ഇന്റര്‍വ്യൂ

നൃത്തം പ്രമേയമായ സിനിമ വന്നാല്‍ നൃത്തം പഠിക്കും- പ്രിയാമണി

കഥാപാത്രങ്ങളുടെ വ്യത്യസ്‌തതകൊണ്ട്‌ തെന്നിന്ത്യ മുഴുവനും നിറഞ്ഞു നിന്ന് ബോളിവുഡില്‍വരെയെത്തിയ നായികയാണ് ദേശീയ പുരസ്കാര ജേതാവായ പ്രിയാമണി. മികച്ച വേഷങ്ങളുമായി മലയാളത്തില്‍ ഇടയ്ക്കിടെ വന്നുപോകുന്ന പ്രിയ 'ഡി ഫോര്‍ ഡാന്‍സ്‌' എന്ന റിയാലിറ്റി ഷോയിലെ ജഡ്ജ് ആയി മിനി സ്ക്രീനിലും നിറഞ്ഞു നില്ക്കുന്നു. ഇതിനിടെ സിബി മലയിലിന്റെ പുതിയ സിനിമയിലൂടെ ശക്‌തമായൊരു കഥാപാത്രമായും പ്രിയാമണി അഭിനയിക്കുന്നു.


പ്രിയാമണിയെ എന്നും കാണാനുള്ള അവസരത്തിലൂടെ സ്വന്തം കുടുംബാംഗത്തെയാണ്‌ മലയാളികള്‍ക്ക്‌ ലഭിച്ചിരിക്കുന്നത്‌?

ആദ്യമായിട്ടാണ്‌ ഒരു റിയാലിറ്റിഷോയില്‍ ഞാന്‍ പങ്കെടുക്കുന്നത്‌. ഇതിനു മുന്‍പ്‌ പല റിയാലിറ്റിഷോയിേലേക്കും ജഡ്‌ജായും ഗസ്‌റ്റായും വിളിച്ചിട്ടുണ്ടെങ്കിലും ഞാന്‍ പങ്കെടുത്തിരുന്നില്ല. താല്‌പര്യം തോന്നിയിരുന്നില്ല എന്നതാണ്‌ സത്യം. 'ഡി ഫോര്‍ ഡാന്‍സി' നെക്കുറിച്ച്‌ എന്നോട്‌ ആദ്യം പറയുന്നത്‌ കൊറിയോഗ്രാഫറും എന്റെ സുഹൃത്തുമായ പ്രസന്നമാസ്‌റ്ററാണ്‌.

"നല്ലൊരു പ്രോഗ്രാമാണ്‌ താല്‌പര്യമാണെങ്കില്‍ വരൂ. പ്രിയ നല്ലൊരു ഡാന്‍സറല്ലേ. പ്രിയ വന്നാല്‍ നന്നായിരിക്കും. ഞാനുമുണ്ടാകും." എന്ന്‌ പ്രസന്ന പറഞ്ഞു. പ്രസന്ന എന്റെ നമ്പര്‍ ഷോയുടെ പ്രൊഡ്യൂസറായ യമുനയ്‌ക്ക് കൊടുത്തു. അങ്ങനെ യമുന എന്നെ ഈ പ്രോഗ്രാമിലേക്ക്‌ വിളിച്ചു. പ്രിയാജീ നല്ല പ്രോഗ്രാമാണ്‌. ചെയ്യാന്‍ താല്‌പര്യമുണ്ടോ എന്ന്‌ ചോദിച്ചു. റിയാലിറ്റി ഷോ ടി.വിയില്‍ കണ്ടിട്ടുണ്ട്‌ എന്നല്ലാതെ ജഡ്‌ജായി ഇരിക്കാനുള്ള പരിചയം എനിക്കില്ല. ഡാന്‍സ്‌ എനിക്ക്‌ ഭയങ്കരയിഷ്‌ടമാണ്‌. ഒന്നു ട്രൈചെയ്യാം എന്ന്‌ കരുതി സമ്മതിച്ചു.

ഷോയില്‍ എത്തിയപ്പോള്‍?

ആദ്യമായി ചെയ്യുന്നതിന്റെ ചെറിയൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. പിന്നെ പ്രസന്ന കൂടെയുള്ളതുകൊണ്ട്‌ ഒരു ധൈര്യമുണ്ടായിരുന്നു. കാരണം കുറെയധികം റിയാലിറ്റിഷോ പ്രസന്ന ചെയ്‌തിട്ടുണ്ട്‌. ഷൂട്ടിംഗിന്‌ വന്നു കഴിഞ്ഞപ്പോള്‍ ടെന്‍ഷനെല്ലാം പടി കടന്നു. യമുനയും നല്ല ഫ്രണ്ട്‌ലിയാണ്‌. കാമറ ചെയ്യുന്നവരും അവതാരകരും എല്ലാവരും ഒരു കുടുംബം പോലെയായി. വളരെ ടാലന്റായിട്ടുള്ളവരാണ്‌ മത്സരാര്‍ത്ഥികളായി എത്തുന്നത്‌.


പ്രിയയുടെ കോസ്‌റ്റ്യൂംസും ഷോയോടൊപ്പം ഹിറ്റായി. പ്രിയയുടെ സെലക്ഷനാണോ എല്ലാം?

എന്റെ ഡ്രസ്സ്‌ എല്ലാം ഡിസൈന്‍ ചെയ്യുന്നത്‌ പൂര്‍ണ്ണിമ ഇന്ദ്രജിത്താണ്‌. എന്തു അഭിപ്രായങ്ങളും നിര്‍ദ്ദേശവും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്‌. ഒരു ഡ്രസ്സ്‌ തയ്‌ച്ചു അത്‌ ടൈറ്റാണെങ്കില്‍ ഞാന്‍ ഉടനെ പൂര്‍ണ്ണിമ ഇങ്ങനൊരു പ്രശ്‌നമുണ്ട്‌. ഇന്ന്‌ ഒന്ന്‌ അഡ്‌ജസ്‌റ്റ് ചെയ്യൂ. നാളെ അടുത്ത ഡ്രസ്സ്‌ കൊടുത്തു വിടാം എന്നു പറയും. നെറ്റിലൊക്കെ പുതിയ ട്രെന്‍ഡ്‌ കണ്ടാല്‍ ഉടനെ ഞാന്‍ പൂര്‍ണ്ണിമയെ വിളിച്ചു പറയും ഇങ്ങനൊരു ഡിസൈന്‍ ഉണ്ട്‌. അത്‌ നമ്മുക്ക്‌ ചെയ്‌തു നോക്കാം എന്ന്‌ . വളരെ ഫ്രണ്ട്‌ലിയാണ്‌. എന്റെ കോസ്‌റ്റ്യൂംസ്‌ നല്ലതായിട്ടുണ്ടെങ്കില്‍ അതിന്റെ ക്രഡിറ്റ്‌ മുഴുവനും പൂര്‍ണ്ണിമയ്‌ക്കും 'പ്രാണ'യ്‌ക്കുമാണ്‌. ജീവിതത്തില്‍ ആദ്യമായി എന്നെ സെറ്റ്‌ സാരിയുടുപ്പിച്ച ക്രഡിറ്റും പൂര്‍ണ്ണിമയ്‌ക്കാണ്‌.


ബോളിവുഡില്‍ ആരും കൊതിക്കുന്ന ഒരു എന്‍ട്രി?

ചെന്നൈ എക്‌സ്പ്രസ്സിലെ പാട്ട്‌ ഇന്നും എല്ലാവര്‍ക്കും ഇഷ്‌ടമാണ്‌. ഒരു ദിവസം എനിക്ക്‌ ഒരു ഫോണ്‍കോള്‍. 'ഷാരൂഖ്‌ ഖാനുമായി ഡാന്‍സ്‌ ചെയ്യാന്‍ താല്‌പര്യമുണ്ടോ' എന്ന ചോദ്യം. അദ്ദേഹത്തിന്റെ മാനേജരാണ്‌ വിളിച്ചത്‌. ഉടനെ മുംബൈയ്‌ക്ക് പോയി. റോയ്‌ ഷെട്ടിയെ കണ്ടു. അദ്ദേഹം അഞ്ചുമിനിട്ട്‌ ആ പാട്ട്‌ എന്നെ കേള്‍പ്പിച്ചു. അതുകഴിഞ്ഞപ്പോള്‍ ആ സോംഗ്‌ ചെയ്യാമെന്ന്‌ പറഞ്ഞു. ഷാരൂഖ്‌ ഖാന്റെയൊപ്പം ഡാന്‍സ്‌ ചെയ്യാന്‍ ആരാണ്‌ ഇഷ്‌ടപ്പെടാത്തത്‌. ഈ ലോകം മുഴുവനും അദ്ദേഹത്തിന്റെ ഫാന്‍സാണ്‌.

സത്യത്തില്‍ ഞാനും അദ്ദേഹത്തിന്റെയൊരു ഫാനാണ്‌. എപ്പോഴും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന നിമിഷങ്ങളാണവ. വളരെ എനര്‍ജറ്റിക്കായ ആളാണ്‌ അദ്ദേഹം. ഡൗണ്‍ ടൂ എര്‍ത്ത്‌. ഹാര്‍ഡ്‌ വര്‍ക്ക്‌ ചെയ്യുന്ന ആകര്‍ഷകമായ വ്യക്‌തിത്വമാണ്‌. എല്ലാവരും വളരെ നല്ല അഭിപ്രായമാണ്‌ പറഞ്ഞത്‌. ഫേസ്‌ബുക്കിലും ട്വിറ്ററിലും അദ്ദേഹത്തിന്റെ ഫാന്‍സ്‌ 'നിങ്ങള്‍ നന്നായിട്ട്‌ ഡാന്‍സ്‌ ചെയ്‌തിട്ടുണ്ട്‌. അഭിനന്ദിച്ചുകൊണ്ടുള്ള മെസേജുകളായിരുന്നു. പിന്നെയും ബോളിവുഡില്‍ നിന്ന്‌ ഓഫറുകള്‍ വരുന്നുണ്ട്‌. ഇതുവരെ ഒന്നും കരാറായിട്ടില്ല. നല്ല സിനിമ വരുകയാണെങ്കില്‍ ചെയ്യും.


ഒരു ഇടവേളയ്‌ക്ക് ശേഷം മലയാളസിനിമയിലേക്കെത്തുന്നു. അതും സിബി മലയിലിന്റെ സിനിമയിലൂടെ?

സിബി സര്‍ നേരിട്ട്‌ എന്നെ വിളിച്ച്‌ പ്രിയ എന്റെ സിനിമയില്‍ അഭിനയിക്കുമോ എന്ന്‌ ചോദിക്കുന്നതു തന്നെ എനിക്കു ലഭിച്ച അംഗീകാരമാണ്‌. ഈ സിനിമയുടെ തിരക്കഥാകൃത്ത്‌ ഗിരീഷ്‌കുമാര്‍ ഡി ഫോര്‍ ഡാന്‍സിന്റെ ഷൂട്ടിംഗിന്റെ ഇടയില്‍ എന്റെ അടുത്തു വന്നിട്ട്‌ കഥ പറഞ്ഞു. കഥ എനിക്ക്‌ ഒരു പാട്‌ ഇഷ്‌ടമായി. പിന്നെ സിബിസാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ പറ്റുന്നത്‌ ഒരു ഭാഗ്യമാണ്‌. 'ഇത്‌ ഞങ്ങളുടെ ഫാമിലി ' എന്ന സിനിമയില്‍ ഒരു വീട്ടമ്മയുടെ റോളാണ്‌. ഭാവന എന്ന കഥാപാത്രം. എങ്ങനെയാണ്‌ ചെയ്യേണ്ടത്‌ എന്നൊക്കെ കൃത്യമായി സിബി സര്‍ പറഞ്ഞു തരുമായിരുന്നു.

ജയറാം സാറിനൊപ്പം ഞാന്‍ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്‌ക്കുണ്ട്‌. നേരത്തെയും അദ്ദേഹത്തിന്റെ നായികയാവാന്‍ ക്ഷണം ലഭിച്ചിരുന്നെങ്കിലും സമയം ഒത്തു വന്നത്‌ ഇപ്പോഴാണ്‌. ഷൂട്ടിന്റെ ഇടവേളയിലൊക്കെ അദ്ദേഹമിരുന്ന്‌ ജീവിതത്തിലുണ്ടായ ഓരോ രസകരമായ അനുഭവങ്ങള്‍ പറയും. എപ്പോഴും ചിരിച്ച്‌ ചിരിച്ച്‌ രസകരമായ അന്തരീക്ഷമായിരുന്നു. ഒരു കുടുംബം പോലെ.

ഇത്രയധികം മലയാളസിനിമകളില്‍ അഭിനയിച്ചു. സ്വന്തമായി ഡബ്ബ്‌ ചെയ്യണമെന്നില്ലേ?

ഞാന്‍ പകുതി മലയാളിയാണ്‌. പാലക്കാടാണ്‌ കുടുംബം. എന്നാലും ജനിച്ചതും വളര്‍ന്നതുമെല്ലാം ബാംഗ്ലൂരാണ്‌. സിനിമയില്‍ കൂടൂതല്‍ അവസരങ്ങള്‍ ലഭിച്ചതും മറ്റു ഭാഷയില്‍ നിന്നാണ്‌. അതുകൊണ്ട്‌ തന്നെ മലയാളം നന്നായി സംസാരിക്കാനറിയില്ല. ആദ്യമൊക്കെ ഇത്രയും പോലും സംസാരി്‌ക്കില്ലായിരുന്നു. ഇപ്പോള്‍ സംസാരം മെച്ചപ്പെട്ടെങ്കിലും ഡബ്ബ്‌ ചെയ്യാനുള്ള ഒഴുക്ക്‌ കൈവരിച്ചിട്ടില്ല. സ്വന്തമായി ഡബ്ബ്‌ ചെയ്യുമ്പോള്‍ നമ്മുടെ സംസാരത്തിലൂടെ ആ സന്ദര്‍ഭത്തിലെ വൈകാരികത പൂര്‍ണ്ണമായി പ്രകടിപ്പിക്കാന്‍ സാധിക്കും. എന്തായാലും ഉടന്‍ സ്വയം ഡബ്ബ്‌ ചെയ്യാനായി ശ്രമിക്കും. മറ്റ്‌ ഭാഷയിലെല്ലാം ഞാന്‍ തന്നെയാണ്‌ ഡബ്ബ്‌ ചെയ്യുന്നത്‌.

നന്നായി നൃത്തം ചെയ്യുന്നുണ്ട്‌. നൃത്തം പഠിച്ചിട്ടുണ്ടോ?

പഠിച്ചിട്ടില്ല. നൃത്തം പ്രമേയമായ ഒരു സിനിമ വന്നാല്‍ കഥാപാത്രത്തിന്‌ ആവശ്യമെങ്കില്‍ നൃത്തം പഠിക്കും. അതിന്‌ ഞാന്‍ തയ്യാറാണ്‌. അത്‌ ക്ലാസിക്കാലായാലും വെസ്‌റ്റോണായാലും.


ഭാരതീരാജ, രാംഗോപാല്‍ വര്‍മ്മ, മണിരത്നം, ബാലുമഹേന്ദ്ര തുടങ്ങി മഹാരഥന്മാരുടെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞു?

തമിഴിലും തെലുങ്കിലും കന്നടയിലും മലയാളത്തിലും മുന്‍നിര സംവിധായകരോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത്‌ എനിക്ക്‌ ലഭിച്ച ഭാഗ്യം തന്നെയാണ്‌. എന്നിലെ നടിയുടെ വളര്‍ച്ചയ്‌ക്ക് എപ്പോഴും അവര്‍ പകര്‍ന്നു തന്ന അറിവുകള്‍ സഹായകമായിരുന്നു. ഒപ്പം അവരുടെ അനുഗ്രഹവും.

കരിയറില്‍ ബ്രേക്കായത്‌ പരുത്തിവീരനാണ്‌?

തമിഴിലെ നാലാമത്തെ സിനിമയാണ്‌. അമീര്‍ സുല്‍ത്താന്‍ പരുത്തിവീരനിലേക്ക്‌ നായികയെ അന്വേഷിക്കുന്ന സമയത്ത്‌ അമീര്‍ സാറിനെ ഓഫീസില്‍ പോയി കണ്ടു. ഞാന്‍ വിളിക്കാം എന്ന്‌ അദ്ദേഹം അന്ന്‌ പറഞ്ഞുവിട്ടു. അടുത്ത ദിവസം തന്നെ എന്നെ വിളിച്ചിട്ട്‌ ''ഞങ്ങള്‍ എല്ലാവരും തേനിയില്‍ പോകുന്നുണ്ട്‌. പ്രിയയും വരണം എന്ന്‌ പറഞ്ഞു. കാമറമാന്‍ ഉള്‍പ്പെടെ എല്ലാവരും ഉണ്ട്‌. ഓരോ ലൊക്കേഷനില്‍ പോയി ഫോട്ടോ ഷൂട്ട്‌ ചെയ്‌തു. അത്‌ കഴിഞ്ഞു ഞാനാണ്‌ നായികയെന്ന്‌ അനൗണ്‍സ്‌ ചെയ്‌തു. നൂറ്റിയറുപതു ദിവസമാണ്‌ ആ സിനിമ ഷൂട്ട്‌ ചെയ്‌തത്‌. ഞാന്‍ ആദ്യമായി ഡബ്ബ്‌ ചെയ്യുന്നതും ഈ സിനിമയ്‌ക്ക് വേണ്ടിയാണ്‌. ദേശീയ അവാര്‍ഡ്‌ തേടിയെത്തിയതും ഈ സിനിമയിലൂടെയാണ്‌.

സിനിമയില്ലാത്തപ്പോള്‍?

സിനിമയില്ലാതാകുന്ന സമയങ്ങള്‍ കുറവായിരിക്കും. തിരക്കില്ലാത്തപ്പോള്‍ വീട്ടിലുണ്ടാകും. ഷോപ്പിംഗ്‌ എന്നു പറഞ്ഞൊന്നും കറങ്ങാറില്ല.

യാത്രകള്‍ ഇഷ്‌ടമല്ലേ?

മൂന്ന്‌ വര്‍ഷം മുന്‍പ്‌ മുതല്‍ എല്ലാ ക്രിസ്‌മസ്‌ ന്യൂയര്‍ സമയങ്ങളില്‍ സിനിമയില്‍ നിന്ന്‌ ഞാന്‍ ഇടവേള എടുക്കാറുണ്ട്‌. ഒരു വര്‍ഷം തുടര്‍ച്ചയായി നമ്മള്‍ ജോലി ചെയ്യുമ്പോള്‍ ഇടയ്‌ക്ക് ഒരു ബ്രേക്ക്‌ ആവശ്യമാണ്‌. മറ്റുള്ളവരുടെ ഡേറ്റിനൊന്നും ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലേ ഞാന്‍ വെക്കേഷന്‍ എടുക്കൂ. അപ്പോള്‍ എല്ലാവരോടും പറയും ഇത്ര ദിവസം ഞാന്‍ വെക്കേഷനിലാകും എന്ന്‌. അതുകൊണ്ട്‌ അപ്പോള്‍ മിക്കവാറും ഷൂട്ട്‌ വരില്ല. അങ്ങനെ എടുക്കുന്ന വെക്കേഷനിലാണ്‌ കൂടുതലും യാത്രകള്‍ പോകുന്നത്‌.
(കടപ്പാട്-മംഗളം)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions