്നുമണിക്കൂര്‍ നീണ്ട പവിഴമല്ലി തറ മേളം മേള ആസ്വാദകരുടെ അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു.
അഭിനയത്തോടൊപ്പം മേളത്തിലും സജീവമാവുകയാണോ?
തീര്‍ച്ചയായും, ചെറുപ്പം മുതല്‍ക്കേ ആനകളോടും മേളത്തോടും വല്ലാത്ത ഇഷ്‌ടമായിരുന്നു.പെരുമ്പാവൂരിലെ അഞ്ചേക്കര്‍ വിസ്‌തൃതിയുണ്ടായിരുന്ന സ്‌ഥലത്ത് വലിയൊരു കൂട്ടുകുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ഗ്രാന്റ് ഫാദറും ഗ്രാന്റ് മദറും ജീവിച്ചിരുന്ന കാലം. വീടിന്റെ മുന്നിലെ ക്ഷേത്രത്തില്‍ മേളം നടക്കുന്നത് കണ്ടും കേട്ടുമാണ് ഞാന്‍ വളര്‍ന്നത്. മേളത്തിനു മുന്നില്‍ നെറ്റിപ്പട്ടം കെട്ടി തലയെടുപ്പുള്ള ഗജവീരന്മാരും എന്റെ മനസില്‍ ഇടം പിടിച്ചിരുന്നു.ചെറുപ്പത്തില്‍ തന്നെ കൊട്ട് പഠിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഓര്‍ത്തഡോക്‌സ് ഫാമിലിയായതിനാല്‍ നടന്നില്ല. ഒടുവില്‍ വീട്ടിലുണ്ടായിരുന്ന ഒരു മേശയില്‍ താളം പിടിച്ചു. അങ്ങനെ ഞാന്‍ മേശയില്‍ കൊട്ടിക്കൊണ്ടേയിരുന്നു. സത്യത്തില്‍ എന്റെ ആദ്യത്തെ ഗുരുനാഥന്‍ വീട്ടിലുണ്ടായിരുന്ന മേശയായിരുന്നു.
എന്റെ അച്‌ഛന്‍ സുബ്രഹ്‌മണ്യം ട്രാവന്‍കൂര്‍ റയോണ്‍സില്‍ ചീഫ് എഞ്ചിനീയറായിരുന്നു. പലപ്പോഴും രാത്രിയിലായിരുന്നു അച്‌ഛന് ജോലി. ഞാന്‍ രാത്രിയിലാണ് മേശയില്‍ കൊട്ട് പഠിച്ചുകൊണ്ടിരുന്നത്. ഒരുനാള്‍ രാത്രിവീട്ടിലെത്തിയ അച്‌ഛന്‍ ഞാന്‍ മേശയില്‍ കൊട്ടുന്നതു കണ്ട് വഴക്കു പറഞ്ഞു. എങ്കിലും ആദ്യഗുരുവായ മേശയെ മറക്കാനാവില്ല.
ആനകളോടുള്ള സ്‌നേഹം ജയറാമിന്റെ മനസില്‍ സ്‌ഥാനംപിടിച്ചത് എപ്പോഴായിരുന്നു?
ചെറുപ്പത്തില്‍ തന്നെ മേളത്തോടൊപ്പം ആനകളെയും ഞാന്‍ ശ്രദ്ധിച്ചിരുന്നു. പെരുമ്പാവൂരില്‍ എന്റെ തറവാട് വീടിന്റെ മുന്‍വശത്തുള്ള അയ്യപ്പക്ഷേത്രം ശബരിമലയ്‌ക്ക് പോകുന്ന അയ്യപ്പഭക്‌തരുടെ ഇടത്താവളമായിരുന്നു. ഇവിടെ നടക്കുന്ന ഉത്സവത്തില്‍ കേരളത്തിലെ തലയെടുപ്പുള്ള ഗജവീരന്മാര്‍ എത്തിയിരുന്നു. തലയെടുപ്പുള്ള ആനകളും മനോഹരമായ കൊമ്പുകളുമൊക്കെ എന്നെ ആകര്‍ഷിച്ചിരുന്നു.
ചെണ്ടയില്‍ ശാസ്‌ത്രീയമായ പഠനത്തിന് തുടക്കം കുറിച്ചതിനെക്കുറിച്ച്?
കേട്ടറിവുള്ള താളത്തില്‍ മേശയില്‍ കൊട്ടിത്തുടങ്ങിയ ഞാന്‍ ലഘുവായി കൊട്ടാന്‍ പഠിച്ചു. ചെണ്ടയില്‍ മാര്‍ഗി കൃഷ്‌ണദാസിന്റെ കീഴിലാണ് പ്രാരംഭം കുറിച്ചത്. പഞ്ചാരിമേളത്തില്‍ രൂപം പറഞ്ഞുതന്നത് വല്ലശ്ശന നന്ദകുമാറാണ്. അങ്ങനെ ഗുരുവായൂരില്‍ അരങ്ങേറ്റം നടത്താനും കഴിഞ്ഞു.
മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരുടെ ശിക്ഷണത്തില്‍ കൊട്ട് പഠിക്കാന്‍ തുടങ്ങിയതിനെക്കുറിച്ച്?
പഞ്ചാരിയില്‍ അഞ്ചു കാലവും ഗുരുമുഖത്തുനിന്നു പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പന്ത്രണ്ടു വര്‍ഷം മുമ്പ് ഒളപ്പമണ്ണ മനയില്‍ ഷൂട്ടിംഗിനു പോയപ്പോഴാണ് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ വീട് അടുത്താണെന്നറിഞ്ഞത്. ഞാന്‍ മട്ടന്നൂരിന്റെ വീട്ടില്‍ ചെന്ന് പരിചയപ്പെട്ടു. അന്നു തുടങ്ങിയ ബന്ധം ഇന്നും സുദൃഢമായി നിലനില്‍ക്കുന്നു.മട്ടന്നൂരിന്റെ ശിഷ്യത്വത്തില്‍ ഞാന്‍ ഗുരുമുഖത്തുനിന്ന് പഞ്ചാരിയിലെ അഞ്ചു കാലങ്ങളും പഠിച്ചു. പൊതുവെ ഈ മേഖലയില്‍ ഈഗോയുള്ളവരുടെ എണ്ണം വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഒരുതവണ 250 പേര്‍ പങ്കെടുത്ത മേളത്തില്‍ ഞാന്‍ നടുവില്‍നിന്ന് കൊട്ടണമെന്നു പറഞ്ഞു.വലത്തേ കൂട്ട് നിന്നത് മട്ടന്നൂരായിരുന്നു. ശിഷ്യന്‍ എന്ന നിലയില്‍ എന്റെ ഏറ്റവും വലിയൊരു ഭാഗ്യമായിരുന്നു ഗുരുവിന്റെ കൂടെനിന്ന് കൊട്ടാന്‍ കഴിഞ്ഞുവെന്നത്.
മട്ടന്നൂരിന്റെ കൊട്ടിന്റെ ശൈലിയെക്കുറിച്ച്?
മഹാനായ ഗുരുവിന്റെ ശൈലിയെക്കുറിച്ച് വിലയിരുത്താനൊന്നും ഞാനായിട്ടില്ല. ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്നതും ഗുരുവായ മട്ടന്നൂരിനെയാണ്. പഞ്ചാരിയിലെ അദ്ദേഹത്തിന്റെ ശ്രുതിമേളം വല്ലാത്ത ഇഷ്‌ടമാണ്. കുറുംകുഴലില്‍ അന്തോളനവും ഹിന്ദോളവും ഉള്‍പ്പെടെയുള്ള രാഗങ്ങളുണ്ടാക്കിയുള്ള പഞ്ചാരിയിലെ ശൈലി ഏറെ ആകര്‍ഷണീയമാണ്.
ശങ്കരന്‍കുട്ടി മാരാര്‍ ജയറാമിന്റ വീട്ടില്‍ താമസിച്ച് പാണ്ടിമേളം പഠിപ്പിച്ചപ്പോഴുണ്ടായ ഗുരുശിഷ്യബന്ധത്തെക്കുറിച്ച്?
ഒരുപാട് കാലമായി പാണ്ടിമേളം പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്റെ ആഗ്രഹം പറഞ്ഞപ്പോള്‍ ഗുരു ശിഷ്യന്റെ വീട്ടില്‍ വന്ന് പഠിപ്പിക്കാമെന്ന് സമ്മതിച്ചു. ഗുരുകുല സമ്പ്രദായത്തില്‍ ശിഷ്യന്‍ ഗുരുവിനെ ശുശ്രൂഷിക്കുന്നതിന് തുല്യമായ സൗകര്യങ്ങള്‍ ഞാന്‍ നല്‍കി.നേരത്തിന് മുറുക്കാന്‍ കൊടുക്കാനും ഊണ് നല്‍കാനും കാപ്പി നല്‍കാനുമൊക്കെ കൃത്യത പാലിച്ച് ഞാന്‍ ഗുരുവിന്റെ കൂടെയുണ്ടായിരുന്നു. ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് കൊട്ട് പഠിക്കാന്‍ തുടങ്ങുമായിരുന്നു. ഇരുപതു ദിവസം എന്റെ വീട്ടില്‍ താമസിച്ചാണ് മട്ടന്നൂര്‍ എന്നെ പാണ്ടിമേളം പഠിപ്പിച്ചത്. ഇരുപതു ദിവസത്തിനുള്ളില്‍ ഞാന്‍ ഗുരുമുഖത്തുനിന്ന് പാണ്ടിമേളം പൂര്‍ണമായും പഠിച്ചു.
മകന്‍ കാളിദാസന് മേളത്തോട് താല്‌പര്യമുണ്ടോ?
ഇല്ല. മിമിക്രിയോടാണ് താല്‌പര്യം. വിജയ്, സൂര്യ, അജിത് എന്നിവരൊക്കെയുള്ള വേദിയില്‍ അവരെയൊക്കെ അനുകരിച്ച് പ്രശംസ നേടിയിരുന്നു. ഇതിന്റെ വീഡിയോ യു-ട്യൂബിലിട്ടപ്പോള്‍ വന്‍ പ്രതികരണമാണ് ലഭിച്ചത്.
സ്വപാനം, നടന്‍ തുടങ്ങിയ സിനിമകളില്‍ അവാര്‍ഡ് പ്രതീക്ഷിച്ചെങ്കിലും താങ്കളെ ബോധപൂര്‍വം തഴഞ്ഞുവെന്ന് തോന്നിയോ?
ഇല്ല. അതിനെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല. തമിഴ്‌നാട്ടിലെ വിജയ് അവാര്‍ഡിന്റെ രീതി എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയിരുന്നു. തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും സഞ്ചരിച്ച് ജനങ്ങള്‍ വോട്ട് ചെയ്‌താണ് മികച്ച താരങ്ങളെ തെരഞ്ഞെടുത്തത്.ഏഴോ, എട്ടോ പേര്‍ തീരുമാനിക്കുന്നതിനും എത്രയോ വലുതല്ലെ ജനങ്ങള്‍ ഇഷ്‌ടപ്പെട്ട് താരങ്ങളെ തെരഞ്ഞെടുക്കുന്ന അവാര്‍ഡ്. മാത്രമല്ല, അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമൊന്നും തോന്നിയില്ല.
'ബാഗ് മില്‍ക്കാ ബാഗ്' എന്ന ചിത്രത്തില്‍ പറക്കും സിംഗായി മാറാന്‍ ഈ സിനിമയ്‌ക്കുവേണ്ടി അക്ഷയ് കുമാര്‍ മൂന്നുവര്‍ഷമാണ് സിനിമയില്‍നിന്നു മാറിനിന്ന് ശാരീരികമായും മാനസികമായും മില്‍ക്കാ സിംഗാവാന്‍ പ്രയത്നിച്ചത്. അക്ഷയ് കുമാറിനു പോലും കിട്ടാത്ത അവാര്‍ഡ് ആറുമാസം തടിവളര്‍ത്തിയ എനിക്ക് കിട്ടാത്തതില്‍ വിഷമമൊന്നും തോന്നിയില്ല.
പുതിയ ചിത്രങ്ങള്‍ ?
സിബി മലയിലിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പിന്നെ തമിഴില്‍ വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിലും കേന്ദ്ര കഥാപാത്രമാണ്.
(കടപ്പാട്-മംഗളം)