ദേവന്റെ പിന്‍ഗാമിയായി മലയാള സിനിമയിലെ 'ക്രൂരനായ' സുന്ദരവില്ലനായ ആളാണ് സുരേഷ്‌കൃഷ്‌ണ. നായക സൗന്ദര്യം ഉള്ള സുരേഷ്‌കൃഷ്‌ണയ്‌ക്ക് പക്ഷെ ദേവനെപ്പോലെ നായകനാവാന്‍ ഭാഗ്യം കിട്ടിയില്ല. പകരം ഒന്നിനുപിറകെ ഒന്നായി വില്ലന്‍ വേഷങ്ങളാണ്. സിനിമാ ജീവിതത്തില്‍ കാല്‍നൂറ്റാണ്ട് തികയ്ക്കുന്ന സുരേഷ്‌കൃഷ്‌ണ മനസ് തുറക്കുന്നു.
ഞാന്‍ മദ്രാസിലെ മോനാണ്. ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം മദ്രാസിലായിരുന്നു. അച്‌ഛന്‍ ബാലകൃഷ്‌ണപ്പണിക്കര്‍ തമിഴ്‌നാട് കൃഷിവകുപ്പ് ഉദ്യോഗസ്‌ഥനായിരുന്നു. അച്‌ഛന്റെ ജോലിയുടെ ഭാഗമായിട്ടാണ് ഞങ്ങളുടെ കുടുംബം മദ്രാസിലായത്. മദ്രാസിലെ കോളജ് പഠനകാലത്ത് ചില സുഹൃത്തുക്കള്‍ വഴിയാണ് ഞാന്‍ സിനിമയിലെത്തിയത്. തമിഴ് സിനിമയിലായിരുന്നു അരങ്ങേറ്റം. തമിഴിനു പുറമേ തെലുങ്ക് ചിത്രങ്ങളിലും ഞാന്‍ അഭിനയിച്ചു. മലയാളത്തില്‍ വിനയന്‍ സംവിധാനം ചെയ്‌ത 'കരുമാടിക്കുട്ടന്‍' എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രമാണ് എന്നെ ശ്രദ്ധേയനാക്കിയത്. അതിന് മുന്‍പ് കുറച്ച് മലയാള സിനിമകളില്‍ മുഖം കാണിച്ചെങ്കിലും ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല. പലരും എന്നെ തിരിച്ചറിഞ്ഞിരുന്നില്ല.
'സ്‌ത്രീ' സീരിയലില്‍ അഭിനയിക്കുമ്പോഴാണ് വിനയന്‍ 'കരുമാടിക്കുട്ട'നിലേക്ക് ക്ഷണിക്കുന്നത്. എന്നെപ്പോലെ ഒരാളെവച്ച് വില്ലന്‍ കഥാപാത്രത്തെ ചെയ്യാനുള്ള ധൈര്യം വിനയന്‍ സാര്‍ കാണിച്ചതുകൊണ്ട് മാത്രമാണ് എനിക്ക് മലയാള സിനിമയില്‍ ഇന്നത്തെ സ്‌ഥാനം കിട്ടിയത്. വിനയന്‍ സാറിനോട് എന്നും ആ നന്ദി ഉണ്ടാവും.
ഇന്നും സങ്കടപ്പെടുന്നത്....
മക്കളുടെ ജീവിതകാര്യത്തില്‍ അച്‌ഛന്‍ എന്നും ആശങ്ക കാട്ടിയിരുന്നു. എപ്പോഴും മക്കളെ ഓര്‍ത്ത് അച്‌ഛന്‍ ഉത്‌ക്കണ്‌ഠ കാട്ടിയിരുന്നു. എന്റെ കാര്യത്തിലും വളരെ വിഷമിച്ചിരുന്നു. ഞാന്‍ നല്ല നിലയിലായി കാണണമെന്ന് അച്‌ഛന്‍ ഏറെ ആഗ്രഹിച്ചിരുന്നു. പക്ഷേ അച്‌ഛന് ഓര്‍മ്മക്കുറവ് കൂടിയ കാലത്താണ് എനിക്ക് സിനിമയില്‍ നല്ല വേഷങ്ങള്‍ കിട്ടിത്തുടങ്ങിയത്. സിനിമയില്‍ സ്വന്തമായൊരിടം എനിക്ക് കിട്ടിയത് അച്‌ഛന് കാണാന്‍ കഴിഞ്ഞില്ല. ജീവിതത്തിലും വലിയ കുഴപ്പമില്ലാതെ ഞാന്‍ കഴിയുന്നതും കാണാന്‍ അച്‌ഛന് കഴിഞ്ഞില്ല. എന്നെ എന്നും സങ്കടപ്പെടുത്തുന്നത് ഇതുതന്നെയാണ്. എന്റെ നല്ലകാലം അച്‌ഛന് കാണാന്‍ കഴിഞ്ഞില്ല. അതില്‍ ഇന്നു ഞാന്‍ നിരാശനാണ്.
സന്തോഷം തോന്നുന്നത്
ജീവിതത്തില്‍ ഞാന്‍ ഏറ്റവും സന്തോഷിക്കുന്നത് കുടുംബവുമായുള്ള ഒത്തുചേരലിലാണ്. എന്നെ സ്‌നേഹിക്കുന്ന എന്റെ ബലഹീനതകളും പിടിവാശികളും എല്ലാം സഹിച്ച് എന്നെ ഉപാധികളില്ലാതെ സഹിക്കുന്ന കുടുംബം തന്നെയാണ് എന്നെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത്. സിനിമയില്ലാതെ ആറു മാസത്തിലേറെ ഞാന്‍ വീട്ടില്‍ ഇരുന്നിട്ടുണ്ട്. സാമ്പത്തികമായി വളരെയധികം വിഷമിച്ചിട്ടുണ്ട്. അന്നെല്ലാം എനിക്ക് തുണയായത് കുടുംബം മാത്രമായിരുന്നു.
സിനിമയിലെ സന്തോഷം
സന്തോഷത്തേക്കാള്‍ സിനിമയില്‍ എനിക്ക് അഭിമാനം തോന്നിയിട്ടുള്ളത് മികച്ച കഥാപത്രങ്ങള്‍ കിട്ടിയ സന്ദര്‍ഭങ്ങളിലാണ്. ഷാജി എന്‍. കരുണ്‍, ഹരിഹരന്‍, എം.ടി. തുടങ്ങിയ മഹാപ്രതിഭകളുടെ കൂടെ പങ്കാളിയാവാന്‍ അവസരം കിട്ടിയതില്‍ വളരെ സന്തോഷമുണ്ട്. സിനിമയിലെ ഭാഗ്യമായിട്ടാണ് 'കുട്ടിസ്രാങ്കിലും, 'പഴശിരാജ'യിലെയും കഥാപാത്രങ്ങളെ ഞാന്‍ കാണുന്നത്.
വിശ്വസിക്കാനാവുന്നില്ല...
എന്റെ കഥാപാത്രങ്ങളെല്ലാം വെറും തല്ലുകൊള്ളികളാണ്. പ്രേക്ഷകര്‍ക്ക് വെറുപ്പ് തോന്നുന്ന കഥാപാത്രങ്ങളാണ് ഞാന്‍ തുടക്കം മുതലേ ചെയ്‌തുവന്നത്. അതിനെല്ലാം മാറ്റം ഉണ്ടായത് സമീപകാലത്താണ്.എനിക്ക് വില്ലന്‍ കഥാപാത്രമല്ല, നല്ല വേഷവും ചേരുമെന്ന് തെളിയിച്ച ചിത്രങ്ങളായിരുന്നു 'പഴശിരാജ'യും, 'കുട്ടിസ്രാങ്കും 'ചേട്ടായീസു'മാണ്. ആ ചിത്രങ്ങളിലേക്ക് എന്നെ തെരഞ്ഞെടുത്തത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. എങ്കിലും അതെല്ലാം ഭാഗ്യമായി കരുതുന്നു.
നായകവേഷം അകലെ?
ഇത്രയും വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ എനിക്ക് നായകവേഷം ചിലപ്പോള്‍ കിട്ടിയേനെ. പക്ഷേ ഞാന്‍ ഒരിക്കലും അതിനായി ശ്രമിച്ചിട്ടില്ല. സിനിമയില്‍ അവസരം ചോദിച്ച് ഞാന്‍ ആരുടെയും പിന്നാലെ പോയിട്ടില്ല, കഥാപാത്രങ്ങള്‍ക്കുവേണ്ടി നമ്മള്‍ നിരന്തരം ശ്രമിച്ചാലേ അവയെല്ലാം വന്നു ചേരൂ. എന്നാല്‍ ഞാന്‍ ഒന്നിനും ശ്രമിച്ചില്ല. ശരിക്കും പറഞ്ഞാല്‍ ഞാന്‍ 'റിസ്‌ക്ക്' ഏറ്റെടുക്കാന്‍ തയാറായിട്ടില്ല, പക്ഷേ തെളിവ് പ്രേക്ഷക മനസില്‍ ഇടംപിടിക്കാനുമായി അതില്‍ എന്നും സന്തോഷമുണ്ട്.
നല്ല വേഷങ്ങള്‍ക്കായ്...
എല്ലാ നടന്മാരെയും പോലെ ഞാന്‍ വേഷങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുന്നുണ്ട്. മികച്ച വേഷങ്ങള്‍ വന്നുചേരുമെന്ന പ്രതീക്ഷയുണ്ട്. ഇതുവരെ കിട്ടിയ കഥാപാത്രങ്ങളെല്ലാം എന്നെ തേടിവന്നതാണ്. ഒന്നിനു പുറകെയും ഞാന്‍ പോയിട്ടില്ല. എല്ലാം ഭാഗ്യംകൊണ്ട് വന്നു ചേരുകയായിരുന്നു.
പുതിയ സിനിമാവിശേഷം...
രഞ്‌ജിത്തിന്റെ 'ഞാന്‍' എന്ന ചിത്രമാണ് ഇനി വരാനുള്ളത്. അതിലെ എന്റെ കഥാപാത്രം വളരെ പ്രതീക്ഷയുണര്‍ത്തുന്നതാണ്. ദിലീപ് നായകനാകുന്ന 'വില്ലാളി വീരനി'ലെ വേഷവും മികച്ചതായിരുന്നു. പുതിയതായി വേറെയും ചില ഓഫറുകള്‍ വന്നിട്ടുണ്ട്. അതെല്ലാം നല്ല വേഷങ്ങളായിരിക്കുമെന്നു തന്നെയാണ് പ്രതീക്ഷ...
ഒന്നിനോടും ഭ്രമമില്ല...
ജീവിതത്തിന്റെ എല്ലാ കഷ്‌ടപ്പാടുകളും താണ്ടിയാണ് ഞാന്‍ വളര്‍ന്നുവന്നത്. അച്‌ഛന്റെ ഏക വരുമാനംകൊണ്ട് കുടുംബം പുലര്‍ന്നുപോകാന്‍ ഏറെ വിഷമിച്ചു. അങ്ങനെ കുട്ടിക്കാലം മുതലേ ജീവിതത്തില്‍ വളരെയധികം ദുരിതങ്ങള്‍ സഹിച്ച് വളര്‍ന്നുവന്നതിനാല്‍ ഒന്നിനോടും ആഗ്രഹം തോന്നിയിട്ടില്ല. ഉള്ളതുകൊണ്ട് സന്തോഷത്തോടെ കഴിയാന്‍ പഠിച്ചു. ആരോടും അസൂയയും തോന്നിയിട്ടില്ല. ജീവിതത്തിലെ ദു:ഖങ്ങള്‍ എല്ലാം പോസിറ്റീവായി കാണാന്‍ പഠിച്ചും എന്റെ വിഷമങ്ങളില്‍ ഞാന്‍ അഭിമാനിച്ചിട്ടേയുള്ളൂ...
എന്റെ എല്ലാ കാര്യത്തിനും പിന്‍തുണ നല്‌കുന്നത് കുടുംബമാണ്. അത് കഴിഞ്ഞാല്‍ പിന്നെ സുഹൃത്തുക്കളും. ലോകം മുഴുവന്‍ എനിക്ക് സുഹൃത്തുക്കള്‍ ഉണ്ട്. എല്ലാവരുമായി നിരന്തരം ബന്ധപ്പെടാറില്ലെങ്കിലും അടുത്തബന്ധമുണ്ട്. സിനിമയില്‍ സുഹൃത്തുക്കള്‍ വളരെ കുറവാണ്.ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ഉള്ള ബന്ധമല്ലാതെ തുടരുന്ന സൗഹൃദമില്ല. എങ്കിലും ചിലരുമായി നല്ല സൗഹൃദമുണ്ട് സിനിമയില്‍ ആത്മബന്ധങ്ങള്‍ കുറവാണെന്ന് തോന്നിയിട്ടുണ്ട്.
സിനിമ നല്‌കിയ ദു:ഖം
സിനിമയില്‍ ജീവിതം ഇപ്പോള്‍ ഇരുപത്തിനാല് വര്‍ഷം പിന്നിടുകയാണ്. ഇന്ന് പ്രേക്ഷകര്‍ കാണുന്ന സുരേഷ്‌കൃഷ്‌ണ ആകാന്‍ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ചിട്ടുണ്ട്. ഒരു സുപ്രഭാതത്തില്‍ വില്ലന്‍ വേഷങ്ങള്‍ എനിക്ക് കിട്ടിയതല്ല. ഒരു ചെറിയ വേഷത്തിനു ഞാന്‍ ഏറെ കാത്തുനിന്നു.
അഭിനയിക്കാനായ് മേക്കപ്പിട്ട് ലൊക്കേഷനില്‍ തയാറായി ഇരുന്നിട്ട് മിനിറ്റുകള്‍ക്കുള്ളില്‍ വേഷങ്ങള്‍ നഷ്‌ടമായ ധാരാളം സംഭവങ്ങള്‍ ഉണ്ട്. സംവിധായകന്‍ വിളിച്ചിട്ട് അഭിനയിക്കാനുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയായി ഇരിക്കുമ്പോഴാണ് നിര്‍മാതാക്കളുടെ താല്‍പ്പര്യപ്രകാരം അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ എന്റെ റോളുകള്‍ ചെയ്യുന്നത്. പക്ഷെ ഇത്രയും ദു:ഖകരമായ സന്ദര്‍ഭത്തില്‍പോലും ഞാന്‍ നിരാശപ്പെട്ടില്ല. ആരുമായും വഴക്കിടാന്‍ പോയിട്ടില്ല, അത്തരം സന്ദര്‍ഭങ്ങളിലെല്ലാം വളരെ പോസിറ്റീവായ് മാത്രം കാര്യങ്ങളെ സമീപിക്കാന്‍ ശ്രമിച്ചു.
ഞാന്‍ ആരുമായി ദേഷ്യപ്പെടാറില്ല. ആരുടെയും കാര്യത്തില്‍ ഇടപെടുകയുമില്ല. മറ്റൊരാള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നവിധത്തില്‍ എന്റെ ഇഷ്‌ടങ്ങള്‍ പ്രകടിപ്പിക്കാന്‍ ഞാന്‍ തയാറില്ല. എന്ത് പ്രശ്‌നമുണ്ടായാലും രമ്യതയില്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നത്.എല്ലാ കാര്യങ്ങളെയും വളരെ സൈലന്റായ് നിരീക്ഷിച്ച് സമീപിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ആരോടും പരിഭവമോ പിണക്കമോ ഒന്നും വച്ചുപുലര്‍ത്താറില്ല.
എന്റെ രൂപവും ഭാവവും പരുക്കനാണെങ്കിലും ഞാന്‍ വെറും പാവമാണ്. എന്നെ അടുത്തറിയാവുന്നവര്‍ക്ക് മാത്രമറിയാവുന്ന രഹസ്യമാണത്. ഒന്നു തൊട്ടാല്‍പോലും കരയുന്ന സ്വഭാവമാണ്. വളരെ നിസാരകാര്യത്തിനുപോലും വല്ലാതെ തളരുന്ന സ്വഭാവമാണ്. പക്ഷെ ഇതെല്ലാം എന്നെ സിനിമയില്‍ കണ്ട മലയാളികള്‍ വിശ്വസിക്കുമോ?
വീട്ടുവിശേഷം
എന്റെ സ്വന്തം വീട് ഗുരുവായൂരാണ്. അവിടെ അമ്മ പാര്‍വതിയും ചേച്ചിയുമുണ്ട്. ഇപ്പോള്‍ ഞാന്‍ കുടുംബമായി താമസിക്കുന്നത് തൃപ്പൂണിത്തുറയിലാണ്. കൂടെ ഭാര്യയുടെ അച്‌ഛനും അമ്മയുമുണ്ട്. ഭാര്യ ശ്രീലക്ഷ്‌മി കളമശേരിയിലെ ഒരു സ്വകാര്യകോളജ് അധ്യാപികയാണ്. മകന്‍ അനന്തകൃഷ്‌ണന്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്നു. മകള്‍ ഉണ്ണിമായ പ്ലേസ്‌കൂളിലും.
(കടപ്പാട്- മംഗളം)