ഇന്റര്‍വ്യൂ

എനിക്കിഷ്ടമുള്ളപോലെയാണ് ഞാന്‍ ജീവിക്കുന്നത്- ലെന

ഞാന്‍ തന്നെയാണ് എന്റെ ബോസ്. എനിക്കിഷ്ടമുള്ളപോലെയാണ് ഞാന്‍ ജീവിക്കുന്നത്- പറയുന്നത് ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാളത്തിലെ ശക്തയായ സഹ നടിയായി മാറിയ ലെന. ജീവിതത്തിലെപ്പോലെ ബോള്‍ഡ്നെസ് സിനിമയിലെ കഥാപാത്രങ്ങളിലും ലഭിച്ചതോടെ ലെന ന്യൂ ജനറേഷന്‍ താരമായി മുദ്രകുത്തപ്പെട്ടു.


അടുത്ത കാലത്ത് ചെയ്ത കഥാപാത്രങ്ങള്‍ 'ന്യൂ ജനറേഷന്‍ പെണ്ണ്' എന്നൊരു ഇമേജ് ലെനയില്‍ ചാര്‍ത്തിയിട്ടുണ്ട്?
കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷത്തിനിടെ ഞാന്‍ ചെയ്തതെല്ലാം വളരെ വ്യത്യസ്ത വേഷങ്ങളാണ്. അതില്‍ നിന്ന് രണ്ടോ മൂന്നോ ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ അടര്‍ത്തിയെടുത്ത് ഞാനതാണ് എന്ന് പറയുന്നതില്‍ എന്തര്‍ത്ഥം. ഞാന്‍ സിനിമയില്‍ കാണുന്ന ആളേയല്ല. സിനിമയിലും പുറത്തും എനിക്ക് മിത്രങ്ങള്‍ ഇല്ലാത്തതുകൊണ്ട് എന്നെക്കുറിച്ച് വ്യക്തമായൊരു ധാരണ ആര്‍ക്കുമില്ല എന്നതാണ് സത്യം.


പക്ഷേ ന്യൂജനറേഷന്‍ സിനിമയാണ് ലെന എന്ന നടിയെ രക്ഷപ്പെടുത്തിയത്?

ട്രാഫിക്കിനുശേഷമാണ് എന്റെ സിനിമാജീവിതം മാറിമറിയുന്നത്. ആളുകള്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി. നല്ല റോളുകള്‍ കിട്ടിത്തുടങ്ങി. ന്യൂ ജനറേഷന്‍ എന്ന പരീക്ഷണത്തിനുശേഷം സിനിമയിലെ മുഴുവന്‍ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം കൈവന്നു. ആരാണോ നന്നായി പെര്‍ഫോം ചെയ്യുന്നത് അവരെ പ്രേക്ഷകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഒറ്റ സീനേയുള്ളൂവെങ്കില്‍ പോലും എല്ലാ നടീനടന്മാര്‍ക്കും തിളങ്ങാനുള്ള ഓപ്പണ്‍ പ്ലേസുണ്ട്. അതുവഴിയാണ് ഞാനുള്‍പ്പെടെയുള്ള നടീനടന്മാര്‍ പ്രേക്ഷകരുടെ മനസ്സിലേക്ക് കടന്നുവന്നത്.


സ്ത്രീകള്‍ രഹസ്യങ്ങള്‍ തുറന്നു പറയുന്നവരായിട്ടാണ് പുതിയ സിനിമകള്‍ കാണിക്കുന്നത്?

ന്യൂജനറേഷന്‍ സിനിമകളില്‍ കാണുന്നപോലെ എല്ലാം തുറന്നുപറയുന്ന സ്ത്രീകള്‍ ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. ഇതൊക്കെ വെറുതെ സിനിമയുടെ ഓപ്പണ്‍നെസ് കാണിക്കാന്‍ വേണ്ടിയുള്ള ട്രിക്കായി മാറിയിട്ടുണ്ട്. സിനിമയില്‍ സ്ത്രീ ഓപ്പണായി സംസാരിച്ചാല്‍ മുഴുവന്‍ സിനിമയും ഓപ്പണായി അനുഭവപ്പെടുമല്ലോ. ഞങ്ങള്‍ ഭയങ്കര ഫ്രീയായിട്ടുള്ള ആള്‍ക്കാരാണ് എന്ന് സമൂഹത്തെ തോന്നിപ്പിക്കാന്‍ വേണ്ടി സിനിമാക്കാര്‍ ചെയ്യുന്ന ടെക്‌നിക്കായി മാത്രമേ ഞാനിതിനെ കാണുന്നുള്ളൂ.


സ്ത്രീകള്‍ ഇപ്പോഴും രഹസ്യങ്ങള്‍ മൂടിവെക്കുന്നവരാണ് എന്നാണോ?
അതേ നടക്കൂ. സ്ത്രീകള്‍ക്ക് എന്നല്ല ആര്‍ക്കും സമാധാനപരമായി ജീവിക്കണമെങ്കില്‍ രഹസ്യങ്ങള്‍ രഹസ്യങ്ങളായിത്തന്നെയിരിക്കണം. എന്റെ കാര്യമെടുത്താല്‍, ഞാന്‍ ഒറ്റയ്ക്കാണ് ജീവിക്കുന്നത്. എനിക്ക് രഹസ്യങ്ങളുടെ ആവശ്യമേയില്ല.


ഒന്‍പതു വര്‍ഷം നീണ്ട ദാമ്പത്യം ലെന അവസാനിപ്പിച്ചു. എന്തുകൊണ്ടാണ് അത് അനിവാര്യമായത്?
അനിവാര്യമാണോ എന്നു ചോദിച്ചാല്‍... അതൊരു ദുരന്തമൊന്നുമല്ല. ഞങ്ങള്‍ക്ക് കുട്ടികള്‍ ഇല്ല. (തിരക്കഥാകൃത്ത് അഭിലാഷ് നായരായിരുന്നു ലെനയുടെ ഭര്‍ത്താവ്). വിവാഹ സമയത്ത് ഞങ്ങള്‍ തീരുമാനിച്ച കാര്യമാണ് കുട്ടികള്‍ വേണ്ട എന്നത്. സ്‌കൂള്‍ കാലം തൊട്ട് തുടങ്ങിയ പ്രണയമാണ് വിവാഹത്തില്‍ കലാശിച്ചത്. എനിക്ക് 12ഉം അദ്ദേഹത്തിന് 13ഉം വയസ്സുള്ളപ്പോഴാണ് ഞങ്ങള്‍ പ്രണയിക്കാന്‍ തുടങ്ങുന്നത്. അന്നത്തെ 12കാരിയില്‍ നിന്ന് ഞാനും 13കാരനില്‍നിന്ന് അദ്ദേഹവും ഒരുപാട് മാറിപ്പോയി. മാറ്റത്തിന്റെ ഒരു പോയിന്റിലെത്തിയപ്പോള്‍ ഞങ്ങള്‍ക്ക് തോന്നി, അവനവന്റെ വഴിയാണ് നല്ലത് എന്ന്. കുട്ടിക്കാലത്ത് ഞങ്ങള്‍ തമ്മില്‍ ഒരുപാട് സാമ്യം ഉണ്ടായിരുന്നു. ഒരാള്‍ മറ്റൊരാള്‍ക്ക് പെര്‍ഫെക്ട് തുണയാവുമെന്ന് തോന്നിയിരുന്നു. അങ്ങനെയാണ് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നത്. പക്ഷേ പ്രായത്തിന്റെ പക്വത കൈവന്നപ്പോഴാണ് അറിയുന്നത്, രണ്ടുപേരുടേയും വഴികള്‍ വ്യത്യസ്തമാണെന്ന്. ചിന്താഗതി, താത്പര്യങ്ങള്‍, ഇഷ്ടങ്ങള്‍...എല്ലാ തരത്തിലും ഞങ്ങള്‍ വ്യത്യസ്തരാണ് എന്ന് ബോധ്യപ്പെട്ടപ്പോഴാണ് പിരിയാന്‍ തീരുമാനിച്ചത്.


ഇനിയൊരു പ്രണയവും വിവാഹവും മനസ്സിലുണ്ടോ?
ഒരാളെ ജീവനുതുല്യം പ്രണയിച്ചു. അതിന്റെ അന്ത്യമാണ് വിവാഹമോചനത്തില്‍ കലാശിച്ചത്. ഇനിയൊരു പ്രണയം സംഭവിച്ചുകൂടായ്കയില്ല. പക്ഷേ, എന്റെ ജീവിതം ഇപ്പോള്‍ മുഴുവനായിട്ട് സിനിമയുമായി കണക്ട് ചെയ്താണ്. പ്രണയത്തെക്കുറിച്ച് ആലോചിക്കാനുള്ള മൂഡിലല്ല ഞാനിപ്പോള്‍.


പ്രണയത്തോട് ഒരുതരം വെറുപ്പ്. അല്ലേ?

പ്രണയം പൂവുപോലെയാണ്. അതു മൊട്ടായി വന്നു. വിടര്‍ന്നു, വാടി, കരിഞ്ഞുവീണുപോയി. അതുകൊണ്ട് ഇനി പൂക്കളെ വെറുക്കാന്‍ പറ്റുമോ. എന്റെ ആദ്യ പ്രണയം ഫുള്‍കോഴ്‌സ് കംപ്ലീറ്റായിട്ടാണ് കരിഞ്ഞുപോയത് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.


അച്ഛനമ്മമാര്‍ക്ക് ലെന ഒറ്റയ്ക്കായതില്‍ ആശങ്കയില്ലേ?
ഏയ്.... ഞാനെന്റെ കാര്യങ്ങള്‍ ഒറ്റയ്ക്ക് മാനേജ് ചെയ്യാന്‍ കെല്പുള്ളവളാണെന്ന് അവര്‍ക്കറിയാം.


ശരിക്കും സിനിമയാണോ ജീവിതമാണോ രസം?
സിനിമതന്നെ. 24 മണിക്കൂറും സിനിമയില്‍ ജീവിക്കാന്‍ പറ്റുക എന്നത് നല്ല രസമാണ്. സിനിമയില്‍ ഒന്നും റിയലല്ലല്ലോ. ടെന്‍ഷനുമില്ല. ബോംബ് പൊട്ടിയാലും ലോറി കയറിയാലും നമ്മള്‍ മരിക്കുന്നില്ല. പാട്ടുപാടി, തുള്ളിച്ചാടി, പ്രണയിച്ച്, ചിരിച്ച്, കരഞ്ഞ് ഒരുതരം സ്വപ്ന ജീവിതം. ടോം ആന്റ് ജെറി കാണുന്ന പോലെയാണ് സിനിമാജീവിതം. ജെറിയെ ടോം അടിച്ചുപരത്തി ഷേപ്പ് മാറ്റിയാലും നമുക്കറിയാം ജെറി മരിക്കില്ല എന്ന്. അങ്ങനെയൊരു സുഖമാണ് സിനിമ ചെയ്യുമ്പോള്‍ കിട്ടുന്നത്.


സിനിമയില്‍ പിടിച്ചുനില്‍ക്കുക അത്ര എളുപ്പമാണോ?
ക്യാരക്ടര്‍ റോളുകള്‍ ചെയ്യുന്ന എന്നെപോലൊരാള്‍ക്ക് ഇതൊരു വിഷമമല്ല. പക്ഷേ, ടോപ് സ്ലോട്ടില്‍ നമ്പര്‍ വണ്‍ ഹീറോയിനാകണം എന്നാഗ്രഹിക്കുന്നവര്‍ക്ക് കടുത്ത മത്സരം നേരിടേണ്ടിവരുന്നുണ്ട്.


നടിമാര്‍ ലൈംഗികചൂഷണത്തിന് ഇരയാവാറുമുണ്ടത്രെ?
ഏയ്... എനിക്ക് ഇന്നേവരെ അത്തരം പ്രശ്‌നം ഉണ്ടായിട്ടില്ല. പിന്നെ ഇതൊക്കെ നമ്മുടെ പെരുമാറ്റംപോലിരിക്കും. ഞാന്‍ വളരെ വെട്ടിത്തുറന്ന് കാര്യങ്ങള്‍ പറയുന്ന ആളാണ്. കംപ്ലീറ്റ്‌ലി പ്രൊഫഷണല്‍. അഭിനയം എനിക്ക് ജോലി മാത്രമാണ്. അതുകൊണ്ട് ആ മെന്റാലിറ്റി ഞാന്‍ പെരുമാറ്റത്തിലും കാണിക്കും.


യുവ നടിമാരെക്കുറിച്ച് എന്താണഭിപ്രായം?
അങ്ങനെ അവരുമായി അടുത്തിടപഴകാനുള്ള സാഹചര്യം കിട്ടാറില്ല. അവര്‍ അവരുടേതായ ലോകത്ത് നടക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്റെയടുത്തൊക്കെ വരുന്നത് കൂടെ നിന്നൊരു ഫോട്ടോയെടുത്തോട്ടെ എന്നൊക്കെ ചോദിക്കാന്‍ മാത്രമാണ്. ആ കുറഞ്ഞ നിമിഷം കൊണ്ട് അവരെ ആഴത്തില്‍ മനസ്സിലാക്കാന്‍ പറ്റിയിട്ടില്ല. പക്ഷേ, ഒരു കാര്യം തീര്‍ച്ചയായും പറയാം. പുതിയ തലമുറ അഭിനയത്തെ സീരിയസ്സായി കാണുകയും നന്നായി ഹോംവര്‍ക്ക് ചെയ്യുകയും അതില്‍ വളര്‍ച്ച ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്.

(കടപ്പാട്- മാതൃഭൂമി)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions