ആശുപത്രിക്കാരുടെ അശ്രദ്ധ മൂലം ഭാര്യ ഹൃദയസ്തംഭനം മൂലം മരണപ്പെട്ട സംഭവത്തില്‍ മലയാളി യുവാവിന് യുഎഇയില്‍ 39 ലക്ഷം നഷ്ടപരിഹാരം. ടെസ്റ്റ് ഡോസ് ഇല്ലാതെ ആന്റിബയോട്ടിക് കുത്തിവയ്പ്പ് നല്‍കിയതിനെ തുടര്‍ന്ന് കൊല്ലം ജില്ലയില്‍ നിന്നുള്ള 32 കാരി ബ്ലെസി ടോം അനാഫൈലക്റ്റിക് ഷോക്ക് മൂലം ഹൃദയസ്തംഭനം മൂലം മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് ജോസഫ് എബ്രാഹത്തിന് നഷ്ടപരിഹാരം നല്‍കാന്‍ യുഎഇ സിവില്‍ കോടതി വിധിച്ചത്.
ഷാര്‍ജ ആസ്ഥാനമായുള്ള ഡോ. സണ്ണി മെഡിക്കല്‍ സെന്ററും അതിന്റെ ഡോക്ടര്‍ ദര്‍ശന്‍ പ്രഭാത് രാജാരാം പി നാരായണരയും ഇരയുടെ ഭര്‍ത്താവ് ജോസഫ് അബ്രഹാമിന് 200,000 ദിര്‍ഹം (39,04,709 രൂപ) നിയമപരമായ ചിലവ് അടക്കം നല്‍കണമെന്ന് ആണ് കോടതി ഉത്തരവെന്ന് ഗള്‍ഫ് ന്യൂസിനെ ഉദ്ദരിച്ചു എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.നഷ്ടപരിഹാര തുക ജോസഫ് അബ്രഹാമിനും രണ്ട് മക്കള്‍ക്കും പങ്കിട്ടു നല്‍കണമെന്നു കോടതി പറഞ്ഞു. ഒരു മില്യണ്‍ ദിര്‍ഹം ആയിരുന്നു കുടുംബം ആവശ്യപ്പെട്ടിരുന്നത്.
ഷാര്‍ജ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവന്ന ബ്ലെസി ടോം 2015 നവംബറില്‍ ആണ് സ്വകാര്യ ക്ലിനിക്കില്‍ ബ്രെസ്റ്റ് ഇന്‍ഫെക്ഷന് ചികിത്സ തേടിയത്.
ടെസ്റ്റ് ഡോസ് ഇല്ലാതെ ഡോക്ടര്‍ ബ്ലെസിക്ക് ആന്റിബയോട്ടിക് കുത്തിവയ്പ്പ് നല്‍കിയിരുന്നു. ഈ ഗുരുതരമായ അശ്രദ്ധമൂലം, മരുന്നിന്റെ സൈഡ് എഫക്ട് മൂലം രണ്ട് കുട്ടികളുടെ അമ്മയായ ബ്ലെസി അബോധാവസ്ഥയിലായി,പിന്നാലെ ഹൃദയസ്തംഭനവും.
ബ്ലെസിയെ ഷാര്‍ജയിലെ അല്‍ കാസിമി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു. അനാഫൈലക്റ്റിക് ഷോക്ക് മൂലമാണ് ബ്ലെസി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതെന്ന് ആശുപത്രി നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു.
മരണം സംഭവിച്ചയുടനെ അന്വേഷണം ഭയന്ന് ഡോക്ടര്‍ നാരായണ യുഎഇ വിട്ടിരുന്നു.
ജൂണ്‍ 17 ന് ഷാര്‍ജ കോടതി ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കേസില്‍ ഡോക്ടറെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ബ്ലെസിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഡോക്ടര്‍ യുഎഇ വിട്ട് ഇന്ത്യയില്‍ എത്തിയതിനാല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും ഇന്റര്‍പോളും വഴി തുടര്‍നടപടികള്‍ സ്വീകരിക്കുകയായിരുന്നു.