Don't Miss

പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയും; ചുമതല ഇ ശ്രീധരന്


തിരുവനന്തപുരം: ഉദ്ഘാടനത്തിന് പിന്നാലെ പൊളിഞ്ഞു വീഴാറായ, ഉദ്യോഗസ്ഥ- കരാറുകാരുടെ അഴിമതിക്കിരയായ പാലാരിവട്ടം മേല്‍പ്പാലം പൂര്‍ണമായും പൊളിച്ച് പുതുക്കിപ്പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേല്‍നോട്ടച്ചുമതല ഇ.ശ്രീധരനെ ഏല്‍പ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പാലം ഗതാഗതയോഗ്യമാക്കാന്‍ പുനരുദ്ധാരണമോ ശക്തിപ്പെടുത്തലോ മതിയാവില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പാലാരിവട്ടം പാലത്തില്‍ പരിശോധന നടത്തി ചെന്നൈ ഐ.ഐ.ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പാലാരിവട്ടം പാലത്തിന്റെ തകര്‍ച്ച ഗൗരവമേറിയതാണെന്നാണ് ഐ.ഐ.ടി റിപ്പോര്‍ട്ടില്‍ പറയുന്നത്. പുനരുദ്ധരിച്ചാല്‍ എത്രകാലം ഉപയോഗിക്കാനാവും എന്നത് പറയാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇ.ശ്രീധരനുമായി സര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തി. പുതുക്കിപ്പണിയുന്നതിനോട് ഇ ശ്രീധരനും യോജിപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തികമായും സാങ്കേതികമായും പുനര്‍നിര്‍മാണമാണ് ഉചിതമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പാലത്തിന്റെ പുതിയ ഡിസൈന്‍, എസ്റ്റിമേറ്റ് എന്നിവ ഇ.ശ്രീധരന്‍ തന്നെ തയാറാക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ ആദ്യവാരം തന്നെ ആരംഭിക്കും. ഒരു വര്‍ഷംകൊണ്ട് പുതുക്കിപ്പണിയല്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജടക്കം നാല് പേര്‍ അറസ്റ്റിലായിരുന്നു.വഞ്ചന, അഴിമതി, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. കിറ്റ്‌കോ മുന്‍ എം.ഡി ബെന്നി പോള്‍, നിര്‍മ്മാണ കമ്പനി എം.ഡി സുമിത് ഗോയല്‍ ആര്‍.ബി.ഡി.സി.കെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി.ഡി തങ്കച്ചന്‍ എന്നിവരും അറസ്റ്റിലായി.

പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് എഫ്.ഐ.ആറിലെ വിശദാംശങ്ങള്‍ പുറത്ത് വന്നിരുന്നു. പാലം അതീവ അപകടാവസ്ഥയിലാണ്. അറ്റകുറ്റപ്പണി കൊണ്ട് കാര്യമില്ല. ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇത് ഗുണം ചെയ്യില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതുക്കിപ്പണിയുന്നതിന്റെ ചെലവ് കരാറുകാരില്‍ നിന്നും ഈടാക്കണമെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

പാലത്തിന്റെ നിര്‍മ്മാണ ചുമതലയുണ്ടായിരുന്ന കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ എം.ഡി മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെ 17 ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

അഴിമതി നടന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പാലത്തിന്റെ കരാറുകാരനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുത്തിരുന്നു. പാലം നിര്‍മ്മാണത്തിന് ആവശ്യത്തിന് കമ്പികള്‍ ഉപയോഗിച്ചില്ല, നിലവാരമില്ലാത്ത സിമന്റ് ഉപയോഗിച്ചു തുടങ്ങിയവയാണ് കണ്ടെത്തല്‍. കരാറുകാരനും ഉദ്യോഗസ്ഥരും തമ്മില്‍ ഒത്തുകളിച്ചുവെന്നും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. അമിതലാഭം ഉണ്ടാക്കാന്‍ പാലത്തിന്റെ ഡിസൈന്‍ തന്നെ മാറ്റിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

അതിനിടെ പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പാലം നിര്‍മ്മാണ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ ഇബ്രാഹീം കുഞ്ഞ് പ്രതികരിച്ചു. സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്യേണ്ടതില്ലെന്നും പുതിയ പാലം പണിയാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഇബ്രാഹീം കുഞ്ഞ് പറഞ്ഞു.

പാലം നിര്‍മ്മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് ഏത് അന്വേഷണ ഏജന്‍സി വേണമെങ്കിലും അന്വേഷിക്കട്ടെയെന്ന് ഇബ്രാഹീംകുഞ്ഞ് പറഞ്ഞു.

പാലാരിവട്ടം പാലം തകര്‍ന്ന സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. ആരെപ്പറ്റിയും അന്വേഷിക്കുന്നതില്‍ തെറ്റില്ല. ക്രമക്കേട് സംബന്ധിച്ച് ഏത് ഏജന്‍സി വേണമെങ്കിലും അന്വേഷണം നടത്തട്ടെയെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

പാലം ക്രമക്കേടില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പാലം നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കുക മാത്രമാണ് ഞാന്‍ ചെയ്തത്. അത് മാത്രമാണ് മന്ത്രിയുടെ പണി. മറ്റെല്ലാ ഉത്തരവാദിത്തവും ഉദ്യോഗസ്ഥര്‍ക്കാണെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞിരുന്നു.
റോഡുപണി നടക്കുമ്പോഴും പാലം പണി നടക്കുമ്പോഴും സിമന്റ് എത്രയിട്ടെന്നും കമ്പി എത്രയിട്ടെന്നും പരിശോധിക്കല്‍ മന്ത്രിയുടെ പണിയല്ല. ഉദ്യോഗസ്ഥരാണ് ആ പണി ചെയ്യേണ്ടത്. ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ ആ പണി ചെയ്തില്ലെങ്കില്‍ അവരാണ് കുറ്റക്കാര്‍. ഇതൊക്കെ സാമാന്യ ബോധം ഉപയോഗിച്ചു ചിന്തിച്ചാല്‍ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന് പാലത്തിന്റെ നിര്‍മ്മാണ ചുമതല നല്‍കിയത്. അഴിമതിക്ക് കളമൊരുക്കാനാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions