മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി
വെല്ലിംഗ്ടണ്‍: ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനു ആവേശമായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുടെ ഓണാശംസ. മലയാളിയും ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗവുമായ പ്രിയങ്ക രാധകൃഷ്ണനൊപ്പമാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍ മലയാളി സമൂഹത്തിന് ഓണാശംസകള്‍ നേര്‍ന്നത്. ന്യൂസിലന്‍ഡിലെ മലയാളി സമൂഹത്തിന് സന്തോഷപ്രദമായ ഓണാശംസകള്‍ നേരുന്നുവെന്ന് അവര്‍ പറഞ്ഞു.
സമാധനത്തോടെയും സന്തോഷത്തോടെയും എല്ലാ കുടുംബങ്ങളും ഓണാഘോഷം ആനന്ദകരമാക്കണമെന്നും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി പറഞ്ഞു. മലയാളി സമാജങ്ങള്‍ക്കും അവര്‍ ആശംസകള്‍ നേര്‍ന്നു. കേരളത്തെയും അവര്‍ പ്രകീര്‍ത്തിച്ചു. ന്യൂസിലന്‍ഡിലടക്കമുള്ള വിദേശ രാജ്യങ്ങളില്‍ വിവിധ മലയാളി സംഘടനകളുടെ വിപുലമായ ഓണോഘോഷ പരിപാടികളാണ് നടന്ന് വരുന്നത്. മലയാളികളുടെ ഓണാഘോഷം പ്രവാസലോകത്തിനു വലിയ ആവേശമാണ്.
തന്റെ വ്യക്തിത്വം കൊണ്ടും പെരുമാറ്റം കൊണ്ടും ലോകത്തിന്റെ ശ്രദ്ധ നേടിയ ആളാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍. ന്യൂസിലാന്റില്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍ ഇരകളെ നേരിട്ട് എത്തി ആശ്വസിപ്പിക്കാനും അവര്‍ക്കുവേണ്ട എല്ലാ സഹായവും നല്‍കുവാനും ജസീന്ദ മുന്നിലുണ്ടായിരുന്നു. പ്രധാനമന്ത്രിയിലിരിക്കെ പ്രസവവും കൈക്കുഞ്ഞുമായി പാര്‍ലമെന്റില്‍ എത്തി തന്റെ ജോലിയില്‍ വ്യാപൃതയായും 39 കാരിയായ അവര്‍ ആദരമേറ്റുവാങ്ങിയിരുന്നു.