കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ ന്യൂഡല്‍ഹിയിലേക്ക് പുറപ്പെടാനെത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊല്‍ക്കത്താ വിമാനത്താവളത്തില്‍വെച്ച് ഒരു അപ്രതീക്ഷിത വ്യക്തിയെ കണ്ടുമുട്ടിയതും അവര്‍ക്കു നല്‍കിയ സമ്മാനവുമാണ് ഇപ്പോള്‍ വാര്‍ത്ത. പ്രധാനമന്ത്രിയുടെ ഭാര്യ യശോദാ ബെന്നിനെയാണ് മമത വിമാനത്താവളത്തില്‍വെച്ച് ആകസ്മികമായി കണ്ടുമുട്ടിയത്.
ജാര്‍ഖണ്ഡിലെ ധന്‍ബാദിലെ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനു ശേഷം മടക്കയാത്രയ്ക്കായി കൊല്‍ക്കത്താ വിമാനത്താവളത്തിലെത്തിയതായിരുന്നു യശോദാ ബെന്‍.
ആകസ്മികമായ കണ്ടുമുട്ടലായിരുന്നു അത്. ഇരുവരും ആശംസകള്‍ കൈമാറി. മമത യശോദാ ബെന്നിന് ഒരു സാരി സമ്മാനിച്ചതായും മമതാ ബാനര്‍ജിയുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു. മോദിയുടെ ഏറ്റവും വലിയ വിമര്‍ശക കൂടിയാണ് മമത. മാധ്യമപ്രവര്‍ത്തകന്‍ ഇന്ദ്രോജിത് ഇരുവരും തമ്മില്‍ കണ്ടതിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
ബുധനാഴ്ചയാണ് മമത- മോദി കൂടിക്കാഴ്ച. തിങ്കളാഴ്ച യശോദാ ബെന്‍ പശ്ചിമ ബെംഗാളിലെ പശ്ചിമ ബര്‍ധമാന്‍ ജില്ലയിലെ അസാനോളിലെ കല്യാണാശ്വേരി ക്ഷേത്രത്തില്‍ പൂജ നടത്തിയിരുന്നു.